Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൗദിയിലെ വാണിജ്യപ്രമുഖരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

സൗദിയിലെ വാണിജ്യപ്രമുഖരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


റിയാദില്‍ സൗദിയിലെ 30 സി.ഇ.ഒമാരുമായും ഇന്ത്യന്‍ വാണിജ്യപ്രമുഖരുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദി അറേബ്യയും പഴയകാലംതൊട്ടുള്ള സുഹൃത്തുക്കളെന്ന നിലയില്‍ സുവര്‍ണമായ ഭാവിക്കായി കരുത്തുറ്റ ചുവടുകള്‍ വെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയെ പരാമര്‍ശിക്കവേ, തന്നെ ഇന്ത്യക്കാരനായ അധ്യാപകന്‍ പഠിപ്പിച്ചിട്ടുണ്ടെന്ന സല്‍മാന്‍ രാജാവിന്റെ പ്രസ്താവന പ്രധാനമന്ത്രി അനുസ്മരിച്ചു.

ജനാധിപത്യം, ജനസംഖ്യ, ആവശ്യം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യ മറ്റെല്ലാ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമാണെന്നും വളര്‍ച്ചയുടെയും പുരോഗതിയുടെയും ആക്കംകൂട്ടാന്‍ പല നയതീരുമാനങ്ങളും കഴിഞ്ഞ രണ്ടു വര്‍ഷമായി കൈക്കൊണ്ടുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്തെക്കുറിച്ചു വിശദീകരിക്കവേ, വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉല്‍പാദനത്തിനായി ധാരാളം നിക്ഷേപസാധ്യതകള്‍ ഇന്ത്യയിലുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെലവിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ മല്‍സരക്ഷമമാണ് ഇന്ത്യയിലെ ആരോഗ്യരംഗമെന്നും അതിനാല്‍ ഹെല്‍ത്ത് ടൂറിസത്തിന് ഇവിടെ സാധ്യതകള്‍ അനന്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫില്‍ വളരെയധികം ഇന്ത്യക്കാരായ നഴ്‌സുമാരുണ്ടെന്നത് നല്ല പരിശീലനം നേടിയ മനുഷ്യവിഭവശേഷി ഇന്ത്യക്കുണ്ടെന്നതിന്റെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കയറ്റുമതിക്കും ഇറക്കുമതിക്കുമപ്പുറം സാങ്കേതികവിദ്യാ കൈമാറ്റത്തിലേക്കും സംയുക്തനിക്ഷേപ പദ്ധതികളിലേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദിയില്‍നിന്നുള്ള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ മുന്‍കൂര്‍ നികുതിചുമത്തുന്ന രീതി ഉപേക്ഷിച്ചുകഴിഞ്ഞെന്നു പ്രധാനമന്ത്രി പറഞ്ഞു. പെട്രോളിയം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, പ്രതിരോധരംഗത്ത് ആവശ്യമായ വസ്തുക്കളുടെ ഉല്‍പാദനം എന്നീ മേഖലകളില്‍ സൗദിക്ക് നിക്ഷേപിക്കാന്‍ അവസരങ്ങളുണ്ടെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. വളം നിര്‍മാണം, സംഭരണം, കൃഷി തുടങ്ങിയ രംഗങ്ങളില്‍ സൗദി നിക്ഷേപം നടത്തുന്നത് ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്നും സൗദി അറേബ്യന്‍ ജനതയ്ക്കു നല്ല ഭക്ഷണം ലഭ്യമാക്കാന്‍ ഇത്തരം പദ്ധതികൡലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയും സൗദി അറേബ്യയും സഹകരിച്ചുപ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.