പിഎം ഇന്ത്യ
1. പൊതുവായ കാര്യങ്ങൾ
ഇന്നു നാം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇന്ന് ഇന്ത്യക്കാരുടെയെല്ലാം ഹൃദയമിടിപ്പ് വന്ദേമാതരമെന്ന മന്ത്രത്താൽ മുഖരിതമാണ്.
ഇന്നു ‘ഹർ ഘർ തിരംഗ, ഹർ മൻ തിരംഗ’ (എല്ലാ വീടുകളിലും ത്രിവർണ പതാക, എല്ലാ മനസ്സുകളിലും ത്രിവർണ പതാക) അലയടിക്കുന്നു. ആവേശത്തോടും ഉന്മേഷത്തോടും രാജ്യമിന്നു പുതിയ നിശ്ചയദാർഢ്യങ്ങളോടെ മുന്നേറുകയാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പരമോന്നത ത്യാഗം സഹിച്ച മഹത്തായ പുത്രീപുത്രന്മാരെ രാജ്യം ഇന്നു സ്നേഹത്തോടെ ഓർക്കുന്നു. തപസ്സിലൂടെയും ത്യാഗത്തിലൂടെയും സമർപ്പണത്തിലൂടെയും അവർ ജീവിതമാകെ സ്വാതന്ത്ര്യമെന്ന ഒറ്റ ലക്ഷ്യത്തിനായി സമർപ്പിച്ചു.
ആദരണീയ ബാപ്പു ഉൾപ്പെടെ, എല്ലാ സ്വാതന്ത്ര്യസമരസേനാനികളെയും, ഈ മഹത്തായ ത്യാഗപാരമ്പര്യത്തിന് പ്രചോദനമേകിയ മഹാന്മാരായ വിപ്ലവകാരികളെയും ഞാൻ ആദരവോടെ വന്ദിക്കുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽനിന്ന് വന്ദേമാതരം പ്രതിധ്വനിക്കുന്നത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികം നാം ആഘോഷിക്കുന്ന ഈ വേളയിൽ, ഇതിനേക്കാൾ മംഗളകരമായ മറ്റൊരു അവസരം ഏതാണുള്ളത്?
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടാവുകയും നിരവധി കുടുംബങ്ങളെ അതു ബാധിക്കുകയും ചെയ്തു. അവരുടെ വേദനയും ദുരിതവും നാം ആഴത്തിൽ മനസ്സിലാക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു. നിങ്ങൾക്കൊപ്പം രാജ്യം മുഴുവൻ ഉറച്ചുനിൽക്കുന്നുവെന്ന് ദുരിതബാധിതരായ കുടുംബങ്ങൾക്കു ഞാൻ ഉറപ്പുനൽകുന്നു.
സ്വന്തം സ്വപ്നങ്ങളുടെയും നിശ്ചയദാർഢ്യത്തിന്റെയും ശേഷികളുടെയും കരുത്തിൽ മുന്നേറുമ്പോഴാണ് ഒരു രാജ്യം മഹത്തരമായി മാറുന്നതും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതും.
നമ്മുടെ ലക്ഷ്യങ്ങളും ഉന്നതമായിരിക്കണം. കാരണം, നമ്മുടെ സ്വപ്നങ്ങൾ ഉന്നതവും നിശ്ചയദാർഢ്യം ശക്തവുമാകുമ്പോൾ, നമ്മുടെ ശേഷികളുടെ ഉയരവും വർധിക്കുന്നു; നമ്മുടെ പ്രയത്നങ്ങളുടെ വ്യാപ്തിയും വികസിക്കുന്നു. അപ്പോൾ മാത്രമേ നമുക്ക് നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയൂ.
ഇന്ന് ഇന്ത്യയും ബൃഹത്തായ സ്വപ്നം കാണുകയാണ്. പുതിയ ഉയരങ്ങളിലെത്തുക എന്ന ലക്ഷ്യത്തോടെ, ഉറച്ച നിശ്ചയദാർഢ്യത്തോടെയാണ് രാജ്യം ആ സ്വപ്നം കണ്ടിരിക്കുന്നത്. ആ സ്വപ്നം ഇതാണ്: രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം പൂർത്തിയാക്കുമ്പോൾ, 2047-ഓടെ, നാം ‘വികസിത ഇന്ത്യ’ കെട്ടിപ്പടുക്കും.
140 കോടി ജനങ്ങളുടെ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണു നാം ഈ ലക്ഷ്യം കൈവരിക്കേണ്ടത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം വികസിത രാജ്യമായി മാറാൻ തീരുമാനിക്കുമ്പോൾ, അതു ലോകത്തിന്റെ കണ്ണിൽ നമ്മുടെ കരുത്തിന്റെ പ്രകടനമായി മാറുകയും ചെയ്യുന്നു. നമ്മെ നോക്കിക്കാണുന്ന രീതി മാറ്റാൻ ലോകം നിർബന്ധിതരാകുന്നു.
കഴിഞ്ഞ 12 വർഷത്തിനിടയിൽ, ദളിതരോ മർദിതരോ പാർശ്വവൽക്കരിക്കപ്പെട്ടവരോ ഗിരിവർഗക്കാരോ ഗ്രാമങ്ങളിലോ നഗരങ്ങളിലോ ജീവിക്കുന്നവരോ പാവപ്പെട്ടവരോ ഇടത്തരക്കാരോ യുവാക്കളോ വയോധികരോ സ്ത്രീകളോ പുരുഷന്മാരോ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നുള്ളവരോ ആരുമാകട്ടെ, രാജ്യത്തെ കോടിക്കണക്കിനു ജനങ്ങൾ നിശ്ചയദാർഢ്യത്തോടും സമർപ്പണത്തോടും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കു നയിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
അവരുടെ പ്രയത്നങ്ങളെ ഞാൻ ആദരവോടെ അംഗീകരിക്കുന്നു. ഈ പരിശ്രമങ്ങളുടെ ഫലമായാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തെ തരണംചെയ്ത് അതിൽനിന്നു കരകയറിയത്.
ഈ ജനങ്ങളുടെ ശ്രമഫലമായാണ്, ഒരുകാലത്ത് ‘ദുർബലമായ അഞ്ചിലൊന്ന്’ (ഏറ്റവും ദുർബലമായ അഞ്ച് സാമ്പത്തിക ശക്തികൾ) എന്ന വിഭാഗത്തിൽപെട്ടിരുന്ന നാം കൈവരിച്ച വളർച്ച. വെറും 12 വർഷത്തിനുള്ളിൽ, ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി നാം ഉയർന്നുവന്നു.
കഴിഞ്ഞ 12 വർഷത്തിനിടെ, പ്രതിരോധ ഉൽപ്പാദനം ഏകദേശം നാലിരട്ടിയായി വർധിച്ചു. ഖാദി-ഗ്രാമവ്യവസായ മേഖലയിലെ ഉൽപ്പാദനം ഏകദേശം അഞ്ചിരട്ടിയായി വർധിച്ചു. ഇലക്ട്രോണിക്സ് നിർമാണം ഏകദേശം ഏഴിരട്ടിയായി വളർന്നു.
ആധുനിക റെയിൽവേ കോച്ചുകളുടെ ഉൽപ്പാദനം 21 ഇരട്ടിയായി വർധിച്ചു. മൊബൈൽ ഫോൺ ഉൽപ്പാദനം 35 ഇരട്ടിയായി വർധിച്ചു. അതുമാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും ലോകത്തുപോലും, ആധുനികയുഗത്തിന്റെ ആവശ്യങ്ങൾക്കൊപ്പം മുന്നേറി, നാം നമ്മുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇന്റർനെറ്റ് ഉപയോക്താക്കളുടെയും ഇന്റർനെറ്റ് ഉപഭോക്താക്കളുടെയും എണ്ണം ഏകദേശം നാലിരട്ടിയായി വർധിച്ചു. അനുവദിച്ച പേറ്റന്റുകളുടെ എണ്ണം നാലിരട്ടിയായി വർധിച്ചു.
ഡിജിറ്റൽ ഇടപാടുകൾ 100 ഇരട്ടിയായി വർധിച്ചു. അതേസമയം, സാധാരണക്കാരായ ജനങ്ങളുടെ നിത്യജീവിതത്തിലെ സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായി സമാന ഗൗരവത്തോടെ നാം പ്രവർത്തിച്ചു.
ഓരോ വർഷവും, മുൻപത്തേക്കാൾ ശരാശരി 15 മടങ്ങ് വേഗത്തിലാണ് നാം കുടിവെള്ള പൈപ്പ് കണക്ഷനുകൾ നൽകിയത്.
ഓരോ വർഷവും ശരാശരി ആറിരട്ടി വേഗത്തിലാണ് ഗ്യാസ് കണക്ഷനുകൾ ലഭ്യമാക്കിയത്. ഓരോ വർഷവും പാവപ്പെട്ടവർക്കായുള്ള ശൗചാലയങ്ങളുടെ നിർമാണം നാലിരട്ടി വേഗത്തിൽ മുന്നേറി. ഓരോ വർഷവും പാവപ്പെട്ടവർക്കു വീടുകൾ നൽകുന്നതിന്റെ വേഗത മൂന്നിരട്ടിയായി വർധിക്കുകയും ചെയ്തു.
രാജ്യം ഭരണരീതിയിലും ഗണ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ചട്ടങ്ങൾ എടുത്തുമാറ്റി. കാലഹരണപ്പെട്ട നൂറുകണക്കിനു നിയമങ്ങൾ റദ്ദാക്കി. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങളുമായി നമുക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു മുന്നേറാൻ കഴിയില്ല.
ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്കായി നാം മെട്രോ ശൃംഖലകൾ വിപുലീകരിക്കുകയും പൊതുഗതാഗതം ശക്തിപ്പെടുത്തുകയും ചെയ്തു. നാം പ്രവർത്തിച്ച വേഗതയും നാം പ്രവർത്തിച്ച വ്യാപ്തിയും, ഈ വേഗവും ഈ വികസനവും ഈ നേട്ടങ്ങളും കഴിഞ്ഞ പതിറ്റാണ്ടിൽ, സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ കാണുന്നത്.
