പിഎം ഇന്ത്യ
ഹൈദരാബാദില്‍ യുനെസ്‌കോയുടെ കാറ്റഗറി-2 (സി2സി)തലത്തിലുള്ള അന്തര്‍ദേശീയ ഓപ്പറേഷണല്‍ ഓഷ്യാനോഗ്രാഫി പരിശീലനകേന്ദ്രം ആരംഭിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ഇന്ത്യാമഹാസമുദ്ര വലയം(ഇന്ത്യന്‍ ഓഷ്യന്‍ റിം-ഐ.ഒ.ആര്‍), അറ്റലാന്റിക് സമുദ്രവും ഇന്ത്യയും അതിര്‍ത്തിയായി വരുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍, യുനെസ്‌കോയുടെ ചട്ടക്കൂടിനുള്ളില്‍ വരുന്ന ചെറിയ ദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുതിനായി പരിശീലനകേന്ദ്രം ആരംഭിക്കുകയെന്നതാണു കരാറിന്റെ ഉദ്ദേശ്യം. മത്സ്യത്തൊഴിലാളികള്‍, ദുരന്ത നിവാരണ സംവിധാനങ്ങള്‍, കപ്പലുകള്‍, തുറമുഖങ്ങള്‍, തീരദേശ സംസ്ഥാനങ്ങള്‍, തീരദേശ സംരക്ഷണസേന, പരിസ്ഥിതി, തീരത്തുള്ള വ്യവസായങ്ങള്‍ എന്നിവയ്ക്ക് അവരുടെ ദൈനംദിന കാര്യങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ സമുദ്രത്തെക്കുറിച്ച് വ്യവസ്ഥാപിതമായ നിരന്തരപഠനങ്ങള്‍ നടത്തി ലഭ്യമാക്കുകയെന്നതാണ് ഓപ്പറേഷണല്‍ ഓഷ്യാനോഗ്രാഫി കൊണ്ട് ഉദ്ദേശിക്കുന്നത്.
ശേഷി വര്‍ദ്ധിപ്പിക്കലും പരിശീലനവും, അറിവ് പങ്കുവയ്ക്കല്‍, വിവരങ്ങള്‍ കൈമാറല്‍ എന്നീ മേഖലകളില്‍ ആവശ്യമായ സഹായം കേന്ദ്രം ലഭ്യമാക്കും. യുനെസ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ടുള്ള ഫലവും നേട്ടം ലഭിക്കുന്ന പ്രദേശങ്ങളുടെ വ്യാപ്തിയും വര്‍ധിപ്പിക്കുക വഴി യുനെസ്‌കോയ്ക്കും ഇന്റര്‍ഗവണ്‍മെന്റല്‍ ഓഷ്യാനോഗ്രാഫി കമ്മിഷനും (ഐ.ഒ.സി) വിലയേറിയ വിഭവങ്ങള്‍ ലഭിക്കുന്നു.
യുനെസ്‌കോയുടെ കാറ്റഗറി-2 തലത്തിലുള്ള ഒരു കേന്ദ്രം ആരംഭിക്കുന്നതിലൂടെ ഇന്ത്യന്‍ മഹാസമൂദ്രത്തിലെ പ്രധാന രാജ്യമായി മാറുന്നതിനുള്ള അവസരം ഇന്ത്യയ്ക്കും വന്നുചേരും. ഇന്ത്യന്‍ മഹാസമുദ്രവുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ രാജ്യങ്ങളുമായി സഹകരണമുണ്ടാക്കുന്നതിനും ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. സമുദ്രത്തിലെയും തീരത്തെയും സുസ്ഥിര പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും ഈ മേഖലകളെ സമുദ്ര പ്രകൃതി ദുരന്തങ്ങളില്‍ കൃത്യമായി പ്രതികരിക്കുന്നതിന് സജ്ജമാക്കുന്നതിനുംവേണ്ട സാങ്കേതിക, പരിപാലന ശേഷികള്‍ കെട്ടിപ്പടുക്കുന്നതിനുള്ള വര്‍ധിച്ച ആവശ്യകത ലോകവ്യാപകമായി ഉയര്‍ന്നുവരുന്നതിനോടുള്ള പ്രതികരണം കൂടിയാണ് ഈ കേന്ദ്രം ആരംഭിക്കല്‍. കേന്ദ്രത്തിന്റെ ഉത്തരവാദിത്തമുള്ള ഭൂമേഖലകളില്‍ സമുദ്ര ശാസ്ത്രീയ ഗവേഷണശേഷി സൃഷ്ടിക്കുകയെന്ന സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍ 14-ാമത്തേത് (എസ്.ഡി.ജി-14) കൈവരിക്കുന്നതിന് സഹായിക്കുകയും ഒപ്പം ചെറുദ്വീപുകള്‍, വികസ്വരരാജ്യങ്ങള്‍, ഒട്ടും വികസിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ എന്നിവയെ സഹായിക്കുകയും ചെയ്യും.
വിദ്യാര്‍ഥികളുടെയും മറ്റു പങ്കാളികളുടെയും നൈപുണ്യവികസനവും സി2സിയുടെ ഉദ്ദേശ്യമാണ്. ഇത് ഇന്ത്യക്കുള്ളിലൂം പുറത്തും തൊഴില്‍സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. സി2സിയുടെ ആരംഭിക്കല്‍ അനുബന്ധ വികസനങ്ങള്‍ സാദ്ധ്യമാക്കുമെന്നും അത് ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഹൈദരാബാദിലെ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഓഷ്യാനിക് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് (ഇന്‍കോയിസ്) ഇന്നു ലഭ്യമായിട്ടുള്ള ഏറ്റവും നൂതനമായ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനകം ഇന്ത്യയില്‍നിന്ന് 576ഉം മറ്റ് 34 രാജ്യങ്ങളില്‍നിന്നായി 105 ശാസ്ത്രജ്ഞരെയും സമുദ്രശാസ്ത്രത്തിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഇവിടെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഹോസ്റ്റലുകളുടെ നിര്‍മ്മാണവും പരിശീലനവും ഉള്‍പ്പെടെയുള്ള മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു ദീര്‍ഘകാല കോഴ്‌സ് (മുന്നുമുതല്‍ ഒന്‍പത് മാസം വരെ ദൈര്‍ഘ്യമുള്ള) നടത്തുന്നതിന് ലോകനിലവാരത്തിലുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ചും (ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന്) ആലോചിക്കുന്നു.