Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

20-ാമത് റോസ്ഗാർ മേളയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാള പരിഭാഷ

20-ാമത് റോസ്ഗാർ മേളയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാള പരിഭാഷ


എന്റെ പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ,

രാജ്യത്ത് ഉത്സവ സീസൺ ആരംഭിച്ചിരിക്കുകയാണ്. ഈ ആഘോഷങ്ങൾക്കിടയിൽ, ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി എത്തുകയാണ്. ഇന്ന് രാജ്യത്തുടനീളമുള്ള 51,000-ത്തിലധികം യുവാക്കൾക്ക് ​ഗവൺമെന്റ് സർവീസിലേക്കുള്ള നിയമന ഉത്തരവുകൾ ലഭിക്കുകയാണ്. നിങ്ങൾ ഇന്ന് കൈവരിച്ച ഈ നേട്ടത്തിന് പിന്നിൽ നിങ്ങളുടെ കഠിനാധ്വാനം മാത്രമല്ല, നിങ്ങളുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സമർപ്പണവുമുണ്ട്. നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ഞാൻ നേരുന്നു. ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ,

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന വളരെ വലിയൊരു ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുന്ന ഒരു ഘട്ടത്തിലാണ് നിങ്ങൾ ഇന്ന് ഇന്ത്യാ ​ഗവൺമെന്റിന്റെ ഭാഗമാകുന്നത്. ഇതിൽ നിങ്ങളെപ്പോലുള്ള യുവാക്കളുടെ പങ്ക് വളരെ വലുതാണ്. ഗവൺമെന്റ് സർവീസിൽ ആയിരിക്കുമ്പോൾ തന്നെ, വികസിത ഭാരതത്തിനും ആത്മനിർഭർ ഭാരതത്തിനും വേണ്ടിയുള്ള പ്രചാരണത്തെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ഓരോ തീരുമാനങ്ങളും നിങ്ങൾ കൈക്കൊള്ളണം. യുവാക്കൾ എന്ന നിലയിൽ, മറ്റ് ചെറുപ്പക്കാരോട് നിങ്ങൾക്കൊരു പ്രത്യേക ഉത്തരവാദിത്തമുണ്ട്. നമ്മുടെ യുവാക്കളുടെ പ്രതിഭയും കഴിവുകളും ലോകമൊട്ടാകെയുള്ള വിശ്വാസം എങ്ങനെയാണ് നേടിയെടുത്തതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. നമ്മുടെ നൂതനാശയകരിലും സംരംഭകരിലും യുവശക്തിയിലും ലോകത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബ്രിക്സ് ഉച്ചകോടി സമാപിച്ചത്. ബ്രിക്സ് സഹകരണം ​ഗവൺമെന്റുകളിൽ മാത്രം ഒതുങ്ങിനിൽക്കരുത് എന്നതായിരുന്നു ഇന്ത്യയുടെ ശ്രമം – നമ്മുടെ സംരംഭകർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരെല്ലാം ഈ പങ്കാളിത്തത്തിൽ സജീവ പങ്കാളികളാകണം. ഈ കാഴ്ചപ്പാടോടെ, BRICS CONNECT, BRICS MSME സഹകരണ പോർട്ടൽ തുടങ്ങിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

അടുത്ത കാലത്തായി, 40-ഓളം രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ (FTA) ഒപ്പുവെച്ചിട്ടുണ്ട്. ഈ സ്വതന്ത്ര വ്യാപാര കരാറുകൾ നമ്മുടെ യുവാക്കൾക്ക് മുന്നിൽ അവസരങ്ങളുടെ പുതിയ വാതിലുകളാണ് തുറക്കുന്നത്. ഇത്തരം വ്യാപാര കരാറുകൾ നമ്മുടെ സംരംഭകർക്ക് പുതിയ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുകയും, പുതിയ വിപണികൾ തുറന്നുനൽകുകയും, നമ്മുടെ യുവാക്കൾക്ക് പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

