Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

28,840 കോടി രൂപയുടെ ‘പ്രാദേശിക കണക്റ്റിവിറ്റി സ്കീം – പരിഷ്കരിച്ച ഉഡാൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം


2026-27 സാമ്പത്തിക വർഷം മുതൽ 2035-36 സാമ്പത്തിക വർഷം വരെയുള്ള പത്ത് വർഷക്കാലത്തേക്ക് ഇന്ത്യാ ​ഗവൺമെന്റിന്റെ ബജറ്റ് പിന്തുണയോടെ ആകെ 28,840 കോടി രൂപാ ചെലവിൽ പ്രാദേശിക കണക്റ്റിവിറ്റി സ്കീം – പരിഷ്കരിച്ച ഉഡാൻ ആരംഭിക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

സ്വാധീനം:

സേവനം കുറഞ്ഞതും ഇതുവരെ വിമാന സർവീസ് ഇല്ലാത്തതുമായ പ്രദേശങ്ങളിലേക്ക് മെച്ചപ്പെട്ട പ്രാദേശിക വ്യോമയാന കണക്റ്റിവിറ്റി വർധിപ്പിക്കുന്നു.
 ടയർ-2, ടയർ-3 നഗരങ്ങളിലെ സാമ്പത്തിക വളർച്ചയ്ക്കും വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും ഉത്തേജനം നൽകുന്നു.
സാധാരണ പൗരന്മാർക്ക് താങ്ങാനാവുന്ന നിരക്കിലുള്ള വിമാനയാത്രയ്ക്ക് പിന്തുണ നൽകുന്നു.
വിദൂരപ്രദേശങ്ങളിലും മലയോര മേഖലകളിലും മെച്ചപ്പെട്ട അടിയന്തര പ്രതികരണ സേവനങ്ങളും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും ലഭ്യമാക്കുന്നു.
പ്രാദേശിക വിമാനത്താവളങ്ങൾക്കും വിമാനക്കമ്പനികൾക്കും കൂടുതൽ ലാഭക്ഷമതയും സുസ്ഥിരതയും കൈവരിക്കാൻ സഹായിക്കുന്നു.
ആത്മനിർഭർ ഭാരതിന് കീഴിൽ തദ്ദേശീയ വ്യോമയാന മേഖലയെ പ്രോത്സാഹിപ്പിക്കുന്നു.
വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള പുരോഗതി ഉറപ്പാക്കുന്നു.

പദ്ധതിയുടെ പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്:

(A) വിമാനത്താവളങ്ങളുടെ വികസനം (CAPEX):

അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും ഇന്ത്യയെ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു വ്യോമയാന ആവാസവ്യവസ്ഥയാക്കി മാറ്റുന്നതിനുമുള്ള ‘വികസിത ഭാരതം 2047’ ദർശനത്തിന് അനുസൃതമായി, പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് നിലവിൽ സർവീസുകൾ ഇല്ലാത്ത 100 വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ ‘പരിഷ്കരിച്ച ഉഡാൻ’ പദ്ധതിക്ക് കീഴിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി അടുത്ത എട്ട് വർഷത്തിനുള്ളിൽ ആകെ 12,159 കോടി രൂപയാണ് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്.

(B) വിമാനത്താവളങ്ങളുടെ പ്രവർത്തനവും പരിപാലനവും (O&M):

പ്രാദേശിക കണക്റ്റിവിറ്റി സ്കീം (RCS) മാത്രം നടപ്പിലാക്കുന്ന വിമാനത്താവളങ്ങളെ സംബന്ധിച്ചിടത്തോളം തുടരെയുള്ള ഭീമമായ പ്രവർത്തന-പരിപാലന ചെലവുകളും പരിമിതമായ വരുമാന മാർഗ്ഗങ്ങളും കണക്കിലെടുത്ത്, ഈ പദ്ധതി വഴി പ്രവർത്തന-പരിപാലന പിന്തുണ നൽകാൻ നിർദ്ദേശിക്കുന്നു. ഇതിനായി ഒരു വിമാനത്താവളത്തിന് പ്രതിവർഷം പരമാവധി 3.06 കോടി രൂപ വീതവും ഒരു ഹെലിപോർട്ട് അല്ലെങ്കിൽ വാട്ടർ എയറോഡ്രോമിന് പ്രതിവർഷം 0.90 കോടി രൂപ വീതവും മൂന്ന് വർഷത്തേക്ക് നൽകും. ഏകദേശം 441 വിമാനത്താവളങ്ങൾക്കായി ഇതിന് 2,577 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

