പിഎം ഇന്ത്യ
ആയിരം കോടി രൂപ ഫണ്ടുമായി ജൂണില്‍ ആരംഭിച്ച ഫണ്ട് ഓഫ് ഫണ്ട്‌സ് ഓഫ് സ്റ്റാര്‍ട്ടപ്പ്‌സ് (എഫ്.എഫ്.എസ്.) സംബന്ധിച്ച താഴെപ്പറയുന്ന ശുപാര്‍ശകള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
1. എഫ്.എഫ്.എസില്‍നിന്നു സഹായം ലഭിക്കുന്ന ആള്‍ടെര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ (എ.ഐ.എഫുകള്‍) എഫ്.എഫ്.എസ്സില്‍നിന്നു ലഭിക്കുന്ന വിഹിതത്തിന്റെ ഇരട്ടിത്തുക 17-02-2016ലെ ജി.എസ്.ആര്‍. 180 (ഇ)ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ മുതല്‍മുടക്കിയിരിക്കണം. ഒരു സ്റ്റാര്‍ട്ടപ്പിനു നല്‍കാമെന്നേറ്റ തുക സ്റ്റാര്‍ട്ടപ്പിന്റെ തുടക്കത്തില്‍ നല്‍കിയിട്ടില്ലെങ്കില്‍ ബാക്കി ഫണ്ട് പിന്നീട് നല്‍കാവുന്നതാണ്.
2. സാങ്കേതിക വിലയിരുത്തല്‍ നടത്താനും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റിയുടെ യോഗം നടത്താനുമൊക്കെ ആവശ്യമായ പണത്തില്‍, എ.ഐ.എഫുകള്‍ക്കു നല്‍കാമെന്ന് ഏറ്റതും പിരിഞ്ഞുകിട്ടാത്തതുമായ തുകയുടെ അര ശതമാനം വരെ എഫ്.എഫ്.എസില്‍നിന്നു കണ്ടെത്താവുന്നതാണ്. ഓരോ അര്‍ധവാര്‍ഷിക ആരംഭത്തിലും ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനും ഈ തുക ഫണ്ടിലേക്കു നിക്ഷേപിക്കും.