Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ ആഗോളനിക്ഷേപക സംഗമം 2019 അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ ബന്ദാരു ദത്താത്രേയ ജി, മുഖ്യമന്ത്രി ജയ്‌റാം ഥാക്കൂര്‍ ജി, സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാങ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ പ്രഹ്ലാദ് പട്ടേല്‍ജി, അനുരാഗ് ഥാക്കൂര്‍ ജി, നിതി ആയോഗ് ഉപാധ്യക്ഷന്‍ ഡോ. രാജീവ് കുമാര്‍ ജി, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹ്മദ് അല്‍ബെന, വിഖ്യാത വ്യവസായികളേ, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേ, എന്റെ പ്രിയ സുഹൃത്തുക്കളേ,

ധര്‍മശാലയില്‍ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചിരിക്കുന്നു!!! ഇതൊരു ഭാവനയല്ല, യാഥാര്‍ത്ഥ്യമാണ്!ഇത് മുമ്പൊരിക്കലുമില്ലാത്തതാണ്! ഇത് വിസ്മയകരമാണ് ! നിങ്ങള്‍ക്കെന്റെ അഭിനന്ദനങ്ങള്‍. ഇത് രാജ്യത്തിനും ലോകത്തിനുമാകെത്തന്നെ ഹിമാചല്‍പ്രദേശിന്റെ സന്ദേശമാണ്. ‘ നാമും ഇപ്പോഴും കുതിക്കുകയാണ്’ എന്ന സന്ദേശം!

ഇതാ ഞങ്ങള്‍ എത്തിക്കഴിഞ്ഞു എന്നാണ് ഇന്ന് ഹിമാചല്‍ പ്രദേശ് പറയുന്നത്. അതുകൊണ്ട് ആദ്യംതന്നെ ഞാന്‍ ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റിനെയും മുഖ്യമന്ത്രി ജയ്‌റാം ജിയെയും അദ്ദേഹത്തിന്റെ ടീമിനെയും മാതാ ജ്വാലാജിയുടെ അനുഗ്രഹാശിസ്സുകളോടെ ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചതിന് അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഓരോ മുക്കുമൂലകളിലും ഊര്‍ജ്ജം വഹിക്കുന്ന ഒരിടത്താണ് നാം ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നത്. ദേവന്മാരും ദേവികളും ഋഷികളും യോഗികളും ഈ പ്രദേശത്തെ ദൈവികമാക്കിത്തീര്‍ക്കുകയും പ്രകൃതി വിഭവങ്ങളാല്‍ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. സമ്പത്തിന്റെ സൃഷ്ടാക്കളെയാകെ ഈ പരിസ്ഥിതിയിലേക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് സന്തോഷമുണ്ട്.

സഹോദരീ സഹോദരന്മാരേ,

മുമ്പ് ഇത്തരം നിക്ഷേപക ഉച്ചകോടികള്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് നടത്തിയിരുന്നത്. ഈ സ്ഥിതി നിരവധിയാളുകള്‍ മുമ്പ് കണ്ടിട്ടുണ്ട്. ഇവിടെ ഹിമാചല്‍ പ്രദേശില്‍ ഈ ഉച്ചകോടി സംഘടിപ്പിച്ചു എന്നതുതന്നെയാണ് ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു എന്നതിനു തെളിവ്. സംസ്ഥാനങ്ങളിലേക്ക് വ്യവസായങ്ങളും നിക്ഷേപവും ആകര്‍ഷിക്കാന്‍ ഇപ്പോള്‍ പുതിയ ഒരു മല്‍സരം ആരംഭിച്ചിരിക്കുന്നു.

സുഹൃത്തുക്കളേ,

ഏതു സംസ്ഥാനമാണ് കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്, ഏതു സംസ്ഥാനമാണ് കൂടുതല്‍ ഇളവ് നല്‍കുന്നത്, അല്ലെങ്കില്‍ നികുതി ഇളവ് നല്‍കുന്നത്, വൈദ്യുതി നല്‍കുന്നത്, ഭൂമി നിസ്സാര വിലയ്ക്ക് വില്‍ക്കുന്നത് എന്നതിലൊക്കെയാണ് കുറച്ച് ദശാബ്ദങ്ങള്‍ക്കു മുമ്പ് നമ്മുടെ രാജ്യത്ത് സംസ്ഥാനങ്ങള്‍ മല്‍സരിക്കുന്ന സ്ഥിതി ഉണ്ടായിരുന്നത്. അത്തരം മല്‍സരങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കിയില്ല എന്നാണ് അനുഭവങ്ങള്‍ കാണിച്ചുതന്നത്. നിക്ഷേപകരും സംസ്ഥാനങ്ങളില്‍ നിന്ന് ഇളവുകളും സൗജന്യങ്ങളും കാത്തിരുന്നു. അതിന്റെ പേരില്‍ അവര്‍ സംസ്ഥാനങ്ങളിലെ നിക്ഷേപങ്ങള്‍ വൈകിപ്പിച്ചു. പത്തോ പതിനഞ്ചോ ശതമാനം ഇളവ് കിട്ടാന്‍ സാധ്യതയുള്ളപ്പോള്‍ എന്തിന് അഞ്ച് ശതമാനം ഇളവ് സ്വീകരിക്കണം എന്ന് അവര്‍ ചിന്തിച്ചു.

