Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026-ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുമായി ഇന്നു സംവദിച്ചു. നിരവധി മെഡൽ ജേതാക്കൾ ഒരുമിച്ചെത്തിയതിലൂടെ ആവേശകരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. “അഭിനിവേശം വിജയമായി മാറുമ്പോൾ അതു മെഡലുകൾക്കൊപ്പം മുഖങ്ങളിൽ തിളക്കവും കൊണ്ടുവരുമെന്നു നിങ്ങളോരോരുത്തരും തെളിയിക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു.

140 കോടി ജനങ്ങൾക്കു വലിയ അഭിമാനം സമ്മാനിച്ച കായികതാരങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ദേശീയ പതാകയുടെ ആദരവും യശസ്സും ഉയർത്തുന്നതാണ് ഈ നേട്ടത്തിന്റെ യഥാർഥ മഹത്വമെന്നു വ്യക്തമാക്കി. ഈ ദേശീയ വിജയത്തിനു സംഭാവന നൽകിയ താരങ്ങളെയും പരിശീലകരെയും സപ്പോർട്ട് സ്റ്റാഫിനെയും കുടുംബാംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. “അതുകൊണ്ട് നിങ്ങളുടെ വിജയം നിങ്ങളുടേതു മാത്രമല്ല; രാജ്യത്തെ കോടിക്കണക്കിനു പൗരന്മാരുടേതു കൂടിയാണ്” – പ്രധാനമന്ത്രി പറഞ്ഞു.

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മവാർഷികം അനുസ്മരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഡോ. കലാമിന്റെ അസാധാരണമായ ജീവിതവും ദീർഘവീക്ഷണവും രാജ്യത്തിന് ഇന്നും വഴികാട്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “അദ്ദേഹത്തിന്റെ ജീവിതവും ദർശനവും നമുക്കെല്ലാവർക്കും പ്രചോദനമാണ്” – പ്രധാനമന്ത്രി പറഞ്ഞു.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ കൈവരിച്ച ചരിത്രനേട്ടങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി, പുരുഷ-വനിതാ ഹോക്കി ടീമുകൾ നേടിയ ഇരട്ട സ്വർണനേട്ടത്തെ പ്രത്യേകം പ്രശംസിച്ചു. 44 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് വനിതാ ഹോക്കി ടീം സ്വർണം നേടിയത്. ക്രിക്കറ്റ് ടീമുകൾ തുടർച്ചയായി മെഡലുകൾ നേടിയതും കബഡിയിൽ രണ്ടു സ്വർണം സ്വന്തമാക്കിയതും അദ്ദേഹം എടുത്തുപറഞ്ഞു.

അമ്പെയ്ത്തിൽ നേടിയ അഞ്ചു സ്വർണമെഡലുകൾ, ഷൂട്ടിങ്, ബോക്‌സിങ്, ഗുസ്തി എന്നീ ഇനങ്ങളിലെ മികച്ച പ്രകടനങ്ങൾ, അത്‌ലറ്റിക്‌സിലെ പുതിയ റെക്കോർഡുകൾ, 28 വർഷത്തിനു ശേഷം ഭാരോദ്വഹനത്തിൽ നേടിയ മെഡൽ, 1982-നു ശേഷം മാരത്തണിൽ കൈവരിച്ച ആദ്യ വിജയനേട്ടം എന്നിവയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. “ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് പല രീതികളിലും നമുക്ക് അവിസ്മരണീയമായിരുന്നു” – പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ നേടിയ ആകെ 85 മെഡലുകളിൽ 38 എണ്ണവും സ്വന്തമാക്കിയ വനിതാ കായികതാരങ്ങളുടെ അസാധാരണ സംഭാവനയെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇതിൽ 11 സ്വർണ മെഡലുകളും ഉൾപ്പെടുന്നു. ഈ നേട്ടം വെറും കണക്കുകൾ മാത്രമല്ലെന്നും ശാക്തീകരിക്കപ്പെട്ട പുതിയ ഇന്ത്യയുടെ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മിശ്ര ആയോധന കല, സോഫ്റ്റ് ടെന്നിസ്, കപ്പലോട്ടത്തിലെ ചില ഇനങ്ങൾ തുടങ്ങിയവയിൽ ഇതാദ്യമായി ഏഷ്യൻ ഗെയിംസ് മെഡലുകൾ നേടി ഇന്ത്യൻ താരങ്ങൾ ചരിത്രം സൃഷ്ടിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു മെഡൽപോലും നേടാനാകാത്ത കായിക ഇനങ്ങളിൽപോലും ഇന്ത്യയിന്നു മെഡലുകൾ നേടുകയാണ്” – പ്രധാനമന്ത്രി നിരീക്ഷിച്ചു.