നമ്മുടെ മുൻപിൽ ഇത്രയേറെ നേട്ടങ്ങളുള്ളപ്പോൾ, ഇത്രയും വേഗത്തിലുള്ള പുരോഗതി പ്രകടമാകുമ്പോൾ, ഓരോ നിമിഷവും നമ്മുടെ ജനങ്ങളുടെ ശേഷി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുമ്പോൾ, 2047-ഓടെ ‘വികസിത ഇന്ത്യ’ എന്ന നമ്മുടെ ലക്ഷ്യം ഒരിക്കലും പൂർത്തിയാകാതെ പോകില്ല.
2. വാണിജ്യ-വ്യവസായ മന്ത്രാലയം
നമുക്കും നമ്മുടെ ശേഷികൾ വർധിപ്പിക്കേണ്ടതുണ്ട്, ഒപ്പം നമ്മുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും വേണം. അതുകൊണ്ടാണ് ‘സ്വയംപര്യാപ്ത ഇന്ത്യ’ കെട്ടിപ്പടുക്കുന്നതിനായി നാം കരുത്തുറ്റ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്നത്. ഇന്ന്, മേക്ക് ഇൻ ഇന്ത്യ, സ്വദേശി, വോക്കൽ ഫോർ ലോക്കൽ തുടങ്ങിയ പദ്ധതികളുമായി ഓരോ ഇന്ത്യക്കാരന്റെയും ഹൃദയവും മനസ്സും കൂട്ടിയിണക്കപ്പെട്ടിരിക്കുകയാണ്.
2014 മുതൽ, ലോകമെമ്പാടുമുള്ള ഏകദേശം 40 രാജ്യങ്ങളുമായി നാം സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുന്നുണ്ട്. തുറന്നു തന്നിരിക്കുന്ന അപാരമായ സാധ്യതകൾ നോക്കൂ. ഈ വ്യാപാര കരാറുകൾ വളരെ പ്രധാനപ്പെട്ട അവസരമാണ്. അതിനാൽ നമ്മുടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളോട് എനിക്ക് പ്രത്യേകമായി പറയാനുള്ളത്: ഈ അവസരം കൈവിട്ടുപോകാൻ നാം അനുവദിക്കരുത്.
നമുക്ക് ലോകത്തിലേക്ക് എത്തേണ്ടതുണ്ട്. ഓരോ ഇന്ത്യൻ ഉൽപ്പന്നവും ആഗോള വിപണിയിൽ ഇടം കണ്ടെത്തണം. നമ്മുടെ വസ്ത്രങ്ങളോ യന്ത്രങ്ങളോ ഔഷധങ്ങളോ ഏതുമാകട്ടെ; എല്ലാ അവസരങ്ങളും നാം പ്രയോജനപ്പെടുത്തണം. എന്നാൽ അതോടൊപ്പം ആഗോള നിലവാരങ്ങളും മാനദണ്ഡങ്ങളും കൈവരിക്കാനും അവ മറികടക്കാനും നമുക്ക് കഴിയണം. ലോകത്ത് നിന്ന് നമുക്ക് ലഭിക്കുന്നതിനേക്കാൾ മികച്ച ഒന്ന് ലോകത്തിന് നൽകാൻ നാം പര്യാപ്തരാകണം.
നാം ‘പരിഷ്കരണ എക്സ്പ്രസി’ന് തുടക്കം കുറിച്ചിരിക്കുകയാണ്. വരുംദിവസങ്ങളിൽ അടുത്ത ഘട്ട പരിഷ്കാരങ്ങളിലേക്ക് നാം കടക്കാൻ പോകുകയാണ്. അതിനാൽ ഗവണ്മെന്റ്, സമൂഹം, വ്യവസായം, ഉൽപ്പാദകർ, കർഷകർ എന്നിവരുൾപ്പെടെ എല്ലാവരും പരമ്പരാഗത രീതികൾ പരിഷ്കരിക്കേണ്ടിവരും. നമ്മുടെ ചിന്താഗതികൾ പരിഷ്കരിക്കാനും ലക്ഷ്യങ്ങൾ പരിഷ്കരിക്കാനും നാം തയ്യാറാകണം.
വരുംദിവസങ്ങളിൽ ‘സപ്തധാര’യെക്കുറിച്ച് (ശക്തിയുടെ ഏഴ് പ്രവാഹങ്ങൾ) ഞാൻ സംസാരിക്കുമ്പോൾ, അതിൽ ആദ്യത്തേത് നിർമാണ മേഖലയുടെ കരുത്താണ്.
നമുക്ക് ഉൽപ്പാദനമേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കേണ്ടതുണ്ട്. ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം, ഏറ്റവും ചെറിയ ഘടകങ്ങൾ മുതൽ ഏറ്റവും വലിയ ഉൽപ്പന്നങ്ങൾ വരെ നാം നിർമിക്കണം.
മുഴുവൻ മൂല്യശൃംഖലയും നമ്മുടേതായിരിക്കണം. ആ കാഴ്ചപ്പാടോടെയാണ് നാം മുന്നോട്ട് പോകേണ്ടത്. നമുക്ക് അനുബന്ധ ഘടകങ്ങളും വേണം, സമ്പൂർണ നിർമാണവും വേണം. സമ്പൂർണ ഉൽപ്പന്നവും നാം തന്നെ നിർമിക്കണം. രൂപകൽപ്പന മുതൽ നിർമാണം വരെ, ആഗോള വിതരണ ശൃംഖലയുടെ വിശ്വസ്തമായ കേന്ദ്രമായി ഇന്ത്യ മാറണം.
നമ്മുടെ ഫാക്ടറികൾ മത്സരക്ഷമതയുള്ളവയായിരിക്കണം. നമ്മുടെ ഉൽപ്പന്നങ്ങൾ ഉപഭോക്തൃസൗഹൃദമായിരിക്കണം. നമ്മുടെ പാക്കിങ് ലോകമെമ്പാടുമുള്ള ജനങ്ങളെ ആകർഷിക്കുന്നതും മനോഹരവുമായിരിക്കണം. ‘സീറോ ഡിഫെക്ട്’ (പാളിച്ചകളില്ലാത്തത്), കൃത്യതയാർന്ന നിർമാണം എന്നിവ നമ്മുടെ മുദ്രയായി മാറണം.
ഓരോ നിർമാതാക്കളോടും സംരംഭകരോടും എം.എസ്.എം.ഇകളോടും എനിക്ക് പറയാനുള്ളത്: ആഗോള വിപണിയിലെ നമ്മുടെ മുദ്ര വിശ്വസ്തതയിലും ഗുണമേന്മയിലും അധിഷ്ഠിതമായിരിക്കണം. ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയേതും പാടില്ല. അതിനാൽ നമ്മുടെ മന്ത്രം: ‘ഗുണമേന്മ, ഗുണമേന്മ, ഗുണമേന്മ’ എന്നതായിരിക്കണം. ഇതായിരിക്കും നമ്മുടെ ആഗോള ബ്രാൻഡ് മൂല്യത്തിന്റെ അടിത്തറയായി മാറുന്നത്.
3. കൃഷി-കർഷകക്ഷേമ മന്ത്രാലയം
ഗവണ്മെന്റ് വലിയ ഭാരമാണ് ഇതിനായി വഹിക്കുന്നത്. ആഗോള വിപണിയിൽ 3,000 രൂപ വിലവരുന്ന ഒരു ചാക്ക് യൂറിയ നമ്മുടെ കർഷകർക്ക് വെറും 300 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്.
അതുമാത്രമല്ല, ആഗോള വിപണിയിൽ DAP വില ഇപ്പോൾ 5,000 രൂപയിലെത്തിയിട്ടുണ്ട്. എന്നാൽ എന്റെ രാജ്യത്തെ കർഷകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ നാം ഇപ്പോഴും 1,350 രൂപയ്ക്കാണ് ഡിഎപി ലഭ്യമാക്കുന്നത്.
ഈ ‘സപ്തധാര’യുടെ രണ്ടാമത്തെ ശക്തിപ്രവാഹം കൃഷിയും ഭക്ഷ്യോൽപ്പാദനവുമാണ്. ഭക്ഷ്യസംസ്കരണരംഗത്തും നമുക്ക് മുന്നേറേണ്ടതുണ്ട്. ആഗോള വിപണികൾ ഇപ്പോൾ നമ്മുടെ കർഷകർക്കായി തുറക്കപ്പെടുകയാണ്.
സ്വതന്ത്ര വ്യാപാര കരാറുകൾ കാരണം, നമുക്ക് ബൃഹത്തായ വിപണിയിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ട്. ആ വിപണികളിൽ എത്താൻ നമുക്ക് കഴിയണം; അവിടെ നമ്മുടെ സാന്നിധ്യം ഉറപ്പിക്കണം. കൃഷിയിടത്തിൽ നിന്ന് നേരിട്ട് കയറ്റുമതി വിപണിയിലേക്ക് നാം വളരണം.
രാസവിമുക്ത കൃഷിക്ക് നമ്മുടെ കർഷകർ കൂടുതൽ പ്രാധാന്യം നൽകണം. കാരണം ഇത്തരം ഉൽപ്പന്നങ്ങൾക്കുള്ള ആവശ്യകത ലോകമെമ്പാടും വർധിക്കാൻ പോവുകയാണ്. നമ്മുടെ കാർഷിക ഉൽപ്പന്നങ്ങൾ എല്ലാ അർഥത്തിലും ആഗോള മാനദണ്ഡങ്ങൾ പാലിക്കുകയും നിറവേറ്റുകയും ചെയ്യുമ്പോൾ, നമുക്ക് ആഗോള വിപണികളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും.
4. ഇലക്ട്രോണിക്സ് – വിവരസാങ്കേതികവിദ്യ മന്ത്രാലയം
മൊബൈൽ ഫോൺ ഉൽപ്പാദനം 35 ഇരട്ടിയായി വർധിച്ചു. അതുമാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും ലോകത്തുപോലും, ആധുനികയുഗത്തിന്റെ ആവശ്യങ്ങൾക്കൊപ്പം മുന്നേറി, നാം നമ്മുടേതായ മുദ്ര പതിപ്പിച്ചു.