പക്ഷേ, സുഹൃത്തുക്കളേ,

കഴിഞ്ഞ ചില വര്‍ഷങ്ങളായി ഈ സ്ഥിതി പാടേ മാറിയിരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സൗജന്യങ്ങളുടെ കാര്യത്തിലെ മല്‍സരം സംസ്ഥാനത്തിനോ വ്യവസായങ്ങള്‍ക്കോ നല്ലതല്ല എന്ന് ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

സുഹൃത്തുക്കളേ, പരിശോധനാ രാജില്‍ നിന്നും ഓരോ ചുവടിലും ഗവണ്‍മെന്റിന്റെ അനുമതിക്കായി ശ്രമിക്കുന്നവരെ പിടിച്ചു വിഴുങ്ങിക്കളയുന്ന സ്ഥിതിയില്‍ നിന്നും നിക്ഷേപകരെ രക്ഷിക്കാന്‍ കഴിയുന്ന ശരിയായ ഒരു പരിസ്ഥിതി അനിവാര്യമാണ്. ഇത് സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഗവണ്‍മെന്റുകള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നത്. അവര്‍ സമ്പ്രദായങ്ങള്‍ ലളിതമാക്കുകയും നിയമങ്ങള്‍ മാറ്റുകയും ആവശ്യമില്ലാത്ത ചട്ടങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുകയുമാണ്. ഇത് നമ്മുടെ സംസ്ഥാനങ്ങളെയും വ്യവസായങ്ങളെയും ആഗോള വേദിയില്‍ മല്‍സരശേഷിയുള്ളവരാക്കിത്തീര്‍ക്കുന്നു. മറ്റു വ്യവസായങ്ങളുമായി മല്‍സരിക്കാനുള്ള അവരുടെ ശേഷി വര്‍ധിക്കുന്നു. ഇത് സംസ്ഥാനങ്ങള്‍ക്കും അവിടുത്തെ ജനങ്ങള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും ഇന്ത്യയ്ക്കാകെയും അതിവേഗത്തിലുള്ള നേട്ടം നല്‍കുന്നു.

സുഹൃത്തുക്കളേ,

സുതാര്യവും തെളിഞ്ഞതുമായ സമ്പ്രദായമാണ് വ്യവസായങ്ങളും ഇഷ്ടപ്പെടുക. ഒഴിവാക്കാവുന്ന ചില ചട്ടങ്ങളും നിയന്ത്രണങ്ങളും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള പരിധിവിട്ട ഇടപെടലുകളും കാരണം വ്യവസായ വളര്‍ച്ചയ്ക്ക് തടസ്സം നേരിട്ടു. ഇത് മനസ്സിലായതോടെ ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റ് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുകയും പുതിയ ഇളവുകള്‍ നല്‍കുകയും ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഏകജാലക അനുമതിയുടെ കാര്യത്തിലാകട്ടെ, സുതാര്യമായ ഭൂമി അനുവദിക്കലിന്റെ കാര്യത്തിലാകട്ടെ, കൃത്യമായ വ്യവസായ നയത്തിന്റെ കാര്യത്തിലാകട്ടെ ഈ പ്രദേശത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കാനുള്ള ‘ സൗഹൃദ പരിസ്ഥിതി’ ഈ കാര്യങ്ങളില്‍ രൂപപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

