Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണ്‍ – 2018 ഗ്രാന്റ് ഫിനാലെയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം (30.03.2018)


രാത്രി എട്ടരയ്ക്കു പോലും എന്റെ രാജ്യത്തിന്റെ മുക്കുമൂലകളില്‍ നിന്നുള്ള യുവജനങ്ങള്‍ രാജ്യപുരോഗതിക്കു വേണ്ടിയുള്ള മഹത്തായ ചുമതലകള്‍ നിറവേറ്റുന്നതില്‍ മുഴുകിയിരിക്കുകയാണ്. എന്റെ രാജ്യം പരിവര്‍ത്തനത്തിലാണ്; അത് മുന്നേറുകയാണ്.

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള യുവ സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ സ്മാര്‍ട് ഇന്ത്യാ ഹാക്കത്തോണ്‍ സംഘടിപ്പിച്ചതിന് മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ പ്രകാശ് ജാവ്‌ദേക്കറിനെയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘത്തെയും ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു.

സ്മാര്‍ട്ട് ഇന്ത്യയിലെ ഊര്‍ജ്ജ്വസ്വലരായ നവീനാശയക്കാരുടെ സാന്നിധ്യത്തിലായിരിക്കുക എന്നത് വളരെ സന്തോഷകരമായ അനുഭവമാണ്. സാങ്കേതികവിദ്യയിലൂടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വളരെ അഭിനന്ദിക്കപ്പെടേണ്ടതാണ്.

ഏതാനും മണിക്കൂറുകളായി നിങ്ങള്‍ നിങ്ങളുടെ ദൗത്യത്തില്‍ മുഴുകിയിരിക്കുന്നു; പക്ഷേ, എനിക്കു നിങ്ങളുടെ ആവേശവും പ്രതീക്ഷയും സൂക്ഷ്മതയും അഭിലാഷങ്ങളും അനുഭവവേദ്യമാകുന്നുണ്ട്. ക്ഷീണമോ പിരിമുറുക്കമോ നിങ്ങളില്‍ കാണുന്നില്ല. നിങ്ങളെ കണ്ടിരിക്കുമ്പോള്‍ ഞാനും എന്റെ ആയാസത്തില്‍ നിന്നു മുക്തനാണ്. ഇന്നത്തെ തലമുറ രാഷ്ട്രനിര്‍മാണത്തിനു നടത്തുന്ന ഇത്തരം ശ്രമങ്ങളിലാണ് പുതിയ ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ ശക്തിപ്പെടുന്നത്.

സുഹൃത്തുക്കളേ,

ഇതിനു മുമ്പത്തെ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിലും ഞാന്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ വീണ്ടും പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ തയ്യാറാവുകയായിരുന്നു. നിങ്ങളെ കാണാനും നിങ്ങളുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാനും നിങ്ങളില്‍ നിന്നു പഠിക്കാന്‍ ശ്രമിക്കാനും എനിക്ക് താല്‍പര്യമുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്.

ഒരാള്‍ക്ക് എല്ലാക്കാര്യങ്ങളും അറിയാം എന്നു വിശ്വസിക്കുന്നതിനേക്കാള്‍ വലിയ അബദ്ധമൊന്നുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുപോലെതന്നെ, ഗവണ്‍മെന്റിനു തനിച്ച് എല്ലാക്കാര്യങ്ങളും നിര്‍വഹിക്കാനാകും എന്ന് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു വിശ്വസിക്കുന്നതും തെറ്റാണ്. അതുകൊണ്ടുതന്നെ പങ്കാളിത്തവും പങ്കാളിത്ത ഭരണനിര്‍വഹണവും ഞാന്‍ ശക്തമായി നിര്‍ദേശിക്കുന്നു.

125 കോടി ഇന്ത്യക്കാരുടെ കായികശേഷിയെയും ഇച്ഛാശക്തിയെക്കാളും മഹത്തായ ഒരു വെല്ലുവിളിയും ഈ ലോകത്തില്ല. ജനസംഖ്യയില്‍ 65 ശതമാനം 35 വയസ്സിനു താഴെയുള്ളവരായിരിക്കുന്ന ഒരു രാജ്യം ലക്ഷ്യം നേടാനുള്ള ഇഛാശക്തി കാട്ടിയാല്‍ അസാധ്യമായി ഒന്നുമുണ്ടാകില്ല.

