Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വിറ്റ്സര്ലന്റ് സന്ദര്ശനത്തിനിടെ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന

സ്വിറ്റ്സര്ലന്റ് സന്ദര്ശനത്തിനിടെ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന


ബഹുമാനപ്പെട്ട പ്രസിഡന്റ് ജോഹാന് ഷ്നീഡെര്-അമ്മന്,

സുഹൃത്തുക്കളേ,

സ്നേഹനിര്ഭരമായ പരാമര്ശങ്ങള്ക്കും മഹാമനസ്കതയോടുകൂടിയ സ്വാഗതത്തിനും നന്ദി. എല്ലാ അര്ഥത്തിലും രാജ്യാന്തര നഗരമായ ജനീവയില് നിങ്ങള്ക്കൊപ്പം നില്ക്കുമ്പോള് ചരിത്രത്തിന്റെ മഹത്വം ഞാന് അനുഭവിച്ചറിയുകയാണ്. ഇതൊരു രാജ്യാന്തര നഗരം മാത്രമല്ല, മാനുഷികത നിറഞ്ഞ ആത്മാവുള്ള നഗരംകൂടിയാണ്. എല്ലാറ്റിനുമുപരി റെഡ്ക്രോസ് ഉള്പ്പെടെ മാനവരാശിയെ സേവിക്കുന്ന എത്രയോ രാജ്യാന്തര സംഘടനകളുടെ ആസ്ഥാനവും.

സുഹൃത്തുക്കളേ,

ലോകത്തില് സമാധാനത്തിന്റെയും സഹതാപത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും വക്താക്കളാണ് ഇന്ത്യയും സ്വിറ്റ്സര്ലന്റും. കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി നമ്മുടെ സൗഹൃദം വളര്ന്നുകൊണ്ടേയിരിക്കുകയുമാണ്. വിവിധ മേഖലകളിലായുള്ള നമ്മുടെ ഉഭയകക്ഷി കരാറുകള് ഇന്ന് ഞാനും പ്രസിഡന്റും ചേര്ന്നു വിലയിരുത്തി. സ്വിറ്റ്സര്ലന്റിലെ സി.ഇ.ഒമാരുമായി ഞങ്ങള് ചര്ച്ച നടത്തുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഈ രണ്ടു രാഷ്ട്രങ്ങള്ക്കുമിടയിലുള്ള സാമ്പത്തികബന്ധം ശക്തവും ഊര്ജസ്വലവുമാണ്. സ്വിസ് കമ്പനികള് ഇന്ത്യയിലെ ഓരോ വീട്ടിലും സുപരിചിതമാണ്. വാണിജ്യം, നിക്ഷേപം, ശാസ്ത്രം, സാങ്കേതികവിദ്യ, നൈപുണ്യവികസനം എന്നീ മേഖലകളിലെ പങ്കാളിത്തം ഇരു രാഷ്ട്രങ്ങളിലെയും സമൂഹങ്ങള്ക്കു ഗുണകരമായി. ഇ.എഫ്.ടി.എയുമായി എഫ്.ടി.എ. ചര്ച്ചകള് പുനരാരംഭിക്കാന് തയ്യാറാണെന്ന് ഇന്ത്യ ആവര്ത്തിച്ചിട്ടുണ്ട്. സ്വിസ് സമ്പദ്വ്യവസ്ഥയുടെ കരുത്തിനെക്കുറിച്ചു നാമൊക്കെ ബോധവാന്മാരാണ്. ഇപ്പോഴാകട്ടെ, ഇന്ത്യയും ശ്രദ്ധേയമായ മാറ്റങ്ങള്ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തില് ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതാണ്. പക്ഷേ, അതു മാത്രം പോരാ. ഇന്ത്യന് സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതു നിലനില്പുള്ള, മോടിയാര്ന്ന നഗരങ്ങളും കരുത്തുറ്റ കാര്ഷികമേഖലയും ഓജസ്സുള്ള ഉല്പാദനമേഖലയും സജീവമായ സേവനമേഖലയും ചേര്ന്നായിരിക്കണമെന്നാണു ഞാന് ആഗ്രഹിക്കുന്നത്. വളര്ച്ചയിലേക്കു കുതിക്കാന് സഹായിക്കുന്നതാകട്ടെ, ആഗോളനിലവാരമുള്ള റെയില് ശൃംഖലയും റോഡുകളും വിമാനത്താവളങ്ങളും ഡിജിറ്റല് കണക്ടിവിറ്റിയുമായിരിക്കണം. എല്ലാവര്ക്കും എല്ലാ വീടുകളിലും വൈദ്യുതിയും യാഥാര്ഥ്യമാകണം. 50 കോടി വരുന്ന ഇന്ത്യയുടെ യുവാക്കള് നൈപുണ്യശേഷിയുള്ളവരും ലോകത്തിനാവശ്യമായ മനുഷ്യവിഭവശേഷി പ്രദാനം ചെയ്യാന് സാധിക്കുന്നവരും ആയിത്തീരുകയും വേണം. ഇന്ത്യയുടെ ആവശ്യത്തിനുതകുംവിധം സ്വിസ് വൊക്കേഷണല് ആന്ഡ് എജ്യുക്കേഷനല് ട്രെയിനിങ് സിസ്റ്റം ഉപയോഗപ്പെടുത്താന് ഞാനും സ്വിസ് പ്രസിഡന്റും തമ്മില് ധാരണയിലെത്തി.
ഇന്നലെ നാം ലോക പരിസ്ഥിതിദിനം ആചരിച്ചു. അതിന്റെ ലക്ഷ്യങ്ങള്ക്കു യോജിക്കുംവിധം, സാംസ്കാരികമായ ധര്മചിന്തയുടെ അടിസ്ഥാനത്തില് മുന്നോട്ടുനീങ്ങുന്ന വികസിത ഇന്ത്യ, ഭൂമിയോടും നമ്മുടെ പരിസ്ഥിതിയോടും സൗഹാര്ദപരമായ നിലപാടായിരിക്കും കൈക്കൊള്ളുക.

