Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2030ലെ വികസന അജണ്ടയെ പിന്തുണയ്ക്കാനായി സംഘടിപ്പിച്ച നിയമവാഴ്ചയെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

2030ലെ വികസന അജണ്ടയെ പിന്തുണയ്ക്കാനായി സംഘടിപ്പിച്ച നിയമവാഴ്ചയെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ബഹുമാനപ്പെട്ടെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്,

വേദിയിലുള്ള മറ്റു വിശിഷ്ട വ്യക്തിത്വങ്ങളെ,

ഇന്ത്യയിലെയും വിദേശങ്ങളിലെയും നിയമവിദഗ്ധരെ,

ക്ഷണിതാക്കളെ, പ്രതിനിധികളെ, സഹോദരീസഹോദരന്മാരേ,

നിയമവാഴ്ചയ്ക്കും സ്ഥായിയായ വികസനത്തിനുമായുള്ള ഈ ശില്പശാലയെ അഭിസംബോധന ചെയ്യാന് അവസരം കിട്ടിയതില് സന്തോഷമുണ്ട്. പുറംരാജ്യങ്ങളില്നിന്നുള്ള സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നു. സജീവ പങ്കാളിത്തത്തിന് അവരെ നന്ദി അറിയിക്കുകയും ചെയ്യുന്നു.

2015ല് യാഥാര്ഥ്യമായ രണ്ടു പ്രധാന രാജ്യാന്തര കരാറുകളുടെ പശ്ചാത്തലത്തിലാണ് ഈ ശില്പശാല സംഘടിപ്പിക്കപ്പെടുന്നത്. ഇതിലൊന്ന് കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പാരീസ് കരാറാണ്. മറ്റേതു സ്ഥായിയായ വികസനം സംബന്ധിച്ച കരാറും. ഇക്കാര്യങ്ങളില് എങ്ങനെ മുന്നോട്ടുപോകണമെന്നു ചര്ച്ച ചെയ്യേണ്ടത് അനിവാര്യമായ സമയത്താണ് ഈ സമ്മേളനം നേടക്കുന്നത്. ദേശീയതലത്തില് മാത്രമല്ല, രാജ്യാന്തരതലത്തിലും ഇതു പ്രസക്തമാണ്. ഇവിടത്തെ ചര്ച്ചകളില് മനുഷ്യരാശിയുടെ ക്ഷേമവും രാജ്യാന്തര സമൂഹത്തിന്റെ ആശങ്കകളും വിഷയമായിത്തീരുമെന്നു ഞാന് പ്രതീക്ഷിക്കുന്നു.

സ്ഥായിയായ വികസനം നേടിയെടുക്കുന്നതില് നിയമങ്ങള്ക്കും ചട്ടങ്ങള്ക്കുമുള്ള പങ്ക് വരുംനാളുകളില് ഗണ്യമായി ഉയരും. ഈ ലക്ഷ്യങ്ങളെ പ്രാപിക്കാന് സഹായകമാകുന്നതായിരിക്കണം നിയമങ്ങള്. പക്ഷേ, നിര്ഭാഗ്യവശാല് പരിസ്ഥിതി നിര്വചിക്കപ്പെടുന്നത് ഇടുങ്ങിയ കാഴ്ചപ്പാടോടെയാണ്. നാമെല്ലാം മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം സംഘര്ഷമുണ്ടായാല് ഒരാളുടെയും കാര്യങ്ങള് നടക്കില്ലെന്നതാണ്. സാമൂഹികവും നിയമപരവുമായ ചട്ടക്കൂടില് നിലയുറപ്പിച്ചുകൊണ്ട് ആഗോളതലത്തില് ശരിയായ കാലാവസ്ഥ ഉറപ്പുവരുത്താനുള്ള വഴി നിങ്ങള് ചൂണ്ടിക്കാണിച്ചുതരുമെന്നാണു ഞാന് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്ഷം സെപ്റ്റംബര് ഒന്നിനു നടന്ന യു.എന്. പൊതുസഭയില് ഞാനും പങ്കെടുത്തിരുന്നു. അവിടെവച്ചാണ് 2030ലേക്കുള്ള സ്ഥായിയായ വികസനലക്ഷ്യങ്ങള് അംഗീകരിക്കപ്പെട്ടത്. ഈ ലക്ഷ്യങ്ങളാകട്ടെ, നമ്മുടെ ജീവിതത്തെ നിര്ണയിക്കുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ബന്ധങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിനെ പ്രതിഫലിപ്പിക്കുന്നവയാണ്.

