Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2017 ഒക്ടോബര്‍ 6ന് ന്യൂഡല്‍ഹിയില്‍ നടന്ന പതിനാലാമത് ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലെ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സംയുക്ത പ്രസ്താവന.


1. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പതിനാലാമത് വാര്‍ഷിക ഉച്ചകോടി 2017 ഒക്ടോബര്‍ 6ന് ന്യൂ ഡല്‍ഹിയില്‍ നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പരമാധികാര ഇന്ത്യയെ പ്രതിനിധീകരിച്ചു. യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ശ്രീ ഡൊണാള്‍ഡ് ടസ്‌ക്, യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ശ്രീ ജീന്‍ ക്ലോഡ് ജങ്കര്‍ എന്നിവരാണ് യൂറോപ്യന്‍ യൂണിയനെ പ്രതിനിധീകരിച്ചത്.
2. ഇന്ത്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും തന്ത്രപരമായ പങ്കാളിത്തത്തിനു കീഴിലുള്ള വിശാല സഹകരണം നേതാക്കള്‍ അവലോകനം ചെയ്തു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വാഭാവിക പങ്കാളികളാണെന്ന് അംഗീകരിച്ചുകൊണ്ട് പങ്കുവയ്ക്കപ്പെട്ട തത്വങ്ങളുടെയും ജനാധിപത്യം, സ്വാതന്ത്ര്യം, നിയമപാലനം, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത എന്നീ മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ അത് കൂടുതല്‍ ആഴവും കെട്ടുറപ്പുള്ളതുമാക്കാനുള്ള പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചുറപ്പിച്ചു.
3. ഉഭയകക്ഷി സഹകരണത്തിനു വേണ്ടി പതിമൂന്നാം ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി അംഗീകരിച്ച കര്‍മപരിപാടി 2020 റോഡ്മാപ്പിനുള്ള ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ കാര്യപരിപാടി നടപ്പാക്കുന്നതിലുണ്ടായ പുരോഗതിയില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു.
4. ഇരുഭാഗത്തേക്കുമുള്ള വ്യാപാര സഹകരണം വിപുലപ്പെടുത്തിയും നിക്ഷേപത്തിലെ ഒഴുക്ക് വര്‍ധിപ്പിച്ചും കാലാവസ്ഥാ മാറ്റം, കുടിയേറ്റം, അഭയാര്‍ത്ഥി പ്രതിസന്ധി എന്നിവ ഉള്‍പ്പെടെ ആഗോളവും മേഖലാപരവുമായ വിഷയങ്ങളില്‍ ചര്‍ച്ചയും ഇടപെടലും വിശാലമാക്കി ഈ മേഖലകളിലെ പരിഹാരത്തിലൂടെ ഉഭയകക്ഷി, ബഹുതല സഹകരണം ശക്തമാക്കിയും ഫലപ്രദവും പരസ്പരം മെച്ചമുണ്ടാക്കാന്‍ കഴിയുന്ന വിധത്തിലും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് നേതാക്കള്‍ പ്രതിജ്ഞാബദ്ധരായിരിക്കും.
5. സുപ്രധാന മേഖലകളില്‍, പ്രത്യേകിച്ചും കാലാവസ്ഥാ നടപടിയും പുതുക്കാവുന്ന ഊര്‍ജ്ജവും സംബന്ധിച്ച മേഖലകളില്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് വിപുലമായ തോതില്‍ നടത്തുന്ന ശക്തമായ ഇടപെടലിനെ നേതാക്കള്‍ പ്രശംസിച്ചു.
6. ഇന്ത്യാ-യൂറോപ്യന്‍ യൂണിയന്‍ സഹകരണവും പരസ്പര ധാരണയും വര്‍ധിപ്പിക്കുന്നതിന് നിരന്തരം ഉന്നതതല സഹകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയ്ക്ക് നേതാക്കള്‍ അടിവരയിട്ടു. വിദേശനയവും സുരക്ഷാ സഹകരണവും സംബന്ധിച്ചും സുരക്ഷാ പങ്കാളികളെന്ന നിലയിലും 2017 ഏപ്രില്‍ 21ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിതല യോഗത്തിന്റെ ഫലപ്രാപ്തി അവര്‍ ഓര്‍മിച്ചു.
7. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തികളെന്ന നിലയില്‍ കൂടുതല്‍ അടുത്തുചേര്‍ന്നു പ്രവര്‍ത്തിക്കാനും അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളും ആഗോള സമാധാനവും സ്ഥിരതയും ഉയര്‍ത്തിപ്പിടിച്ച് നിയമാധിഷ്ഠിത അന്താരാഷ്ട്രക്രമത്തെ പിന്തുണയ്ക്കുന്നതിന് എല്ലാ പ്രസക്ത കക്ഷികളോടും ചേരാനുമുള്ള സന്നദ്ധത ഇന്ത്യയും യൂറോപ്യന്‍ യൂണിയനും പങ്കുവച്ചു. പരസ്പര ബന്ധിതവും ബഹുതതസ്വഭാവമുള്ളതുമായ ലോകത്തെ എല്ലാ ഭാഗങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വളര്‍ച്ചയും സുസ്ഥിര വികസനവും പ്രോല്‍സാഹിപ്പിക്കും. സമകാലിക ആഗോള പ്രശ്‌നങ്ങളിലെ ഇടപെടലില്‍ വളരുന്ന സ്വീകാര്യതയെ അവര്‍ സ്വാഗതം ചെയ്യുകയും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണം എല്ലാ ബഹുതല വേദികളിലും വര്‍ധിച്ചുവരുന്നത് അവര്‍ അംഗീകരിക്കുകയും ചെയ്തു. ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിലും ഉള്‍ക്കൊള്ളലിന്റെതായ അന്താരാഷ്ട്ര ക്രമം തുറക്കുന്നതിലും അവരുടെ പൊതുവായ ഉത്തരവാദിത്തം അവര്‍ അംഗീകരിക്കുകയും ചെയ്തു.

8. സംഘര്‍ഷം തടയുകയും സുരക്ഷയും സമൃദ്ധിയും വര്‍ധിപ്പിക്കുന്ന മൗലിക കാര്യങ്ങളിലൂന്നി സമാധാനം നിലനിര്‍ത്തുകയും ആണവ നിരാകരണവും നിരായുധീകരണവും വളര്‍ത്തുകയും ചെയ്യുന്നതില്‍ തങ്ങളുടെ പ്രതിബദ്ധത നേതാക്കള്‍ ഉറപ്പിക്കുകയും ഭീകരവാദ ഭീഷണിക്കെതിരേയും സമുദ്രാതിര്‍ത്തികള്‍, സൈബര്‍ സുരക്ഷ, ബഹിരാകാശം എന്നീ പൊതു ആഗോള കാര്യങ്ങളിലെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിലും ആഗോള സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. 2017 ആഗസ്റ്റ് 25ന് ന്യൂ ഡല്‍ഹിയില്‍ നടന്ന സുരക്ഷാ കൂടിയാലോചനകളെയും (രാഷ്ട്രീയ-സുരക്ഷാ മേഖലയിലെ കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു വേദി) അഞ്ചാമത് ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ വിദേശ നയത്തെയും അവര്‍ സ്വാഗതം ചെയ്തു.

9. തുറന്നതും സുരക്ഷിതവും സമാധാനപരവും പ്രാപ്യവുമായ സൈബര്‍ ഇടത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും നവീനാശയങ്ങള്‍ക്കു വേണ്ടിയുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചുറപ്പിച്ചു. പ്രത്യേകമായി, അന്താരാഷ്ട്ര നിയമം സൈബര്‍ ഇടത്തിന് ബാധകമാണെന്നും സൈബര്‍ ഇടത്തിന് അന്താരാഷ്ട്ര നിയമം ബാധകമാക്കുന്നതിനുള്ള വിശാല പര്യാലോചനകളും രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ പെരുമാറ്റത്തിനുള്ള മാനദണ്ഡങ്ങളും ആവശ്യമുണ്ടെന്നും നേതാക്കള്‍ ആവര്‍ത്തിച്ചുറപ്പിച്ചു. നവംബര്‍ 23, 24 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ സൈബര്‍ ഇടത്തെക്കുറിച്ചു നടക്കാനിരിക്കുന്ന അഞ്ചാമത് ആഗോള സമ്മേളനത്തെ സ്വാഗതം ചെയ്തു. നിലവിലുള്ളതും ഭാവിയിലെയും സഹകരണത്തിന് ഉഭയകക്ഷി സൈബര്‍ ചര്‍ച്ചകള്‍ ശക്തമായ അടിത്തറ നല്‍കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുകയും ഈ വര്‍ഷം ആഗസ്റ്റ് 29ന് ന്യൂഡല്‍ഹിയില്‍ നടന്ന ഏറ്റവും ഒടുവിലത്തെ സമ്മേളനത്തെയും 2018ല്‍ ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ-യൂറോപ്യന്‍ യൂണിയന്‍ സൈബര്‍ സംഭാഷണത്തെയും സ്വാഗതം ചെയ്യുകയുമുണ്ടായി.

10. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങളെ നേതാക്കള്‍ ശക്തമായി അപലപിക്കുകയും ഭീകരതയുടെയും തീവ്രവാദത്തിന്റെയും ആഗോളഭീഷണിക്കെതിരായ പൊതുവായ ഉത്കണ്ഠയ്ക്ക് അടിവരയിടുകയും ചെയ്തു. തങ്ങളുടെ തന്ത്രപരവും സുരക്ഷാപരവുമായ സഹകരണം വിശാലമാക്കുന്ന കാഴ്ചപ്പാടോടുകൂടി ഭീകരതയെ അമര്‍ച്ച ചെയ്യുന്നതിന് ഒരു സംയുക്ത പ്രസ്താവന അവര്‍ അംഗീകരിക്കുകയും സമഗ്ര സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങള്‍ക്കും എതിരേ പൊരുതാനുള്ള ശക്തമായ പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്തു. തുടര്‍ച്ചയായ ഉഭയകക്ഷി കൂടിയാലോചനകളിലൂടെയും അന്താരാഷ്ട്ര വേദികളിലൂടെയും സഹകരണം നിലനിര്‍ത്താന്‍ നേതാക്കള്‍ ദൃഢനിശ്ചയം ചെയ്തു. ഈ പശ്ചാത്തലത്തില്‍ 2017 ആഗസ്റ്റ് 30ന് ന്യൂഡല്‍ഹിയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളേക്കുറിച്ചു നടന്ന ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചയെയും അട്ടിമറി പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ ഭീഷണിയെ ചെറുക്കുന്നത് ഉള്‍പ്പെടെ വിവരങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുകയും ചെയ്യാന്‍ അവസരങ്ങള്‍ കണ്ടെത്താനുള്ള സംയുക്ത പ്രതിബദ്ധതയെയും പരിശീലനവും ശില്‍പശാലകളും പോലെയുള്ള ശേഷി കെട്ടിപ്പടുക്കല്‍ പ്രവര്‍ത്തനങ്ങളെയും അവര്‍ സ്വാഗതം ചെയ്തു. യുഎന്നിനും സാമ്പത്തിക കര്‍മ സേന ( എഫ്എടിഎഫ്)യ്ക്കും ഇടയില്‍ സഹകരണം ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറയുകയും ചെയ്തു.
11. ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ ആണവ നിരാകരണത്തില്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടിയതുപ്രകാരം ആഗോള ആണവ നിരാകരണ ശ്രമങ്ങള്‍ ശക്തിപ്പെടുത്താനും 2017 ജൂലൈ 18ന് ന്യൂഡല്‍ഹിയില്‍ നടന്ന നിരായുധീകരണ ചര്‍ച്ചയിലുമുള്ള തങ്ങളുടെ പ്രതിബദ്ധത രണ്ടു പക്ഷവും ആവര്‍ത്തിച്ചുറപ്പിച്ചു. മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ക്രമത്തില്‍ (എംടിസിആര്‍) പ്രവേശനം ലഭിച്ചതിന് ഇന്ത്യയെ യൂറോപ്യന്‍ യൂണിയന്‍ അഭിനന്ദിച്ചു. ബാലിസ്റ്റിക് മിസൈല്‍ ശാക്തീകരണത്തിനെതിരായ ഹേഗ് പെരുമാറ്റച്ചട്ടത്തില്‍ ഇന്ത്യ ചേര്‍ന്നതിനെ യൂറോപ്യന്‍ യൂണിയന്‍ സ്വാഗതം ചെയ്യുകയും ആഗോള ആണവ നിരാകരണ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന ആണവ വിതരണ ഗ്രൂപ്പ് (എന്‍എസ്ജി), വാസേനാര്‍ ക്രമീകരണം,ആസ്‌ട്രേലിയ ഗ്രൂപ്പ് എന്നിവയിലെ ഇന്ത്യയുടെ കാര്യമായ ഇടപെടലിനെ പരാമര്‍ശിക്കുകയും ചെയ്തു.

12. ഇന്ത്യന്‍ മഹാസമുദ്രത്തിലും പുറത്തും സമുദ്രസംബന്ധമായ സുരക്ഷാ സഹകരണം വര്‍ധിപ്പിക്കാനുള്ള പ്രതിബദ്ധത ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ആവര്‍ത്തിച്ചുറപ്പിച്ചു. യൂറോപ്യന്‍ നാവിക സേനയും ഇന്ത്യയുടെ നാവികസേനയും സോമാലിയന്‍ തീരദേശത്ത് അടുത്തിടെ നടത്തിയ സംയുക്ത സൈനികാഭ്യാസത്തെ നാവിക സഹകരണത്തിന്റെ വിജയകരമായ ഉദാാഹരണമായി ഇരു പക്ഷവും ചൂണ്ടിക്കാട്ടി. സമീപഭാവിയില്‍ത്തന്നെ ലോക ഭക്ഷ്യ പരിപാടിയുടെ യാനങ്ങള്‍ക്ക് അകമ്പടി പോകുന്നതില്‍ ഇന്ത്യയുടെ സാധ്യമായ പങ്കാളിത്തത്തെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രത്യാശ പ്രകടിപ്പിച്ചു. സ്വതന്ത്രമായ കപ്പലോട്ടം, വിമാന സഞ്ചാരം എന്നിവയുടെ പ്രാധാന്യത്തിനും ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും, പ്രത്യേകിച്ചും 1982ലെ യുണൈറ്റഡ് നേഷന്‍സ് കണ്‍വന്‍ഷന്‍ ഓഫ് ലോ ഓഫ് ദ് സീ (യുഎന്‍സിഎല്‍ഒഎസ്) അടിസ്ഥാനത്തില്‍ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും അവര്‍ അടിവരയിടുകയും ചെയ്തു. ‘നീല സമ്പദ്ഘടനയുടെ’ പശ്ചാത്തലത്തില്‍ സുരക്ഷ, സ്ഥിരത, ബന്ധിപ്പിക്കല്‍, സമുദ്രങ്ങളുടെ സുസ്ഥിര വികസനം എന്നിവയുടെ പ്രാധാന്യം രണ്ടു നേതാക്കളും എടുത്തുപറഞ്ഞു.

13. ഭൗമ നിരീക്ഷണം ഉള്‍പ്പെടെ ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ ബഹിരാകാശ സഹകരണം വര്‍ധിപ്പിക്കുന്നതിന് രണ്ടു പക്ഷവും സമ്മതിച്ചു.

14. ലിംഗ സമത്വത്തിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും സ്ത്രീശാക്തീകരണത്തിലും ഉള്‍പ്പെടെ മനുഷ്യാവകാശ സഹകരണത്തിന്റെ പ്രാധാന്യം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും എടുത്തു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംഭാഷണത്തിന്റെ അടുത്ത ഘട്ടം ന്യൂഡല്‍ഹിയില്‍ നടത്താനും അന്താരാഷ്ട്ര വേദികളിലെ ആശയവിനിമയം വര്‍ധിക്കുന്നതിനെ, പ്രത്യേകിച്ചും ഐക്യരാഷ്ട്ര പൊതുസഭയിലും യുഎന്‍ മനുഷ്യാവകാശ സമിതിയിലും പിന്തുണയ്ക്കാനും അവര്‍ തീരുമാനിച്ചു.

