പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തിൽ അധ്യക്ഷതവഹിച്ചു. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിലായിരുന്നു യോഗം. വികസിത ഇന്ത്യ ലക്ഷ്യമിട്ടുള്ള ഗ്രാമവികസനം, കൃഷി, സാമൂഹ്യക്ഷേമം, അനുബന്ധ മേഖലകൾ എന്നിവയുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു.
എല്ലാ പരിഷ്കാരങ്ങളുടെയും കേന്ദ്രബിന്ദു ജനക്ഷേമമായിരിക്കണമെന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു രൂപകൽപ്പന ചെയ്യുന്ന പരിഷ്കാരങ്ങൾക്കു യഥാർഥ ഗതിവേഗം കൈവരിക്കാനും അർഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക മാത്രമല്ല, വികസിത രാജ്യമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിനു വേഗം കൂട്ടുക കൂടിയാണു പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണനിർവഹണ സംവിധാനങ്ങൾ വേഗത്തിലുള്ള മാറ്റങ്ങൾക്കു സാക്ഷ്യംവഹിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഊർജസ്വലവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ അന്തരീക്ഷത്തിലെ ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റാൻ, ഭരണനിർവഹണ പ്രക്രിയകൾ അനുവർത്തിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകി. വിവിധ മന്ത്രാലയങ്ങളിലുടനീളവും വകുപ്പുകളിലുടനീളവും ഉയർന്നുവരുന്ന ആവശ്യങ്ങളുടെ സമഗ്രമായ രേഖപ്പെടുത്തലിന് അദ്ദേഹം നിർദേശിച്ചു.
രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ‘ഗവണ്മെന്റിന്റെ സർവതോമുഖ സമീപനം’ ആവശ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന സ്വപ്നം ജനകീയ പ്രസ്ഥാനമായി മാറണമെന്നും ഇന്ത്യയിലെ യുവാക്കൾ ഈ ദർശനത്തിന്റെ അടിത്തറയാകണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
യുവാക്കൾക്കിടയിലെ മയക്കുമരുന്നുപയോഗമെന്ന ഗുരുതരപ്രശ്നത്തെ നേരിടേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വകുപ്പുകൾ ഒറ്റപ്പെട്ടുനിൽക്കുന്നത് അവസാനിപ്പിക്കാനും യുവാക്കളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളിൽ വകുപ്പുകൾ തമ്മിൽ കൂടുതൽ ഏകോപനവും സംയോജനവും വളർത്തിയെടുക്കാനും സ്ഥാപനപരമായ സംവിധാനം വികസിപ്പിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
കായികമേഖലയുടെ വികസനത്തിനു സംയോജിത സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി കൂടുതൽ ഊന്നൽ നൽകി. വിനോദസഞ്ചാര മേഖലയിൽ കായിക വിനോദസഞ്ചാരം പ്രധാന ശ്രദ്ധാകേന്ദ്രമായി ഉയർന്നുവരുന്ന സാഹചര്യത്തിൽ, ആഗോള കായികകേന്ദ്രമായി മാറാൻ, പ്രമുഖ അന്താരാഷ്ട്ര കായികമത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ലക്ഷ്യമിടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കായികമേഖലയിൽ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും സ്റ്റാർട്ടപ്പുകൾ വഴി നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
‘പിഎം കുസും’ പദ്ധതിപോലുള്ള സംരംഭങ്ങൾ കർഷകർ വ്യാപകമായി ഏറ്റെടുക്കുന്നത്, കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര അവസരങ്ങൾക്കും ഭാവി ആവശ്യകതകൾക്കും അനുയോജ്യമായ രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കുന്നതുറപ്പാക്കാൻ കഴിവിന്റെയും നൈപുണ്യങ്ങളുടെയും ആഗോളതലത്തിലുള്ള രേഖപ്പെടുത്തൽ നടത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം കൂടുതൽ ഊന്നൽ നൽകി.
സെക്രട്ടറിമാർ അതതു മേഖലകളിലെ വിവിധ സംരംഭങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചുമുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. ഭാവിയിലെ പ്രവർത്തനങ്ങൾക്കായുള്ള നിർദേശങ്ങളും കാഴ്ചപ്പാടുകളും പ്രധാനമന്ത്രി പങ്കിട്ടു. കാര്യക്ഷമമായ നടത്തിപ്പ്, കൂടുതൽ സംയോജനം, വികസിത ഇന്ത്യയുടെ ലക്ഷ്യങ്ങളിലേക്കുള്ള വേഗത്തിലുള്ള പുരോഗതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വിവിധ മേഖലകളെക്കുറിച്ചുള്ള സമഗ്രവും ഫലപ്രദവുമായ ചർച്ചകൾക്കു യോഗം സാക്ഷ്യംവഹിച്ചു.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, പ്രമുഖ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
SK
Chaired a meeting of Secretaries to the Government of India, in which we discussed progress in rural development, agriculture, social welfare-related sectors and more.
— Narendra Modi (@narendramodi) July 22, 2026
Highlighted the need to strengthen reforms that further the welfare of the people. We also discussed how to…