ഇന്റർനെറ്റ് ഉപയോക്താക്കളുടെയും ഇന്റർനെറ്റ് ഉപഭോക്താക്കളുടെയും എണ്ണം ഏകദേശം നാലിരട്ടിയായി വർധിച്ചു. അനുവദിച്ച പേറ്റന്റുകളുടെ എണ്ണം നാലിരട്ടിയായി വർധിച്ചു.
ഡിജിറ്റൽ ഇടപാടുകൾ 100 ഇരട്ടിയായി വർധിച്ചു. അതേസമയം, സാധാരണക്കാരായ ജനങ്ങളുടെ സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായി സമാനപ്രാധാന്യത്തോടെ നാം പ്രവർത്തിച്ചു.
ഇന്നത്തെ ഡിജിറ്റൽ ലോകത്തും സാങ്കേതികവിദ്യാ യുഗത്തിലും ചിപ്പുകളുടെ പ്രാധാന്യം നാം മനസ്സിലാക്കുന്നു. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളോ വൈദ്യശാസ്ത്ര ഉപകരണങ്ങളോ നമ്മുടെ ഗതാഗത സംവിധാനങ്ങളോ ആകട്ടെ, ചിപ്പുകൾ എല്ലായിടത്തും അത്യന്താപേക്ഷിതമാണ്.
ചിപ്പുകളില്ലാതെ മുഴുവൻ ലോകവും നിശ്ചലമാകുന്ന ഘട്ടത്തിൽ നാം എത്തിനിൽക്കുന്നു. അതുകൊണ്ടാണ് സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി സെമികണ്ടക്ടർ നിർമാണത്തിലേക്ക് രാജ്യം വലിയ ചുവടുവയ്പുകൾ നടത്തിയത്. മൂന്ന് സെമികണ്ടക്ടർ പ്ലാന്റുകൾക്ക് ഇതിനകം തുടക്കമിട്ടു.
വരും വർഷങ്ങളിൽ (ഏഴ് മുതൽ എട്ട് വർഷത്തിനുള്ളിൽ) മറ്റ് അഞ്ച് മുതൽ എട്ട് വരെ സെമികണ്ടക്ടർ പ്ലാന്റുകൾ കൂടി വളരെ വേഗത്തിൽ സ്ഥാപിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് രാജ്യത്തെ ജനങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ‘സ്വയംപര്യാപ്ത ഇന്ത്യ’ എന്നതിലേക്കുള്ള ഈ യാത്ര ‘വികസിത ഇന്ത്യ’ കൈവരിക്കുന്നതിനുള്ള വലിയ പാതയായി മാറും.
എന്റെ ‘സപ്തധാര’യുടെ മൂന്നാമത്തെ ശക്തിപ്രവാഹം സാങ്കേതികവിദ്യയും നൂതനാശയങ്ങളുമാണ്. ഇന്ന് നിർമിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, ബഹിരാകാശം, റോബോട്ടിക്സ്, ഡേറ്റാ സെന്ററുകൾ എന്നിവയുടെ യുഗമാണ്. തികച്ചും പുതിയ മേഖലയാണ് നമുക്ക് മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നത്.
ഉദിച്ചുയരുന്ന പുതിയ സാങ്കേതികവിദ്യകൾ ഓരോ നിമിഷവും നമ്മെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ, ഇന്ത്യയെ ലോകത്തിന് മുന്നിൽ വെറും വിപണിയാക്കി മാറ്റുകയല്ല നാം ചെയ്യേണ്ടത്; മറിച്ച് ഇന്ത്യയെ നൂതനാശയങ്ങളുടെ കേന്ദ്രമാക്കി മാറ്റണം.
UPI, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലൂടെ നാം നമ്മുടെ ശേഷി തെളിയിക്കുകയും നമ്മുടെ വിശ്വസ്തത ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഇന്ത്യ അതിന്റെ ഡിജിറ്റൽ പൊതു സാങ്കേതികവിദ്യകൾ ലോകത്തിന്റെ ഓരോ കോണിലേക്കും എത്തിക്കണം. അടുത്ത തലമുറ വാർത്താവിനിമയ സാങ്കേതികവിദ്യകളിൽ ഇന്ത്യ നേതൃത്വം വഹിക്കുകയും വേണം.
‘മേഡ് ഇൻ ഇന്ത്യ’ 6ജി ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നു എന്ന് ഉറപ്പാക്കലായിരിക്കണം നമ്മുടെ ലക്ഷ്യം. ഈ ദിശയിലുള്ള നമ്മുടെ ശ്രമങ്ങൾ വേഗത്തിലാക്കണം. നമ്മുടെ പ്രതിജ്ഞാബദ്ധതയും പരിശ്രമവും ഒട്ടും കുറഞ്ഞുപോകരുത്.
5. ഖനി മന്ത്രാലയം
രാജ്യത്തിന് ആവശ്യമായ നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി നാം ‘ദേശീയ നിർണായക ധാതു ദൗത്യം ആരംഭിച്ചിട്ടുണ്ട്. ബജറ്റിൽ നിർണായക ധാതു ഇടനാഴിയും നാം പ്രഖ്യാപിക്കുകയുണ്ടായി.
നിരവധി രാജ്യങ്ങളുമായി നാം കരാറുകളിൽ ഏർപ്പെട്ടുവരികയാണ്. നിർണായക ധാതുക്കളുടെ കാര്യത്തിൽ ലോകത്തിലെ പല രാജ്യങ്ങളും ഇപ്പോൾ ഇന്ത്യയിൽ വിശ്വാസമർപ്പിച്ചു തുടങ്ങിയിരിക്കുന്നു.
6. ഊർജ മന്ത്രാലയം / പാരമ്പര്യേതര-പുനരുൽപ്പാദക ഊർജ മന്ത്രാലയം
ഊർജമില്ലാതെ പുതിയ ലോകത്തെ മുന്നോട്ട് നയിക്കുക എന്നത് കൂടുതൽ പ്രയാസകരമായി മാറുകയാണ്. ചിപ്പുകളോ നിർമിതബുദ്ധിയോ ഡേറ്റാ സെന്ററുകളോ ഏതുമാകട്ടെ, നമുക്ക് വൻതോതിൽ വൈദ്യുതി ആവശ്യമായി വരും.
ഊർജസുരക്ഷ നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് ഈ ദിശയിൽ ഒന്നൊന്നായി നാം ഇതിനകം ശക്തമായ ചുവടുവയ്പുകൾ നടത്തിയത്.
ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാനപ്പെട്ട മാർഗമാണ് ആണവോർജം. പാർലമെന്റിൽ ശാന്തി (SHANTI) നിയമം പാസാക്കിയതിലൂടെ, പുതിയ ലക്ഷ്യത്തിലേക്കുള്ള വഴി നാം തുറന്നിരിക്കുകയാണ്. 2047-ഓടെ 100 GW ആണവോർജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം പ്രവർത്തിക്കുന്നത്.
2014-ന് മുൻപ്, പൈപ്പ് വഴിയുള്ള പാചകവാതകം വെറും 20-22 ലക്ഷം കുടുംബങ്ങളിലേക്ക് മാത്രമാണ് എത്തിയിരുന്നത്. എന്നാൽ ഇന്ന്, ഏകദേശം 1.75 കോടി കുടുംബങ്ങൾക്ക് നാം പൈപ്പിലൂടെ ഗ്യാസ് ലഭ്യമാക്കുന്നുണ്ട്.
പന്ത്രണ്ട് വർഷം മുൻപ് രാജ്യത്തിന്റെ സൗരോർജ ശേഷി വെറും 2 GW മാത്രമായിരുന്നു—വെറും 2 GW. എന്നാൽ ഇന്ന് നാം 160 GW ശേഷി കൈവരിച്ചിരിക്കുന്നു.
നാം പി.എം സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതി ആരംഭിച്ചു; വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 50 ലക്ഷത്തിലധികം കുടുംബങ്ങൾ സൗരോർജം സ്വീകരിച്ചു എന്ന നാഴികക്കല്ല് നാം പിന്നിട്ടുവെന്നു പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പദ്ധതി വളരെ വേഗത്തിൽ മുന്നേറുകയാണ്, അതിന്റെ ഫലമായി ആയിരക്കണക്കിന് കുടുംബങ്ങളുടെ വൈദ്യുതി ബില്ലുകൾ യഥാർഥത്തിൽ പൂജ്യമായി മാറിയിരിക്കുന്നു.
സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം ബാക്കിവരുന്ന അധിക വൈദ്യുതി വിറ്റ് ആയിരക്കണക്കിന് കുടുംബങ്ങൾ വരുമാനവും സൃഷ്ടിക്കുന്നുണ്ട്. ഈ പദ്ധതിക്കായി ഓരോ കുടുംബത്തിനും ഗവണ്മെന്റ് 80,000 രൂപ ധനസഹായം നൽകുന്നുണ്ട്; ഈ പിന്തുണയോടെ, ഈ വലിയ മാറ്റം പൂർത്തിയാക്കുന്നതിലേക്ക് നാം മുന്നേറുകയാണ്.
നമ്മുടെ സപ്തധാരയിലെ ആറാമത്തെ ശക്തിപ്രവാഹം ഹരിത സമ്പദ്വ്യവസ്ഥ, നീല (സമുദ്ര) സമ്പദ്വ്യവസ്ഥ എന്നിവയാണ്. ഇത് ഹരിത തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ഹരിത ഹൈഡ്രജൻ, പുനരുൽപ്പാദക ഊർജം, ഊർജസംഭരണം, ഹരിത ഗതാഗതം, ഹരിതോൽപ്പാദനം എന്നീ മേഖലകളിൽ ആഗോളതലത്തിൽ നാം നേതൃസ്ഥാനം കൈവരിക്കേണ്ടതുണ്ട്. ഈ എല്ലാ മേഖലകളിലും ആഗോള നേതാവായി നാം മാറേണ്ടതുണ്ട്.