യുവജനങ്ങള്‍, പ്രത്യേകിച്ച് ആവേശവും സൂക്ഷ്മതയും പ്രതീക്ഷയും നിറഞ്ഞ യുവജനങ്ങള്‍ ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള എന്റെ ആത്മവിശ്വാസം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. അതേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയെ അര്‍ഹിക്കുന്ന ഇടം ഉറപ്പാക്കാന്‍ നാം പ്രാപ്തരാക്കുക തന്നെ ചെയ്യും.

ഇതാണ് യുവ പ്രൊഫഷണലുകള്‍, യുവ സിഇഒമാര്‍, യുവ ശാസ്ത്രജ്ഞര്‍, യുവ ഉദ്യോഗസ്ഥമേധാവികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ ലഭിക്കുന്ന ഒരവസരവും ഞാന്‍ പാഴാക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പുതിയ ഇന്ത്യയുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് പ്രധാന ചാലകശക്തി നിങ്ങളുടെ ആവേശമാണ്.

പരിമിതമായ ശ്രമങ്ങള്‍കൊണ്ട് പുതിയ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ സാധ്യമാകുമോ എന്ന ചോദ്യം അപ്പോഴും ഉയരുന്നു. ഇല്ല എന്നാണ് ഉത്തരം. പ്രശ്‌നങ്ങളുടെ വേരുകള്‍ കണ്ടെത്തുകയും ആ പ്രശ്‌നങ്ങള്‍ക്ക് ആധുനിക പരിഹാരങ്ങള്‍ കണ്ടെത്തുകയും അനിവാര്യമാണ്.

നമ്മുടെ ഗവണ്‍മെന്റിന്റെ ഈ പരിശ്രമങ്ങളാണ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന് അടിത്തറയിട്ടത്.

കഴിഞ്ഞ ഹാക്കത്തോണില്‍ ധാരണയിലെത്തിയ 60 പദ്ധതികളില്‍ പകുതിയോളം പൂര്‍ത്തീകരണത്തോട് അടുത്തുവെന്നും ബാക്കി പകുതി അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാകും എന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ നാല്‍പ്പതിനായിരത്തിന്റെ സ്ഥാനത്ത് ലക്ഷത്തിലധികം യുവജനങ്ങള്‍ ഈ ഹാക്കത്തോണിന്റെ ഭാഗമാകുന്നുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ വര്‍ഷം കേന്ദ്ര ഗവണ്‍മെന്റിലെ 27 മന്ത്രാലയങ്ങള്‍ക്കൊപ്പം സംസ്ഥാന ഗവണ്‍മെന്റുകള്‍ പോലും ഹാക്കത്തോണില്‍ പങ്കെടുക്കുന്നു. ഹാക്കത്തോണില്‍ സോഫ്റ്റ്‌വെയറിനൊപ്പം ഹാര്‍ഡ്‌വെയര്‍ പതിപ്പും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൂട്ടിച്ചേര്‍ക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഈ പരിശ്രമങ്ങള്‍ക്ക് മുഴുവന്‍ ചെറുപ്പക്കാരെയും വിവിധ മന്ത്രാലയങ്ങളെയും സംസ്ഥാന ഗവണ്‍മെന്റുകളെയും ഞാന്‍ അഭിനന്ദിക്കുന്നു.

പ്രളയദുരന്ത നിവാരണം, കാട്ടു തീ എന്നിവ പോലുള്ള വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ നിങ്ങള്‍ കണ്ടെത്താന്‍ പോവുകയാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. സാങ്കേതികവിദ്യയില്‍ നിന്ന് പരിവര്‍ത്തനത്തിലേക്കുള്ള പാത നമ്മെ ഈ ലക്ഷ്യം നേടാന്‍ സഹായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