സമീപ വർഷങ്ങളിൽ, യുവാക്കളെ ഭാവിക്കായി സജ്ജരാക്കുന്നതിൽ ഇന്ത്യാ ​ഗവൺമെന്റ്
തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. ദേശീയ വിദ്യാഭ്യാസ നയം, സ്കിൽ ഇന്ത്യ മിഷൻ, പ്രധാൻമന്ത്രി കൗശൽ വികാസ് യോജന, അപ്രന്റീസ്ഷിപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം നമ്മുടെ യുവാക്കളുടെ വിദ്യാഭ്യാസവും നൈപുണ്യവും മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനൊരു ഉദാഹരണമാണ് പി.എം-സേതു. ഈ പദ്ധതിയിലൂടെ 60,000 കോടി രൂപയുടെ നിക്ഷേപത്തിൽ 1,000 ​ഗവൺമെന്റ് ഐ.ടി.ഐകൾ ആധുനികവൽക്കരിക്കപ്പെടുകയാണ്. ഇതിൽ വ്യവസായ മേഖലയുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.   

സുഹൃത്തുക്കളേ,

ഇന്ത്യയിലെ യുവശക്തിയുടെ കരുത്തിന്റെ മറ്റൊരു ചിത്രം നമ്മുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ ദൃശ്യമാണ്. ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യ. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് കഥ ഇനി വൻനഗരങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഇന്ന്, അംഗീകൃത സ്റ്റാർട്ടപ്പുകളിൽ പകുതിയോളം ടയർ‍ 2, ടയർ 3  നഗരങ്ങളിലാണ് പ്രവർത്തിക്കുന്നത്. അതായത് ഗ്രാമങ്ങളിൽ നിന്നും ചെറുപട്ടണങ്ങളിൽ നിന്നും ചെറിയ നഗരങ്ങളിൽ നിന്നുമുള്ള യുവാക്കളും ഇന്ത്യയുടെ പുതിയ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ ചെറിയ പട്ടണങ്ങളിലെ ചെറുപ്പക്കാർ തങ്ങളുടെ ആശയങ്ങളിൽ പ്രവർത്തിക്കുകയും, പുതിയ കമ്പനികൾ കെട്ടിപ്പടുക്കുകയും, മറ്റ് യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, 

സ്വകാര്യ മേഖലയിലും പുതിയ തൊഴിലവസരങ്ങൾ അതിവേഗം വളരണമെന്നതാണ് നമ്മുടെ ശ്രമം. ഈ കാഴ്ചപ്പാടോടെയാണ് പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിക്കായി ഏകദേശം 1 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ സഹായത്തോടെ, ഏകദേശം 2 കോടി യുവാക്കൾക്ക് ആദ്യമായി തൊഴിൽ ശക്തിയുടെ ഭാഗമാകാൻ അവസരം ലഭിക്കും. ഈ പദ്ധതിക്ക് കീഴിൽ, ആദ്യമായി ജോലി ലഭിക്കുന്ന യുവാക്കൾക്ക് ​ഗവൺമെന്റ് 15,000 രൂപ വരെ ധനസഹായം നൽകുന്നുണ്ട്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തൊഴിൽ ദാതാക്കളെയും ​ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുന്നു. അതായത്, രാജ്യത്ത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഗവൺമെന്റ് എല്ലാ മേഖലകളിലും പ്രവർത്തിക്കുകയാണ്.

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരുമ്പോഴും, നിക്ഷേപം വർദ്ധിക്കുമ്പോഴും, പുതിയ വ്യവസായങ്ങൾ ആരംഭിക്കുമ്പോഴും, പുതിയ മേഖലകൾ വികസിക്കുമ്പോഴും മാത്രമാണ് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഉണ്ടാകുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. ഈ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (Q1) ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.8 ശതമാനമായിരുന്നു. നിക്ഷേപത്തിൽ ഏകദേശം 12 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ റേറ്റിംഗുകൾ ഉയർത്തുകയാണ്. ലോകം നിരവധി അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്ന ഒരു സമയത്താണ് ഈ പുരോഗതി ഉണ്ടാകുന്നത്. ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ അടുത്ത കാലത്തായി നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ വലിയ പങ്കുണ്ട്. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലും ഇത്തരം പരിഷ്കാരങ്ങൾ വേഗത്തിലാക്കുന്നത് നിങ്ങൾ തുടരണം. നികുതിയും അനുമതികളും ലളിതമാക്കൽ, വ്യവസായം സു​ഗമമാക്കൽ, വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലുമുള്ള പരിഷ്കാരങ്ങൾ, നൂതനാശയത്തിനായി പുതിയ മേഖലകൾ തുറന്നുകൊടുക്കൽ, അല്ലെങ്കിൽ ജീവിതം സു​ഗമമാക്കൽ – ഏതൊരു തലത്തിലായാലും, പരിഷ്കാരങ്ങളുടെ എക്സ്പ്രസ് പൂർണ്ണ വേഗതയിൽ തന്നെ മുന്നോട്ട് പോകണം. ഒരു ​ഗവൺമെന്റ് ജീവനക്കാരൻ എന്ന നിലയിൽ വർത്തമാനകാലത്തും വരുംവർഷങ്ങളിലും നിങ്ങൾക്കതിൽ വളരെ വലിയ പങ്ക് വഹിക്കാനുണ്ട്.   