7. ആണവോർജ വകുപ്പ്
ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാനപ്പെട്ട മാർഗമാണ് ആണവോർജം. പാർലമെന്റിൽ ശാന്തി (SHANTI) നിയമം പാസാക്കിയതിലൂടെ, പുതിയ ലക്ഷ്യത്തിലേക്കുള്ള വഴി നാം തുറന്നിരിക്കുകയാണ്. 2047-ഓടെ 100 GW ആണവോർജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം പ്രവർത്തിക്കുന്നത്.
ഈ പതിറ്റാണ്ടിൽ അഞ്ച് പുതിയ ആണവ റിയാക്ടറുകൾ കമ്മീഷൻ ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് നാം നീങ്ങുകയാണ്. ഈ വർഷം ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടി, ഇന്ത്യ ബൃഹത്തായ നാഴികക്കല്ല് പിന്നിട്ടു. ഇതിന്റെ ഫലമായി, ആണവ ഇന്ധന കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നാം വലിയ ചുവടുവയ്പ് നടത്തി.
8. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം
2014-ന് മുൻപ്, അതായത് 12 വർഷം മുൻപ്, രാജ്യത്തെ 70 നഗരങ്ങളിൽ മാത്രമാണ് പൈപ്പ് വഴിയുള്ള വാതക വിതരണം ലഭ്യമായിരുന്നത്. ഈ 12 വർഷത്തിനുള്ളിൽ, ആ ശൃംഖല 70 നഗരങ്ങളിൽ നിന്ന് 700 നഗരങ്ങളിലേക്ക് നാം വിപുലീകരിച്ചു. ഇതാണ് വേഗത. ഇതാണ് വികസനം. ഓരോ വർഷവും ശരാശരി ആറിരട്ടി വേഗത്തിലാണ് ഗ്യാസ് കണക്ഷനുകൾ ലഭ്യമാക്കിയത്.
2014-ന് മുൻപ്, പൈപ്പ് വഴിയുള്ള പാചകവാതകം വെറും 20-22 ലക്ഷം കുടുംബങ്ങളിലേക്ക് മാത്രമാണ് എത്തിയിരുന്നത്. എന്നാൽ ഇന്ന്, 1.75 കോടി കുടുംബങ്ങൾക്ക് നാം പൈപ്പിലൂടെ ഗ്യാസ് ലഭ്യമാക്കുന്നുണ്ട്. പന്ത്രണ്ട് വർഷം മുൻപ് രാജ്യത്തിന്റെ സൗരോർജ ശേഷി വെറും 2 GW മാത്രമായിരുന്നു—വെറും 2 GW. എന്നാൽ ഇന്ന് നാം 160 GW ശേഷി കൈവരിച്ചിരിക്കുന്നു.
9. റെയിൽവേ മന്ത്രാലയം
ആധുനിക റെയിൽവേ കോച്ചുകളുടെ ഉൽപ്പാദനം 21 ഇരട്ടിയായി വർധിച്ചു. നമ്മുടെ റെയിൽവേ ശൃംഖലയുടെ വൈദ്യുതീകരണം ആരംഭിച്ചത് 1925-ലാണ്. എന്നാൽ, തുടർന്നുള്ള 90 വർഷത്തിനിടയിൽ—1925 മുതൽ 2015 വരെ—റെയിൽവേ ശൃംഖലയുടെ ഏകദേശം 30% മാത്രമാണ് വൈദ്യുതീകരിച്ചത്.
ബാക്കിയുള്ള പ്രവൃത്തികൾ വെറും ഒരു പതിറ്റാണ്ട് കൊണ്ട് നാം പൂർത്തിയാക്കുകയും ഏതാണ്ട് സമ്പൂർണ വൈദ്യുതീകരണം കൈവരിക്കുകയും ചെയ്തു. 90 വർഷം കൊണ്ട് 30%, 10 വർഷം കൊണ്ട് 70%—ഇതാണ് പുരോഗതി.
ഇതിന്റെ ഫലമായി, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്ന ഡീസലിനെ ആശ്രയിക്കുന്നത് നാം കുറച്ചു. നമ്മുടെ ട്രെയിനുകൾ കൂടുതൽ കൂടുതലായി വൈദ്യുതിയിൽ ഓടുകയും പരിസ്ഥിതിക്ക് ഗണ്യമായ പ്രയോജനങ്ങൾ കൈവരുത്തുകയും ചെയ്യുന്നു.
രാജ്യം അതിന്റെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനും അവതരിപ്പിച്ചിട്ടുണ്ട്. അത് ലോകത്തിലെ ഏറ്റവും നീളമേറിയതും ഏറ്റവും കരുത്തുറ്റതുമായ ഹൈഡ്രജൻ ട്രെയിനാണെന്നും, ഹൈഡ്രജൻ ട്രെയിനുകളുടെ മേഖലയിൽ ആഗോളതലത്തിൽ ഇന്ത്യ അതിന്റെ നേതൃത്വം ഉറപ്പിച്ചുവെന്നും പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
10. ആഭ്യന്തര മന്ത്രാലയം
നക്സലിസവും മാവോയിസവും ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയാണ് തകർത്തത്. നീണ്ട നാല് പതിറ്റാണ്ടുകളായി, തോക്കിൻമുനയിൽ നിർത്തി, രാജ്യത്തിന്റെ വലിയ ഭാഗത്തെയും ജനവിഭാഗത്തെയും നക്സലിസം കൈപ്പിടിയിലൊതുക്കി. ഭരണഘടനയെ കഷണങ്ങളാക്കി കീറിയെറിഞ്ഞു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ നമ്മുടെ 3,500-ലധികം പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും പരമോന്നത ത്യാഗം സഹിച്ചു.
ഇന്ന്, നക്സലൈറ്റ്-മാവോയിസ്റ്റ് അക്രമങ്ങൾക്ക് ഒരുപക്ഷേ അവയുടെ അവസാന ശ്വാസം പോലും എടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരുകാലത്ത് നക്സലൈറ്റുകൾ വെടിയുതിർത്ത, മണ്ണ് ചോരയാൽ ചുവന്ന അതേ നക്സൽ ബാധിത മേഖലകളിൽ, ഇന്ന് വികസനത്തിന്റെയും വിശ്വാസത്തിന്റെയും പ്രയത്നത്തിന്റെയും ത്രിവർണ പതാക വാനോളം ഉയർന്നുപറക്കുകയാണ്; കാരണം ഈ പ്രദേശങ്ങൾ നക്സൽമുക്തമായി മാറിക്കൊണ്ടിരിക്കുകയാണ്.
ആയുധമേന്തിയ നക്സലൈറ്റുകൾ പരാജയപ്പെട്ടു, എന്നാൽ നക്സൽ ചിന്താഗതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ ശക്തികൾ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും പാതകൾ തിരയുന്ന അവർ, സമൂഹത്തെ തെറ്റായ വഴിയിലേക്ക് വലിച്ചിഴയ്ക്കാൻ വിവിധ തന്ത്രങ്ങൾ പ്രയോഗിക്കുകയാണ്.
ഈ നക്സൽ ചിന്താഗതിയെ നാം തിരിച്ചറിയണം. ഇത്തരം ഘടകങ്ങളെ നാം ഒറ്റപ്പെടുത്തുകയും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന പാതയിലേക്ക് രാജ്യത്തിന്റെ യുവതലമുറയെ കൂട്ടിയിണക്കുകയും വേണം.
സുരക്ഷിതമായ ഇന്ത്യ കെട്ടിപ്പടുക്കുക എന്നത് നാമോരോരുത്തരുടെയും ഉത്തരവാദിത്വമാണ്. വെല്ലുവിളി നമ്മുടെ അതിർത്തിക്കുള്ളിൽ നിന്നായാലും അതിർത്തിക്ക് അപ്പുറത്തുനിന്നായാലും, ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണ്. യുദ്ധമുറകളുടെ സ്വഭാവം ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. ഇനി ഒരു യുദ്ധം യുദ്ധക്കളത്തിലോ അതിർത്തിയിലോ മാത്രമായിരിക്കും നടക്കുക എന്ന് യാതൊരു ഉറപ്പുമില്ല.
വരുംദിവസങ്ങളിൽ നാം സജീവമായ ജനകീയ രാജ്യരക്ഷാ ശൃംഖല കെട്ടിപ്പടുക്കുമെന്ന് ഇന്ന് ഞാൻ ചെങ്കോട്ടയിൽനിന്ന് പ്രഖ്യാപിക്കുകയാണ്. നാം നമ്മുടെ ജനങ്ങളെയും സിവിൽ ഡിഫൻസ് സേനാംഗങ്ങളെയും ആധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളും കൊണ്ട് സജ്ജരാക്കുകയും സമകാലിക തയ്യാറെടുപ്പ് രീതികൾ പരിചയപ്പെടുത്തുകയും ചെയ്യും.
11. രാജ്യരക്ഷാ മന്ത്രാലയം
സപ്തധാരയിലെ നമ്മുടെ അഞ്ചാമത്തെ ശക്തിപ്രവാഹം പ്രതിരോധ ശേഷിയാണ്. എല്ലാ കാര്യങ്ങളിലും പ്രതിരോധ ശേഷിയുടെ പ്രാധാന്യം തള്ളിക്കളയാനാകാത്തതാണ്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് മറ്റ് ബദലുകളൊന്നുമില്ലെന്ന് രാജ്യം ഇപ്പോൾ തിരിച്ചറിയുകയും ലോകം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത തലമുറ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ആഗോള പ്രതിരോധ വിതരണക്കാരായി വളരുന്നതിനും നാം ലക്ഷ്യമിടണം. നാം ഡ്രോണുകളും കൗണ്ടർ ഡ്രോൺ സംവിധാനങ്ങളും വികസിപ്പിക്കണം. കൂടാതെ ഹൈപ്പർസോണിക് പ്രതിരോധ സാങ്കേതികവിദ്യകളിൽ നേതൃത്വം വഹിക്കുകയും വേണം.