നമുക്കു നിര്ണായക സ്ഥാനമുണ്ടായിരുന്ന സി.ഒ.പി.-21 സംഘടിപ്പിക്കപ്പെട്ടത് ഇതിനു തൊട്ടുപിറകെയാണ്. മനുഷ്യന്റെ ജീവിതരീതി തന്നെ മാറ്റാന് ലക്ഷ്യമിടുന്ന ഇന്ത്യന് രീതിയും സാമ്പത്തികകാര്യങ്ങളിലുള്ള ഇടപെടലുകളില് വരുത്തേണ്ട മാറ്റങ്ങളും സി.ഒ.പി.-21ന്റെ പശ്ചാത്തലത്തില് നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്ക്കു പ്രധാന കാരണം നമ്മുടെ ഉപഭോക്തൃ ജീവിതശൈലിയാണ്. അര്ഥവത്തായ മാറ്റം യാഥാര്ഥ്യമാകണമെങ്കില് നാം നിയമഗ്രന്ഥങ്ങള് പരതുകയല്ല മറിച്ച് ആത്മപരിശോധനയ്ക്കു തയ്യാറാകുകയാണു വേണ്ടത്.

സുഹൃത്തുക്കളേ!

സ്ഥായിയായി നിലകൊള്ളാത്തതൊന്നും വികസനമല്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്. നമ്മുടെ സംസ്കാരമനുസരിച്ച് വികസനമെന്നാല് ‘ബഹുജന ഹിതായ, ബഹുജന സുഖായ’, ‘സര്വേ ഭവന്തു സുഖിനോ’, ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നൊക്കെയാണ്. എല്ലാവരെയും ഉള്ക്കൊള്ളുന്നതും സ്ഥായീഭാവമുള്ളതുമായ വികസനം സാധ്യമാകുമ്പോഴേ മേല്പറഞ്ഞ ആശയങ്ങള് പ്രാവര്ത്തികമായെന്ന് അവകാശപ്പെടാനാകൂ. വരുംതലമുറകള്ക്ക് ആവശ്യമായതെന്തെങ്കിലും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള പ്രവര്ത്തനത്തെ വികസനമെന്നു വിളിക്കാന് കഴിയില്ല. നാം ഭാരതീയര് എന്നും അതിജീവനത്തിലാണു വിശ്വസിച്ചുവന്നിട്ടുള്ളത്. പ്രകൃതിനിയമം നമ്മെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്. അതു കൃത്യമായി പാലിക്കാന് നാം തയ്യാറാകുകയാണെങ്കില് നാം എഴുതിയുണ്ടാക്കിയ പല നിയമങ്ങളും ആവശ്യമേയല്ലാതായിത്തീരും. സഹജീവനവും സഹ അസ്തിത്വവും അംഗീകരിച്ചാല് മാത്രം മതി. ആധുനികമായ ഒരു സംജ്ഞയുണ്ട്: ഓഹരിയുടമ. ഇത് ഉപയോഗപ്പെടുത്തി പറയുകയാണെങ്കില്, ഒരു മാര്ഗം സ്ഥായിയാകുന്നത് എല്ലാ ഓഹരിയുടമകള്ക്കും നേട്ടം ലഭിക്കുമ്പോഴാണ്. ഇവിടെ, ഒരു കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടട്ടെ. ഓഹരി സ്വാഭാവികമായുള്ളതാകണം; അതു സ്വാഭാവികതയുള്ളതായിരിക്കണം. അതു ഗൂഢതാല്പര്യങ്ങളോടെ പ്രവര്ത്തിക്കുന്നവരുടെ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ഉള്ളതാകരുത്. പ്രകൃതി പരിശുദ്ധമാണ്. അതുകൊണ്ടുതന്നെ, സുതാര്യമായ ലക്ഷ്യങ്ങള് മാത്രമേ ശാശ്വതയാഥാര്ഥ്യമായി പരിണമിക്കൂ.

