Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ പ്രകടനം പ്രധാനമന്ത്രി അവലോകനം ചെയ്തു

സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ പ്രകടനം പ്രധാനമന്ത്രി അവലോകനം ചെയ്തു


പെട്രോളിയം, പ്രകൃതി വാതകം, ഊര്‍ജ്ജം, ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന ഊര്‍ജ്ജം, ഭവന നിര്‍മ്മാണം തുടങ്ങിയ സുപ്രധാന അടിസ്ഥാന മേഖലയിലെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു.

കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ മേഖലയിലെ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ മാസം അവസാന വാരം ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായി വിളിച്ച് ചേര്‍ത്ത മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, നിതി ആയോഗ്, കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ അടിസ്ഥാന സൗകര്യ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ചെലവ് കുറഞ്ഞ ഗ്രാമീണ ഭവന നിര്‍മ്മാണം, ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന ഊര്‍ജ്ജ ഉല്‍പ്പാദനം, എല്‍.ഇ.ഡി. ബള്‍ബുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി നിതി ആയോഗ് സി.ഇ.ഒ നടത്തിയ അവതരണത്തില്‍ വ്യക്തമാക്കപ്പെട്ടു.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ പ്രയോജനം ഇതുവരെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1.98 കോടി കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഊര്‍ജ്ജ ഉപയോഗത്തില്‍ വാതകത്തിന്റെ വിഹിതം 8 ശതമാനമായി വര്‍ദ്ധിച്ചു. സിറ്റി ഗ്യാസ് വിതരണ ശൃംഖലയില്‍ 81 നഗരങ്ങള്‍ ഉള്‍പ്പെടുന്നു.

എഥനോള്‍ ബ്ലെന്റിംഗിന് ഊന്നല്‍ നല്‍കാനും കര്‍ഷകര്‍ക്ക് ഈ പ്രക്രിയയില്‍ നിന്ന് ഗുണം ലഭിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ക്ക് രൂപം നല്‍കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൃഷി ആവശ്യം കഴിഞ്ഞുള്ള മട്ട് ഉപയോഗിച്ചുള്ള രണ്ടാം തലമുറ ജൈവ എഥനോള്‍ റിഫൈനറികള്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഗ്രാമീണ വൈദ്യുതീകരണ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന മൊത്തം 18,452 ഗ്രാമങ്ങളില്‍ 13,000 ലധികം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കഴിഞ്ഞു. നേരത്തെ നിശ്ചയിച്ചിട്ടുള്ള ആയിരം ദിവസത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കാനുള്ള ശരിയായ മാര്‍ഗ്ഗത്തിലാണ്. 2016-17 ല്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 22 ലക്ഷം ഗ്രാമീണ കുടുംബങ്ങില്‍ വൈദ്യുതി എത്തിച്ചു. 40 കോടിയിലധികം എല്‍.ഇ.ഡി. ബള്‍ബുകളും ഈ കാലയളവില്‍ വിതരണം ചെയ്തു. മൊത്തം പ്രാദേശിക പ്രസരണ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചു. മേയ് 2014 നും, ഏപ്രില്‍ 2017 നുമിടയില്‍ 41 ജിഗാവാട്ട് പ്രസരണ ശേഷിയാണ് കൂട്ടിച്ചേര്‍ത്തത്.

ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന ഊര്‍ജ്ജോല്‍പ്പാദനം 57 ജിഗാവാട്ട്‌സ് കടന്നു. കഴിഞ്ഞ വര്‍ഷം ഈ രംഗത്ത് 24.5 % വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ സൗരോര്‍ജ്ജ രംഗത്ത് 81 ശതമാനത്തിന്റെ ഏറ്റവും വലിയ ശേഷി വര്‍ദ്ധന കൈവരിച്ചു. സൗരോര്‍ജ്ജത്തിന്റെയും കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെയും നിരക്കുകള്‍ ഗ്രിഡ് നിരക്കുകളുമായി തുല്യത കൈവരിച്ചു കൊണ്ട് കിലോ വാട്ട് മണിക്കൂറിന് നാല് രൂപയില്‍ താഴെ എത്തിയിട്ടുണ്ട്. ഊര്‍ജ്ജ ആവശ്യം പൂര്‍ണ്ണമായും സൗരോര്‍ജ്ജം കൊണ്ട് നേടാന്‍ പറ്റുന്ന തരത്തില്‍ ചില മാതൃകാ സോളാര്‍ നഗരങ്ങള്‍ സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചില മേഖലകള്‍ മണ്ണെണ്ണ മുക്തമാക്കാനും ഇതുപോലെയുള്ള ശ്രമങ്ങള്‍ നടത്താവുന്നതാണ്.

സോളാര്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് മുന്തിയ പരിഗണന നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിവസര സൃഷ്ടിക്കും, പുനരുപയോഗ ഊര്‍ജ്ജ യജ്ഞങ്ങളില്‍ നിന്ന് പരമാവധി ഗുണഫലങ്ങള്‍ ലഭിക്കുന്നതിനും ഇത് വഴിയൊരുക്കും.

പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതി ഗ്രാമീണ മേഖലയില്‍ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഈ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വിവര സാങ്കേതിക വിദ്യയും ബഹിരാകാശ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും വ്യാപകമായി ഉപയോഗിക്കുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ 32 ലക്ഷത്തിലധികം വീടുകളുടെ നിര്‍മ്മാണം ഗ്രാമീണ മേഖലകളില്‍ പൂര്‍ത്തിയാക്കി. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗ്രാമീണ കല്‍പ്പണിക്കാര്‍ക്ക് പരിശീലനവും നല്‍കിവരുന്ന പരിശീലനത്തെയും നൈപുണ്യത്തെയും കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു.

വൈദ്യുതീകരണം, ഐ.ടി. ശൃംഖലകള്‍, ഭവന നിര്‍മ്മാണം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് ഒരു സമഗ്ര സമീപനം ഉറപ്പാക്കിക്കൊണ്ട് ഓരോ മേഖലകളിലെയും ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന നൂറ് ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഏറ്റവും മോശമായ പ്രകടനം കാഴ്ചവയ്ക്കുന്ന ജില്ലകളുടെ പുരോഗതി മെച്ചപ്പെട്ട രീതിയില്‍ നിരീക്ഷിക്കുന്നതിന് ഭാവിയിലെ അവലോകനം ജില്ലാ തലത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ചായിരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.