സൈബർ സുരക്ഷയും ഇന്ന് ഓരോ വീട്ടിലും വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ യുവാക്കളുടെ കഴിവുകൾ പ്രയോജനപ്പെടുത്താനും അവരുടെ കഴിവുകൾ രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കായി ഉപയോഗിക്കാനും കഴിയുന്ന മറ്റൊരു പ്രതിരോധ മേഖല കൂടിയാണിത്.
അടുത്തിടെ നാം സുദർശൻ ചക്ര ദൗത്യം പ്രഖ്യാപിച്ചിരുന്നു. അതിൻ്റെ പ്രവൃത്തികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇന്ന്, നമ്മുടെ പ്രതിരോധ കയറ്റുമതി ഏകദേശം 50 ഇരട്ടിയായി വർധിച്ചു. നമ്മുടെ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ലോകമെമ്പാടുമുള്ള നൂറോളം രാജ്യങ്ങളിലേക്ക് എത്തുന്നുമുണ്ട്.
12. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം
സപ്തധാരയിലെ നാലാമത്തെ ശക്തിപ്രവാഹം ഗതിശക്തിയാണ്. ഗതിശക്തിക്ക് കീഴിൽ, രാജ്യത്തിനുള്ളിലെ തടസ്സമില്ലാത്തതും വേഗതയേറിയതുമായ കണക്റ്റിവിറ്റിയിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം.
അതിവേഗ റെയിൽ വഴി നമ്മുടെ നഗരങ്ങളെ തമ്മിൽ കൂട്ടിയിണക്കണം. നമുക്ക് ആധുനിക ഹൈവേകൾ, ഉൾനാടൻ ജലപാതകൾ, വിമാനത്താവളങ്ങൾ, ബഹുതല ലോജിസ്റ്റിക്സ് സംവിധാനം എന്നിവ ആവശ്യമാണ്.
13. തുറമുഖ-കപ്പൽഗതാഗത-ജലപാത മന്ത്രാലയം
നമ്മുടെ തുറമുഖങ്ങളെ വെറും ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥലങ്ങളായോ, അല്ലെങ്കിൽ ലോകമെമ്പാടുമുള്ള കപ്പലുകൾ വന്ന് നങ്കൂരമിടുന്ന ഇടങ്ങളായോ മാത്രം നാം കാണരുത്. തുറമുഖ കേന്ദ്രീകൃത വികസനത്തിന്റെ പാതയിലൂടെ നാം തുറമുഖങ്ങളെ മുന്നോട്ട് കൊണ്ടുപോകണം.
നീല സമ്പദ്വ്യവസ്ഥയിൽ രാജ്യത്തിന് അപാരമായ സാധ്യതകളാണുള്ളത്. നമുക്ക് വളരെ നീളമേറിയ തീരദേശമുണ്ട്. കൂടാതെ സമുദ്ര സമ്പദ്വ്യവസ്ഥയിൽ വൻ അവസരങ്ങളാണ് ഉയർന്നുവരുന്നത്.
മത്സ്യബന്ധനം, തീരദേശ വിനോദസഞ്ചാരം, സമുദ്ര സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ നമുക്ക് മുന്നേറാൻ സാധിക്കും.
14. മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയം
കേരളം മുതൽ ഗുജറാത്ത് വരെയും തമിഴ്നാട് മുതൽ ബംഗാൾ വരെയും നീണ്ടുകിടക്കുന്ന നമ്മുടെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ഈ സ്വതന്ത്ര വ്യാപാര കരാർ കാരണം കൊഞ്ച് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകളിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. നമ്മുടെ സമുദ്രവിഭവങ്ങൾ ലോകമെമ്പാടുമുള്ള വിപണികളിലേക്ക് എത്തുന്നതിനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.
സമുദ്ര സമ്പദ്വ്യവസ്ഥയിൽ രാജ്യത്തിന് അപാരമായ സാധ്യതകളാണുള്ളത്. നമുക്ക് വളരെ നീളമേറിയ തീരദേശമുണ്ട്. കൂടാതെ സമുദ്ര സമ്പദ്വ്യവസ്ഥയിൽ വൻ അവസരങ്ങളാണ് ഉയർന്നുവരുന്നത്. മത്സ്യബന്ധനം, തീരദേശ വിനോദസഞ്ചാരം, സമുദ്ര സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ നമുക്ക് മുന്നേറാൻ സാധിക്കും.
15. ടൂറിസം മന്ത്രാലയം
ഭാരതത്തിന് വിശാലമായ വന്യജീവി സമ്പത്തുണ്ട്. നമുക്ക് 100-ലധികം ദേശീയ ഉദ്യാനങ്ങളുണ്ട്. സാധ്യതകൾ വളരെ വലുതാണ്, എന്നാൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാര്യത്തിൽ നാം പിന്നിലാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഭാരതത്തിലേക്ക് ആകർഷിക്കാനായി നമ്മുടെ മൃദുശക്തി വിനിയോഗിക്കാൻ നമുക്ക് അവസരമുണ്ട്. നമ്മുടെ കഴിവുകൾ നാം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കണം.
ഇന്ന് കായികരംഗവും ഭാരതത്തിലേക്കുള്ള വലിയൊരു ആകർഷണ സ്രോതസ്സാണ്. ലോകത്തെ കായിക മാമാങ്കങ്ങൾ എന്തുകൊണ്ട് ഭാരതത്തിൽ നടന്നുകൂട? സംഗീത സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയും രാജ്യത്തെ യുവാക്കളുടെ പ്രധാന ആകർഷണമായി മാറുകയും ചെയ്യുന്നു.
ലോകത്തിലെ ഓരോ കലാകാരനും എന്നെങ്കിലും ഭാരതത്തിൽ പ്രകടനം നടത്താൻ ആഗ്രഹിക്കുന്നു. ഇതൊരു വലിയ അവസരമാണ്, അത് പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും നാം സൃഷ്ടിക്കണം.
16. സാംസ്കാരിക മന്ത്രാലയം / ടെക്സ്റ്റയിൽ മന്ത്രാലയം
നമ്മുടെ ഏഴാമത്തെ ധാര ഭാരതത്തിന്റെ മൃദുശക്തിയാണ് (സോഫ്റ്റ് പവർ). ഇതാണ് ഭാരതത്തിന്റെ മൃദുശക്തിയുടെ കരുത്ത്. ഇന്ന് യോഗ ലോകത്തെ മുഴുവൻ ഭാരതവുമായി ബന്ധിപ്പിച്ചിരിക്കുന്നു. യോഗ ലോകത്തിന് ഊർജ്ജ സ്രോതസ്സായി മാറിക്കൊണ്ടിരിക്കുകയാണ്.
ഭാരതത്തിൽ വിശ്വാസകേന്ദ്രങ്ങളും ആയുർവേദവും സമഗ്ര ആരോഗ്യസംരക്ഷണ സംവിധാനവുമുണ്ട്. ‘ഹീൽ ഇൻ ഇന്ത്യ’ മുന്നേറ്റത്തിലൂടെ ഭാരതത്തിന്റെ ശേഷി നമുക്ക് ലോകത്തിന് മുന്നിൽ എത്തിക്കാം.
കൈത്തറി വസ്തുക്കൾ, സംസ്കാരം, നമ്മുടെ സിനിമകൾ, സർഗ്ഗാത്മക ലോകം, വി.എഫ്.എക്സ്, ആനിമേഷൻ, ഗെയിമിംഗ് അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം എന്നിവയിലൂടെയെല്ലാം ഭാരതത്തിന് സർഗ്ഗാത്മക ലോകത്ത് അതിന്റെ സ്ഥാനം തെളിയിക്കാൻ കഴിയും.
ഇന്ന് ഭാരതം ‘വേവ്സ് ഉച്ചകോടിക്ക്’ വലിയ ശക്തി നൽകിയിരിക്കുന്നു. ഭാരതത്തിന്റെ മൃദുശക്തിയും സർഗ്ഗാത്മക ലോകവും ആഗോള പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്ന ഭാരതത്തിന്റെ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടിയെ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്
17. ധനകാര്യ മന്ത്രാലയം / ധനകാര്യ സേവന വകുപ്പ്
നമ്മുടെ സഹ പൗരന്മാരുടെ പരിശ്രമങ്ങളുടെ ഫലമായാണ്, ഒരു കാലത്ത് ‘ഫ്രജൈൽ ഫൈവ്’ പട്ടികയിൽ പെട്ടിരുന്ന നാം, 12 വർഷത്തിനുള്ളിൽ ഒരു പ്രധാന സമ്പദ്വ്യവസ്ഥയായും അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായും മാറിയത്.
ഒരു രാഷ്ട്രം ഗവണ്മെന്റ് മാത്രം ഉൾക്കൊള്ളുന്നതല്ല; ഓരോ പൗരനും രാജ്യത്തിന്റെ ഭാഗമാണ്. അടുത്ത ദശകത്തിനുള്ളിൽ ഫോർച്യൂൺ 500 പട്ടികയിൽ 50 ഇന്ത്യൻ കമ്പനികൾ ഇടംനേടണമെന്ന് നമുക്ക് എന്തുകൊണ്ട് ആഗ്രഹിച്ചുകൂടാ? എന്തുകൊണ്ട് ഇതായിക്കൂടാ നമ്മുടെ ലക്ഷ്യം?
യു.പി.ഐ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ നാം നമ്മുടെ കഴിവുകൾ തെളിയിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ 100 മടങ്ങ് വർദ്ധിച്ചു. ഇനി, ഭാരതം അതിന്റെ ഡിജിറ്റൽ പൊതു സാങ്കേതികവിദ്യകൾ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കണം. അടുത്ത തലമുറയിലെ ആശയവിനിമയ സാങ്കേതികവിദ്യകളിൽ ഭാരതം നേതൃത്വം വഹിക്കണം.
ഇന്ന് ബാങ്കിംഗ് മേഖല അഭിവൃദ്ധി പ്രാപിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ബാങ്കുകൾക്കിടയിൽ ഒരു ഇന്ത്യൻ ബാങ്കിന്റെ പതാക എന്തുകൊണ്ട് പാറിക്കൂടാ? ലോകത്തെ മികച്ച അഞ്ച് ബാങ്കുകളിൽ ഒരു ഇന്ത്യൻ ബാങ്കും ഉണ്ടായിരിക്കണം.
