Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് വിദേശ ഏജന്‍സികളില്‍ നിന്ന് നേരിട്ട് വായ്പ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി


സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സാമ്പത്തികമായി ഭദ്രതയുള്ള സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് വിദേശ ഏജന്‍സികളില്‍ നിന്ന് നേരിട്ട് വായ്പ വാങ്ങാന്‍ അനുവദിക്കുന്നതിനുള്ള നയ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടൊപ്പം മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പദ്ധതിക്കായി ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയില്‍ നിന്ന് (ജൈക്ക)നേരിട്ട് ഔദ്യോഗിക വികസന സഹായം സ്വീകരിക്കാന്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 17,854 കോടി രൂപയാണ്. ഇതില്‍ 15,109 കോടി രൂപയാണ് ജൈക്ക വായ്പയായി പ്രതീക്ഷിക്കുന്നത്.

കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിദേശ ഫണ്ടിംഗ് ഏജന്‍സികളില്‍നിന്ന് ഉപാധികള്‍ പൂര്‍ത്തിയാക്കി നേരിട്ട് വായ്പ വാങ്ങാന്‍ സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങളെ സഹായിക്കും. വായ്പ എടുക്കുന്ന സ്ഥാപനങ്ങള്‍തന്നെ വായ്പയും പലിശയും നേരിട്ട് തിരിച്ചടക്കണം. വായ്പക്കുവേണ്ട ഗ്യാരണ്ടി ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റ് നല്‍കും. ഇതിന് കേന്ദ്ര ഗവണ്‍മെന്റ് കൗണ്ടര്‍ ഗ്യാരണ്ടിയും നല്‍കും.

ഇതുവരെയുണ്ടായിരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് വിദേശ ഏജന്‍സികളില്‍നിന്ന് നേരിട്ട് വായ്പ വാങ്ങല്‍ സാധ്യമായിരുന്നില്ല. കേന്ദ്ര മേഖലയിലെ പദ്ധതികള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്നിവക്കായി കേന്ദ്ര ഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവക്കുവേണ്ടി സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുമാണ് വായ്പകള്‍ ലഭ്യമായിരുന്നത്.

ദേശീയ പ്രാധാന്യമുള്ള നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം വന്‍ പണച്ചെലവുള്ളതുമാണ്. പലപ്പോഴും സംസ്ഥാന ഗവണ്‍മെന്റുകളുടെ വായ്പാവാങ്ങല്‍ പരിധിയില്‍ കൂടുതലായിരിക്കും ഈ തുക. ഈ സാഹചര്യത്തില്‍ പദ്ധതികള്‍ക്കാവശ്യമുള്ള തുക ലഭ്യമാക്കാന്‍ പുതിയ തീരുമാനം സഹായിക്കും.