15. അഫ്ഗാനിസ്ഥാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ദേശീയ സമാധാനത്തിലും പുനര്‍ അനുരഞ്ജനത്തിലും നേട്ടമുണ്ടാക്കാനുള്ള യത്‌നങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനലെ സര്‍ക്കാരിനും ജനതയ്ക്കും പിന്തുണ നല്‍കാനുള്ള സന്നദ്ധത ഇരു പക്ഷവും പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും മൗലിക ഭീഷണിയായി പരിഗണിച്ച് ഭീകരതയുടെയും അക്രമോല്‍സുക ഭീകരതയുടെയും എല്ലാ രൂപങ്ങളെയും ചെറുക്കാനുള്ള നിശ്ചയദാര്‍ഢ്യം രണ്ടു പക്ഷവും ആവര്‍ത്തിച്ചു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കാനും അതിന്റെ ഫലപ്രാപ്തിക്കും പിന്തുണയും പ്രോല്‍സാഹനവും നല്‍കുന്ന രാഷ്ട്രീയ പ്രക്രിയയുടെ പ്രാധാന്യത്തിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടിവരയിട്ടു. സാമൂഹികവും സാമ്പത്തികവുമായ ഘടനയും ഭരണപരിപാല സ്ഥാപനങ്ങളും മാനവ വിഭവവും ശേഷിയും കെട്ടിപ്പടുക്കുന്നതിലും ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ വികസനത്തിന് സഹായമേകുന്നതില്‍ ഇന്ത്യ വഹിക്കുന്ന ഗുണപരമായ പങ്കിനെ യൂറോപ്യന്‍ യൂണിയന്‍ അഭിനന്ദിച്ചു. സമാധാനവും സുരക്ഷയും സ്ഥിരതയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കാനും അഫ്ഗാനിസ്ഥാനെ വികസനപാതയില്‍ സ്വയം പര്യാപ്തതയും സമൃദ്ധിയുമുള്ള രാഷ്ട്രമാക്കി മാറ്റുന്നതിന് പിന്തുണ നല്‍കാനുമുള്ള പ്രതിബദ്ധത ഇരു പക്ഷവും ആവര്‍ത്തിച്ചുറപ്പിച്ചു.

16. ജനങ്ങളുടെ വന്‍തോതിലുള്ള പലായനത്തിന് ഇടയാക്കുകയും അയല്‍രാജ്യമായ ബംഗ്ലാദേശില്‍ അവരില്‍ നിരവധിയാളുകള്‍ അഭയം തേടുകയും ചെയ്യുന്ന തരത്തില്‍ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ആഴത്തിലുള്ള ഉത്കണ്ഠ രേഖപ്പെടുത്തി. അരാകാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ) നടത്തുന്ന ആക്രമണ പരമ്പരകളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാധാരണ ജനങ്ങളുടെയും ഉള്‍പ്പെടെ നിരവധി ജീവനുകളെടുത്ത ഈ അതിക്രമങ്ങള്‍ക്ക് കാരണമായത് എന്നത് രണ്ടു പക്ഷവും ചൂണ്ടിക്കാട്ടി. അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും രാഖൈന്‍ സംസ്ഥാനത്ത് വൈകാതെ സാധാരണ നില പുനസ്ഥാപിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഇരു പക്ഷവും അംഗീകരിച്ചു. കോഫി അന്നന്റെ നേതൃത്വത്തിലുള്ള റാഖൈന്‍ ഉപദേശക സമിതി നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കുകയും വടക്കന്‍ റാഖൈന്‍ സംസ്ഥാനത്തു നിന്ന് പലായനം ചെയ്ത എല്ലാ സമുദായങ്ങളില്‍ നിന്നുള്ളവരെയും ബംഗ്ലാദേശുമായി ചേര്‍ന്ന് തിരിച്ചുകൊണ്ടുവരണമെന്നും മ്യാന്‍മര്‍ അധികൃതരോട് അവര്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ആവശ്യമുള്ള മാനുഷിക സഹായം നല്‍കുന്നതില്‍ ബംഗ്ലാദേശ് വഹിക്കുന്ന പങ്ക് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അംഗീകരിച്ചു.

17. ഇറാന്‍ ആണവ വിഷയയവുമായി ബന്ധപ്പെട്ട സംയുക്ത സമഗ്ര കര്‍മപദ്ധതി (ജെസിപിഒഎ)യുടെ തുടര്‍ച്ചയായ സമ്പൂര്‍ണ്ണ നടപ്പാക്കലിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തങ്ങളുടെ പിന്തുണ ആവര്‍ത്തിച്ചുറപ്പിച്ചു. ആണവ കാര്യത്തില്‍ ജെസിപിഒഎ പ്രതിബദ്ധതയ്ക്ക് അനുസൃതമായി ഇറാന്‍ പ്രവര്‍ത്തിക്കുമെന്ന അന്തര്‍ദേശീയ ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ)യുടെ ഉറപ്പ് അവര്‍ അംഗീകരിച്ചു. യുഎന്‍ സുരക്ഷാ സമിതി അംഗീകരിച്ചതും ആണവ നിരാകരണ ചട്ടക്കൂടിനും അന്താരാഷ്ട്ര സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയ്ക്കും സമിതിയുടെ നിര്‍ണായക സംഭാവനയുമായ കരാറിന്റെ ഫലപ്രദമായ നടപ്പാക്കലിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ആഹ്വാനം ചെയ്തു.

18. ഡിപിആര്‍കെ അന്തര്‍ദേശീയ പ്രതിബദ്ധത നേരിട്ടുതന്നെ ലംഘിക്കുന്നതും അസ്വീകാര്യവുമായ 2017 സെപ്റ്റംബര്‍ 3ലെ ആണവ പരീക്ഷണത്തെ രണ്ടു പക്ഷവും അപലപിച്ചു. ആണവ കാര്യത്തില്‍ ഡിപിആര്‍കെയുടെ തുടര്‍ച്ചയായ ശ്രമവും ബാലിസ്റ്റിക് മിസൈല്‍ പരിപാടികളും ആണവ പരീക്ഷണവുമായി ബന്ധപ്പെട്ട സമീപനവും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് അവര്‍ അംഗീകരിക്കുകയും യുഎന്‍ സുരക്ഷാ സമിതിയും ആറു കക്ഷി സംഭാഷണവും അംഗീകരിച്ച കൊറിയന്‍ പെനിന്‍സുലയുടെ പൂര്‍ണവും പരിശോധിക്കാവുന്നതും പിന്‍വലിക്കാനാകാത്തതുമായ ആണവമുക്തീകരണ പ്രഖ്യാപനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഡിപിആര്‍കെയുടെ ആണവ, മിസൈല്‍ പരിപാടികളെ പിന്തുണയ്ക്കുന്നവരുടെ ഉത്തരവാദിത്തം രണ്ടു പക്ഷവും ഊന്നിപ്പറഞ്ഞു. ഈ വെല്ലുവിളി അഭിമുഖീകരിക്കുന്നതിന് യുഎന്‍ രക്ഷാസമിതിയുടെ എല്ലാ അനുമതികളും പൂര്‍ണമായി നടപ്പാക്കിക്കൊണ്ട് അന്താരാഷ്ട്ര സമൂഹം ഐക്യപ്പെടേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു. സംഭാഷണത്തിലൂടെ സമാധാനപരവും സമഗ്രവുമായ പരിഹാരം നേടാന്‍ ഈ ഇടപെടല്‍വഴി പരമാവധി സമ്മര്‍ദം ചെലുത്തണം.

19. സിറിയയിലെ സാഹചര്യത്തില്‍ യുഎന്‍ നേതൃത്വത്തിലുള്ള ജനീവ പ്രക്രിയയുടെ പ്രാധാന്യം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ആവര്‍ത്തിച്ചു പറയുകയും സിറിയയില്‍ രാഷ്ട്രീയ പരിഹാരം പ്രോല്‍സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ ആഭ്യന്തര സംഭാഷണങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. സാധാരണ ജനങ്ങളുടെ സംരക്ഷണവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും മൗലികമാണ്, ഏറ്റുമുട്ടുന്ന എല്ലാ കക്ഷികളും അവരെ പിന്തുണയ്ക്കുന്നവരും തങ്ങളുടെ പ്രതിബദ്ധതകള്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎന്‍എസ്‌സിആര്‍ 2254, 2012ലെ ജനീവ പ്രസ്താവന എന്നിവ നിര്‍വചിച്ച വിശ്വാസ്യതയുള്ള രാഷ്ട്രീയ പരിഹാരത്തിനു മാത്രമേ ദായിഷിനും യുഎന്‍ പട്ടികയിലുള്ള മറ്റ് ഭീകര സംഘടനകള്‍ക്കും നിര്‍ണായക പരാജയം ഏല്‍പ്പിക്കാന്‍ കഴിയൂ എന്ന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ആവര്‍ത്തിച്ച് ഉറപ്പിച്ചു പറഞ്ഞു. 2018ലെ വസന്തകാലത്ത് നടക്കാനിരിക്കുന്ന രണ്ടാം ബ്രസല്‍സ് സമ്മേളനത്തിന് സിറിയയോടുള്ള അന്തര്‍ദേശീയ പ്രതിബദ്ധത പുലര്‍ത്തുന്നതിന് സംഭാവന ചെയ്യാനാകുമെന്ന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അംഗീകരിച്ചു.