വ്യവസായ രംഗത്തെ വമ്പന്‍ സ്രാവുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഒരു കമ്പനിയുടെ വ്യത്യസ്ഥ യൂണിറ്റുകള്‍ നല്ല ഫലങ്ങള്‍ നല്‍കുകയാണെങ്കില്‍ ആ കമ്പനിയുടെ ഫലം മൊത്തത്തില്‍ മെച്ചപ്പെടും എന്നത് നിങ്ങള്‍ക്കും മറ്റെല്ലാം വ്യവസായി സുഹൃത്തുക്കള്‍ക്കും നന്നായി അറിയാവുന്ന കാര്യമാണ്. സംസ്ഥാനങ്ങളില്‍ ചിലത് മെച്ചപ്പെടുമ്പോള്‍ രാജ്യത്തിന്റെ ഫലത്തിലും അതിന്റെ നേരിട്ടുള്ള അനുരണനമുണ്ടാകും. ഹിമാചല്‍ പ്രദേശ് പോലുള്ള നിരവധി സംസ്ഥാനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതുമൂലം മുമ്പെന്നത്തേക്കാള്‍ ഇന്ത്യ വളരെ നല്ല വ്യവസായ സൗഹൃദ രാജ്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്നിപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ വാഹനം പുതിയ ചിന്തകളും പുതിയ ഒരു സമീപനവുമായി നാലു ചക്രങ്ങളില്‍ ഓടുകയാണ്. സമൂഹമാണ് ഒരു ചക്രം; അത് പ്രചോദനാത്മകമാണ്. ഗവണ്‍മെന്റാണ് രണ്ടാമത്തെ ചക്രം; അത് പുതിയ ഇന്ത്യക്ക് ധൈര്യം പകരുന്നു.വ്യവസായമാണ് മൂന്നാമത്തെ ചക്രം; അതിനു ശൗര്യമുണ്ട്. അറിവാണ് നാലാമത്തെ ചക്രം; അത് പങ്കുവയ്ക്കുന്നു. ഈ നാല് ചക്രങ്ങളും അതിവേഗം മുന്നോട്ടു നീങ്ങുകയാണ്.

ഇന്ത്യയുടെ താല്‍പര്യവും ഇന്ത്യന്‍ സമൂഹത്തിന്റെ അഭിലാഷങ്ങളും കണക്കിലെടുത്താണ് ഇന്ന് ഗവണ്‍മെന്റ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. പാവപ്പെട്ടവരുടെ വീട്, ആരോഗ്യം, നൈപുണ്യം എന്നിവയില്‍ മാത്രമല്ല നിക്ഷേപത്തിലും സ്വയംതൊഴിലിലും കൂടിയാണ് ഇന്ന് ഗവണ്‍മെന്റ് ഊന്നുന്നത്.

വ്യവസായങ്ങള്‍ക്ക് എത്രത്തോളം മെച്ചപ്പെട്ട സാഹചര്യം നല്‍കാമോ അത്രയ്ക്ക് നല്ല സേവനം നല്‍കുന്നതിലാണ് ഇന്ന് ഊന്നുന്നത്. ഫലം നിങ്ങളുടെ മുന്നില്‍ത്തന്നെയുണ്ട്. 2014നും 2019നും ഇടയില്‍ വ്യവസായങ്ങള്‍ ചെയ്യുന്നതിലെ അനായാസതയുടെ കാര്യത്തില്‍ ഇന്ത്യ 79-ാം റാങ്കിലേക്ക് എത്തി. ഇതാ ഇപ്പോഴും ലോകത്തെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പത്ത് രാജ്യങ്ങളിലൊന്നാണ്. എല്ലാ വര്‍ഷവും നാം പുതിയ ഒരു മാനദണ്ഡം അതിവേഗം മെച്ചപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം നാം പത്തില്‍ ആറ് സൂചകങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രാപ്തരായി. കടം തീര്‍ക്കാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ ഇന്ത്യ ഈ കാലയളവില്‍ വന്‍തോതിലുള്ള കുതിച്ചുചാട്ടമാണ് നടത്തിയത്. നാം ഇതില്‍ 50 റാങ്കുകളിലധികം മെച്ചപ്പെടുത്തി.

സുഹൃത്തുക്കളേ,

ഈ റാങ്കിംഗിലെ മികവ് കണക്കുകളിലെ വെറും മാറ്റമല്ല. ഗവണ്‍മെന്റ് താഴേത്തട്ടിലെ ആവശ്യങ്ങള്‍ മനസ്സിലാക്കി ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നും തീരുമാനങ്ങളെടുക്കുകയും നയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു എന്നാണ് റാങ്കിംഗ് മെച്ചപ്പെടുന്നു എന്നതിന്റെ അര്‍ത്ഥം. അനുമതിക്കു വേണ്ടി എത്ര കാത്തിരിക്കണമായിരുന്നു എന്നും എന്തൊക്കെ പ്രക്രിയകളിലൂടെ കടന്നുപോകണമായിരുന്നു എന്നും ഇവിടെ ഇപ്പോഴിരിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്.