അറിവ് കരുത്തായിരിക്കുന്നിടത്ത് നവീനാശയങ്ങള്‍ വളര്‍ച്ചയുടെ ചാലകശക്തിയാണ്. ഇതിനര്‍ത്ഥം അറിവ് കരുത്തിനെപ്പോലെ പെരുമാറുമെങ്കിലും കരുത്ത് വ്യാപിപ്പിക്കാന്‍ നവീനാശയങ്ങള്‍ ആവശ്യമാണ് എന്നാണ്. നവീനാശയങ്ങള്‍ എത്രത്തോളം മഹത്തരമാകുന്നുവോ, രാജ്യത്തിന്റെ വികസനം അത്രത്തോളം മഹത്തരമാകും. നവീനാശയം എന്നത് വെറുമൊരു വാക്കല്ല. വിജയികള്‍ സമ്മാനങ്ങള്‍ വാങ്ങി മടങ്ങുന്ന, എല്ലാവരും ഉല്ലസിച്ച ശേഷം മടങ്ങുന്ന ആഘോഷമോ അല്ലെങ്കില്‍ മല്‍സരമോ അല്ല അത്. നവീനാശയം ഒരു തുടര്‍പ്രക്രിയയാണ്. പ്രശ്‌നങ്ങളെ ആഴത്തില്‍ മനസ്സിലാക്കുകയും ചോദ്യങ്ങള്‍ കൃത്യമായി ഉന്നയിക്കുകയും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാന്‍ പ്രാപ്തരാകുമ്പോഴാണ് നിങ്ങള്‍ക്ക് നവീനാശയങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുക. ആ ആശയങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുകയും ചെയ്യും. ആയതിനാല്‍ ഐപിപിപി എന്ന സങ്കല്‍പ്പം – ഇന്നവേറ്റ്, പേറ്റന്റ്, പ്രൊഡ്യൂസ്, പ്രോസ്പര്‍ ( നവീകരിക്കുക, ബൗദ്ധിക സ്വത്തവകാശം നേടുക, ഉല്‍പ്പാദിപ്പിക്കുക, ഐശ്വര്യമുണ്ടാക്കുക) ഞാന്‍ മുന്നോട്ടു വയ്ക്കുന്നു. ഈ നാല് ചുവടുവയ്പുകള്‍ നമ്മുടെ രാജ്യത്തെ വികസനപാതയില്‍ കുതിച്ചു മുന്നേറാന്‍ സഹായിക്കും. മികച്ച കണ്ടെത്തലുകള്‍,, വേഗത്തിലുള്ള പേറ്റന്റ് കരസ്ഥമാക്കല്‍, ഉല്‍പ്പാദനം എന്നിവക്കൊപ്പം നമുക്ക് ത്വരിതഗതിയില്‍ കൂടുതല്‍ സമൃദ്ധിയിലേക്ക് എത്താനാകും.
അതുകൊണ്ട്, ഞങ്ങളുടെ ഗവണ്‍മെന്റ് നവീനാശയങ്ങളെ സ്ഥിരമായി പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അടല്‍ ഇന്നവേഷന്‍ മിഷന്റെ ( എഐഎം) സഹായത്തോടെ നവീനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ചെറുപ്പത്തില്‍ത്തന്നെ ഭാവി സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പരിസ്ഥിതി സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതോടെ, ഇന്റര്‍നെറ്റിനേക്കുറിച്ചും കൃത്രിമ ബുദ്ധിയെക്കുറിച്ചും ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയേക്കുറിച്ചും ത്രീഡിയേക്കുറിച്ചും റോബോട്ടിക്‌സിനേക്കുറിച്ചും പഠിക്കാന്‍ കുട്ടികള്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ ചേരുന്നതിന് കാത്തിരിക്കേണ്ട അവസ്ഥ വേണ്ടി വരില്ല.

കുട്ടികളില്‍ നേരത്തേതന്നെ നവീനാശയങ്ങളേക്കുറിച്ചുള്ള ചിന്ത ഉണ്ടാക്കുന്നതിന് ഞങ്ങള്‍ രണ്ടായിരത്തി നാനൂറോളം സ്‌കൂളുകള്‍ തെരഞ്ഞെടുത്തു. സമീപഭാവിയില്‍ത്തന്നെ ഈ സ്‌കൂളുകളുടെ എണ്ണം മുപ്പതിനായിരം ആക്കി വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അടല്‍ ടിങ്കറിംഗ് ലാബുകളില്‍ ആറു മുതല്‍ 122 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വിദ്യാഭ്യാസവും പഠനവും എന്ന സങ്കല്‍പ്പം ഈ ലാബുകളില്‍ നടപ്പാക്കിക്കൊണ്ട് കുട്ടികള്‍ക്ക് ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തും. കൗമാരകാലത്തുതന്നെ നവീനശയങ്ങളോട് ആഭിമുഖ്യമുള്ള മനോഭാവം വികസിച്ചാല്‍ ജോലി പകുതി പൂര്‍ത്തിയായി. ഇതിനു പുറമേ, ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിനും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. ഈ ബജറ്റില്‍ ഇതുസംബന്ധിച്ച പ്രധാന പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.