20. മധ്യ പൂര്‍വേഷ്യയിലെ സമാധാന പ്രക്രിയയുടെ കാര്യത്തില്‍, കക്ഷികള്‍ നിര്‍മാണാത്മകമായി ഇടപെടണമെന്നും അതുവഴി മാത്രമേ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തിന് രണ്ടു രാഷ്ട്രങ്ങളുടെയും ദൃഢനിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ള സമഗ്രമായ പരിഹാരം സാധിക്കൂവെന്നും മധ്യ പൂര്‍വേഷ്യയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രസക്തമായ യുഎന്‍ പ്രമേയങ്ങള്‍, മാഡ്രിഡ് തത്വങ്ങള്‍, അറബ് സമാധാന ശ്രമങ്ങള്‍ എന്നിവയ്ക്ക് അങ്ങനെയേ നേട്ടമുണ്ടാക്കാന്‍ കഴിയുകയുള്ളുവെന്നും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ആവര്‍ത്തിച്ചു പറഞ്ഞു.

21. ലിബിയയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് നിലനില്‍ക്കുന്ന പരിഹാരം ഉണ്ടാക്കുന്നതിന് ലിബിയയുടെ നേതൃത്വത്തിലും അവരുടെ ഉടമസ്ഥതയിലും യുഎന്‍ യുഎന്‍ പ്രോല്‍സാഹനത്തോടെ നടക്കുന്ന പ്രക്രിയയ്ക്ക് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തങ്ങളുടെ പൂര്‍ണ്ണ പിന്തുണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ലിബിയയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കുകയും സമാധാനവും സ്ഥിരതയും സ്ഥാപിക്കുകയും ചെയ്യേണ്ടത് മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും താല്‍പര്യമാണ്.

22. ഇന്നത്തെ ആഗോളീകൃത ലോകത്തില്‍ കണക്റ്റിവിറ്റിയുടെ പ്രാധാന്യം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അംഗീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുടെയും സദ്ഭരണത്തിന്റെയും നിയമവാഴ്ചയുടെയും തുറന്ന സമീപനത്തിന്റെയും സുതാര്യതയുടെയും തുല്യതയുടെയും അടിസ്ഥാനത്തിലായിരിക്കണം കണക്റ്റിവിറ്റിക്കു വേണ്ടിയുള്ള മുന്‍കൈയെടുക്കലുകള്‍ എന്ന് അവര്‍ അടിവരയിട്ടു പറയുകയും സാമ്പത്തിക ഉത്തരവാദിത്തം, ഉത്തരവാദിത്തപൂര്‍ണമായ വായ്പാ വ്യവസ്ഥകള്‍, സമതുലിതമായ പാരിസ്ഥിതിക സംരക്ഷണം, സാമൂഹിക സുസ്ഥിരത കാത്തുരക്ഷിക്കുന്ന നിലവാരങ്ങള്‍ എന്നിവ നിര്‍ബന്ധമായും അനുസരിക്കണം.

23. ഏഷ്യയെയും യൂറോപ്പിനെയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള അനൗപചാരിക വേദിയെന്ന നിലയില്‍ എസ്ഇഎംന്റെ പ്രാധാന്യം രണ്ടു പക്ഷവും അടിവരയിട്ടു പറഞ്ഞു. ആഗോള വെല്ലുവിളികള്‍ യോജിച്ചു നേരിടാനുദ്ദേശിച്ച് ബ്രസല്‍സില്‍ നടക്കുന്ന അടുത്ത എഎസ്ഇഎം ഉച്ചകോടി എഎസ്ഇഎംന് പുതിയ ഉത്തേജനം നല്‍കുമെന്ന് രണ്ടു പക്ഷവും അംഗീകരിച്ചു.

24. പശ്ചിമ യുക്രൈന്‍ സംഘര്‍ഷത്തിന് യുഎന്‍ സുരക്ഷാ സമിതിയുടെ 2202-ാം പ്രമേയം ( 2015) അടിസ്ഥാനമാക്കി എല്ലാ കക്ഷികളും ചേര്‍ന്ന് തയ്യാറാക്കിയ മിന്‍സ്‌ക് ധാരണകളുടെ പൂര്‍ണമായ നടപ്പാക്കലിലൂടെ നയതന്ത്രപരമായ പരിഹാരം കാണുന്നതിന് രണ്ടു നേതാക്കളും തങ്ങളുടെ ശക്തമായ പിന്തുണ അടിവരയിട്ടു പ്രഖ്യാപിച്ചു.

25 പതിനാല് എസ്‌തോണിയന്‍ പൗരന്മാരും ആറ് ബ്രിട്ടീഷ് പൗരന്മാരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എംവി സീമാന്‍ ഗാര്‍ഡ് ഓഹിയോ കേസിലെ ഇന്ത്യന്‍ കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്ത്യയിലെ നിയമങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രക്രിയയിലൂടെത്തന്നെ അതിവേഗ പരിഹാരമുണ്ടാകും എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ആഗോള വെല്ലുവിളികള്‍- ബഹുതല സഹകരണം.

26. സമാധാനവും സുരക്ഷയും വികസനം, മാനേജ്‌മെന്റ് പരിഷ്‌കരണം എന്നീ മൂന്ന് പരിഷ്‌കരണങ്ങളിലൂന്നിയ അമേരിക്കയുടെ പുതിയ പരിഷ്‌കരണ കാര്യപരിപാടിക്ക് രണ്ട് ഭാഗത്തു നിന്നുമുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. യുഎന്‍ സുരക്ഷാസമിതിയെ യുഎന്‍ പൊതുസഭയുടെ പ്രവര്‍ത്തനങ്ങളുടെ പുനര്‍നിര്‍ണയത്തിനനുസരിച്ച് സമഗ്രമായി പരിഷ്‌കരിക്കുകയും യുഎന്‍ സമിതികളുടെ പ്രവര്‍ത്തനം 2030 കാര്യപരിപാടിക്ക് അനുസൃതമായി ക്രമീകരിക്കകുയം ചെയ്യുന്നതുള്‍പ്പെടെ യുഎന്‍ സംവിധാനത്തിന്റെ സമിതികളും സംഘടനകളും പരിഷ്‌കരിക്കുന്നതിനും ശക്തമായ ആഗോള ഭരണനിര്‍വഹണത്തിനും രണ്ടു പക്ഷവും പ്രതിജ്ഞാബദ്ധമായിരിക്കും.

27. അന്തര്‍ദേശീയ സുരക്ഷയ്ക്കു നേരേ ഉയരുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനും ആഗോള സാമ്പത്തിക സ്ഥിരതയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി ഉഭയകക്ഷികള്‍ ഒന്നിച്ചും ജി20 പങ്കാളികളുമായും ഐക്യരാഷ്ട്രസഭയും മറ്റു ബഹതുല വേദികളുമായിച്ചേര്‍ന്നും പ്രവര്‍ത്തിക്കാന്‍ രണ്ടു പക്ഷങ്ങളും സമ്മതിച്ചു.

28. സുസ്ഥിര വളര്‍ച്ചയും വികസനവും നേടിയെടുക്കുന്നതിന് നിയമാധിഷ്ഠിത ബഹുതല വ്യാപാര സംവിധാനത്തിന്റെ നിര്‍ണായക പങ്കും സ്വതന്ത്രവും തുറന്നതുമായ വ്യാപാരത്തിന്റെ വളരുന്ന പ്രാധാന്യവും രണ്ടു രാജ്യങ്ങളും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഉറച്ച ഫലങ്ങളോടെ പതിനൊന്നാമത് ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനം ഒരു വിജയമാക്കുന്നതിന് ഡബ്ല്യുടിഒയിലെ എല്ലാ അംഗങ്ങളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത അവര്‍ എടുത്തു പറഞ്ഞു. അത് നിയമാധിഷ്ഠിതമായ ബഹുതല വ്യാപാര സംവിധാനത്തിന്റെ കേന്ദ്രീകൃതത്വവും തുറന്നതും ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ളതുമായ ആഗോള വ്യാപാരത്തിന്റെ പ്രാധാന്യവും ആവര്‍ത്തിച്ചുറപ്പിക്കുന്നു.