​കായികരംഗത്തു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കായികതാരങ്ങളോട് ആഹ്വാനംചെയ്ത പ്രധാനമന്ത്രി, ആവേശകരമായ പ്രതിജ്ഞയ്ക്കു നേതൃത്വം നൽകി. തുടർന്ന് ഇന്ത്യൻ താരങ്ങൾ ഒരുമിച്ച് “നാം അതു സാധ്യമാക്കും!” എന്നു പ്രതിജ്ഞയെടുത്തു. എല്ലാ കായികവേദികളിലും ത്രിവർണ പതാകയുടെ യശസ്സ് ഉയർത്താനും രാജ്യത്തിനു പുതിയ കായിക സ്വത്വം സൃഷ്ടിക്കാനും എല്ലാ കായിക ഇനങ്ങളിലും പുതിയ ചാമ്പ്യന്മാരെ വളർത്തിയെടുക്കാനും അദ്ദേഹം താരങ്ങളോട് ആഹ്വാനംചെയ്തു. “നമ്മുടെ പേരിൽ കൂടുതൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കും. നാം അതു സാധ്യമാക്കും!” പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

പരിപാടി നടന്ന വേദിയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഇതിഹാസ ഹോക്കി താരം മേജർ ധ്യാൻചന്ദിന്റെ പേരിലാണു സ്റ്റേഡിയം അറിയപ്പെടുന്നതെന്നു കായികതാരങ്ങളെ ഓർമിപ്പിച്ചു. രാത്രി വൈകിയും മണിക്കൂറുകളോളം ഹോക്കി പരിശീലിച്ചിരുന്ന താരമായിരുന്നു ധ്യാൻചന്ദ്. വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ വർഷങ്ങളോളം ക്ഷമയോടെയും കഠിനാധ്വാനത്തോടെയും പരിശ്രമിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കാൻ അദ്ദേഹത്തിന്റെ ജീവിതം ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “അദ്ദേഹത്തിന്റെ കഠിനാധ്വാനം നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത്, ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഒറ്റ ദിവസംകൊണ്ടു സാക്ഷാത്കരിക്കാനാകില്ലെന്ന കാര്യമാണ്” – പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 12 വർഷമായി രാജ്യത്തെ കായികമേഖലയുടെ വളർച്ചയ്ക്കായി നടത്തിയ നിരന്തരമായ പ്രവർത്തനങ്ങളെ മുൻകാല സാഹചര്യങ്ങളുമായി താരതമ്യംചെയ്ത പ്രധാനമന്ത്രി, നേരത്തേ ഇന്ത്യക്കു വളരെ കുറച്ചു മെഡലുകൾ മാത്രമാണു ലഭിച്ചിരുന്നതെന്നും നിരവധി കായിക ഇനങ്ങളെക്കുറിച്ചു രാജ്യത്തിന് വേണ്ടത്ര അറിവില്ലായിരുന്നുവെന്നും അനുസ്മരിച്ചു. ഒളിമ്പിക്‌സിലെ പകുതിയിലധികം കായിക ഇനങ്ങളിൽ ഒരുകാലത്ത് ഇന്ത്യക്കു പ്രാതിനിധ്യംപോലുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരരംഗത്തേക്ക് ഇറങ്ങുകപോലും ചെയ്യാതെ എങ്ങനെയാണു രാജ്യത്തിന് മെഡലുകൾ നേടാനാകുകയെന്നു പ്രധാനമന്ത്രി ചോദിച്ചു. “നാം മത്സരത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ എങ്ങനെയാണു മെഡലുകൾ നേടാനാകുക?” പ്രധാനമന്ത്രി ആരാഞ്ഞു.