പ്രൈംമിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ് (പിഎംആര്‍എഫ്) ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലം നിങ്ങളെല്ലാവരും നേടണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഐ.ഐ.ടി, ഐ.ഐ.എസ്.സി, എന്‍.ഐ.ടി എന്നിവിടങ്ങളില്‍ ബിടെക്, എംടെക്, എംഎസ്‌സി തുടങ്ങിയ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് ഈ പദ്ധതിക്കു കീഴില്‍ പ്രധാനമന്ത്രിയുടെ ഗവേഷണ സഹായം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് എഴുപതിനായിരം മുതല്‍ എണ്‍പതിനായിരം രൂപ വരെ പ്രതിമാസ സഹായം ലഭിക്കും. അന്താരാഷ്ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിന് വേറെ രണ്ട് ലക്ഷം രൂപ കൂടി ഗവണ്‍മെന്റ് നല്‍കും.

രണ്ടാം ലോക യുദ്ധത്തിനു ശേഷം വികസിച്ച രാജ്യങ്ങള്‍ക്ക് പൊതുവായി ഒരു കാര്യമുണ്ട്. ഈ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികാസത്തിന് മഹത്തായ ശ്രദ്ധയുണ്ടാകുന്നു. വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ കൂടിയാണ്.

അതുകൊണ്ടാണ്, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വന്‍തോതിലുള്ള സ്വയംഭരണാവകാശം നല്‍കുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് ‘ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് എമിനന്‍സ്’ എന്ന ലോകനിലവാരമുള്ള 20 സ്ഥാപനങ്ങള്‍ രൂപപ്പെടുത്താനും ഗവണ്‍മെന്റ് ശ്രമിക്കുന്നു. ഇതിനു പുറമേ, പത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പതിനായിരം കോടി രൂപയുടെ സഹായവും ഗവണ്‍മെന്റ് നല്‍കും. ഒരു വശത്ത് ഭാവിയിലേക്കുള്ള ഒരു അന്തരീക്ഷം നാം സൃഷ്ടിക്കുകയും മറുവശത്ത് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ സംരംഭകത്വത്തിന് മണ്ണ് പാകപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ പദ്ധതിക്ക് തുടക്കമിട്ട ശേഷം ഏകദേശം 6000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുമതി നല്‍കിയതായി നിങ്ങളെ അറിയിക്കാന്‍ എന്ക്ക് സന്തോഷമുണ്ട്. ഈ സ്്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗവണ്‍മെന്റ് സാമ്പത്തിക സഹായവും നല്‍കുന്നു.

സുഹൃത്തുക്കളേ,

ആഗോള വെല്ലുവിളികള്‍ നേരിടുന്നതിന് നവീനാശയ സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. മഞ്ഞളിനും വേപ്പിനും ബസ്മതിക്കും മറ്റു രാജ്യങ്ങള്‍ക്ക് പേറ്റന്റ് കിട്ടുന്നത് നമ്മെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. അതുകൊണ്ട് പേറ്റന്റും പകര്‍പ്പവകാശവും സംബന്ധിച്ച സംവിധാനം മെച്ചപ്പെടുത്താന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് നടപടികളെടുത്തു. ഇതിന്റെ ഫലമായി 2013-14ലെ നാലായിരത്തിന്റെ സ്ഥാനത്ത് ഈ വര്‍ഷം ഫെബ്രുവരി വരെ 11300 പേറ്റന്റുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതു കേള്‍ക്കുന്നതില്‍ നിങ്ങള്‍് അഭിമാനിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ അപേക്ഷിച്ച് ഈ ഗവണ്‍മെന്റിന്റെ കാലത്ത് മൂന്നിരട്ടിയോളം പേറ്റന്റുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നു വര്‍ഷംകൊണ്ട് ട്രേഡ് മാര്‍ക്ക് ( വ്യാപാര അടയാളം) രജിസ്റ്റര്‍ ചെയ്യുന്നതിലും മൂന്നിരട്ടി വര്‍ധനവുണ്ടായി. 2013-14ല്‍ ഏകദേശം 68000 ട്രേഡ് മാര്‍ക്കുകള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഇപ്പോള്‍ രണ്ടര ലക്ഷമായി ഉയര്‍ന്നു.