29. വികസന കാര്യത്തിലെ പുതിയ യൂറോപ്യന്‍ യൂണിയന്‍ സമവായത്തിനും ഇന്ത്യയുടെ ‘എല്ലാവരുടെയും നന്മ, എല്ലാവരുടെയും വികസനം’ എന്ന നയപരമായ സംരംഭത്തിനുമൊപ്പം സുസ്ഥിര വികനസത്തിന്റെ 2030 കാര്യപരിപാടി നടപ്പാക്കലിനും അതു സംബന്ധിച്ച സംയുക്ത പ്രസ്താവനയ്ക്കും രണ്ടു പക്ഷവും ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തു. സുസ്ഥിര വികസന ലക്ഷ്യങ്ങളും ദാരിദ്യനിര്‍മാര്‍ജ്ജനവും നേടിയെടുക്കുന്നതിന് ആഗോള പങ്കാളിത്തത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതു സംബന്ധിച്ച്, പൊതുവായ മുന്‍ഗണനകള്‍ക്കായി ഒന്നിച്ചു നില്‍ക്കാനുള്ള പ്രതിബദ്ധത അവര്‍ ആവര്‍ത്തിക്കുകയും യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യാ വികസന ചര്‍ച്ച തുടരാന്‍ വഴിതുറക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു. പ്രകൃതിദുരന്ത വെല്ലുവിളികള്‍ ലഘൂകരിക്കുന്നതിനുള്ള 2015- 2030 സെന്‍ഡായി രൂപരേഖ സംയുക്തമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും രണ്ടു പക്ഷവും അംഗീകരിച്ചു.

30. യുഎന്‍ സമാധാനപാലന ദൗത്യത്തില്‍ പങ്കാളിയായതുള്‍പ്പെടെ ആഫ്രിക്കയുടെ സമാധാനത്തിനും വികസനത്തിനും ഇന്ത്യ നല്‍കുന്ന സംഭാവനനകളെ യൂറോപ്യന്‍ യൂണിയന്‍ സ്വാഗതം ചെയ്തു. തങ്ങളുടെ സംരംഭങ്ങളില്‍ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള പ്രത്യാശാഭരിതമായ സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് ആഫ്രിക്കയെ സംബന്ധിച്ച കൂടിയാലോചനകളും സഹകരണവും വര്‍ധിപ്പിക്കാനുള്ള പ്രതിബദ്ധത യൂറോപ്യന്‍ യൂണിയനും ഇന്ത്യയും പ്രകടിപ്പിച്ചു. അടുത്ത യൂറോപ്യന്‍ യൂണിയന്‍- ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഒരു നിരീക്ഷകനായി ഇന്ത്യ പങ്കാളിയാകണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. വളരുന്ന വ്യാപാര, സാമ്പത്തിക സഹകരണത്തിലൂടെ സമൃദ്ധിയുടെ പങ്കാളികള്‍; ഇന്ത്യയുടെ ആധുനികവല്‍ക്കണത്തില്‍ല പങ്കാളികള്‍.

31. സാമ്പത്തിക, സാമൂഹിക വികസനം പ്രോല്‍സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സ്വാഗതം ചെയ്യുകയും ‘ഇന്ത്യയില്‍ നിര്‍മിക്കൂ’, ‘ ഡിജിറ്റല്‍ ഇന്ത്യ’, ‘ നൈപുണ്യ ഇന്ത്യ’, ‘സ്മാര്‍ട് സിറ്റി’, ‘ ശുചിത്വ ഭാരതം’, ‘ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ എന്നിവ പോലുള്ള ഇന്ത്യയുടെ പ്രധാന സംരംഭങ്ങളില്‍ പങ്കാളികളാകാനുള്ള യൂറോപ്യന്‍ യൂണിയന്റെ തുടര്‍ച്ചയായ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ലളിതവും കാര്യക്ഷമവുമായ ദേശവ്യാപക പരോക്ഷ നികുതി സമ്പ്രദായം എന്ന നിലയില്‍ ഇന്ത്യയില്‍ വ്യവസായം ചെയ്യുന്നത് എളുപ്പത്തിലാക്കുന്നതിനെയും വിപണി ഉദ്ഗ്രഥനത്തെയും പ്രോല്‍സാഹിപ്പിക്കുന്ന ചരക്ക് സേവന നികുതി ( ജിഎസ്ടി)യുടെ ചരിത്രപ്രധാനമായ നടപ്പാക്കല്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രദ്ധാപൂര്‍വം പിന്തുടരുന്നു. പ്രധാന സംരംഭങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്പനികള്‍ നല്‍കിവരുന്ന പങ്കാളിത്തത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഇന്ത്യയുടെ വികസന മുന്‍ഗണനകളില്‍ അവരുടെ ആഴത്തിലുള്ള ഇടപെടലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. സംരംഭകത്വ യൂറോപ്പ് ശൃംഖലയില്‍ ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളുടെ മഹത്തായ പങ്കാളിത്തം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പ്രോല്‍സാഹിപ്പിച്ചു. വിഭവക്ഷമത, സമ്പത്തിക വിനിമയം എന്നിവയിലെ യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യാ സഹകരണത്തില്‍ ഉണ്ടായ പുരോഗതി നേതാക്കള്‍ പരാമര്‍ശിച്ചു. ബൗദ്ധിക സ്വത്തവകാശം (ഐപിആര്‍), പൊതു സംഭരണം എന്നീ മേഖലകളിലെ വര്‍ധിച്ച സഹകരണത്തിനും അനുഭങ്ങളുടെയും മികച്ച പ്രയോഗങ്ങളുടെയും കൈമാറ്റത്തിനും രണ്ടു പക്ഷങ്ങളും ധാരണയിലെത്തി.

32. ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും ഇടയിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പങ്കുവയ്ക്കപ്പെട്ട പ്രതിബദ്ധത നേതാക്കള്‍ പ്രകടിപ്പിക്കുകയും സമഗ്രവും രണ്ടുകൂട്ടര്‍ക്കും മെച്ചമുള്ളതുമായ ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ അടിസ്ഥാന വ്യാപാര, നിക്ഷേപ കരാറിനു (ബിടിഐഎ) വേണ്ടിയുള്ള സംഭാഷണങ്ങള്‍ യഥാസമയം വീണ്ടും തുടങ്ങുന്നതിനുവേണ്ടിയുള്ള സജീവ ഇടപെടലിന് രണ്ടുപക്ഷവും നടത്തിക്കൊണ്ടിരിക്കുന്ന യത്‌നങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു.

33. കാര്‍ഷികോല്‍പ്പന്ന വ്യാപാരത്തിന്റെ പ്രാധാന്യം രണ്ടു പക്ഷവും പൊതുവായും അരിയുടെ കാര്യം പ്രത്യേകമായും അംഗീകരിക്കുകയും വ്യാപാരത്തിന്റെ കാമ്പിനെ ഭംഗപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയാവുകയും ചെയ്തു. ട്രൈസൈക്ലാസോള്‍ അരിയുടെ ക്ഷമതാ തോതിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ( കമ്മീഷന്‍ റെഗുലേഷന്‍ ( യൂറോപ്യന്‍ യൂണിയന്‍) 2017/83) യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്രമവുമായി ബന്ധപ്പെട്ട് താമസംകൂടാതെ അധിക പ്രശ്‌നാവലോകനത്തിനു വേണ്ടി പ്രസക്തമായ സസ്യ സംരക്ഷണ കമ്പനികളെ പുതിയ ശാസ്ത്രീയ വിവരങ്ങള്‍ അവതരിപ്പിക്കുന്നതിന് ക്ഷണിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍ സൂചിപ്പിച്ച ശാസനം പുനരവലോകനം ചെയ്യാനാകുമോ എന്നത് യൂറോപ്യന്‍ കമ്മീഷന്‍ ഗൗരവതരമായി പരിഗണിക്കും. വിവര ശേഖരണം, പ്രശ്‌നാവലോകനം, പ്രശ്‌ന ആശയവിനിമയം എന്നിവയ്ക്കു വേണ്ടി പദ്ധതിശാസ്ത്രങ്ങളുടെ മേഖലയിലെ വിജ്ഞാന, വൈദിഗ്ധ്യ കൈമാറ്റത്തില്‍ ഊന്നി യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ( ഇഎഫ്എസ്എ)യും ഭക്ഷ്യ സുരക്ഷയും നിലവാരവും സംബന്ധിച്ച ഇന്ത്യന്‍ അതോറിറ്റിയും ( എഫ്എസ്എസ്‌ഐ) തമ്മിലുള്ള സഹകരണത്തിന്റെ സ്ഥാപനവല്‍ക്കരണത്തെ രണ്ടു പക്ഷവും പിന്തുണച്ചു. ഇതിനു പുറമേ, ഭക്ഷ്യസുരക്ഷാ രംഗത്തെ തങ്ങളുടെ സഹകരണം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നത് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അംഗീകരിച്ചു. പ്രധാനമായും:
എ) പ്രസക്തമായ ഇന്ത്യന്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രസക്തമായ യൂറോപ്യന്‍ കമ്മീഷന്‍ സേവനങ്ങളുടെയും ഇടയില്‍ ഭക്ഷ്യ സുരക്ഷയുടെയും കാര്‍ഷിക വ്യാപാരത്തിന്റെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കാര്‍ഷിക, സമുദ്ര സംബന്ധിയായ പ്രവൃത്തി ഗ്രൂപ്പുകളും എസ്പിഎസ്-ടിബിടി പ്രവൃത്തി ഗ്രൂപ്പുകളും പോലെ നിലവിലുള്ള സംഭാഷണങ്ങള്‍ ശക്തിപ്പെടുത്തുക.