സുഹൃത്തുക്കളേ,

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഞാൻ പറഞ്ഞിരുന്നു – സൂര്യൻ നമ്മുടേതായിരിക്കണം, കടലും നമ്മുടേതായിരിക്കണം. ബോട്ടും നമ്മുടേതായിരിക്കണം, നാവികനും നമ്മുടേതായിരിക്കണം. തിരമാലകളിൽ വിജയം കുറിക്കാനുള്ള ധൈര്യവും നമ്മുടേതായിരിക്കണം. ഇന്ന് ഇന്ത്യയിലെ യുവത്വം ഈ ധൈര്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇനി, ഇന്ത്യാ ​ഗവൺമെന്റിന്റെ ഭാഗമായി സേവനമനുഷ്ഠിക്കുമ്പോൾ, രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് നിങ്ങളുടെ ചുമതലകൾ നിറവേറ്റാനും നിങ്ങൾ ബാധ്യസ്ഥരാണ്. ഞാൻ നിങ്ങളോട് വീണ്ടും അഭ്യർത്ഥിക്കുന്നു – നിങ്ങൾ എടുക്കുന്ന ഓരോ തീരുമാനവും, ഫയലുകളിൽ ഇടുന്ന ഓരോ ഒപ്പും യുവാക്കളുടെ ആഗ്രഹങ്ങളെ മുന്നോട്ട് നയിക്കുന്നതായിരിക്കണം. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ, യുവാക്കളുടെ വഴിയിലെ തടസ്സങ്ങൾ നീക്കം ചെയ്യപ്പെടുന്നുവെന്നും, അവരുടെ ആശയങ്ങൾക്ക് മുന്നോട്ട് പോകാൻ അവസരങ്ങൾ ലഭിക്കുന്നുവെന്നും, നൂതനാശയങ്ങൾ നിക്ഷേപങ്ങളെ വർദ്ധിപ്പിക്കുന്നുവെന്നും, ആ നിക്ഷേപം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും നിങ്ങൾ ഉറപ്പാക്കണം.

സുഹൃത്തുക്കളേ,

ഇപ്പോൾ നിങ്ങൾ സ്വയം ​ഗവൺമെന്റ് സംവിധാനത്തിന്റെ ഭാഗമായി മാറുകയാണ്. അതുകൊണ്ട്, നിങ്ങൾ നേരിട്ടതോ, നിങ്ങളുടെ മാതാപിതാക്കൾ നേരിട്ടതോ ആയ ബുദ്ധിമുട്ടുകൾ മറ്റ് യുവാക്കൾക്ക് നേരിടേണ്ടി വരരുത് എന്നതായിരിക്കണം നിങ്ങളുടെ ശ്രമം. നിങ്ങളുടെ മാതാപിതാക്കൾ സഹിച്ച കഷ്ടപ്പാടുകൾ, നിങ്ങൾ സഹിക്കേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ – ഇനി നമ്മുടെ നാട്ടിലെ ഒരു പൗരനും അത് സഹിക്കേണ്ടി വരരുത്. ഗവൺമെന്റ് സംവിധാനത്തിലേക്ക് പ്രവേശിച്ചയുടൻ നിങ്ങൾ ചെയ്യേണ്ട ജോലി ഇതാണ്.

