Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

53-ാമത് പ്രഗതി യോഗത്തിൽ അധ്യക്ഷതവഹിച്ച്‌ പ്രധാനമന്ത്രി

53-ാമത് പ്രഗതി യോഗത്തിൽ അധ്യക്ഷതവഹിച്ച്‌ പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രൊ-ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷനായുള്ള ഐസിടി-അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റഫോമായ പ്രഗതിയുടെ 53-ാമത് യോഗം ഇന്ന് സേവാ തീർത്ഥിൽ ചേർന്നു.

യോഗത്തിൽ ഒൻപത് സംസ്ഥാനങ്ങളിലെ റെയിൽവേ, റോഡ്, ഊർജ്ജ മേഖലകളിലെ ആറ് പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. 30,000 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും വ്യവസായ-സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഏറെ നിർണായകമാണ്. സമയപരിധി പാലിക്കൽ, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, തീർപ്പാക്കാത്ത പ്രശ്നങ്ങളുടെ പരിഹാരം, വേഗത്തിലുള്ള പൂർത്തീകരണം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിയാണ് ഇവ അവലോകനം ചെയ്തത്.

അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ കാലതാമസം ചെലവ് വർദ്ധിപ്പിക്കുന്നതിന് പുറമെ, പൗരന്മാർക്കും ബിസിനസുകൾക്കും സാമ്പത്തിക മേഖലയ്ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ വൈകുന്നതിനും കാരണമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യ പദ്ധതികളെ ഒറ്റപ്പെട്ട വിഭാഗങ്ങളായോ പാക്കേജുകളായോ കാണാതെ, സമഗ്രതയോടെ വേണം വീക്ഷിക്കാനും നിരീക്ഷിക്കാനുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പാക്കേജുകളിലെയും പുരോഗതി അന്തിമമായി മുഴുവൻ പദ്ധതിയുടെയും സമയബന്ധിതമായ പൂർത്തീകരണത്തിലേക്കും പ്രവർത്തനക്ഷമതയിലേക്കും പരിണമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതിനാൽ, മന്ത്രാലയങ്ങളോടും സംസ്ഥാനങ്ങളോടും ഒരു സമ്പൂർണ്ണ സമീപനം സ്വീകരിക്കാനും, കമ്മീഷൻ ചെയ്യലും ആനുകൂല്യങ്ങൾ നൽകുന്നതും വൈകിപ്പിക്കുന്ന നിർണായക വിടവുകൾ പരിഹരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും കൂടുതൽ ഉത്തരവാദിത്തബോധത്തോടെ, മന്ത്രാലയങ്ങളിലും സംസ്ഥാന ഗവണ്മെന്റുകളിലുമുടനീളം സജീവമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രധാന ഗതാഗത, അടിസ്ഥാനസൗകര്യ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ, സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ, പൊതുവായ ഉപഭോക്തൃ  ഇടനാഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആസൂത്രണ ഘട്ടത്തിൽ തന്നെ ഇത്തരം സംയോജിത സമീപനങ്ങൾ പരിശോധിക്കാൻ അദ്ദേഹം മന്ത്രാലയങ്ങളോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.

നിർവ്വഹണ വേഗതയിൽ വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കാനും എല്ലാ ഘട്ടങ്ങളിലും ഗുണനിലവാരം ഉറപ്പുവരുത്തലും മേൽനോട്ടവും ശക്തമാക്കാനും അദ്ദേഹം മന്ത്രാലയങ്ങളോടും സംസ്ഥാനങ്ങളോടും നിർവ്വഹണ ഏജൻസികളോടും ആഹ്വാനം ചെയ്തു.

ഡിജിറ്റൽ കാർഷിക മിഷനു കീഴിലുള്ള അഗ്രിസ്റ്റാക്ക് അവലോകനം ചെയ്യവേ, കാർഷിക വിവരങ്ങളിൽ നിന്ന് കൂടുതൽ മൂല്യം നേടുന്നതിന് നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ ആസൂത്രണം മുതൽ സംസ്കരണം വരെയുള്ള കാർഷിക മൂല്യ ശൃംഖലയിൽ ഡാറ്റാ ആവാസവ്യവസ്ഥ ഫലപ്രദമായി ഉപയോഗിക്കണമെന്നും, ഇത് കൂടുതൽ ബോധപൂർവ്വമായ ഇടപെടലുകൾക്കും മികച്ച ലക്ഷ്യനിർണ്ണയത്തിനും ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾക്കും വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്രിസ്റ്റാക്ക് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ  സംസ്ഥാനങ്ങളുടെയും കേന്ദ്ര ഗവൺമെന്റിന്റെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, കർഷകർക്ക് മികച്ച ഫലങ്ങൾ നൽകുന്നതിനായി അതിന്റെ ഉപയോഗം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പ് കേസുകളുടെ അവലോകനത്തിനിടയിൽ, പരിശീലനം, ബോധവൽക്കരണം, അവബോധം എന്നിവയിൽ നിരന്തരമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുതിർന്ന പൗരന്മാർ, യുവാക്കൾ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരെ സാധാരണ തട്ടിപ്പ് രീതികൾ, മുന്നറിയിപ്പ് സൂചനകൾ, സുരക്ഷിതമായ ഡിജിറ്റൽ രീതികൾ എന്നിവ പരിചയപ്പെടുത്തുന്നതിനായി നിരന്തരവും ലക്ഷ്യാധിഷ്ഠിതവുമായ പൊതുജന ബോധവൽക്കരണ കാമ്പെയ്‌നുകളുടെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ഉയർന്നുവരുന്ന സൈബർ തട്ടിപ്പ് രീതികൾ വേഗത്തിൽ തിരിച്ചറിയാനും നടപടിയെടുക്കാനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശേഷി നിരന്തരമായി വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

-NK-