സ്വാമിത്വ പദ്ധതിയിലൂടെ ഏകദേശം 3.25 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു, തൽഫലമായി ഏകദേശം 140 ലക്ഷം കോടി രൂപയുടെ ആസ്തികൾ ഉപയോഗപ്രദമായി. ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനും സ്വന്തമായി ബിസിനസ്സ് തുടങ്ങാനും ഇത് ജനങ്ങളെ പ്രാപ്തരാക്കും.
18. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ഭാരതത്തിൽ വിശ്വാസകേന്ദ്രങ്ങളും ആയുർവേദവും സമഗ്ര ആരോഗ്യസംരക്ഷണ സംവിധാനവുമുണ്ട്. ‘ഹീൽ ഇൻ ഇന്ത്യ’ മുന്നേറ്റത്തിലൂടെ ഭാരതത്തിന്റെ ശേഷി നമുക്ക് ലോകത്തിന് മുന്നിൽ എത്തിക്കാം.
ഫാർമസ്യൂട്ടിക്കൽ മേഖലയിൽ നമ്മൾ വലിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ലോകത്തെ ഏറ്റവും വലിയ അഞ്ച് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നോ രണ്ടോ ഇന്ത്യൻ കമ്പനികൾ ഇടംനേടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
കഴിഞ്ഞ അഞ്ച് മുതൽ ഏഴ് ദശാബ്ദങ്ങൾക്കിടയിൽ 25 കോടി ആളുകൾക്ക് മാത്രമേ സാമൂഹിക സുരക്ഷാ പരിരക്ഷ ലഭിച്ചിരുന്നുള്ളൂ, എന്നാൽ ഒരു ദശാബ്ദത്തിനുള്ളിൽ 100 കോടി പൗരന്മാർക്ക് നമ്മൾ പരിരക്ഷ നൽകിയിരിക്കുന്നു.
ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ, 70 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പോലും ഇപ്പോൾ 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നുണ്ട്.
19. വിദ്യാഭ്യാസ മന്ത്രാലയം
നമ്മൾ ബഹിരാകാശ മേഖല തുറന്നുകൊടുത്തു. നമ്മൾ ദേശീയ ഡ്രോൺ നയം രൂപീകരിച്ചു. നമ്മൾ ഖേലോ ഇന്ത്യ നയം അവതരിപ്പിച്ചു. 35 വർഷമായി പുതിയ വിദ്യാഭ്യാസ നയം ഉണ്ടായില്ല; നമ്മൾ പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നു, ഇത് ഇടത്തരം കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടു.
2004-നും 2014-നും ഇടയിൽ നമ്മുടെ രാജ്യത്ത് 350-ൽ താഴെ സർവകലാശാലകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന്, 10-12 വർഷത്തിനുള്ളിൽ, ഏകദേശം 650 പുതിയ സർവകലാശാലകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. നമ്മൾ 1,000 സർവകലാശാലകൾ എന്ന സംഖ്യയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
2014-ന് മുമ്പ് ഏകദേശം 400 മെഡിക്കൽ സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്; ഇന്ന് ഏകദേശം 850 മെഡിക്കൽ സീറ്റുകളുണ്ട്. അതുമാത്രമല്ല, വിദേശ സർവകലാശാലകളും ഇപ്പോൾ ഭാരതത്തിലേക്ക് വരുന്നുണ്ട്. നമ്മുടെ യുവാക്കൾക്ക് ഭാരതത്തിൽ പഠിക്കുമ്പോൾ തന്നെ വിദേശ സർവകലാശാലകളിൽ നിന്ന് ബിരുദം നേടാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്ക് കുട്ടിക്കാലം മുതൽ തന്നെ സാങ്കേതികവിദ്യയിൽ താല്പര്യം വളർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. അതിനാലാണ് കുട്ടികൾക്കായി 10,000-ത്തിലധികം അടൽ ടിങ്കറിംഗ് ലാബുകൾ നമ്മൾ ഒരുക്കിയിരിക്കുന്നത്, അതുവഴി അവർക്ക് നൂതനാശയത്തിലും സാങ്കേതികവിദ്യയിലും താല്പര്യം വളർത്തിയെടുക്കാൻ സാധിക്കും.
നമ്മുടെ യുവാക്കൾക്ക് വിവിധ പരീക്ഷകൾക്കായി സൗജന്യ ഓൺലൈൻ പരിശീലനം നൽകാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. നമുക്ക് ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളും മികച്ച പ്രതിഭകളും അധ്യാപകരുമുണ്ട്. ഈ വിഭവങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ട്, രാജ്യത്തെ യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകുന്നതിനായി സമ്പൂർണ്ണ ശൃംഖല സ്ഥാപിക്കാൻ നമ്മൾ പോകുകയാണ്.
20. യുവജനകാര്യ കായിക മന്ത്രാലയം
‘വികസിത ഭാരത’ത്തിലേക്കുള്ള യാത്രയിൽ യുവാക്കൾക്ക് വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കാനുള്ളത്. മാത്രമല്ല, വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ നമ്മുടെ രാജ്യത്തെ യുവാക്കളായിരിക്കും.
അതുകൊണ്ട്, വികസിത ഭാരതം എന്ന ലക്ഷ്യം നമ്മുടെ യുവാക്കളുമായി ബന്ധിപ്പിച്ചുകൊണ്ട് നാം മുന്നോട്ട് കൊണ്ടുപോകണം. യുവാക്കൾക്ക് ഉയർന്ന മുൻഗണന നൽകിക്കൊണ്ട് നാം മുന്നേറണം.
കഴിഞ്ഞ 10-12 വർഷത്തിനിടയിൽ ഈ ദിശയിൽ വലിയ കാര്യങ്ങൾ സംഭവിച്ചു. ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ പ്രചാരണത്തിന്റെ ഫലമായി ഇന്ന് രാജ്യത്തുടനീളം 2.5 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുണ്ട്.
നമ്മുടെ രാജ്യത്തെ യുവാക്കൾ സ്വയം തൊഴിൽ സൃഷ്ടിക്കുക മാത്രമല്ല, മറ്റ് പലർക്കും തൊഴിൽ നൽകുകയും ചെയ്യുന്നുണ്ട്.
ഗവണ്മെന്റ് 1 ലക്ഷം കോടി രൂപയുടെ ഇന്നൊവേഷൻ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ യുവാക്കളോട് എനിക്ക് പറയാനുള്ളത്: നിങ്ങളുടെ സ്വപ്നങ്ങൾ ഞങ്ങളുടെ അടുക്കൽ എത്തിക്കുക; വിഭവങ്ങളുടെ കുറവുണ്ടാകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും.
ഡിജിറ്റൽ ഇന്ത്യയിലൂടെയുള്ള പുതിയ ഗവേഷണ അവസരങ്ങളും കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും നമ്മുടെ യുവാക്കളെ ശാക്തീകരിച്ചു.
ശരാശരി 28 വയസ്സ് മാത്രം പ്രായമുള്ള യുവാക്കൾ ആരംഭിച്ച ഇന്ത്യൻ സ്വകാര്യ സ്റ്റാർട്ടപ്പുകൾ, തങ്ങളുടെ ആദ്യ ശ്രമങ്ങളിൽ തന്നെ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ഇന്ന് 2.5 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുണ്ട്. നമ്മൾ അടുത്തിടെ AI ഇംപാക്ട് ഉച്ചകോടി സംഘടിപ്പിക്കുകയുണ്ടായി. നിർമ്മിതബുദ്ധിയുടെ വ്യാപ്തി അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് രാജ്യത്തെ യുവാക്കൾക്കായി ഒരു പ്രഖ്യാപനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ, 1 കോടി യുവാക്കൾക്ക് നിർമ്മിതബുദ്ധി സാങ്കേതികവിദ്യയിൽ പരിശീലനം നൽകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു, അതിലൂടെ നിർമ്മിതബുദ്ധിയുടെ ലോകത്ത് നേതൃത്വം നൽകാനുള്ള ശേഷി നമ്മുടെ രാജ്യത്തെ യുവാക്കൾക്കുണ്ടാകും.
നമ്മുടെ രാജ്യത്തെ യുവാക്കൾ ജൈവ സമ്പദ്വ്യവസ്ഥയിൽ തങ്ങളുടെ ശേഷി തെളിയിച്ചിട്ടുണ്ട്. 2014-ന് മുമ്പ്, ഈ മേഖലയ്ക്ക് 60,000 കോടി രൂപയുടെ വിറ്റുവരവ് മാത്രമാണുണ്ടായിരുന്നത്; എന്നാൽ ഇന്ന് നമ്മുടെ ജൈവ സമ്പദ്വ്യവസ്ഥ 20 ലക്ഷം കോടി രൂപയിൽ എത്തിനിൽക്കുന്നു,
സുഹൃത്തുക്കളേ.
ടോപ്സ് (TOPS) പദ്ധതി വൻ വിജയം കൈവരിച്ചിട്ടുണ്ട്. ഖേലോ ഇന്ത്യ ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ്, വിന്റർ ഗെയിംസ്, ബീച്ച് ഗെയിംസ്, കായിക അടിസ്ഥാന സൗകര്യങ്ങൾ, കായിക പരിശീലനം, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് ന്യൂട്രീഷൻ — ഈ എല്ലാ മേഖലകളിലും ഭാരതം ഇപ്പോൾ മികവിലേക്ക് കുതിക്കുകയാണ്.
കായികരംഗത്ത് ഭാരതത്തിന്റെ പ്രകടനം മെച്ചപ്പെട്ടുവരികയാണ്, 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ശക്തരായ മത്സരാർത്ഥികളായി നമ്മൾ മുന്നോട്ടുപോവുകയാണ്. 2030 ലെ കോമൺവെൽത്ത് ഗെയിംസിനും ഭാരതം ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്.