സുഹൃത്തുക്കളേ,

ഇത് കേവലം റാങ്കിംഗിലെ മികവല്ല, ഇന്ത്യയില്‍ വ്യവസായം ചെയ്യുന്ന പാതയിലെ വിപ്ലവമാണ്. ഈ വിപ്ലവത്തില്‍ നാം പുതിയ മാനങ്ങള്‍ ചേര്‍ക്കുകയും പുതിയ പരിഷ്‌കരണങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ കരുത്തോടെയാണ് നില്‍ക്കുന്നത്; കാരണം, നാം നമ്മുടെ സമ്പദ്ഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ദുര്‍ബലമാകാന്‍ അനുവദിക്കുന്നില്ല.

നാം ബൃഹദ് സമ്പദ്ഘടനയോടുള്ള നമ്മുടെ പ്രതിബദ്ധത സുസ്ഥിരമായി നിലനിര്‍ത്തുകയും സാമ്പത്തിക അച്ചടക്കം കര്‍ക്കശമായി പാലിക്കുകയും ചെയ്യുന്നു. ഇന്നിപ്പോള്‍, ലോക സാമ്പത്തിക പ്രവര്‍ത്തനം മൂന്നു ശതമാനത്തിലേക്കു താഴുമ്പോള്‍ ഇന്ത്യ അഞ്ചു ശതമാനത്തിനു മുകളില്‍ വളരുകയാണ്. സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം വരുംമാസങ്ങളില്‍ ഇന്ത്യ കൂടുതല്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

സുഹൃത്തുക്കളേ,

ഞങ്ങളുടെ ലക്ഷ്യങ്ങള്‍ സത്യസന്ധവും സചേതനവുമാണ്. ഞങ്ങളുടെ തീരുമാനങ്ങളിലും ലക്ഷ്യങ്ങിലും കരുത്തുണ്ട്. ഇന്ത്യയില്‍ ജി എസ് ടി നടപ്പാക്കാന്‍ കഴിയുമെന്ന് ഒരാളും സങ്കല്‍പ്പിച്ചിട്ടു പോലുമില്ല. പക്ഷേ, ഞങ്ങള്‍ അത് നടപ്പാക്കിക്കാണിച്ചു. വായ്പയെടുത്തു രക്ഷപ്പെടുന്ന കാര്യത്തില്‍ രാജ്യത്തെ കമ്പനികള്‍ക്ക് ഒരു വഴിയും ലഭിക്കില്ല.

ഇന്നിപ്പോള്‍ ഇന്‍സോള്‍വെന്‍സി- ബാങ്ക്‌റപ്റ്റ്‌സി കോഡ്- ഐബിസി- ഒരു യാഥാര്‍ത്ഥ്യം മാത്രമല്ല കെണിയിലാക്കപ്പെട്ടിരുന്ന കോടിക്കണക്കിനു രൂപയു തിരിച്ചു പിടിക്കാന്‍ കൂടി സഹായിക്കുന്നു. നമ്മുടെ ഗവണ്‍മെന്റ് ഈ ദിശയില്‍ അതിവേഗത്തില്‍ പൂര്‍ണ നിശ്ചയദാര്‍ഢ്യത്തോടെ മൂന്നോട്ടു പോവുകയാണ്. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ യോഗം രാജ്യത്തെ മധ്യവര്‍ഗ്ഗ സമൂഹത്തെ മനസ്സില്‍വച്ച് ഒരു പ്രധാന തീരുമാനമെടുത്തു. ഈ തീരുമാനത്തോടെ നാലര ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വന്തമായ ഭവനമെന്ന അവരുടെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്‌നം സഫലമാക്കാന്‍ പ്രാപ്തരാകും. ഇതേ ഉദ്ദേശ്യത്തോടെയാണ് രാഷ്ട്രത്തെ ഒരു അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയിലേക്ക് മാറ്റുക എന്ന ലക്ഷ്യവും ഇട്ടിട്ടുള്ളത്.

ഗവണ്‍മെന്റ് പ്രക്രിയകളുടെ തടസ്സങ്ങള്‍ നീക്കുക എന്നതില്‍ നാം ശ്രദ്ധ ഊന്നുന്നു. അതിന്റെ ഭാഗമായി വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കുകയും സമയബന്ധിതമായി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു.