ബി) പരിശോധനയും മേല്‍നോട്ടവും ഉള്‍പ്പെടെ നല്ല കാര്‍ഷിക അനുഭവങ്ങളും പിന്തുടരല്‍ ശേഷിയുടെ വികസനവും ലബോറട്ടറി പ്രവര്‍ത്തനങ്ങളിലെ സഹകരണവും പോലുള്ള മേഖലകളില്‍ സംയുക്ത പദ്ധതികള്‍ക്ക് മുന്‍കൈയെടുക്കുക.

സി) ബസ്മതിയുടെ ഭൂമിശാസ്ത്രപരമായ അടയാളത്തിന്റെ സംരക്ഷണത്തിനുള്ള ഇന്ത്യയുടെ അപേക്ഷയെ യൂറോപ്യന്‍ യൂണിയന്‍ സ്വാഗതം ചെയ്യുകയും ഭാവിയിലെ അത്തരം ഏതെങ്കിലും അപേക്ഷകള്‍ സാധ്യമാകുന്നത്ര ഗൗരവത്തോടെ നടപ്പാക്കുകയും ചെയ്യും.

ഡി) ഇന്ത്യ നേരത്തേതന്നെ അപേക്ഷ നല്‍കിയതുപ്രകാരം പ്രവൃത്തിഗുണം കുറച്ചു കാണിക്കുന്നതിന് 1994ലെ ഗാട്ട് കരാര്‍ 29-ാം വകുപ്പിനു കീഴില്‍ ബസ്മതി അരിയുടെ അധിക വിത്തിനങ്ങള്‍ അംഗീകരിക്കുന്ന പ്രക്രിയ തീവ്രമായി നടപ്പാക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു.

34. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയില്‍ യൂറോപ്യന്‍ യൂണിയന്‍ നിക്ഷേപത്തിനുള്ള നിക്ഷേപ പ്രോല്‍സാഹന സംവിധാനം ( ഐഎഫ്എം) സ്ഥാപിക്കുന്നതിനെ നേതാക്കള്‍ സ്വാഗതം ചെയ്യുകയും ഈ ഐഎഫ്എം നല്ല അനുഭവങ്ങളുടെയും ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നവീന സാങ്കേതികവിദ്യയുടെയും പങ്കുവയ്ക്കല്‍ എളുപ്പമാകുമെന്നു പ്രത്യാശിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ‘ഇന്ത്യയില്‍ നിര്‍മിക്കൂ’ സംരംഭം നിക്ഷേപ അവസരങ്ങള്‍ നല്‍കുമെന്ന് നേതാക്കള്‍ സമ്മതിച്ചു.

35. ഇന്ത്യയില്‍ യൂറോപ്യന്‍ നിക്ഷേപ ബാങ്കിന്റെ ( ഇഐബി) ദക്ഷിണേഷ്യന്‍ മേഖലാ പ്രതിനിധി ഓഫീസ് സ്ഥാപിക്കുന്നതിനെ നേതാക്കള്‍ സ്വാഗതം ചെയ്യുകയും അതിന്റെ നിക്ഷേപങ്ങള്‍, പ്രത്യേകിച്ചും നഗര ചലനശക്തിയിലും പുതുക്കാവുന്ന ഊര്‍ജ്ജ പദ്ധതികളിലുമുള്ള നിക്ഷേപങ്ങളെ പരാമര്‍ശിക്കുകയും കാലാവസ്ഥാ കാര്യപരിപാടിയിലെ ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ സഖ്യത്തെ പിന്തുണയ്ക്കുകയും ചെയ്തു. 2017ല്‍ ഇന്ത്യയ്ക്ക് നല്‍കുന്ന 1.4 യൂറോ ഇഐബി വായ്പ സംബന്ധിച്ച വര്‍ധിച്ച പ്രതിബദ്ധതയുടെ ഭാഗമായ ബംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിനു വേണ്ടിയുള്ള പുതിയ 500 യൂറോ ഇഐബി വായ്പാ കരാര്‍ നേതാക്കള്‍ സ്വാഗതം ചെയ്തു.

36. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗുണപരമായ ചര്‍ച്ചകളെയും 121 ഐഎസ്എ അംഗരാജ്യങ്ങളിലുടനീളം ചെലവുകുറഞ്ഞ സൗരോര്‍ജ്ജ പ്രയോജനത്തിന്റെ വിശാലാടിസ്ഥാനത്തിലുള്ള വിന്യാസത്തിനുള്ള നിക്ഷേപം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യവും ( ഐഎസ്എ) യൂറോപ്യന്‍ നിക്ഷേപ ബാങ്കും ( ഇഐബി) തമ്മില്‍ സംയുക്ത പ്രഖ്യാപന കൈമാറ്റവും നേതാക്കള്‍ പരാമര്‍ശിച്ചു.

37. കുറ്റമറ്റ ഊര്‍ജ്ജവും കാലാവസ്ഥാ മാറ്റവും സംബന്ധിച്ച് രണ്ടു പക്ഷവും ഒരു സംയുക്ത പ്രസ്താവന അംഗീകരിച്ചു, 2015ലെ പാരീസ് കരാര്‍ പ്രകാരമുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും അത് നടപ്പാക്കുന്നത് ശക്തമാക്കാന്‍ കൂടുതല്‍ സഹകരിക്കാന്‍ സമ്മതിക്കുകയും ചെയ്തു. കാലാവസ്ഥാ മാറ്റത്തെ അഭിമുഖീകരിക്കുകയും സുരക്ഷിതവും ചെലവുകുറഞ്ഞതും സുസ്ഥിരവുമായ ഊര്‍ജ്ജ വിതരണമാണ് പ്രധാനമായ പങ്കുവയ്ക്കപ്പെട്ട മുന്‍ഗണനകള്‍ എന്ന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചൂണ്ടിക്കാണിക്കുകയും 2016ലെ യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യാ ഉച്ചകോടി അംഗീകരിച്ച കുറ്റമറ്റ ഊര്‍ജ്ജവും കാലാവസ്ഥാ പങ്കാളിത്തവും സംബന്ധിച്ച പുരോഗതിയെ സ്വാഗതം ചെയ്യുകയും 2016 ഒക്ടോബറില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ – ഇന്ത്യാ ഊര്‍ജ്ജ സമിതി യോഗത്തില്‍ അംഗീകരിച്ച പ്രവര്‍ത്തന പരിപാടിയുടെ അടിസ്ഥാനത്തില്‍ അത് നടപ്പാക്കുകയും കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യാനുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.
38. വികസനച്ചെലവ് കുറയ്ക്കുന്നതിനും സാങ്കേതികവിദ്യാ നവീകരണത്തിലൂടെ പുതുക്കാവുന്ന ഊര്‍ജ്ജ പദ്ധതികളുടെ വിന്യാസത്തിനും വിജ്ഞാനം പങ്കുവയ്ക്കലിനും ശേഷി കെട്ടിപ്പടുക്കുന്നതിനും വ്യാപാരത്തിനും നിക്ഷേപത്തിനും പദ്ധതി സ്ഥാപിക്കുന്നതിനുമുള്ള പരസ്പര സഹകരണം നടപ്പാക്കാനുള്ള അവരുടെ തങ്ങളുടെ പ്രതിബദ്ധത ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ആവര്‍ത്തിച്ചു.

39. സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതി സംരക്ഷണവും യോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ ആവര്‍ത്തിച്ചു. പ്രാഥമിക വിഭവ വിനിയോഗം കുറയ്ക്കുകയും രണ്ടാംഘട്ട അസംസ്‌കൃത വസ്തുക്കളുടെ വിനിയോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്ന കൂടുതല്‍ മികച്ച സാമ്പത്തിക മാതൃകയുടെ പ്രാധാന്യം അവര്‍ എടുത്തു കാണിക്കുകയും ചെയ്തു. ഈ നിര്‍ണായക സാമ്പത്തിക പരിണാമ ഘട്ടത്തിനു വേണ്ടി തന്ത്രം വികസിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര വിഭവ സമിതി, ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയം, വനവും കാലാവസ്ഥാ മാറ്റവും ( ഇന്ത്യയുടെ വിഭവ സമിതി മുഖേന) മാറുന്ന ഇന്ത്യയുടെ ദേശീയ സ്ഥാപനം ( നിതി ആയോഗ്) എന്നിവയുടെ സംഭാവനയെ അവര്‍ സ്വാഗതം ചെയ്തു. പുതുതായി രൂപീകരിച്ച ജി20 വിഭവ ക്ഷമതാ സംഭാഷണം വിജ്ഞാനം കൈമാറുന്നതിനുള്ള മാതൃകാപരമായ വേദിയായിരിക്കുകയും ആഗോളതലത്തില്‍ സംയുക്തമായി വിഭവക്ഷമത പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. ജല നിര്‍വഹണം, വായു മലിനീകരണം എന്നിവ പോലുള്ള പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നേതാക്കള്‍ സമ്മതിക്കുകയും സുസമ്മതമായ ഒരു കര്‍മപദ്ധതി ഉള്‍പ്പെടെ ഇന്ത്യാ-യൂറോപ്യന്‍ യൂണിയന്‍ ജല പങ്കാളിത്തത്തിലെയും നടപ്പാക്കലിലെയും പുരോഗതിയും ഗവേഷണത്തിലും നവീനാശയങ്ങളിലുമുള്ള സഹകരണ അവസരങ്ങള്‍ സമ്മതിക്കുകയും ഈ മാസം ഒടുവില്‍ നടക്കുന്ന മൂന്നാമത് ഇന്ത്യാ- യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തില്‍ പ്രത്യാശ വയ്ക്കുകയും ചെയ്തു.

40. യൂറോപ്പിലെയും ഇന്ത്യയിലെയും വ്യവസായങ്ങളും സ്റ്റാര്‍ട്ടപ്പ് ജൈവ സമൂഹങ്ങങ്ങളും തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നവീനാശയങ്ങളിലും സാങ്കേതിരവിദ്യാ വികസനത്തിലും വര്‍ധിച്ച സഹകരണത്തിന് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ സമ്മതിച്ചു.

41. ഭാവിയിലെ ആഗോള നിലവാരത്തില്‍ 5ജിക്കും ബുദ്ധിപരമായ ഗതാഗത സംവിധാനത്തിനും വസ്തുക്കളുടെ ആന്തരികബന്ധത്തിനും ഭാവി ശൃംഖലയ്ക്കും ടെലികോം സുരക്ഷയ്ക്കും വേണ്ടി യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോടെ ഇന്ത്യയുടെയും യൂറോപ്പിന്റെയും ടെലികോം നിലവാരനിര്‍ണയ സ്ഥാപനങ്ങള്‍ (ടിഡിഎസ്‌ഐയും ഇടിഎസ്‌ഐയും) തമ്മില്‍ സാങ്കേതിക സഹകരണം ലക്ഷ്യം വയ്ക്കുന്നതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു.ഈ സഹകരണം വിശാലമാക്കുന്നതിനും ഉറച്ച സാങ്കേതികവിദ്യാ പരിഹാരങ്ങള്‍ സമര്‍ത്ഥിക്കുന്നതിനും ‘ഡിജിറ്റല്‍ ഇന്ത്യ’യ്ക്കും ‘യൂറോപ്പിന്റെ ഡിജിറ്റല്‍ ഒറ്റ വിപണി’ക്കും ഇടയിലെ കണ്ണികള്‍ ശക്തിപ്പെടുത്തുന്നതിനും പങ്കാളികളെ രണ്ടു പക്ഷവും പ്രോല്‍സാഹിപ്പിച്ചു.

42. ഒരു സ്റ്റാര്‍ട്ടപ്പ് യൂറോപ്പ് ഇന്ത്യാ ശൃംഖലയ്ക്ക് കീഴില്‍ ഇന്ത്യയുടെയും യൂറോപ്പിന്റെയും സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി സംവിധാനങ്ങള്‍ തമ്മിലുള്ള യോഗങ്ങള്‍ ഉള്‍പ്പെടെ രണ്ടു പക്ഷത്തെയും ഐസിടി കമ്പനികളുടെ വ്യവസായം അനായാസമാക്കുന്നത് വര്‍ധിപ്പിക്കാന്‍ ഇന്റര്‍നെറ്റ് ഭരണനിര്‍വഹണത്തിന്റെ ഗുണപരമായ കൈമാറ്റം രണ്ടു പക്ഷവും രേഖപ്പെടുത്തി.

43. കൂടുതല്‍ ഘടനാപരവും സ്ഥിരവുമായ പരിശീലന പരിസ്ഥിതി സൃഷ്ടിച്ചുകൊണ്ട് പരിശോധനകളില്‍ പ്രത്യേകമായ ഊന്നല്‍ നല്‍കി നിയന്ത്രണ സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ഔഷധ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള താല്‍പര്യം രണ്ടു പക്ഷവും സ്ഥിരീകരിച്ചു. ഔഷധമേഖലയിലെ മൊത്തം മൂല്യ ശൃംഖല ശേഷി കെട്ടിപ്പടുക്കുന്നതിലെ സഹകരണത്തിനുള്ള താല്‍പര്യവും ഇന്ത്യന്‍ പക്ഷം എടുത്തുകാട്ടി.

44. 2016ല്‍ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പുതിയ നഗര കാര്യപരിപാടി പ്രോല്‍സാഹിപ്പിക്കുന്നതും നഗരങ്ങളില്‍ ഗതാഗതത്തിനും പൊതുശുചിത്വത്തിനുമുള്ള അടിസ്ഥാന സൗകര്യം ഉയര്‍ത്തുകയും ഇന്ത്യയില്‍ സ്മാര്‍ട് നഗരങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നതുപോലുള്ള മുന്‍ഗണനാ മേഖലകള്‍ സംബന്ധിച്ചതടക്കം സഹകരണ കാഴ്ചപ്പാടോടുകൂടി വെടിപ്പുള്ളതും സുസ്ഥിരവുമായ നഗരവല്‍ക്കരണത്തിനു വേണ്ടിയുള്ള പങ്കാളിത്തത്തിന് ഇന്ത്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും നേതാക്കള്‍ ഒരു സംയുക്ത പ്രസ്താവന അംഗീകരിച്ചു.