രാജ്യത്തിന്റെ കായികനയത്തിൽ നിർണായകമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, കായികമേഖലയിലെ പഴയ നിസ്സംഗതയും ആത്മവിശ്വാസക്കുറവും ഇല്ലാതാക്കാൻ സർക്കാർ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്നും പറഞ്ഞു. ഇതിന്റെ ഫലമായി ഇന്നു കൂടുതൽ ഇന്ത്യൻ കായികതാരങ്ങൾ അന്താരാഷ്ട്ര മത്സരവേദികളിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഈ അശുഭാപ്തി മനോഭാവം മാറ്റുമെന്നു ഞങ്ങൾ പ്രതിജ്ഞയെടുത്തു!” – പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കഴിഞ്ഞ 10-12 വർഷങ്ങളായുള്ള ദീർഘവീക്ഷണത്തിന്റെയും ആത്മാർത്ഥമായ ശ്രമങ്ങളുടെയും ഫലമാണ് ഈ മാറ്റമെന്ന് വ്യക്തമാക്കിക്കൊണ്ട്, ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS), വിപുലീകരിച്ച ഖേലോ ഇന്ത്യ സംരംഭം എന്നിവയിലൂടെ സുതാര്യവും ആധുനികവുമായ ഒരു കായിക ആവാസവ്യവസ്ഥ സൃഷ്ടിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തുടനീളമുള്ള കായിക ഫെഡറേഷനുകളെയും താഴെത്തട്ടിലുള്ള പരിപാടികളെയും ശക്തിപ്പെടുത്തുന്നതിനായി ഗവണ്മെന്റ് വൻതോതിലുള്ള സാമ്പത്തിക സ്രോതസ്സുകൾ വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഖേലോ ഇന്ത്യ പദ്ധതി വിപുലീകരിക്കുന്നതിനും കായിക ഫെഡറേഷനുകളെ ശക്തിപ്പെടുത്തുന്നതിനും 36 ആയിരം കോടി രൂപയിലധികം വകയിരുത്തിയിട്ടുണ്ട്,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ആയിരത്തിലധികം ഖേലോ ഇന്ത്യ കേന്ദ്രങ്ങളിലായി പ്രാദേശിക തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിക്കുന്നതിനെക്കുറിച്ച് വിവരിച്ച പ്രധാനമന്ത്രി, എല്ലാത്തരം നഗരങ്ങളിലും നിർമ്മിക്കപ്പെടുന്ന ആയിക്കണക്കിന് പുതിയ സ്റ്റേഡിയങ്ങൾ, മൾട്ടി പർപ്പസ് ഹാളുകൾ, അത്‌ലറ്റിക് ട്രാക്കുകൾ, ഫുട്ബോൾ, ഹോക്കി ഗ്രൗണ്ടുകൾ, നീന്തൽക്കുളങ്ങൾ എന്നിവ എടുത്തുപറഞ്ഞു. TOPS-ന് കീഴിലുള്ള 50,000 രൂപയുടെ പ്രതിമാസ ഔട്ട്-ഓഫ്-പോക്കറ്റ് അലവൻസും അന്താരാഷ്ട്ര പരിശീലനത്തിനായുള്ള ധനസഹായവും ഉൾപ്പെടെ കായികതാരങ്ങൾക്കുള്ള നേരിട്ടുള്ള സാമ്പത്തിക പിന്തുണയും അദ്ദേഹം പരാമർശിച്ചു. “ഏതെങ്കിലും കായിക ഇനത്തിൽ കോച്ചിംഗിനായി രാജ്യത്തിന് പുറത്തുപോകേണ്ടി വന്നാൽ, ഗവണ്മെന്റ് അതിനു സൗകര്യമൊരുക്കുകയും അതിനായി സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നുണ്ട്,” ശ്രീ മോദി പറഞ്ഞു.