നികുതി സമ്പ്രദായം മല്‍സരക്ഷമവും സുതാര്യവുമാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കോര്‍പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട അതിപ്രധാനവും ചരിത്രപരവുമായ ഒരു തീരുമാനം ഇതേ പശ്ചാത്തലത്തില്‍ എടുക്കുകയുണ്ടായി. ഇന്ന് ലോകത്തിലെ കുറഞ്ഞ കോര്‍പറേറ്റ് നികുതിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഭ്യന്തരമായി പ്രവര്‍ത്തിക്കുന്ന പുതിയ മുഴുവന്‍ കമ്പനികള്‍ക്കും ഈ വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ കോര്‍പറേറ്റ് നികുതി 15 ശതമാനമായി കുറച്ചു.

സുഹൃത്തുക്കളേ,

ഇ- നികുതി നിര്‍ണയ പദ്ധതി കഴിഞ്ഞ മാസം മുതല്‍ തുടങ്ങിക്കഴിഞ്ഞു. നികുതി സമ്പ്രദായത്തില്‍ മനുഷ്യ ഇടപെടല്‍ ഏറ്റവും കുറച്ച് കൊണ്ടു വന്നു. ഇത് കൂടുതല്‍ സുതാര്യത നല്‍കുകയും നികുതി സംബന്ധമായ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടന എന്നത് ഗവണ്‍മെന്റിന്റെ മാത്രമൊരു ലക്ഷ്യമല്ല. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ മാത്രമേ ഈ ലക്ഷ്യം നേടാന്‍ സാധിക്കുകയുള്ളു. എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങള്‍ക്ക് നിരവധി സാധ്യതകളുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകള്‍ക്ക് വന്‍തോതിലുള്ള സാധ്യതകളും ശേഷിയുമുണ്ട്. ഈ ശേഷിയുടെ മഹത്തായ മെച്ചം ഗവണ്‍മെന്റുകള്‍ക്കും വ്യവസായങ്ങള്‍ക്കും നമ്മുടെ ചെറുകിട വ്യവസായങ്ങള്‍ക്കും സേവന മേഖലയ്ക്കും ലഭിക്കും. വളരെ വേഗത്തില്‍ മുന്നോട്ടു പോകാന്‍ നാം പ്രാപ്തരുമാകും.

സഹോദരീ സഹോദരന്മാരേ,

നയങ്ങള്‍കൊണ്ട് ശേഷിക്ക് പിന്തുണ ലഭിക്കുമ്പോള്‍ പ്രകടന മികവ് പലമടങ്ങാകും. ഇതാണ് പുരോഗതി നല്‍കുന്ന പ്രകടനം. ജില്ലകളുടെ, സംസ്ഥാനങ്ങളുടെ, രാജ്യത്തിന്റെയാകെ പുരോഗതി പരസ്പര ബന്ധിതമാണ്. മറ്റൊരു ഉദാഹരണം നിങ്ങള്‍ക്കു നല്‍കാന്‍ അനുവദിക്കുക. അന്തര്‍ദേശീയ റാങ്കിംഗും ശേഷിയുമായി ബന്ധപ്പെട്ടതാണ് ഉദാഹരണം. ഹിമാചലിന് അതു വളരെ പ്രധാനവുമാണ്. വിനോദസഞ്ചാര മേഖലയില്‍ ഹിമാചല്‍ പ്രദേശിനു നല്‍കുന്ന റാങ്കിംഗിന്റെ നേരിട്ടുള്ള മെച്ചം ഹിമാചല്‍ പ്രദേശിനു ലഭിക്കും.

സുഹൃത്തുക്കളേ,

2013-ല്‍ ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവല്‍ ആന്റ് ടൂറിസം മല്‍സരക്ഷമാത സൂചികയില്‍ ഇന്ത്യ 65-ാം റാങ്ക് നേടിയിരുന്നു. ഇന്നിപ്പോള്‍ നാം 34-ാം സ്ഥാനത്താണ്. ഈ മാറ്റം എങ്ങനെയാണ് ഉണ്ടായത്? അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യ ഏകദേശം 70-75 ലക്ഷം വിദേശ വിനോദസഞ്ചാരികളെ ഓരോ വര്‍ഷവും സ്വകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് ഒരു കോടി വിനോദ സഞ്ചാരികളായി വര്‍ധിച്ചു. ഈ വര്‍ധന എങ്ങനെയാണ് സാധ്യമായത്?

സുഹൃത്തുക്കളേ,

വിനോദസഞ്ചാര മേഖലയുടെ ശേഷി നാം മനസ്സിലാക്കുകയും ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ നയപരമായ ഇടപെടലുകള്‍ നടത്തുകയും പുതിയ ഡസന്‍ കണക്കിനു രാജ്യങ്ങളുടെ ഇ-വിസ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റ ഫലമായി പ്രകടന മികവിലും റാങ്കിംഗിലും മാറ്റമുണ്ടായി.