സുഹൃത്തുക്കളേ,

ഇന്ന് രാജ്യത്തിന്റെ ഓരോ മേഖലയിലും അതിവേഗത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരമായി പഠിച്ചുകൊണ്ടാണ് നിങ്ങൾ ഇവിടെവരെ എത്തിച്ചേർന്നത്. ഇനി ഇവിടെനിന്ന് നിരന്തരമായ പഠനത്തിന്റെ ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്. നിങ്ങളുടെ കഴിവുകൾ നിങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കണം. പുതിയ സാങ്കേതികവിദ്യകളും പുതിയ സംവിധാനങ്ങളും നിങ്ങൾ മനസ്സിലാക്കണം. ഈ ലക്ഷ്യം കൈവരിക്കാൻ മിഷൻ കർമ്മയോഗി നിങ്ങളെ സഹായിക്കുന്നു. 1.7 കോടിയിലധികം ​ഗവൺമെന്റ് ജീവനക്കാരാണ് ഇന്ന് ‘iGOT കർമ്മയോഗി’ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടിരിക്കുന്നത്. നിങ്ങളെപ്പോലുള്ള പുതിയ സഹപ്രവർത്തകർക്കായി ‘കർമ്മയോഗി പ്രാരംഭ്’ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നിങ്ങൾ നിങ്ങളെത്തന്നെ എത്രത്തോളം മെച്ചപ്പെടുത്തുന്നുവോ, അത്രയും മികച്ച രീതിയിൽ നിങ്ങൾക്ക് രാജ്യത്തെ പൗരന്മാരെ സേവിക്കാൻ കഴിയും.

സുഹൃത്തുക്കളേ,

നിങ്ങൾ എപ്പോഴും ഒരു കാര്യം കൂടി ഓർമ്മിക്കണം. രാജ്യത്തെ പൗരന്മാരുടെ വിശ്വാസമാണ് ​ഗവൺമെന്റിന്റെ യഥാർത്ഥ ശക്തി. നിങ്ങൾ ഏത് മന്ത്രാലയത്തിലായാലും ഏത് വകുപ്പിലായാലും, നിങ്ങളുടെ പ്രവർത്തനം ഏതെങ്കിലും ഒരു രീതിയിൽ സാധാരണക്കാരായ പൗരന്മാരുടെ ജീവിതത്തെ സ്പർശിക്കും. നിങ്ങളുടെ ജോലി കാരണമായിരിക്കാം ഒരു മുതിർന്ന വ്യക്തിയുടെ പെൻഷൻ മുന്നോട്ട് പോകുന്നത്. ഒരു വിദ്യാർത്ഥിയുടെ സ്കോളർഷിപ്പ് നിങ്ങളുടെ ഉത്തരവാദിത്തത്തെ ആശ്രയിച്ചായിരിക്കാം നിലനിൽക്കുന്നത്. ഒരു കർഷകനുള്ള സൗകര്യം നിങ്ങളുടെ വകുപ്പിലൂടെയായിരിക്കാം എത്തിച്ചുനൽകുന്നത്. ഏതൊരു സാധാരണക്കാരനും ഗവൺമെന്റിന്റെ മുഖം നിങ്ങളായിരിക്കാം. നിങ്ങളുടെ പെരുമാറ്റം, നിങ്ങളുടെ സംവേദനക്ഷമത, നിങ്ങളുടെ കാര്യക്ഷമത, നിങ്ങളുടെ സത്യസന്ധത- ഇവയെല്ലാം ആ പൗരൻ ​ഗവൺമെന്റിനെ എങ്ങനെ അനുഭവിച്ചറിയുന്നു എന്ന് നിർണ്ണയിക്കും.

അതിനാൽ, സുഹൃത്തുക്കളേ,

​ഗവൺമെന്റ് സേവനത്തിൽ നമ്മുടെ മന്ത്രം – പൗരൻ ദേവോ ഭവഃ, പൗരൻ ദേവോ ഭവഃ എന്നതായിരിക്കണം. പൗരന്മാരെ സേവിക്കുക എന്നത് രാജ്യത്തെ സേവിക്കലാണ്.  നിങ്ങളുടെ പ്രവർത്തനം ഒരു പൗരന്റെ ജീവിതം കൂടുതൽ എളുപ്പമാക്കുമ്പോഴാണ് നിങ്ങളുടെ വിജയം കൂടുതൽ മഹത്തരമാകുന്നത്. നിങ്ങൾ എവിടെയായിരുന്നാലും ഏത് വകുപ്പിലായാലും സമർപ്പണബോധത്തോടെയും സേവനമനോഭാവത്തോടെയും നിങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽക്കൂടി ഞാൻ നിങ്ങളെ ഏവരെയും അഭിനന്ദിക്കുന്നു.

വളരെ നന്ദി.

***

NK