2026 ഒക്ടോബർ 15-ന് വൈകുന്നേരം 4:30-ഓടെ ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ വെച്ച്, 2026-ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ജപ്പാനിലെ ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 21 സ്വർണ്ണവും 27 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ 85 മെഡലുകൾ നേടി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ആദ്യ അഞ്ച് രാജ്യങ്ങൾക്കിടയിൽ ഇടംനേടുന്നത്; വിവിധ കായിക ഇനങ്ങളിൽ രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന മത്സരശേഷിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
റികർവ് ആർച്ചറിയിലെ ചരിത്രപരമായ പ്രകടനങ്ങൾ, ഒരേ ഗെയിംസിൽ പുരുഷ-വനിതാ ഹോക്കി ടീമുകൾ സ്വർണ്ണം നേടിയത്, സോഫ്റ്റ് ടെന്നീസ്, മിക്സഡ് മാർഷ്യൽ ആർട്സ് (MMA) എന്നിവയിൽ ആദ്യമായി മെഡലുകൾ നേടിയത് തുടങ്ങി നിരവധി ശ്രദ്ധേയമായ നേട്ടങ്ങൾ ഇന്ത്യ ഈ ഗെയിംസിൽ സ്വന്തമാക്കി. വനിതാ ട്രാപ്പ് ഇനത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ, 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ ഗെയിംസ് വെയ്റ്റ് ലിഫ്റ്റിംഗിൽ ലഭിച്ച വെള്ളി മെഡൽ, ഗ്രീക്കോ-റോമൻ ഗുസ്തിയിൽ 64 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫൈനലിലെത്തുകയും വെള്ളി മെഡൽ നേടുകയും ചെയ്തതും മറ്റ് പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങൾ, അവരുടെ പരിശീലകരും സഹായ സംഘാംഗങ്ങളും, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ, ദേശീയ കായിക ഫെഡറേഷനുകളുടെ പ്രതിനിധികൾ, യുവജനകാര്യ-കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
-SK-