പ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കുന്ന കരുത്തുറ്റ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. നാം പ്രകൃതിയെ ആരാധിക്കുന്നവരാണ്. നാം സൂര്യനെയും ചന്ദ്രനെയും നദികളെയും ഭൂമിയെയും മരങ്ങളെയും മൃഗങ്ങളെയും മഴയെയും വായുവിനെയും തീയെയും ആരാധിക്കുന്നു. പ്രകൃതിയുടെ ഈ ഘടകങ്ങള്ക്ക് ഈശ്വരന്റെ സ്ഥാനമാണു നമ്മുടെ സംസ്കാരം കല്പിച്ചിരിക്കുന്നത്. എല്ലാറ്റിനുമുപരി ഭാരതീയ ഇതിഹാസങ്ങളില് ദേവന്മാരും ദേവിമാരും മിക്കതും മൃഗങ്ങളുമായോ വൃക്ഷങ്ങളുമായോ ബന്ധപ്പെട്ടുള്ളതാണ്. പ്രകൃതിയെ ബഹുമാനിക്കുന്ന രീതി നമ്മുടെ സംസ്കാരത്തിന്റെ ഭാഗവും തലമുറകളായി കൈമാറിവരുന്നതുമാണ്. പരിസ്ഥിതിസംരക്ഷണം നമ്മുടെ ചിന്തകളില് എന്നുമുള്ളതാണ്. ഈ കരുത്തുറ്റ പാരമ്പര്യമാണു നമ്മെ നയിക്കുന്ന ആദര്ശങ്ങളിലൊന്ന്.

പ്രശസ്തമായ ഒരു സംസ്കൃതവാക്യമുണ്ട്: ഓം സര്വേശാം സ്വസ്തിര്ഭവതു, സര്വേശാം ശാന്തിര്ഭവതു, സര്വേശാം പൂര്ണഭവതു സര്വേശാം മംഗളം ഭവതു.

സാരമിതാണ്: നാം എപ്പോഴും പ്രാര്ഥിക്കുന്നത് എല്ലാ കാലത്തും എല്ലായിടങ്ങളിലമുള്ള ഏവരുടെയും ക്ഷേമത്തിനും സമാധാനത്തിനും സംതൃപ്തിക്കും അതിജീവനത്തിനുമാണ്.

ഇതു ചരിത്രാതീതകാലം മുതല്ക്കുള്ള നമ്മുടെ ബാധ്യതയാണ്. ഇത് ഓര്ക്കുകയും പിന്പറ്റുകയും അതിനനുസരിച്ചു പ്രവര്ത്തിക്കുകയും ചെയ്യാന് നാം തയ്യാറാകുകയാണെങ്കില് സ്ഥായിയായ വികസനത്തിന്റെ കാര്യത്തില് നേതൃത്വം നല്കാന് ഇന്ത്യക്കു സാധിക്കും. ഉദാഹരണത്തിന്, യോഗ പ്രചരിപ്പിക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നതു മനുഷ്യന്റെ വിഷയാസക്തിയും സംതൃപ്തിയും സമതുലിതാവസ്ഥയിലാക്കാനാണ്. അതുവഴി സൗമ്യവും സ്ഥായീഭാവമുള്ളതുമായ ജീവിതം മനുഷ്യര്ക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണത്. യോഗ എന്നു പറയുമ്പോള് ഞാന് ഉദ്ദേശിക്കുന്നതു കേവലം ശാരീരിക വ്യായാമങ്ങളല്ല. യോഗ സമഗ്രമാണ്. യമം, നിയമം, പ്രത്യാഹാരം എന്നീ ആശയങ്ങള് നമ്മെ അച്ചടക്കവും വിരക്തിയും നിയന്ത്രണവും പരിശീലിപ്പിക്കുന്നു.

അതിജീവനം മുന്നില്ക്കണ്ടുകൊണ്ടുള്ള വികസനമെന്ന ആശയത്തെക്കുറിച്ചുള്ള ചര്ച്ചകള് ഉടലെടുക്കുന്നതിന് എത്രയോ മുന്നേ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നാം പ്രകൃതിവിഭവങ്ങളുടെ ‘ട്രസ്റ്റിമാരാ’ണെന്നു തിരിച്ചറിയണമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പ്രകൃതിവിഭവങ്ങളെ വിവേകപൂര്വം വേണം ഉപയോഗപ്പെടുത്താനെന്ന് അദ്ദേഹം ഉപദേശിക്കുകയും ചെയ്തിരുന്നു. വരുംതലമുറകള്ക്കായി ഭൂമിയെ കേടുപാടു കൂടാതെ നിലനിര്ത്തുകയെന്നതു നമ്മുടെ ധാര്മിക ഉത്തരവാദിത്തമാണ്.