സുഹൃത്തുക്കളേ,

ഇന്നിപ്പോള്‍ ഇന്ത്യയിലെ വിനോദസഞ്ചാരം ഒരു പാക്കേജായാണ് പ്രോല്‍സാഹിപ്പിക്കുന്നത്. പ്രകൃതി, സാഹസികത, ആത്മീയത, ചികില്‍സ, പരിസ്ഥിതി തുടങ്ങി ഏതു തരം വിനോദസഞ്ചാരത്തിലും നാം ശ്രദ്ധ ഊന്നുന്നു. ഹിമാചലിന് ഇതില്‍ വലിയ സാധ്യതകളുമുണ്ട്. ഇവിടെ ഇതുപോലെ ഒരു നല്ല സമ്മേളനം സംഘടിപ്പിച്ചു. ഉച്ചകോടി ടൂറിസത്തിന്റെ സാധ്യതകളും ഞങ്ങള്‍ നോക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. അതിലെ സാധ്യത കൂടി നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചാല്‍ പുരോഗതി അധികം ദൂരെയല്ല.

സുഹൃത്തുക്കളേ,

ഇവിടെ പ്രകാശനം ചെയ്ത കോഫി ടേബിള്‍ ബുക്കിലും പ്രദര്‍ശിപ്പിച്ച ഹ്രസ്വചിത്രത്തിലും ഹിമാചലിന്റെ സാധ്യതകള്‍ വിശദീകരിച്ചു കണ്ടു. സൊളാനില്‍ പോയ കാര്യമാണ് ഞാന്‍ ഓര്‍ത്തത്. കൂണുകളുടെ നഗരത്തിലേക്ക് സ്വാഗതം എന്നെഴുതിയ നിരവധി ബോര്‍ഡുകള്‍ ഞാന്‍ കണ്ടു. അതുപോലെതന്നെ ലഹൗള്‍-സ്പിതിയിലെ ഉരുളക്കിഴങ്ങുകള്‍, കുളുവിന്റെ അംഗവസ്ത്രങ്ങള്‍, കാംഗ്രയിലെ ചിത്രങ്ങള്‍ എന്നിവയും പ്രശസ്തമാണ്. പുറത്തു നിന്നു വരുന്നവര്‍ക്ക് ഇതൊന്നുമറിയില്ല. ഇവ അതാതു ജില്ലകളുടെ സ്വത്വമാക്കി പ്രോല്‍സാഹിപ്പിക്കുന്നതിനു പുതിയ വഴി എന്താണ് എന്നുകൂടി ആലോചിക്കണം. അതായത്, ഹിമാചലിന്റെ സാധ്യതകള്‍ ഇപ്പോഴും പകര്‍ന്നെടുക്കപ്പെടാതിരിക്കുന്നു എന്നാണ് ഞാന്‍ പറയുന്നത്.

ഒന്നാലോചിച്ചു നോക്കൂ, ഹിമാചലിന് ഐഐടിയുണ്ട്, ഐഐഐടിയുണ്ട്, എന്‍ഐടിയും, സിഐപിഇടിയുമുണ്ട്. ഐഐഎഫ്ടിയുടെ ജോലികള്‍ നടന്നുകൊണ്ടുമിരിക്കുന്നു. സാങ്കേതികവിദ്യയുടെ വികാസത്തിന് ഇവിടെ സാധ്യതകളുണ്ട്. ആപ്പിളും, സബര്‍ജനും, പ്ലമ്മും പോലുള്ള പഴങ്ങള്‍ക്കും ഉരുളക്കിഴങ്ങും, ഗുച്ചിയും, കൂണുകളും, കാപ്‌സിക്കവും പോലുള്ള പച്ചക്കറികള്‍ക്കും ആവശ്യക്കാരുണ്ട്. ഭക്ഷണ, ഭക്ഷ്യസംസ്‌കരണ, കാര്‍ഷിക – ഔഷധ മേഖലകള്‍ക്കും വന്‍തോതിലുള്ള സാധ്യതകളുണ്ട്.

സുഹൃത്തുക്കളേ,

വര്‍ഷങ്ങളായി ജൈവ പച്ചക്കറി കൃഷി ഇവിടെ പ്രശസ്തമാണ്. രാജ്യത്തെ ഒരു മരുന്നു കമ്പനിയും ഹിമാചലില്‍ ഉല്‍പ്പാദനം നടത്തുന്നില്ല. ഈ മേഖലയും വികസിപ്പിക്കാന്‍ വന്‍തോതിലുള്ള സാധ്യത നിലനില്‍ക്കുകയാണ്.