വിന്റർ ഗെയിംസ്, സൻസദ് ഖേൽ പ്രതിയോഗിത, പുതിയ ‘ഖേലോ ഭാരത് നീതി’ എന്നിവയിലൂടെ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ പരമാവധി വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് അടിവരയിട്ടുകൊണ്ട്, രാജ്യത്തിന് അഭിമാനം സമ്മാനിച്ച ദിവ്യാംഗരായ കായികതാരങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. തങ്ങളുടെ കായിക യാത്രയ്ക്കൊപ്പം രാജ്യം ഒന്നടങ്കം കൂടെയുണ്ടെന്ന് അറിയുമ്പോൾ കളിക്കാർക്ക് എന്ത് സംഭവിക്കുമെന്ന് കായികതാരങ്ങളുടെ സ്വന്തം വിജയങ്ങൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”തങ്ങളുടെ യാത്രയിലുടനീളം രാജ്യം തങ്ങൾക്കൊപ്പം നിൽക്കുന്നുണ്ടെന്ന ആത്മവിശ്വാസം ഇന്ന് ഓരോ കായികതാരത്തിനുമുണ്ട്,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ചെറിയ പ്രായത്തിൽ തന്നെ പരിശീലനം തുടങ്ങുന്നത് വലിയ നേട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 15 മുതൽ 17 വയസ്സുവരെയുള്ള കായികതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ ഇതിന് തെളിവാണെന്ന് പറഞ്ഞു. ‘ഖേലോ ഇന്ത്യ’, ‘എമർജിംഗ് ഖേലോ ഇന്ത്യ’ എന്നിവയിലൂടെ 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്, 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ്, 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം എന്നിവ മുൻനിർത്തി, ഗ്രാമതലത്തിലുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി ഒരു ‘ടാലന്റ് ഹണ്ട്’ നടത്തുമെന്ന ചുവപ്പുകോട്ടയിലെ പ്രഖ്യാപനം അദ്ദേഹം അനുസ്മരിച്ചു.”വരും  കാലങ്ങളിൽ ഈ കായികതാരങ്ങൾ ഇന്ത്യയ്ക്കായി മെഡലുകൾ നേടിക്കൊടുക്കും,” ശ്രീ മോദി പറഞ്ഞു.

രാഷ്ട്രത്തിന്റെ മഹത്തായ ലക്ഷ്യങ്ങളിൽ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി കായികതാരങ്ങൾക്കൊപ്പം ചേർന്ന് “നമ്മൾ അത് ചെയ്യും!” (We will Do it!) എന്ന മുദ്രാവാക്യം ആവേശത്തോടെ മുഴക്കി. പ്രധാന ആഗോള കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുക, മുൻനിര കായിക രാജ്യങ്ങളുടെ നിരയിലേക്ക് ഉയരുക, ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുക, ആഗോള കായിക കേന്ദ്രമായി മാറുക എന്നീ പങ്കിട്ട ലക്ഷ്യങ്ങൾക്കായി അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. “ഇന്ത്യയുടെ ഓരോ കോണിൽ നിന്നും ഒരു ചാമ്പ്യൻ ഉയർന്നുവരും, “നമുക്കത് സാധിക്കും!” പ്രധാനമന്ത്രി മോദി ആവർത്തിച്ചു.

ഏഷ്യൻ ഗെയിംസിന്റെ വിജയത്തെ ഇന്ത്യൻ യുവത്വത്തിന്റെ വിശാലമായ അഭിലാഷങ്ങളുമായി കൂട്ടിയിണക്കിയ പ്രധാനമന്ത്രി, ബഹിരാകാശം, ഉപഗ്രഹ സാങ്കേതികവിദ്യ, പ്രതിരോധം, നിർമ്മിത ബുദ്ധി എന്നീ മേഖലകളിൽ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ട് യുവ സംരംഭകർ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറ്റിയതെങ്ങനെയെന്ന് എടുത്തുപറഞ്ഞു. കായികരംഗത്തെപ്പോലെ തന്നെ, ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ള യുവാക്കൾ ഈ സംരംഭകത്വ തരംഗത്തിന് നേതൃത്വം നൽകുന്നുണ്ടെന്നും, രാജ്യത്തിന്റെ പൂർണ്ണ പിന്തുണ അവർക്കുണ്ടെന്ന് ഉറപ്പുനൽകുന്ന ഒരു ദശാബ്ദക്കാലത്തെ വ്യവസ്ഥാപരമായ പരിഷ്കരണങ്ങൾ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “തങ്ങളുടെ സ്വപ്നങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ രാജ്യത്തിന്റെ മുഴുവൻ ശേഷിയും തനിക്കൊപ്പമുണ്ടെന്ന  വിശ്വാസം അവർക്കുണ്ട്,” ശ്രീ മോദി വ്യക്തമാക്കി.