2036 ലെ ഒളിമ്പിക്സ് ഭാരതത്തിൽ തന്നെ നടക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ 2036-ൽ, ഭാരതം ഇതുവരെ മത്സരിക്കാത്തതോ യോഗ്യത നേടാത്തതോ ആയ കായിക ഇനങ്ങളും, ഭാരതത്തിന്റെ സാന്നിധ്യമില്ലാതിരുന്ന ഇനങ്ങളും ഉണ്ടാകും.
അവസരങ്ങളുടെ ഭൂരിഭാഗവും ഇപ്പോഴും നമ്മെ കാത്തിരിക്കുകയാണ്. ഭാരതം ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും, ഇതിനായി പ്രതിഭകളെ കണ്ടെത്തൽ (ടാലന്റ് ഹണ്ട്) പ്രചാരണം ആരംഭിക്കാനും നമ്മൾ ആഗ്രഹിക്കുന്നു.
5 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി ഗ്രാമങ്ങളിലും നഗരങ്ങളിലും സ്കൂളുകളിലും പ്രതിഭാ അന്വേഷണ പ്രചാരണം നടത്തും. അവരുടെ കഴിവുകൾ വിലയിരുത്തപ്പെടുകയും രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയുന്ന മികച്ച കായികതാരങ്ങളായി അവരെ വളർത്തിയെടുക്കാൻ പ്രത്യേക പരിശീലനം നൽകുകയും ചെയ്യും.
രാജ്യത്തിനും രാജ്യത്തെ യുവാക്കൾക്കും മയക്കുമരുന്ന് ആസക്തി വലിയൊരു വെല്ലുവിളിയായി മാറുകയാണ്. ലഹരിമുക്ത ഭാരതം (നശാ മുക്ത് ഭാരത്) എന്നത് നമ്മളെല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമായിരിക്കണം.
21. ബഹിരാകാശ വകുപ്പ്
എന്റെ ‘സപ്തധാര’യുടെ മൂന്നാമത്തെ ശക്തി സാങ്കേതികവിദ്യയും നൂതനാശയവുമാണ്. ഇന്ന് നിർമ്മിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, ബഹിരാകാശം, റോബോട്ടിക്സ്, ഡാറ്റാ സെന്ററുകൾ എന്നിവയുടെ യുഗമാണ്; തികച്ചും പുതിയൊരു മേഖല ഇവിടെ തുറന്നിരിക്കുന്നു.
ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ നമ്മെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്; അതിനാൽ, രാജ്യത്തെ ലോകത്തിന്റെ ഒരു വിപണിയായി മാത്രം മാറ്റാൻ നമ്മൾ അനുവദിക്കരുത് — നമ്മൾ നൂതനാശയങ്ങളുടെ കേന്ദ്രമായി മാറണം.
നമ്മൾ ബഹിരാകാശ മേഖല തുറന്നുകൊടുത്തു. നമ്മൾ ദേശീയ ഡ്രോൺ നയവും ഖേലോ ഇന്ത്യ നയവും രൂപീകരിച്ചു. 35 വർഷമായി പുതിയൊരു വിദ്യാഭ്യാസ നയം ഉണ്ടായിരുന്നില്ല, എന്നാൽ നമ്മൾ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചു, ഇത് ഇടത്തരം കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടു.
22. വനിതാ ശിശു വികസന മന്ത്രാലയം
രാഷ്ട്രനിർമ്മാണത്തിൽ നമ്മുടെ സഹോദരിമാരുടെയും പുത്രിമാരുടെയും സംഭാവന ഇന്ന് നമുക്കെല്ലാവർക്കും വലിയൊരു പ്രചോദനമായി നിലകൊള്ളുന്നു. യുദ്ധവിമാനങ്ങളിലായാലും സിവിൽ വ്യോമയാനത്തിലായാലും നമ്മുടെ പെൺമക്കൾ മുൻപന്തിയിലുണ്ട്.
3 കോടി സഹോദരിമാരെ ‘ലഖ്പതി ദീദി’കളാക്കുക എന്ന ലക്ഷ്യമാണ് നാം നിശ്ചയിച്ചിരുന്നത്, നമ്മൾ ആ ലക്ഷ്യം മറികടന്നു. ഇപ്പോൾ 6 കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പുതിയ 3 കോടി ലഖ്പതി ദീദിമാരുടെ സൃഷ്ടി, സ്ത്രീശക്തിയാൽ നയിക്കപ്പെടുന്ന ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ വൻ പരിവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്ന്, ചുവപ്പുകോട്ടയുടെ കൊത്തളത്തിലെ ത്രിവർണ്ണ പതാകയുടെ നിഴലിൽ നിന്നുകൊണ്ട്, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളോടും ഞാൻ അഭ്യർത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു; നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും നിയമസഭകളിലും ലോകസഭയിലും എത്രയും വേഗം 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സ്ത്രീകളെ ബഹുമാനിക്കാൻ നിങ്ങൾ മുന്നോട്ട് വരണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. അതിലൂടെ ഇന്ത്യയുടെ നയരൂപീകരണത്തിന് സംഭാവന നൽകാൻ അവർക്ക് സാധിക്കുമെന്ന് കരുതുന്നു.
ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്, ഞാൻ ഒരിക്കൽ കൂടി എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു, വനിതാ സംവരണം നടപ്പിലാക്കിക്കൊണ്ട് സ്ത്രീകളെ ബഹുമാനിക്കുക എന്ന ലക്ഷ്യത്തിൽ പങ്കാളികളാകൂ, അതിന്റെ പ്രശസ്തിയും ബഹുമതിയും നിങ്ങൾ തന്നെ എടുത്തോളൂ, പക്ഷേ എന്റെ അമ്മമാർക്കും സഹോദരിമാർക്കും അവരുടെ അവകാശങ്ങൾ നൽകൂ.
23. സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം
ഈ ശ്രമങ്ങളെ ഞാൻ ബഹുമാനപൂർവ്വം അംഗീകരിക്കുന്നു; ഇതിന്റെ ഫലമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ 25 കോടി പൗരന്മാർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാകുകയും അതിൽ നിന്ന് കരകയറുകയും ചെയ്തത്.
കഴിഞ്ഞ 5-7 ദശാബ്ദങ്ങൾക്കിടയിൽ 25 കോടി ജനങ്ങൾ മാത്രമാണ് ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതെങ്കിൽ, വെറും ഒറ്റ ദശാബ്ദത്തിനുള്ളിൽ നമ്മൾ 100 കോടി പൗരന്മാർക്ക് സാമൂഹിക സുരക്ഷയുടെ സംരക്ഷണ കവചം ഒരുക്കിയിട്ടുണ്ട്.
മൂന്നു കോടി സഹോദരിമാരെ ‘ലഖ്പതി ദീദിമാർ’ ആക്കുക എന്ന ലക്ഷ്യമാണ് നമ്മൾ മുന്നോട്ട് വെച്ചിരുന്നത്, നമ്മൾ ആ ലക്ഷ്യം മറികടന്നു. ഇപ്പോൾ 6 കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മൾ മുന്നേറുന്നത്.
പുതിയ 3 കോടി ലഖ്പതി ദീദിമാരുടെ സൃഷ്ടി, സ്ത്രീശക്തി നയിക്കുന്ന ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ വൻ പരിവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്.
ഓരോ വർഷവും പാവപ്പെട്ടവർക്കായി ശൗചാലയങ്ങൾ നിർമ്മിക്കുന്ന ജോലി നാലിരട്ടി വേഗതയിലാണ് ചെയ്തത്.
പാവപ്പെട്ടവർക്ക് വീടുകൾ നൽകുന്ന ജോലി ഓരോ വർഷവും മൂന്നിരട്ടി വേഗതയിലാണ് നടന്നത്.
ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ, 70 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പോലും ഇപ്പോൾ 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ട്.
24. ഗോത്രവർഗ്ഗ കാര്യ മന്ത്രാലയം
കഴിഞ്ഞ 12 വർഷത്തിനിടയിൽ, ദളിതർ, മർദ്ദിതർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, ഗോത്രവർഗ്ഗക്കാർ; ഗ്രാമങ്ങളിലോ നഗരങ്ങളിലോ ഉള്ളവർ; പാവപ്പെട്ടവരോ ഇടത്തരക്കാരോ; യുവാക്കളോ മുതിർന്നവരോ; സ്ത്രീകളോ പുരുഷന്മാരോ; വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നുള്ള ആളുകളോ ആകട്ടെ — രാജ്യത്തുടനീളമുള്ള എണ്ണമറ്റ പൗരന്മാർ, പങ്കിട്ട നിശ്ചയദാർഢ്യത്തോടും അർപ്പണ മനോഭാവത്തോടും കൂടി രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും പരിശ്രമിച്ചിട്ടുണ്ട്.
25. ഗ്രാമവികസന മന്ത്രാലയം
മുമ്പത്തേക്കാൾ ശരാശരി 15 മടങ്ങ് വേഗത്തിൽ നമ്മൾ കുടിവെള്ള പൈപ്പ് കണക്ഷനുകൾ നൽകി. ഗ്യാസ് കണക്ഷനുകൾ ഓരോ വർഷവും ശരാശരി ആറിരട്ടി വേഗതയിലാണ് ജനങ്ങൾക്ക് ലഭ്യമാക്കിയത്.
ഓരോ വർഷവും പാവപ്പെട്ടവർക്കായി ശൗചാലയങ്ങൾ നിർമ്മിക്കുന്ന ജോലി നാലിരട്ടി വേഗതയിലാണ് നടന്നത്. ദരിദ്രർക്ക് വീടുകൾ നൽകുന്ന ജോലി ഓരോ വർഷവും മൂന്നിരട്ടി വേഗതയിലാണ് ചെയ്തത്.
3 കോടി സഹോദരിമാരെ ‘ലഖ്പതി ദീദിമാർ’ ആക്കി ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് നമ്മൾ മുന്നോട്ട് വെച്ചിരുന്നത്, നമ്മൾ ആ ലക്ഷ്യം മറികടന്നു. ഇപ്പോൾ 6 കോടി ‘ലഖ്പതി ദീദിമാരെ’ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നമ്മൾ മുന്നോട്ട് പോകുകയാണ്.