അതെ, ഈ അനന്ത സാധ്യതകള്‍ക്കിടയിലും ഹിമാചലില്‍ ഒരു വിടവ് അനുഭവപ്പെട്ടിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യത്തിന്റെയും ലളിതമായ ഗവണ്‍മെന്റ് പ്രക്രിയകളുടെയും അഭാവമായിരുന്നു അത്. സംസ്ഥാന ഗവണ്‍മെന്റിന്റെ പിന്തുണയോടെ ഈ വിടവ് പരിഹരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് കഴിയുന്നത്ര പരിശ്രമിച്ചു. ജയ്‌റാമിനും ടീമിനും അവസരം ലഭിച്ചതുമുതല്‍ ആ പ്രക്രിയയ്ക്കു വേഗത കൂടി.

ഇന്നിപ്പോള്‍ ഹിമാചലില്‍ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളും കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പദ്ധതികളും അതിവേഗം മുന്നോട്ടു പോവുകയാണ്. ജലവൈദ്യുത പദ്ധതിയാകട്ടെ, നവീകരിക്കാവുന്ന വൈദ്യുതിയുടെ മറ്റു സ്രോതസ്സുകളാകട്ടെ, റോഡോ റെയിലോ വ്യോമ സൗകര്യങ്ങളോ ആകട്ടെ പ്രവൃത്തികള്‍ അതിവേഗമാണ് നടക്കുന്നത്. ഉഡാന്‍ പദ്ധതിക്കു കീഴില്‍ ഹിമാചല്‍പ്രദേശ് ഹേലി- ടാക്‌സി തുടങ്ങിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഷിംല, ധര്‍മശാല, കുളു, ചണ്ഡീഗഡ് എന്നിവിടങ്ങള്‍ ഈ സൗകര്യത്തില്‍ പരസ്പരം ബന്ധിപ്പിക്കുന്നു.
ഇതിനു പുറമേ, ആയിരക്കണക്കിനു കോടി രൂപയുടെ നിക്ഷേപത്തോടെ ദേശീയ പാതകളും വികസിപ്പിക്കുന്നു. ലഹൗള്‍- സ്പിതി, ലഡാക്ക് എന്നിവയ്ക്ക് റോഹതങ് തുരങ്കത്തിന്റെ ഗുണം ലഭിക്കും. നങ്കല്‍ അണക്കെട്ട്- തല്‍വാദാ പാത, ചണ്ഡീഗഡ്- ബാദി റെയില്‍പാത, ഉനാ- ഹമിര്‍പൂര്‍ റെയില്‍പാത, ഭാനുപാലി- ബിലാസ്പൂര്‍-ബേരി റെയില്‍പാത എന്നിവ ഈ മേഖലയ്ക്കാകെ പരസ്പര ബന്ധത്തിന്റെ പുതിയ ഒരു മാനം നല്‍കും. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിലെ നൂറ് ലക്ഷം കോടി നിക്ഷേപത്തിന്റെ മെച്ചം ഹിമാചല്‍പ്രദേശിനും ലഭിക്കും.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ വളര്‍ച്ചാഗാഥയ്ക്ക് ഹിമാചല്‍ ഇന്ന് ശരിക്കും പുതിയ മാനം നല്‍കുകയാണ് ഇന്ന്; ഹിമാചലിനേക്കുറിച്ചുള്ള ഈ വിശ്വാസത്തിന് എനിക്ക് എന്റേതായ തിരിച്ചറിവുകളുണ്ട്. വ്യവസായത്തിന് അനിവാര്യമായ എല്ലാ ഉപാധികളും ഹിമാചല്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. സമാധാനം വ്യവസായത്തിന് അത്യാവശ്യമാണ്. അത് എല്ലാക്കാലത്തും ഹിമാചലിന്റെ കരുത്താണ്. വൈവിധ്യം അംഗീകരിക്കുന്ന സമൂഹമാണ് ഹിമാചലിലുള്ളത്. ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ വിസ്മയിപ്പിക്കുന്ന വൈവിധ്യമാണ് ഇവിടെ. ഇവിടെ ഒരാള്‍ക്ക് മറ്റേയാളുടെ ഭാഷ അറിഞ്ഞുകൊള്ളണമെന്നില്ലെങ്കിലും പരസ്പര ബന്ധം വിസ്മയിപ്പിക്കുന്ന തരത്തിലാണ്.