സുഹൃത്തുക്കളേ, പരിസ്ഥിതിസംരക്ഷണത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി ദാരിദ്ര്യമാണെന്നു നാമെല്ലാം സമ്മതിക്കും. അതുകൊണ്ടുതന്നെ എന്റെ ഗവണ്മെന്റിന്റെ അടിസ്ഥാനലക്ഷ്യങ്ങളിലൊന്ന് ദാരിദ്ര്യനിര്മാര്ജനമാണ്. ഈ അടിസ്ഥാനമൂല്യങ്ങളില് ഉറച്ചുനിന്നുകൊണ്ട് ലക്ഷ്യപ്രാപ്തിക്കായി ആത്മാര്ഥതയോടെ നാം നിലകൊള്ളുകയാണ്. 125 കോടി ഇന്ത്യക്കാര്ക്കു വികസിക്കാനും അഭിവൃദ്ധിപ്പെടാനുമുള്ള സാഹചര്യം നമുക്കു സൃഷ്ടിക്കേണ്ടതുണ്ട്. നാം വിദ്യാഭ്യാസവും തൊഴില്നൈപുണ്യവും ഡിജിറ്റല് ബന്ധവും സംരംഭകത്വവും പ്രോല്സാഹിപ്പിക്കുകയാണ്. യുവാക്കള്ക്കു വിജയത്തിലേക്കു കുതിക്കാന് അനുയോജ്യമായ പരിതസ്ഥിതിയുണ്ടാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. എന്നും നിലനില്ക്കുംവിധം വേണം ഇക്കാര്യം പ്രാവര്ത്തികമാക്കാനെന്നു നാം കരുതുകയും ചെയ്യുന്നു.

വികസനസ്വപ്നങ്ങള് യാഥാര്ഥ്യമാക്കുന്നതിന് ഊര്ജലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നു നാം തിരിച്ചറിയുന്നു. അതാണ് 175 ജിഗാവാട്ട്സ് പുനരുപയോഗ സാധ്യതയുള്ള ഊര്ജം ഉല്പാദിപ്പിക്കുകയെന്നത് ആദ്യ വെല്ലുവിളികളിലൊന്നായി നാം ഏറ്റെടുക്കാന് കാരണം. ഈ ലക്ഷ്യത്തിലേക്കു നാം അടുത്തുകൊണ്ടിരിക്കുകയാണ്.

സ്വച്ഛ് ഭാരത്, ക്ലീന് ഗംഗ പദ്ധതികളും നാം ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തങ്ങോളമിങ്ങോളമായി ലക്ഷക്കണക്കിനു പൗരന്മാര് ശുചീകരണദൗത്യത്തില് പങ്കാളികളാകുന്നുണ്ടെന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഈ ദൗത്യം വിജയിപ്പിക്കാനായി കൂടുതല് പേര് രംഗത്തു വരണമെന്നു ഞാന് അഭ്യര്ഥിക്കുകയാണ്. ഈ ശില്പശാലയില് മലിനീകരണം, മാലിന്യനിര്മാര്ജനം എന്നീ വിഷയങ്ങളും ചര്ച്ച ചെയ്യുമെന്നറിയുന്നതില് ഞാന് സന്തുഷ്ടനാണ്. അത്തരം ദൗത്യങ്ങള് സജീവമാക്കുന്നതിനു നിങ്ങള്ക്കു നല്കാനുള്ള ശുപാര്ശകള്ക്കായി ഞാന് കാത്തിരിക്കുകയാണ്.

സുഹൃത്തുക്കളേ!

ഇന്ന് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള് ഒറ്റപ്പെട്ടതല്ല. മറ്റു സംസ്കൃതികളും അത്തരം പ്രശ്നങ്ങള് നേരിടുകയും മറികടക്കുകയും ചെയ്തിട്ടുണ്ട്. സംഘടിതമായ ശ്രമത്തിലൂടെ നമുക്കും വിജയിക്കാന് സാധിക്കുമെന്നു ഞാന് വിശ്വസിക്കുന്നു. എന്നാല് അത്തരം ശ്രമങ്ങളില് സ്ഥായിയായ വികസനവും വികസനത്തിന്റെ ആവശ്യകതയും തമ്മില് വൈരുദ്ധ്യം വരാതെ സൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിയും സമഷ്ടിയും തമ്മിലുള്ള ഐക്യമാണു നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നത്. നാം പ്രാപഞ്ചികബോധത്തിലേക്കു മാറുകയാണെങ്കില് ആശയവൈരുദ്ധ്യം അനുഭവപ്പെടുകയില്ല.

