Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വച്ഛതാ ഹി സേവാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

സ്വച്ഛതാ ഹി സേവാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

സ്വച്ഛതാ ഹി സേവാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിചേര്‍ന്നിരിക്കുന്ന എല്ലാസ്വച്ഛഗ്രാഹികളെയും ഞാന്‍ ഹൃദയാത്മനാ അഭിനന്ദിക്കുന്നു. ഇന്ന് സെപ്റ്റംബര്‍ 15, ചരിത്ര പ്രാധാന്യമുള്ളതാണ്. അതിനു കാരണം ഈ സുപ്രഭാതം പുതിയ നിശ്ചദാര്‍ഢ്യവും പ്രതീക്ഷയും, ആവേശവും കൊണ്ടുവന്നിരിക്കുന്നു. ഇന്ന് നിങ്ങളും ഞാനും 125 കോടി ഇന്ത്യന്‍ പൗരന്മാരും സ്വച്ഛതാ ഹി സേവ അഥവാ ശുചിത്വം തന്നെ സേവനം എന്ന പ്രതിജ്ഞ ആവര്‍ത്തിക്കുന്നു. ഇന്ന് നാമെല്ലാവരും ശ്രമദാനം നടത്തുന്നു. ഇന്നു മുതല്‍ ആദരണീയനായ ബാപ്പുജിയുടെ ജന്മവാര്‍ഷികമായ ഒക്ടോബര്‍ 2 വരെ ഇന്ത്യയെ ശുചിത്വത്തില്‍ നിലനിര്‍ത്തുവാന്‍ പുതിയ അഭിനിവേശത്തോടും ആവേശത്തോടുംകൂടി നമ്മുടേതായ സംഭാവന നല്‍കുന്നു.

നമുക്കറിയാം നമ്മുടെയൊക്കെ വീടുകള്‍ മറ്റു ദിവസങ്ങളില്‍ അത്ര വൃത്തിയാക്കാറില്ലെങ്കിലും ദീപാവലിക്കു മുമ്പായി എല്ലാ വീടുകളുടെയുംമുക്കും മൂലയും വരെ ശുചീകരിക്കുവാന്‍ നാം ശ്രമിക്കാറുണ്ട്. അതുപോലെ രാജ്യത്തിന്റെ എല്ലായിടവും വൃത്തിയാക്കാനുള്ള ശ്രമം നാം നടത്തണം. ഈ സ്വഭാവം എല്ലാ മാസവും എല്ലാവര്‍ഷവും തുടരുകയും വേണം.

നാലുവര്‍ഷം മുമ്പ് ആരംഭിച്ച ഈ ശുചീകരണ പ്രചാരണം അഥവാ പ്രസ്ഥാനം ഇപ്പോള്‍ അതിനിര്‍ണായകമായ ഒരു ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഈ രാജ്യത്തെ വിവിധ പ്രായത്തിലും നാനാജാതി മതസ്ഥരുമായ എന്റെ പ്രിയ സുഹൃത്തുക്കളാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത് എന്ന് വളരെ അഭിമാനത്തോടെ ഞാന്‍ അവകാശപ്പെടുകയാണ്. രാജ്യത്തെ ഒരു ഗ്രാമമോ ഒരുതെരുവോ ഒരു നഗരമോ ഈ പ്രസ്ഥാനത്തില്‍ ഉള്‍പ്പെടാതെ പോയിട്ടില്ല.

2014 ല്‍ ഇന്ത്യയുട െശുചിത്വ നിരക്ക് വെറും 40 ശതമാനമായിരുന്നു. നിങ്ങളുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുംകൊണ്ട് ഇന്ന് അത് 90 ശതമാനമായിരിക്കുന്നു. ഈ നാലുവര്‍ഷംകൊണ്ട് ഇത്രമാത്രം ശുചീകരണം നടത്തുവാന്‍ നമുക്കു സാധിക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. കഴിഞ്ഞ 60 -65 വര്‍ഷംകൊണ്ട് നടക്കാത്ത കാര്യമാണിത്. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ ഒന്‍പതുകോടി ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് ആരെങ്കിലുംചിന്തിച്ചിട്ടുണ്ടോ. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് രാജ്യത്തെ 4.5 ലക്ഷം ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്ജനവിമുക്തമാകുമെന്ന് ആരെങ്കിലും കരുതിയോ. രാജ്യത്തെ 450 ജില്ലകള്‍ വെളിയിട വിസര്‍ജ്യവിമുക്തമാകുമെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് രാജ്യത്തെ 20 സംസ്ഥാനങ്ങളുംകേന്ദ്രഭരണ പ്രദേശങ്ങളും വെളിയിട വിസര്‍ജ്യവിമുക്തമാകുമെന്ന് ആരെങ്കിലും സങ്കല്പിച്ചിട്ടുണ്ടോ. ഇതാണ് ഇന്ത്യയുടെ, ഇന്ത്യന്‍ ജനതയുടെ, സ്വച്ഛഗ്രാഹികളുടെ ശക്തി. ഗവണ്‍മെന്റിനെകൊണ്ടു മാത്രം ഇത്തരത്തിലുള്ള ഒരു പരിവര്‍ത്തനം കൊണ്ടുവരാന്‍ സാധിക്കില്ല. ഇന്ത്യന്‍ ജനതയുടെ ജീവിതം ആരോഗ്യപരമായും സാമ്പത്തികവുമായും മെച്ചപ്പെടുത്തുന്നതില്‍ ശുചിത്വം ഇന്ന് നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ ഒരു കണക്കനുസരിച്ച് മൂന്നു ലക്ഷം പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ശുചിത്വം പരിപാലിക്കുന്നതിലൂടെ സാധിക്കും. വയറിളക്ക രോഗം 30 ശതമാനം കണ്ട് കുറയ്ക്കാനും ശുചിത്വത്തിനു കഴിയും.