നവീനാശയങ്ങളിലും കുത്തകാവകാശത്തിലും മാത്രമല്ല ഉല്‍പ്പാദനത്തിലും ഞങ്ങളുടെ ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നു. ഇന്നിപ്പോള്‍ ‘ഇന്ത്യയില്‍ നിര്‍മിക്കൂ’ എന്നത് ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്ന ഒരു ബ്രാന്‍ഡായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഉദാഹരണത്തിലൂടെ നിങ്ങള്‍ക്ക് വ്യക്തമായ ഒരു ചിത്രം ലഭിക്കും. സുഹൃത്തുക്കളേ, നാല് വര്‍ഷം മുമ്പ് നമ്മുടെ രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് ഫാക്റ്ററികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ‘ഇന്ത്യയില്‍ നിര്‍മിക്കൂ’ എന്ന മുദ്രാവാക്യത്തിനൊപ്പം നാലു വര്‍ഷത്തിനിടയില്‍ രാജ്യത്ത് മൊബൈല്‍ ഫോണ്‍ കമ്പനികളുടെ എണ്ണം രണ്ടില്‍ നിന്ന് 120 ആയി വര്‍ധിച്ചിരിക്കുന്നു എന്നത് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും.
നവീകരണവും കുത്തകാവകാശവും ഉല്‍പ്പാദനവും അവയുടെ പരമാവധി വേഗത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ പുരോഗതിയും ഉണ്ടാകുന്നു. മറ്റൊരു ചോദ്യംകൂടി അതുമായി ബന്ധപ്പെട്ടുണ്ട്. ആര്‍ക്കു വേണ്ടിയുള്ള നവീനാശയങ്ങള്‍? അത് നമുക്കു വേണ്ടിയാണോ അതോ രാജ്യത്തിനു വേണ്ടിയാണോ? അതോ നമ്മുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണോ? നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണോ അതോ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണോ?

ഞാന്‍ എന്റെ യുവ സുഹൃത്തുക്കള്‍ക്കു മുന്നില്‍ ഈ ചോദ്യങ്ങള്‍ മനപ്പൂര്‍വമാണ് ഉന്നയിക്കുന്നത്. ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര ഗസറ്റുകളിലോ മാസികകളിലോ ശാസ്ത്ര സാങ്കേതികവിദ്യാ മേഖലയിലോ പ്രസിദ്ധീകരിക്കാന്‍ സാധിച്ചേക്കുമെങ്കിലും കണ്ടുപിടുത്തങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സഹായകമാകുമ്പോള്‍ മാത്രമാണ് നമുക്ക് സംതൃപ്തരാകാന്‍ കഴിയുക. അതുകൊണ്ട് ഈ കാര്യംകൂടി പരിഗണനയിലുണ്ടാകണം. നവീനാശയം എന്നാല്‍ എന്തായിരിക്കണം? രാജ്യത്തിന്റെ വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതാകണം അത്.

രാജ്യത്ത് ബഹുതല ഹാക്കത്തോണുകള്‍ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. ഉദാഹരണത്തിന് ആരോഗ്യ ഹാക്കത്തോണ്‍, നിയമ ഹാക്കത്തോണ്‍, കൃഷി ഹാക്കത്തോണ്‍, വാസ്തുശില്‍പ്പ ഹാക്കത്തോണ്‍, ഗ്രാമീണ ഹാക്കത്തോണ്‍ എന്നിവ. അത്തരം നിരവധി മേഖലകള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. നമ്മുടെ രാജ്യത്തിന് വ്യത്യസ്ഥവും നവീനവുമായ തലച്ചോറുകള്‍ വേണം. കൃഷി വിദഗ്ധര്‍, വാസ്തുശില്‍പ്പികള്‍, ഡോക്ടര്‍മാര്‍, നിയമജ്ഞര്‍, മാനേജര്‍മാര്‍ എന്നിവരൊക്കെ വേണം.

