Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വിറ്റ്‌സർലൻഡ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

സ്വിറ്റ്‌സർലൻഡ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ


ബഹുമാനപ്പെട്ട പ്രസിഡന്റ്,

ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളേ, 

മാധ്യമ സുഹൃത്തുക്കളേ, 

നമസ്കാരം! 

സ്വിറ്റ്‌സർലൻഡ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഒന്നാമതായി, ഇന്ത്യ-സ്വിറ്റ്‌സർലൻഡ് ബന്ധം ശക്തിപ്പെടുത്തുന്നതിലുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഞാൻ അഭിനന്ദിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ, അദ്ദേഹത്തിന്റെ വ്യക്തിപരമായ പിന്തുണയോടെ, ഇന്ത്യയും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) രാജ്യങ്ങളും തമ്മിൽ ചരിത്രപ്രധാനമായ ഒരു വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ ഞങ്ങൾ നടപ്പിലാക്കി. യൂറോപ്പിലെ ഏതെങ്കിലും സാമ്പത്തിക കൂട്ടായ്മയുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യത്തെ സ്വതന്ത്ര വ്യാപാര കരാറാണിത് (FTA) ഇത്. 

നിക്ഷേപം, നൂതനാശയങ്ങൾ, തൊഴിലവസരങ്ങൾ, പരസ്പര സമൃദ്ധി എന്നിവയ്ക്കായുള്ള ഒരു ബൃഹത്തായ പദ്ധതി കൂടിയാണിത്. ഇതിലൂടെ, അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 100 ​​ബില്യൺ ഡോളർ നിക്ഷേപവും 10 ലക്ഷം (1 മില്യൺ) നേരിട്ടുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 

സുഹൃത്തുക്കളേ,

ഇന്ത്യയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ, സ്വിസ് ആൽപ്‌സ് പർവതനിരകളിൽ സ്വാമി വിവേകാനന്ദൻ ഹിമാലയത്തിന്റെ ഒരു ഛായ ദർശിച്ചിരുന്നു. മഹാത്മാഗാന്ധിയും സ്വിറ്റ്‌സർലൻഡിൽ സമയം ചെലവഴിക്കുകയും അവിടുത്തെ ജനങ്ങളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്. ആ ചരിത്രപരമായ സന്ദർശനങ്ങളുടെ ഓർമ്മകൾ ഇന്നും ഞങ്ങളുടെ സൗഹൃദത്തിൽ നിറഞ്ഞുനിൽക്കുന്നു. 

ഇന്ന്, നൂതനാശയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയാണ് ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ശക്തമായ സ്തംഭങ്ങൾ. ഇന്നത്തെ ഉച്ചകോടിയിലൂടെ, ഞങ്ങളുടെ പങ്കാളിത്തത്തിന് പുതിയൊരു ഊർജ്ജം നൽകാനും അതിനെ പുതിയ ഉയരങ്ങളിലെത്തിക്കാനും ഞങ്ങൾ ഒരുങ്ങുകയാണ്. 

സുഹൃത്തുക്കളേ,

സ്വിറ്റ്‌സർലൻഡിലേക്ക് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കുള്ള വിപണി പ്രവേശനം  വർദ്ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം കൂടുതൽ സുഗമമാക്കുന്നതിനുമായി ഞങ്ങൾ നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.

ഇത് സ്വിറ്റ്‌സർലൻഡിലേക്കുള്ള ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾ, മരുന്നുകൾ, തുണിത്തരങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ സഹായിക്കും. അതേസമയം, ബയോടെക്നോളജി, ലൈഫ് സയൻസസ്, ബാങ്കിംഗ്, ഇൻഷുറൻസ്, ഭക്ഷ്യ സംസ്കരണം, സുസ്ഥിരത തുടങ്ങി ഇന്ത്യയിലെ പ്രധാന മേഖലകളിലേക്ക് പുതിയ സ്വിസ് നിക്ഷേപങ്ങളെ ഞങ്ങൾ ആകർഷിക്കും. ഈ സംരംഭങ്ങളിലൂടെ, ലോകത്തിനായി വിശ്വസനീയമായ വിതരണ ശൃംഖലകളും മികച്ച പരിഹാരങ്ങളും വികസിപ്പിക്കാൻ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കും.

സുഹൃത്തുക്കളേ,

സൈനിക സഹകരണത്തിലും പ്രതിരോധ ഉൽപ്പാദനത്തിലും സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ ഞങ്ങൾ ഇന്ന് തിരിച്ചറിഞ്ഞു. ആണവോർജ്ജ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാനും ഞങ്ങൾ ധാരണയിലെത്തി. വാരണാസി റോപ്‌വേ, നോയിഡയിലെ ജേവാർ വിമാനത്താവളം, മലനിരകളിലെ റെയിൽവേ-തുരങ്ക നിർമ്മാണ പദ്ധതികൾ എന്നിവ ഞങ്ങളുടെ അടിസ്ഥാന സൗകര്യ വികസന സഹകരണത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഈ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഗതാഗതം, മൊബിലിറ്റി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഞങ്ങൾ ഇന്ന് ഒരു കരാറിൽ ഒപ്പുവെച്ചു. 

ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്താനും ശേഷി വർദ്ധിപ്പിക്കൽ, രൂപകൽപ്പന, ഉൽപ്പാദനം എന്നീ മേഖലകളിൽ പങ്കാളികളാകാനും സ്വിസ് അടിസ്ഥാന സൗകര്യ വികസന കമ്പനികളെ ഞങ്ങൾ ക്ഷണിക്കുന്നു.

സുഹൃത്തുക്കളെ,

ശാസ്ത്ര-സാങ്കേതിക സഹകരണവും ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ശക്തമായ ഒരു സ്തംഭമാണ്. ആരോഗ്യം, ശുദ്ധ ഊർജ്ജം, ബഹിരാകാശം തുടങ്ങിയ മുൻഗണനാ മേഖലകളിൽ പുതിയ സംയുക്ത ഗവേഷണ പദ്ധതികൾ ഉടൻ ആരംഭിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ ശാസ്ത്ര-സാങ്കേതിക സ്റ്റാർട്ടപ്പുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി സൂറിച്ച് സർവ്വകലാശാലയുമായി ഉണ്ടാക്കിയ കരാറിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 

സ്വിറ്റ്‌സർലൻഡിൽ യോഗയ്ക്കും ആയുർവേദത്തിനുമുള്ള വർദ്ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, ഈ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഇന്ന് ഞങ്ങൾ അർത്ഥവത്തായ ചർച്ച നടത്തി.

സുഹൃത്തുക്കളെ, 

ജനങ്ങൾ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ഏറ്റവും വലിയ കരുത്ത്. ഇന്ന് ഒപ്പുവെച്ച കുടിയേറ്റ-സഞ്ചാര പങ്കാളിത്ത കരാർ), ‘യംഗ് പ്രൊഫഷണൽസ് എഗ്രിമെന്റ്’ (യുവ പ്രൊഫഷണലുകൾക്കായുള്ള കരാർ) എന്നിവ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രൊഫഷണലുകൾക്കും യുവാക്കൾക്കും സ്വിറ്റ്‌സർലൻഡിൽ നിരവധി പുതിയ അവസരങ്ങൾ തുറന്നുനൽകും.

സുഹൃത്തുക്കളേ, 

ഇന്ത്യയും സ്വിറ്റ്‌സർലൻഡും ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ച, ചർച്ചകൾ, നയതന്ത്രം എന്നിവയിൽ വിശ്വസിക്കുന്നു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഞങ്ങൾ തുടർന്നും ഒന്നിച്ച് പ്രവർത്തിക്കും.

ഉക്രെയ്ൻ ആയാലും പശ്ചിമേഷ്യ ആയാലും, സമാധാനത്തിനായുള്ള അർത്ഥവത്തായ എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്ഥിരമായി പിന്തുണച്ചിട്ടുണ്ട്. 

വർദ്ധിച്ചുവരുന്ന ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ആഗോള സ്ഥാപനങ്ങളിൽ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന കാര്യത്തിലും ഞങ്ങൾ യോജിക്കുന്നു. 

സുഹൃത്തുക്കളെ, 

ഒരു വലിയ ബിസിനസ്സ് പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യ സന്ദർശിച്ചതിന് സ്വിറ്റ്‌സർലൻഡ് പ്രസിഡന്റിനോട് ഞാൻ നന്ദി പറയുന്നു. ഒക്ടോബർ 7-ന്, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ, ഇന്ത്യ-ഇഎഫ്ടിഎ (EFTA) ബിസിനസ്സ് നേതാക്കളുമായി ചേർന്ന് ഞങ്ങൾ “പ്രോസ്പെരിറ്റി ഉച്ചകോടി” സംഘടിപ്പിക്കും. ഞങ്ങളുടെ വ്യാപാര-നിക്ഷേപ പങ്കാളിത്തത്തിന്റെ വാഗ്ദാനങ്ങളെ പ്രായോഗിക നേട്ടങ്ങളാക്കി മാറ്റുന്നതിനുള്ള ഒരു പ്രധാന വേദിയായി ഈ ഉച്ചകോടി വർത്തിക്കും. ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാ ബിസിനസ്സ് നേതാക്കൾക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു.

ബഹുമാന്യ വ്യക്തിത്വമേ, 

ഈ വർഷം ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ എഐ (AI) ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചു. അടുത്ത വർഷം, “ജനീവ എഐ ഉച്ചകോടി”യിലൂടെ സ്വിറ്റ്‌സർലൻഡ് ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും. ജനീവ എഐ ഉച്ചകോടിയുടെ വിജയത്തിനായി സ്വിറ്റ്‌സർലൻഡിന് ഞാൻ എന്റെ ആശംസകൾ നേരുന്നു. AI-യെ ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവുമാക്കുന്നതിനായി നമുക്ക് ഒരുമിച്ച് തുടർന്നും പ്രവർത്തിക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഇന്ത്യ സന്ദർശിച്ചതിനും, ഇന്ത്യ-സ്വിറ്റ്‌സർലൻഡ് ബന്ധത്തെ ശക്തമായി പിന്തുണയ്ക്കുന്നതിനും ഒരിക്കൽ കൂടി നന്ദി.

***

SK