കായികരംഗത്തുണ്ടായ മുന്നേറ്റത്തിന്റെ വ്യാപകമായ സാമ്പത്തിക സ്വാധീനം വിശദീകരിച്ചുകൊണ്ട്, ഗവണ്മെന്റിന്റെ പദ്ധതികൾ കളിക്കളത്തിലെ കായികതാരങ്ങൾക്ക് മാത്രമല്ല, അതിലുമേറെ ആളുകൾക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്പോർട്സ് കോച്ചിംഗ്, ഫിസിയോതെറാപ്പി, സ്പോർട്സ് മാനേജ്‌മെന്റ്, സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ വിവിധ മേഖലകളുടെ അതിവേഗത്തിലുള്ള വളർച്ച അദ്ദേഹം എടുത്തുപറഞ്ഞു. “ഇത് യുവജനങ്ങൾക്ക്‌ തൊഴിലിന്റെയും സംരംഭകത്വത്തിന്റെയും പുതിയ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്,” പ്രധാനമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്രതലത്തിൽ പരിചയസമ്പന്നരായ മെഡൽ ജേതാക്കളോട് അടുത്ത തലമുറയ്ക്ക് വഴികാട്ടികളാകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചുകൊണ്ട്, സ്കൂളുകൾ സന്ദർശിക്കാനും തങ്ങൾ പരിശീലിച്ച കളിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്താനും സ്വന്തം ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കുട്ടികളുമായി സംവദിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിങ്ങൾ കഷ്ടപ്പെട്ട് നേടിയ അനുഭവങ്ങൾ പങ്കുവെക്കുന്നത്, നിങ്ങളുടെ പാത പിന്തുടരാൻ ആഗ്രഹിക്കുന്ന യുവപ്രതിഭകളെ വളരെയധികം പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഒരുപക്ഷേ, നിങ്ങളിൽ നിന്നുള്ള ഒരു ചെറിയ വാക്ക് പോലും, കായികരംഗത്ത് മുന്നേറാനുള്ള ധൈര്യം ഒരു കുട്ടിക്ക് നൽകിയേക്കാം,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

കളിക്കളത്തിനപ്പുറമുള്ള കായികരംഗത്തിന്റെ ആഴത്തിലുള്ള മൂല്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ആജീവനാന്ത അച്ചടക്കം, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, ദീർഘകാല ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത, തോൽവിയിൽ നിന്ന് തിരിച്ചുവരാനുള്ള നിശ്ചയദാർഢ്യം എന്നിവ കായികവിനോദങ്ങൾ പകർന്നുനൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം അടിസ്ഥാന ഗുണങ്ങൾ സ്വാഭാവികമായും ദൈനംദിന ജീവിതത്തിന്റെ ഭാഗമാവുകയും, ഓരോ വെല്ലുവിളിയെയും നേരിടാൻ വ്യക്തികളെ സഹായിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഈ കായികമനോഭാവം ജീവിതത്തിലുടനീളം ഉപകാരപ്പെടും,” പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു.

“കളിക്കുന്നവൻ വളരും” എന്ന തന്റെ പ്രശസ്തമായ ആപ്തവാക്യത്തോടെ പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, കായികതാരങ്ങളുടെ ആവേശം നവഭാരതത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്ന് വിശേഷിപ്പിച്ചു. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുക, ലോകത്തിലെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറുക, ആത്മനിർഭർ ഭാരതം, ആഗോള ഉൽപ്പാദന കേന്ദ്രം, സാങ്കേതിക രംഗത്തെ നേതൃത്വം, ബഹിരാകാശ പര്യവേക്ഷണം, ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി, “നാം ഇതു ചെയ്യും!” (We will do it!) എന്ന മുദ്രാവാക്യം അദ്ദേഹം ഉയർത്തി. ഭാവിയിലെ എല്ലാ കായിക മത്സരങ്ങൾക്കും ഉദ്യമങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. “ഇതേ ആത്മവിശ്വാസത്തോടെ, നമുക്ക് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കണം,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

 

 

 

****

NK