എന്നിരുന്നാലും സഹോദരീ സഹോദരന്മാരെ, ശുചിമുറികള്‍ നിര്‍മ്മിച്ചതുകൊണ്ടു മാത്രം ഇന്ത്യയില്‍ ശുചിത്വം ഉറപ്പാക്കാനാവില്ല. ശുചിമുറികള്‍, ചവറ്റുകൊട്ടകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവ ഒരു പോംവഴി മാത്രമേ ആകുന്നുള്ളു. ശുചിത്വം നമ്മുടെ മനസില്‍ ഉറയ്‌ക്കേണ്ട ഒരു സ്വഭാവമാണ്. രാജ്യത്തിനു നല്ല സംഭാവന നല്കുവാന്‍ ഓരോ പൗരന്റെയും ശീലത്തില്‍ സംഭവിക്കേണ്ട മാറ്റത്തിനുള്ള യജ്ഞമാണ്. സ്വച്ഛഭാരത് ദൗത്യവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങള്‍ ശ്രവിക്കാന്‍, നിങ്ങളില്‍ നിന്നു പഠിക്കുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്. പിന്നീട് നാം ഒരുമിച്ച് ശ്രമദാനം നടത്തും. ഇന്ന് രാജ്യത്തിന്റെഓരോമൂലയും സന്ദര്‍ശിക്കാന്‍ നമുക്ക് അവസരം ലഭിക്കും. അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അറിയുവാനും സൗകര്യം ലഭിക്കും.

സ്വച്ഛഗ്രാഹികളുടെ സഹകരണവും അനുഭവങ്ങളും സംഭാവനകളും സമര്‍പ്പണവും അഭിനന്ദനീയമാണ് എന്ന് ഒരിക്കല്‍ക്കൂടി നിങ്ങളോടു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ പ്രമുഖ വ്യക്തികള്‍ ഈ പ്രസ്ഥാനത്തില്‍ പങ്കെടുത്തത്, ഈ ലക്ഷ്യത്തിനു വേണ്ടി അവരുടെ ജീവിതത്തിലെ വിലപ്പെട്ട രണ്ടു മണിക്കൂര്‍ നീക്കി വച്ചത്, അനുഭവങ്ങള്‍ പങ്കിട്ടത് ഇതെല്ലാം 125 കോടി ഇന്ത്യക്കാരും ഈ പ്രസ്ഥാനത്തെ ലോകത്തിനു മുന്നില്‍ വളരെ പ്രാധാന്യത്തോടെ എടുത്തു കാണിച്ചു എന്നതിനു തെളിവാണ്.

ഭാവിയില്‍ ഈ പ്രസ്ഥാനത്തെ പറ്റി ആരെങ്കിലും എഴുതുകയോവായിക്കുകയോ ചെയ്യുമ്പോള്‍ എല്ലാ സ്വച്ഛഗ്രാഹികളുടെയും പേരുകള്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടും. ഇന്നു സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികള്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയുംചെയ്യുന്ന പോലെ നിങ്ങളുടെ സംഭാവനകളും അനുസ്മരിക്കപ്പെടും ആദരിക്കപ്പെടും ബഹുമാനിക്കപ്പെടും. നിങ്ങള്‍ ആദരണീയനായ ബാപ്പുവിന്റെ യഥാര്‍ത്ഥ പിന്‍ഗാമികളെന്നു കണക്കാക്കപ്പെടും. കാരണം രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ നിങ്ങള്‍ പോരാളികളായി, പാവങ്ങളുടെയും ദുര്‍ബലരുടെയും രക്ഷകരായി. ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചതിന്റെ എല്ലാകീര്‍ത്തിയും നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. രാജ്യത്തെ 125 കോടി ജനങ്ങളുടെ ശക്തി അനന്തവും അനിയന്ത്രിതവുമാണ്. നമ്മുടെ ആവേശം ഉയരങ്ങളിലാണ്. വിശ്വാസം ഉത്തുംഗങ്ങളിലും. നമ്മുടെ തീരുമാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സജ്ജമായിരിക്കുന്നു, നിങ്ങള്‍ എല്ലാവരും ശ്രമദാനത്തിന് തയാറായിരിക്കുന്നു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ ഇപ്പോള്‍ യാത്രപറയുന്നു. കാരണം പലയിടത്തും ശ്രമദാനത്തില്‍ നിങ്ങള്‍ക്കൊപ്പം എനിക്കുംപങ്കു ചേരേണ്ടതുണ്ട്.

നിങ്ങളുടെ ആവേശത്തിന്, കഠിനാധ്വാനത്തിന് ഒരിക്കല്‍ കൂടി നിങ്ങളെ എല്ലാവരെയും ഞാന്‍ ഹൃദയംഗമായി അഭിനന്ദിക്കുന്നു. എല്ലാ പ്രമുഖ വ്യക്തികളെയും പ്രണമിച്ചുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു. വളരെ നന്ദി.