അതുകൊണ്ടുതന്നെ, കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെടേണ്ടത് ഒരു അവസരമായാണ് അല്ലാതെ ഒരു പ്രശ്നമായല്ല എന്റെ ഗവണ്മെന്റ് കാണുന്നത്. യോഗഃ കര്മസു കൗശലം എന്ന ആശയവുമായി നമുക്കു പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. പരിസ്ഥിതിക്കു കോട്ടം സംഭവിക്കുന്നതു പരമാവധി പരിമിതപ്പെടുത്തിവേണം കാര്യങ്ങള് ചെയ്യുവാന്. ഇതു കൗശലമോ പാടവമോ ആണെന്നു പറയാം. ഇതാണ് സീറോ ഡിഫെക്റ്റ് അഥവാ സീറോ ഇഫക്റ്റ് ഉല്പാദനത്തെക്കുറിച്ചു വിശദീകരിക്കുമ്പോള് ഞാന് അര്ഥമാക്കുന്നത്. കണ്വീനിയന്റ് ആക്ഷന്: കണ്ടിന്യുയിറ്റി ഫോര് ചെയ്ഞ്ച് എന്ന പുസ്തകത്തില് ഇക്കാര്യത്തെക്കുറിച്ചുള്ള ചില ചിന്തകള് ഞാന് പങ്കുവെച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ! ഒരാള് ചെയ്ത കുറ്റത്തിനു മറ്റൊരാളെ ശിക്ഷിക്കാന് നിയമത്തില് വ്യവസ്ഥയില്ല. കാലാവസ്ഥാവ്യതിയാനത്തിന് ഒരുതരത്തിലും ഉത്തരവാദികളല്ലാത്ത കുറേ പേരുണ്ടെന്നു നാം തിരിച്ചറിയണം. അവര് ആധുനിക സൗകര്യങ്ങള്ക്കായി കാത്തിരിക്കുന്നവരുമാണ്. കാലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതല് തിരിച്ചടിയാകുന്നത് അവര്ക്കാണുതാനും. ചുഴലിക്കാറ്റുകളും വരള്ച്ചയും ഉഷ്ണക്കാറ്റും സമുദ്രനിരപ്പുയരുന്നതുമൊക്കെ അവരെയാണു വലയ്ക്കുന്നത്. കാലാവസ്ഥാദുരന്തങ്ങളെ നേരിടാനുള്ള സംവിധാനം ദരിദ്രര്ക്കു താരതമ്യേന കുറവാണ്. അതേസമയം, നിര്ഭാഗ്യവശാല് ഇപ്പോഴത്തെയും വരാനിരിക്കുന്നതുമായ അവരുടെ തലമുറകള് പരിസ്ഥിതി സംബന്ധിച്ച നിയമങ്ങളാലും കരാറുകളാലും വരിഞ്ഞുമുറുക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് കാലാവസ്ഥാനീതിയെക്കുറിച്ചു ഞാന് സൂചിപ്പിച്ചത്. അതിലൂപരി, ഒരു രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും രീതികളും ആശയങ്ങളും മറ്റൊരു രാജ്യത്തു പ്രാവര്ത്തികമായിക്കൊള്ളണമെന്നില്ല. ഓരോ രാഷ്ട്രത്തിനും അതിന്റേതായ വെല്ലുവിൡകളും പരിഹാരങ്ങളുമാണുണ്ടാവുക. എല്ലാ രാജ്യങ്ങള്ക്കും എല്ലാ വ്യക്തികള്ക്കും ഒരേ നിയമമെന്നതു പ്രായോഗികമല്ല.
സ്ഥായിയായ വികസനം നമ്മുടെ ഉത്തരവാദിത്തമാണ്. സഹകരിച്ചു ശ്രമിച്ചാല് അതു യാഥാര്ഥ്യമാക്കാന് സാധിക്കുമെന്നു ഞാന് വിശ്വസിക്കുകയും ചെയ്യുന്നു. പ്രകൃതിയുമായി ഇഴുകിച്ചേര്ന്നുനിന്നുകൊണ്ടു വികസനം സാധ്യമാക്കാമെന്നും കരുതുന്നു. നമ്മുടെ പൂര്വപിതാക്കന്മാര് സഞ്ചരിച്ച വഴിയില്ത്തന്നെ അതിനുള്ള സാധ്യതകള് കണ്ടെത്താന് സാധിക്കും. അടിയന്തര സ്വഭാവമുള്ള ഇത്തരം കാര്യങ്ങളെക്കുറിച്ചു പൊതുധാരണ സൃഷ്ടിക്കാന് ഈ ശില്പശാല സഹായകമാകുമെന്നു ഞാന് പ്രതീക്ഷിക്കുന്നു.

ഈ സമ്മേളനത്തിനു ഞാന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.