45. പുതുക്കിയ ഇന്ത്യാ-യൂറോപ്യന്‍ യൂണിയന്‍ ശാസ്ത്ര-സാങ്കേതികവിദ്യ സഹകരണ കരാറിനു കീഴില്‍ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും മുന്നണി മേഖലകളിലും നിലവിലെ ആഗോള വെല്ലുവിളികള്‍ നേരിടാനും, പ്രത്യേകമായി ആരോഗ്യം, ജലം, കുറ്റമറ്റ ഊര്‍ജ്ജം എന്നിവയുടെ കാര്യത്തില്‍ സഹകരണം ഉയര്‍ത്താന്‍ നേതാക്കള്‍ സമ്മതിച്ചു. ജല വിഭവത്തില്‍ വര്‍ധിച്ചുവരുന്ന ബുദ്ധിമുട്ട് വിജയകരമായി കൈകാര്യം ചെയ്യുന്നതിന് സാങ്കേതികവിദ്യയിലും ശാസ്ത്രീയ വിജ്ഞാനത്തിലും കൈകാര്യകര്‍തൃത്വ ശേഷികളിലും സഹകരിക്കേണ്ടതിന്റെ ആവശ്യം പ്രതിഫലിക്കുന്ന വിധം ജല സംബന്ധമായ വെല്ലുവിളികള്‍ നേരിടാന്‍ 30 ദശലക്ഷം യൂറോയുടെ പ്രധാനപ്പെട്ട സംയുക്ത സംരംഭത്തിനുള്ള കരാറിനെ അവര്‍ സ്വാഗതം ചെയ്തു. ഗവേഷണത്തിനും നവീനാശയങ്ങള്‍ക്കുമുള്ള ‘ഹൊറൈസണ്‍ 2020’, ഇന്ത്യന്‍ പരിപാടികള്‍ എന്നിവയ്ക്കു വേണ്ടിയുള്ള യൂറോപ്യന്‍ യൂണിയന്‍ രൂപരേഖാ പദ്ധതി പരസ്പരം തുറക്കുന്നതിന് പ്രവര്‍ത്തിക്കാന്‍ രണ്ടു പക്ഷവും അംഗീകരിക്കുകയും ഗവേഷകരുടെ രണ്ടു വഴിക്കുമുള്ള പ്രാപ്യത ലക്ഷ്യമാക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതിനായി ശാസ്ത്ര, എന്‍ജിനീയറിംഗ് ഗവേഷണ ബോര്‍ഡ് (എസ്ഇആര്‍ബി)യും യൂറോപ്യന്‍ ഗവേഷണ കൗണ്‍സിലും (ഇആര്‍സി) തമ്മില്‍ നടപ്പാക്കല്‍ സജ്ജീകരണം അവസാനിപ്പിക്കുന്നതിനെ രണ്ട് പക്ഷവും സ്വാഗതം ചെയ്തു.

46. ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ വിനിയോഗത്തിന്റെ മേഖലയില്‍ ഗവേഷണത്തിനും വികസന സഹകരണത്തിനുമുള്ള ധാരണാപത്രം തയ്യാറാക്കാന്‍ യൂറാറ്റമിനും ആണവോര്‍ജ്ജ വകുപ്പിനും നേതാക്കള്‍ പ്രോല്‍സാഹനം നല്‍കി. ഈ സഹകരണം ആണവോര്‍ജ്ജ സുരക്ഷ കൂടുതല്‍ വര്‍ധിക്കാനും പരസ്പര നേട്ടത്തിനും ഗുണപ്രദമാകുമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. ജലം, ആരോഗ്യ പരിരക്ഷയും ഔഷധവും, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ സമൂഹത്തിന്റെ നേട്ടത്തിന് ഊര്‍ജ്ജേതര സാങ്കേതികവിദ്യകളുടെ നൈപുണ്യം വര്‍ധിപ്പിക്കാനും വിന്യാസത്തിനും കൂടി ഈ സഹകരണം ഉപകരിക്കും.

47. സമ്മിശ്ര ഊര്‍ജ്ജം വികസിപ്പിക്കുന്നതിനും സമ്മിശ്ര ഊര്‍ജ്ജ ഗവേഷണത്തില്‍ യൂറാറ്റം- ഇന്ത്യാ സഹകരണ കരാറുള്‍പ്പെടെ തങ്ങള്‍ കക്ഷികളായ കരാറുകള്‍ തയ്യാറാക്കുന്നതിനും ശക്തമായ പങ്കാളിത്തം രണ്ടു പക്ഷവും തുടരും.

48. ഇന്ത്യയ്ക്കും യൂറോപ്പിനും ഇടയില്‍ വ്യോമബന്ധം വര്‍ധിപ്പിക്കുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വ്യവസായ യാത്രകളും പരിപാലിക്കാന്‍ സഹായിക്കുകയും വിനോദസഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യുന്ന 2008ലെ ഹൊറിസോണ്ടല്‍ സിവില്‍ വ്യോമയാന കരാറിന്റെ വേഗത്തിലുള്ള നടപ്പാക്കലിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. ഗതാഗതത്തിന്റെ എല്ലാ രൂപങ്ങളിലും, പ്രത്യേകിച്ചും സമുദ്ര സംബന്ധമായും വ്യോമ രംഗത്തും നഗരങ്ങളിലും റെയില്‍വേയിലും പരസ്പര താല്‍പര്യത്തോടെ ഗതാഗത സഹകരണം വിശാലമാക്കാനുള്ള അവസരം നേതാക്കള്‍ പരിഗണിച്ചു.

49. നൈപുണ്യ വികസനത്തില്‍ സഹകരണത്തിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സമ്മതിക്കുകയും ഇന്ത്യയുടെ നൈപുണ്യ ഇന്ത്യ സംരംഭവും യൂറോപ്പിനു വേണ്ടിയുള്ള യൂറോപ്യന്‍ യൂണിയന്റെ പുതിയ നൈപുണ്യ കാര്യപരിപാടിയും തമ്മിലുള്ള പരസ്പരപൂരകത്വവും കൂട്ടുപ്രവര്‍ത്തന സാധ്യതയും കണ്ടെത്താന്‍ തീരുമാനിക്കുകയും ചെയ്തു.

50. ഇന്ത്യയുടെ ഗ്യാന്‍ പരിപാടിയും യൂറോപ്യന്‍ യൂണിയന്റെ ഇറസ്മസ് പ്ലസ് പരിപാടിയും ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കര്‍മപരിപാടി 2020ന്റെ ഭാഗമായി ആവശ്യമാണെന്ന് നേതാക്കള്‍ ഊന്നിപ്പറഞ്ഞു. ഇറസ്മസ് പ്ലസ് പരിപാടിയില്‍ 5000 ഇന്ത്യക്കാരായ പൂര്‍വവിദ്യാര്‍ത്ഥികളായത് അടുത്തിടെയാണ് ആഘോഷിച്ചത്. അധ്യാപകരെ ചേര്‍ത്തും ഹ്രസ്വകാല കോഴ്‌സുകളിലൂടെയും ശേഷി കെട്ടിപ്പടുക്കല്‍ പദ്ധതികളിലൂടെയും മറ്റും യൂറോപ്യന്‍ യൂണിയന്‍ പഠനങ്ങള്‍ക്ക് നിരവധി ഇന്ത്യന്‍ സര്‍വകലാശാലകളില്‍ സ്ഥാപനപരമായ സഹകരണത്തിനുള്ള സാമ്പത്തിക അവസരങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇറസ്മസ് തുടങ്ങിയ ശേഷം ലോകത്തെമ്പാടുമായി അതിന്റെ ഗുണഭോക്താക്കളാകുന്നവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്നത് ചൂണ്ടിക്കാട്ടി നേതാക്കള്‍ അത് സ്വാഗതം ചെയ്തു.

51. കുടിയേറ്റവും യാത്രകളും സംബന്ധിച്ച് 2017 ഏപ്രില്‍ നാലിന് ബ്രസല്‍സില്‍ നടന്ന ഉന്നതതല ചര്‍ച്ചയെക്കുറിച്ച് രണ്ടു പക്ഷവും പരാമര്‍ശിച്ചു.

52. ജനങ്ങള്‍ തമ്മിലുള്ള വിനിമയവും ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും ഇടയില്‍ വിനോദ സഞ്ചാരികളുടെയും വ്യവസായികളുടെയും വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും യാത്രകളും പ്രോല്‍സാഹിപ്പിക്കാന്‍ നേതാക്കള്‍ ധാരണയിലെത്തി. യൂറോപ്യന്‍ യൂണിയന്‍ നീലക്കാര്‍ഡ് പദ്ധതി നവീകരണം ഉന്നത വിദ്യാഭ്യാസം നേടിയവരുടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഒഴുക്ക് അനാസായമാക്കാന്‍ സഹായകമായിട്ടുണ്ടെന്ന് ഇന്ത്യന്‍ പക്ഷം ചൂണ്ടിക്കാട്ടി.

53. ‘ഇന്ത്യയുമായുള്ള യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ ബന്ധങ്ങള്‍’ സംബന്ധിച്ച റിപ്പോര്‍ട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചത് നേതാക്കള്‍ ചൂണ്ടിക്കാട്ടുകയും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും പരസ്പരം പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങളെ അയയ്ക്കണം എന്ന ശുപാര്‍ശയെ സ്വാഗതം ചെയ്യുകയും ചെയ്തു. പണ്ഡിതര്‍, ചിന്തകര്‍, സാംസ്‌കാരിക പ്രതിനിധി സംഘങ്ങള്‍ എന്നിവയിലൂടെയും വിനിമയം നടത്തണമെന്നും നേതാക്കള്‍ തീരുമാനിച്ചു.