സുഹൃത്തുക്കളേ,

ഞങ്ങളുടെ വികസന ആവശ്യങ്ങളും സ്വിറ്റ്സര്ലന്റിന്റെ കരുത്തും തമ്മില് ശരിയായ ചേര്ച്ച കാണാന് സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്, ഇന്ത്യയുടെ സാമ്പത്തികവളര്ച്ചയില് മുഖ്യപങ്കാൡകളാകാനുള്ള അവസരം ഉപയോഗപ്പെടുത്താന് സ്വിസ് കമ്പനികളെ ഞാന് ക്ഷണിക്കുകയാണ്. 125 കോടി പേരുടെ സാമ്പത്തികവളര്ച്ച ആത്യന്തികമായി ലോകത്തിനു നേട്ടമുണ്ടാക്കുമെന്ന് ഉറപ്പ്.

സുഹൃത്തുക്കളേ,

ഇന്നത്തെ ആഗോളയാഥാര്ഥ്യങ്ങള്ക്ക് അനുസൃതമായി രാജ്യാന്തര സ്ഥാപനങ്ങളെ പരിഷ്കരിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയിലും സ്വിറ്റ്സര്ലന്റിലും നിക്ഷിപ്തമാണ്. യു.എന്.സുരക്ഷാകൗണ്സില് അംഗത്വത്തിനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമത്തെ പരസ്പരം പിന്തുണയ്ക്കാന് നാം സമ്മതിച്ചുകഴിഞ്ഞു. ന്യൂക്ലിയര് സപ്ലയേഴ്സ് ഗ്രൂപ്പില് അംഗമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു പിന്തുണയ്ക്കുന്ന സ്വിറ്റ്സര്ലന്റ് പ്രസിഡന്റിനോടു നന്ദിയുണ്ട്. കള്ളപ്പണം ഇല്ലാതാക്കലും നികുതിവെട്ടിപ്പു തടയലും നാം മുന്ഗണന നല്കുന്ന കാര്യങ്ങളാണ്. നികുതിവെട്ടിപ്പുകാരെ പുറത്തുകൊണ്ടുവരാന് യഥാസമയം വിവരങ്ങള് കൈമാറേണ്ടതിന്റെ ആവശ്യകത ഞങ്ങള് ചര്ച്ച ചെയ്തു. എഗ്രിമെന്റ് ഓണ് ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇന്ഫര്മേഷന് സംബന്ധിച്ചുള്ള ചര്ച്ചകള് എത്രയും വേഗം ആരംഭിക്കുന്നത് ഇക്കാര്യത്തില് പ്രധാനമായിരിക്കും.

സുഹൃത്തുക്കളേ,

ജനങ്ങള് തമ്മിലുള്ള ഊഷ്മള ബന്ധം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന് സഹായിക്കും. സ്വിസ് താഴ്വരകളെ ഒപ്പിയെടുത്ത് അതിന്റെ ഭംഗി ഞങ്ങള്ക്കു ലഭ്യമാക്കുന്ന ഇന്ത്യന് ചലച്ചിത്ര വ്യവസായത്തിനു നന്ദി. സ്വിറ്റ്സര്ലന്റില്നിന്നു കൂടുതല് വിനോദസഞ്ചാരികളെ സ്വാഗതംചെയ്യാന് ഞങ്ങള്ക്കു താല്പര്യമുണ്ട്. ഇതിനായി ഈ വര്ഷമാദ്യം, ഇ-ടൂറിസ്റ്റ് വിസ സൗകര്യം ഏര്പ്പെടുത്തി.

സുഹൃത്തുക്കളേ,

നമ്മുടെ പരസ്പരബന്ധത്തില് വിജയഗാഥകള് ഏറെയുണ്ട്. ഗ്രാന്ഡ് സ്ലാം ടെന്നിസില് വളരെയധികം ചര്ച്ച ചെയ്യപ്പെടുന്നതാണ് സ്വിസ് താരം മാര്ട്ടിന ഹിന്ജിസും ഇന്ത്യന് താരങ്ങളായ സാനിയ മിര്സ, ലിയാന്ഡര് പെയ്സ് എന്നിവരുമായുള്ള കളിയിലെ പങ്കാളിത്തം. മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ജനങ്ങള് തമ്മിലുള്ള അടുത്ത ബന്ധവും ശക്തവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ സാമ്പത്തികബന്ധവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്ത്തുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. എനിക്ക് ജനീവയില് ആതിഥ്യമരുളിയതിനു പ്രസിഡന്റിന് ഒരിക്കല്ക്കൂടി നന്ദി പറയുന്നു.

നന്ദി. വളരെയധികം നന്ദി.