പുതിയ പ്രതിഭകള്‍ക്കു, പുതിയ വേദി ലഭ്യമാക്കാനുള്ള മാധ്യമമായി ഈ ഹാക്കത്തോണുകള്‍ മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവരിലൂടെ പൊതുശുചീകരണത്തിനും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും പൊതുഗതാഗതത്തിനും പുതിയ നവീനാശയങ്ങള്‍ കൊണ്ടുവരാന്‍ നാം പ്രാപ്തരാകും. ഇത് രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ദൈനംദിന വെല്ലുവിളികള്‍ കുറയ്ക്കുകയും അവരുടെ ജീവിതം അനായാസമാക്കുകയും ചെയ്യും. കൂടാതെ, നിങ്ങളുടെ നവീനാശയങ്ങള്‍ രാജ്യത്തെ സേവിക്കുകയും ചെയ്യും.

ഹാക്കത്തോണില്‍ ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ എടുക്കുന്നതിന് നിങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി ഞാന്‍ അറിഞ്ഞു. അതുമായി ബന്ധപ്പെട്ട ഏത് നവീനാശയവും രാജ്യത്തിനു വലിയ സേവനമായിരിക്കും.

ഗവണ്‍മെന്റ് പദ്ധതികളെയും ഡ്രോണുകള്‍ എടുത്ത ചിത്രങ്ങളെയും നമ്മുടെ ഗവണ്‍മെന്റ് പരസ്പരം ബന്ധിപ്പിച്ച് സൂക്ഷ്മനിരീക്ഷണം നടത്തി വരികയാണ് എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അമ്പരന്നേക്കാം.

ഗൃഹനിര്‍മാണത്തിനുള്ള പ്രധാനമന്ത്രി ആവാസ് യോജന, എംജിഎന്‍ആര്‍ഇജിഎ, പ്രധാനമന്ത്രി സിഞ്ചായി പരിയോജന എന്നിവ പോലുള്ള പദ്ധതികള്‍ നിരീക്ഷിക്കുന്നതില്‍ ജിയോ ടാഗിംഗും അടയാളപ്പെടുത്തലും പ്രധാന പങ്കാണ് വഹിക്കുന്നത്.

കഴിഞ്ഞ മാസത്തെ പ്രഗതി സമ്മേളനത്തില്‍ കേദാര്‍ ഘാട്ടിയുടെ പുനര്‍നിര്‍മാണം ഡ്രോണ്‍ ക്യാമറകളുടെ സഹായത്തോടെ തല്‍സമയം നിരീക്ഷിച്ചു. മഞ്ഞുവീഴ്ച കാരണം കണക്റ്റിവിറ്റിയില്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും എനിക്ക് വിശാല ചിത്രം കാണാന്‍ സാധിച്ചു.

മുഴുവന്‍ പ്രവര്‍ത്തനങ്ങളും എനിക്ക് ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് നിരീക്ഷിക്കാം. എല്ലാ കാര്യങ്ങളിലും നിങ്ങള്‍ നവീനാശയങ്ങള്‍ കൊണ്ടുവന്നാല്‍ അവയുടെയെല്ലാം ഉപയോഗം ഭാവിയില്‍ തികച്ചും സാധാരണമാകും.

പ്രഗതി സമ്മേളനങ്ങളേക്കുറിച്ച് ധാരണയില്ലാത്ത യുവ സുഹൃത്തുക്കളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മേല്‍നോട്ടത്തിന് നമ്മുടെ ഗവണ്‍മെന്റ് ഒരു ആധുനിക സംവിധാനം വികസിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുകയും സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഞങ്ങളുമായി സാറ്റലൈറ്റ് വഴി ബന്ധപ്പെടുകയും പദ്ധതികളുടെ ശരിയായ മേല്‍നോട്ടം സാധ്യമാവുകയും ചെയ്യുന്നു. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതിനു താമസമുണ്ടാക്കുന്ന വ്യത്യസ്ഥ പ്രശ്‌നങ്ങളും പദ്ധതികളിലെ അടിസ്ഥാന പ്രശ്‌നങ്ങളും യഥാര്‍ത്ഥത്തില്‍ എത്രത്തോളം ജോലികള്‍ നടന്നുവെന്നതും ഇതുവഴി വിലയിരുത്താന്‍ സാധിക്കും.