ഇതിനു പുറമേ, രാജ്യത്തെ സാക്ഷരതാ നിരക്ക് ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹിമാചല്‍. ഹിമാചല്‍ പ്രദേശിന്റെ ഏത് മുക്കുമൂലകളിലും നിങ്ങള്‍ക്ക് വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ കാണാം. അവര്‍ ഗവണ്‍മെന്റിനു വേണ്ടി കാത്തുനില്‍ക്കുന്നില്ല. സ്വന്തമായി ഉള്ള വിഭവങ്ങളെന്താണോ അതുവച്ച് അവരങ്ങു തുടങ്ങുന്നു. ജനങ്ങളില്‍ ഒരു സ്വാഭാവിക സംരംഭകത്വ ഊര്‍ജ്ജമുണ്ട്. അത് നിക്ഷേപകര്‍ക്ക് ഗുണകരമാകും.

എല്ലാത്തിലുമുപരിയായി രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കു ഹിമാചല്‍ പ്രദേശ് ഒരു മഹത്തായ കരുത്താണ്. സൈന്യവുമായി ബന്ധമില്ലാത്ത ഒരു കുടുംബവും ഇവിടെയുണ്ടാകില്ല. രണ്ടാമതായി, ഹിമാചലിലെ ഗ്രാമങ്ങളില്‍ പോയാല്‍ അവിടെ ഇന്ത്യയുടെ ചെറുപതിപ്പ് നിങ്ങള്‍ക്കു കണ്ടെത്താനാകും എന്നത് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എനിക്കു പറയാന്‍ കഴിയുന്ന കാര്യമാണ്. സൈന്യത്തില്‍ നിന്നു വിരമിച്ചവരുടെ അനുഭവങ്ങളുടെ രൂപത്തില്‍ വലിയ ഒരു നൈപുണ്യ ശേഖരം ഹിമാചലില്‍ നമുക്കുണ്ട്. ഈ മനുഷ്യ ശേഷി വിവിധ മേഖലകള്‍ക്ക്, പ്രത്യേകിച്ചും പ്രതിരോധ മേഖലയ്ക്ക് വളരെ ഉപയോഗപ്രദമാണ്.

സുഹൃത്തുക്കളേ,

ഹിമാചലിന്റെ സമൂഹം, അതിന്റെ സാധ്യത, നിങ്ങളുടെ മൂലധനം, നയത്തിലെ വ്യക്തത എന്നിവ മഹത്തായ മാറ്റത്തിന്റെ മാധ്യമമായി മാറും. ഇവിടുത്തെ യുവത്വത്തിന് നിങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ അവസരങ്ങള്‍ നല്‍കുമ്പോള്‍, അവരുടെ കഴിവ് ഉപയോഗിക്കുമ്പോള്‍, ഈ ഗുണങ്ങള്‍ പലമടങ്ങായി വര്‍ധിക്കും.

ഒടുവിലായി, ഈ ഉച്ചകോടിയുടെ ഭാഗമാകാന്‍ ഇവിടെ എത്തിയതിന് നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നന്ദി പറയുന്നു. ഞാന്‍ ഇന്നിവിടെ ഒരു അതിഥിയല്ല, ഒരു ഹിമാചല്‍ പ്രദേശിലെ ആള്‍ തന്നെയാണ്. അതുകൊണ്ടാണ് നിങ്ങള്‍ ഇവിടെ എന്നിലേക്ക് എത്തിയത്. നിങ്ങളെല്ലാം എന്റെ അതിഥികളാണ്, ഹിമാചലിന്റെ മണ്ണില്‍ ഭാഗ്യം തേടാന്‍ ശ്രമിച്ചാല്‍ ഹിമാചല്‍ നിങ്ങളെ അനുഗ്രഹിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. നിങ്ങള്‍ അഭിവൃദ്ധിപ്പെടുന്നതു തുടരുകയും കൂടുതല്‍ പുരോഗതി പ്രാപിക്കുകയും ചെയ്യും. ഹിമാചല്‍ വളരും, ഇന്ത്യ വളരും, നിങ്ങളും വളരും. അതേ വിശ്വാസത്തോടെ നിങ്ങളെല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഈ ഗംഭീര സമ്മേളനത്തിന് ഗവണ്‍മെന്റിനു വളരെയധികം അഭിനന്ദനങ്ങളും നന്ദിയും!

നിങ്ങള്‍ക്കു നന്ദി!

നിങ്ങള്‍ക്ക് വളരെയധികം നന്ദി!