(C) ആധുനിക ഹെലിപാഡുകളുടെ വികസനം:

മലയോര മേഖലകൾ, വിദൂര പ്രദേശങ്ങൾ, ദ്വീപുകൾ, വികസനം കാംക്ഷിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി വെല്ലുവിളികൾ പരിഹരിക്കുന്നതിനായി, 15 കോടി രൂപ വീതം ചെലവിൽ 200 ആധുനിക ഹെലിപാഡുകൾ വികസിപ്പിക്കാൻ പദ്ധതി നിർദ്ദേശിക്കുന്നു. മുൻഗണനാ ക്രമത്തിലുള്ളതും വികസനം കാംക്ഷിക്കുന്നതുമായ ജില്ലകളിൽ അവസാന മൈൽ കണക്റ്റിവിറ്റിയും അടിയന്തര പ്രതികരണ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി അടുത്ത എട്ട് വർഷത്തിനുള്ളിൽ (പണപ്പെരുപ്പം കൂടി കണക്കിലെടുത്ത്) ഇതിനായി ആകെ 3,661 കോടി രൂപ ആവശ്യമായി വരും.

(D) വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF):

പ്രാദേശിക കണക്റ്റിവിറ്റി സ്കീമിന് കീഴിൽ അനുവദിക്കപ്പെട്ട പാതകളിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് സാമ്പത്തിക സഹായമായി വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF) ലഭിക്കുന്നു. വിപണി വികസിപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന തിരിച്ചറിവിൽ, 10 വർഷക്കാലയളവിൽ വിമാനക്കമ്പനികൾക്കായി 10,043 കോടി രൂപ വി.ജി.എഫ് (VGF) പിന്തുണയായി നൽകാൻ നിർദ്ദേശിക്കുന്നു.

(E) ആത്മനിർഭർ ഭാരത് എയർക്രാഫ്റ്റ് ഏറ്റെടുക്കൽ:

വിദൂരവും ദുർഘടവുമായ ഭൂപ്രദേശങ്ങളിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ ചെറിയ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും കുറവ് പരിഹരിക്കുന്നതിനും ആത്മനിർഭർ ഭാരത് ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി, പവൻ ഹാൻസിനായി രണ്ട് എച്ച്.എ.എൽ ധ്രുവ് ഹെലികോപ്റ്ററുകളും അലയൻസ് എയറിനായി രണ്ട് എച്ച്.എ.എൽ ഡോർണിയർ വിമാനങ്ങളും ഏറ്റെടുക്കാൻ പദ്ധതി നിർദ്ദേശിക്കുന്നു.

പശ്ചാത്തലം:

സാധാരണക്കാർക്ക് വിമാനയാത്ര താങ്ങാനാവുന്നതാക്കി മാറ്റുന്നതിനും ടയർ-2, ടയർ-3 നഗരങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനുമായി 2016 ഒക്ടോബറിലാണ് ഉഡാൻ പദ്ധതി ആരംഭിച്ചത്. ഒമ്പത് വർഷത്തെ നടപ്പാക്കലിലൂടെ കൈവരിച്ച നേട്ടങ്ങൾ:

95 വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, വാട്ടർ എയറോഡ്രോമുകൾ എന്നിവയിലായി 663 പാതകൾ പ്രവർത്തനക്ഷമമാക്കി (2026 ഫെബ്രുവരി 28-ലെ കണക്ക് പ്രകാരം).
162.47 ലക്ഷം യാത്രക്കാരുമായി 3.41 ലക്ഷത്തിലധികം വിമാന സർവീസുകൾ നടത്തി.
വിദൂര, മലയോര, ദ്വീപ് മേഖലകളിൽ കണക്റ്റിവിറ്റി സ്ഥാപിച്ചത് വിനോദസഞ്ചാരം, ആരോഗ്യ സംരക്ഷണം, അടിയന്തര സേവനങ്ങൾ എന്നിവയ്ക്ക് ഉത്തേജനമേകി.
പ്രാദേശിക വിമാനക്കമ്പനികളുടെ വളർച്ചയ്ക്കും വൈവിധ്യമാർന്ന ഫ്ലീറ്റ്  പ്രവർത്തനങ്ങൾക്കും ഈ പദ്ധതി വഴിയൊരുക്കി. ഇത് ‘പരിഷ്കരിച്ച ഉഡാൻ’ പദ്ധതിക്ക് ശക്തമായ അടിത്തറ പാകി.

*** 

 

SK