സുഹൃത്തുക്കളേ,

മാറുന്ന കാലത്ത്, ഏത് രാജ്യത്തിന്റെയും സാമ്പത്തിക പുരോഗതി അതിന്റെ നവീനാശയങ്ങളുടെ ഗുണനിലവാരുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. നമ്മുടെ രാജ്യത്ത് വിഭവങ്ങളുടെ ഒരു കുറവുമില്ല. യുവശക്തി വന്‍തോതിലുണ്ട്. എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങള്‍ക്ക് എണ്ണമറ്റ സ്വപ്‌നങ്ങളുണ്ടാകാമെങ്കിലും അവ പൂര്‍ത്തീകരിക്കാനുള്ള ചുവടുവയ്പുകളും ആവശ്യമാണ്. ഒരു സ്വപ്‌നവും മരിക്കാന്‍ അനുവദിക്കരുത്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാധ്യമാക്കാന്‍ ഏതറ്റം വരെ പോകാനും നിങ്ങള്‍ സന്നദ്ധരായാല്‍ ആ സ്വപ്‌നം നേടിയെടുക്കാന്‍ ഉറപ്പായും നിങ്ങള്‍ പ്രാപ്തരാകും.

ഓര്‍ക്കുക, നിങ്ങളുടെയും എന്റെയും തലമുറകള്‍ക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതാനും ജയിലില്‍ പോകാനും മരിക്കാനും അവസരം ലഭിച്ചിട്ടില്ല. എന്നാല്‍, രാജ്യത്തിനു വേണ്ടി ജീവിക്കാന്‍ നമുക്ക് അവസരം ലഭിച്ചിരിക്കുകയാണ്. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ജീവിക്കാനുള്ള അവസരം നമുക്ക് ലഭിച്ചു. അതുകൊണ്ട് നിങ്ങളുടെ കഴിവും കരുത്തും രാജ്യത്തിന് ഉപയോഗപ്രദമായി വിനിയോഗിക്കൂ. ഏതു സാങ്കേതികവിദ്യയാണു രാജ്യത്തിന്റെ ക്ഷേമത്തിനു ഗുണകരമെന്ന് ചിന്തിക്കാനും നടപ്പാക്കാനും ശ്രമിക്കൂ.

സുഹൃത്തുക്കളേ,

രാവിലെ മുതല്‍ നിങ്ങളിവിടെ ഇരിക്കുകയാണെന്നും നാളെ രാത്രി വരെ ഇതില്‍ മുഴുകിയിരിക്#ുകയാവുമെന്നും എനിക്കറിയാം. 36 മണിക്കൂര്‍ എന്നത് നീണ്ട സമയമാണ്. ഇന്നു നിങ്ങളുടെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഇതുപോലെ ആയാസകരമായ സാഹചര്യത്തില്‍ നിങ്ങള്‍ ദീര്‍ഘമായ ശ്വാസോച്ഛ്വാസത്തിലൂടെ പ്രാണായാമം ചെയ്യുകയും വേണം. ചെറിയൊരു ആശ്വാസം ലഭിക്കുന്നത് നിങ്ങളെ പുതിയ ആശയങ്ങള്‍ക്ക് സഹായിക്കും. നിങ്ങള്‍ മുഴുകിയിരിക്കുന്ന ചുമതലയുടെ വിത്തുപാകാന്‍ ഞാനും ശ്രമിക്കുകയാണ്. നിങ്ങള്‍ക്കു മുന്നില്‍ എത്തിയതുമുതല്‍ എല്ലാത്തിനുമാദ്യം നിങ്ങളുടെ അനുഭവങ്ങള്‍ കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ വ്യത്യസ്ഥ മേഖലകളിലേക്കു പോകും. പാനിപ്പത്തില്‍ നിന്നുള്ള യുവജനങ്ങളുമായി സംസാരിക്കാനാണ് എനിക്ക് ആദ്യം അവസരം ലഭിക്കുക എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

***