പുതിയ 3 കോടി ‘ലഖ്പതി ദീദിമാരുടെ’ സൃഷ്ടി, സ്ത്രീശക്തി നയിക്കുന്ന ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ വൻ പരിവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്.
26. ജൽ ശക്തി മന്ത്രാലയം
ശരാശരി, ഓരോ വർഷവും 15 മടങ്ങ് വേഗത്തിൽ നമ്മൾ കുടിവെള്ള പൈപ്പ് കണക്ഷനുകൾ ലഭ്യമാക്കി.
ഓരോ വർഷവും ശൗചാലയങ്ങൾ നിർമ്മിക്കുന്ന ജോലി നാലിരട്ടി വേഗതയിലാണ് ചെയ്തത്.
27. വ്യോമയാന മന്ത്രാലയം
യുവാക്കൾക്കായി വ്യോമയാന മേഖലയും അതിവേഗം വളരുകയാണ്. പുതിയ വിമാനത്താവളങ്ങൾ, പുതിയ വ്യോമപാതകൾ, പുതിയ തൊഴിലവസരങ്ങൾ എന്നിവ സൃഷ്ടിക്കപ്പെടുന്നു.
അറ്റകുറ്റപ്പണികളും ഓവർഹോളിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ രാജ്യത്തുടനീളമുള്ള ധാരാളം വിദഗ്ദ്ധ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നു.
‘മേഡ് ഇൻ ഇന്ത്യ’ വിമാനങ്ങൾ നിർമ്മിക്കുന്ന ദിശയിൽ നമ്മൾ വിജയം കൈവരിച്ചിട്ടുണ്ട്.
‘മേഡ് ഇൻ ഇന്ത്യ’ C295 പ്രതിരോധ ഗതാഗത വിമാനം ഇതിനകം തന്നെ വിജയകരമായി കന്നിപ്പറക്കൽ പൂർത്തിയാക്കിക്കഴിഞ്ഞു.
28. ശാസ്ത്ര സാങ്കേതിക വകുപ്പ്
ഇന്ത്യാ ഗവണ്മെന്റ് 1 ലക്ഷം കോടി രൂപയുടെ ഇന്നൊവേഷൻ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ യുവാക്കളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ സ്വപ്നങ്ങളുമായി വരൂ, വിഭവങ്ങളുടെ കുറവുണ്ടാകാൻ ഞങ്ങൾ അനുവദിക്കില്ല.
നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്ക് കുട്ടിക്കാലം മുതൽ തന്നെ സാങ്കേതികവിദ്യയിൽ താല്പര്യം വളർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമ്മൾ പ്രവർത്തിക്കുന്നു. അതിനാലാണ് കൊച്ചുകുട്ടികൾക്കായി 10,000-ത്തിലധികം അടൽ ടിങ്കറിംഗ് ലാബുകൾ നമ്മൾ ഒരുക്കിയിരിക്കുന്നത്, അതുവഴി അവർക്ക് നൂതനാശയങ്ങളിലും സാങ്കേതികവിദ്യയിലും താല്പര്യം വളർത്തിയെടുക്കാൻ സാധിക്കും.
‘ഡിജിറ്റൽ ഇന്ത്യ’യ്ക്ക് കീഴിൽ പുതിയ ഗവേഷണ അവസരങ്ങളും കുറഞ്ഞ നിരക്കിലുള്ള ഡാറ്റയുടെ ലഭ്യതയും യുവാക്കളെ ശാക്തീകരിച്ചു.
29. ജൈവസാങ്കേതികവിദ്യാ വകുപ്പ്
രാജ്യത്തെ യുവശക്തി ജൈവ സമ്പദ്വ്യവസ്ഥയിൽ തങ്ങളുടെ ശേഷി തെളിയിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, 2014-ന് മുമ്പ് 60,000 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ജൈവ സമ്പദ്വ്യവസ്ഥ ഇന്ന് 20 ലക്ഷം കോടി രൂപയിൽ എത്തിനിൽക്കുന്നു.
30. ഘന വ്യവസായ മന്ത്രാലയം
2009-10 കാലഘട്ടത്തിൽ വെറും 1.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വിപണനം മാത്രമാണുണ്ടായിരുന്നത്; എന്നാൽ 2025-26-ൽ 25 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടു.
31. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം
ചുവപ്പുകോട്ടയിൽ നിന്ന് രാജ്യത്തെ യുവാക്കൾക്കായി ഒരു പ്രഖ്യാപനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. വരും ഒരു വർഷത്തിനുള്ളിൽ 1 കോടി യുവാക്കൾക്ക് നിർമ്മിതബുദ്ധി സാങ്കേതികവിദ്യയിൽ പരിശീലനം നൽകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു, അതിലൂടെ നിർമ്മിതബുദ്ധിയുടെ ലോകത്ത് നേതൃത്വം വഹിക്കാനുള്ള ശേഷി നമ്മുടെ രാജ്യത്തെ യുവാക്കൾക്കുണ്ടാകും.
വ്യോമയാന മേഖലയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്, ഇത് നമ്മുടെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. പുതിയ വിമാനത്താവളങ്ങളും വ്യോമപാതകളും പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നു.
അറ്റകുറ്റപ്പണികളും ഓവർഹോളിംഗും പോലുള്ള പ്രവർത്തനങ്ങൾ രാജ്യത്തുടനീളമുള്ള വലിയൊരു വിഭാഗം വിദഗ്ദ്ധ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നു.
‘മേഡ് ഇൻ ഇന്ത്യ’ വിമാനങ്ങൾ നിർമ്മിക്കുന്നതിൽ നമ്മൾ വിജയം കൈവരിച്ചിട്ടുണ്ട്; ‘മേഡ് ഇൻ ഇന്ത്യ’ C295 പ്രതിരോധ ഗതാഗത വിമാനം ഇതിനകം തന്നെ വിജയകരമായി കന്നിപ്പറക്കൽ പൂർത്തിയാക്കിക്കഴിഞ്ഞു.
32. നിയമ-നീതി മന്ത്രാലയം
ഭരണനിർവ്വഹണത്തിലും രാജ്യം വലിയ പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് നിയമ നടപടിക്രമങ്ങൾ ഒഴിവാക്കുകയും കാലഹരണപ്പെട്ട നൂറുകണക്കിന് നിയമങ്ങൾ റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങൾക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടുമായി പൊരുത്തപ്പെടാൻ കഴിയില്ല.
ഇതുമായി ബന്ധപ്പെട്ട്, സംസ്ഥാന ഗവണ്മെന്റുകളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു — നമ്മൾ പരിഷ്കാരങ്ങളുടെ ആക്കം കൂട്ടണം—ഇത് നിങ്ങളുടെ മാത്രമല്ല കേന്ദ്ര ഗവൺമെന്റിന്റന്റെയും ഉത്തരവാദിത്തമാണ്.
2047-ലെ കാഴ്ചപ്പാടിനനുസരിച്ച് നമ്മുടെ സംവിധാനങ്ങളെ വികസിപ്പിച്ചെടുക്കണം. മുൻകാലങ്ങളിലെ നയങ്ങളും നിയമങ്ങളും അനുസരിച്ച് നമുക്ക് ജീവിക്കാൻ കഴിയില്ല. ഭാവിയുടെ പ്രതീക്ഷകൾക്ക് അനുയോജ്യമായ നയങ്ങളും നിയമങ്ങളും നാം രൂപീകരിക്കണം.
33. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ളിമെന്റേഷൻ മന്ത്രാലയം /ഇന്ത്യ സെൻസസ്
സെൻസസ് നടപടികൾ പുരോഗമിക്കുകയാണ്, വിവരശേഖരണം നടന്നുകൊണ്ടിരിക്കുന്നു. കണക്കെടുപ്പ് എന്നത് വെറും സംഖ്യകളുടെ മാത്രം കാര്യമല്ല.
ഈ വിവരങ്ങളിലെ സൂക്ഷ്മതകളാണ് നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതും, പുരോഗതിയിലേക്കുള്ള രൂപരേഖ തയ്യാറാക്കാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതും; അതിനാൽ കൃത്യമായ വിവരങ്ങൾ ഉണ്ടായിരിക്കേണ്ടത് വളരെ നിർണായകമാണ്.
രാജ്യത്തെ യുവാക്കളോട് തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഫോം പൂർണ്ണമായി മനസ്സിലാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
നോക്കൂ, രാജ്യം ഇത്രയും വലിയൊരു ദൗത്യം നിർവ്വഹിക്കുകയും രാജ്യത്തിന്റെ സമയവും ഊർജ്ജവും ശരിയായ കാര്യത്തിനായി വിനിയോഗിക്കപ്പെടുകയും ചെയ്യും; അതിനാൽ ഈ സെൻസസ് പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകാൻ രാജ്യത്തെ യുവാക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു.
34. വാണിജ്യ വ്യവസായ മന്ത്രാലയം / ഫാർമസ്യൂട്ടിക്കൽ വകുപ്പ്
ഔഷധ നിർമ്മാണ മേഖലയിൽ നമ്മൾ വലിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ലോകത്തെ ഏറ്റവും വലിയ അഞ്ച് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നോ രണ്ടോ ഇന്ത്യൻ കമ്പനികൾ തങ്ങളുടെ മുദ്ര പതിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
നമ്മുടെ കൺസൾട്ടിംഗ് സ്ഥാപനങ്ങളും അക്കൗണ്ടിംഗ് സ്ഥാപനങ്ങളും ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെ പട്ടികയിൽ എന്തുകൊണ്ട് ഇടംപിടിച്ചുകൂടാ? ഇന്ത്യൻ സാങ്കേതികവിദ്യ കമ്പനികൾ ആഗോള നേതൃ സ്ഥാനത്ത് എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
ലോകത്തെ ആകർഷിക്കുന്ന ബ്രാൻഡുകൾ നമുക്കുണ്ടായിരിക്കണം. നമ്മുടെ ബ്രാൻഡുകളെ രാജ്യത്തിന്റെ സ്വത്വവും ലോകത്തിന്റെ ലക്ഷ്യസ്ഥാനവുമാക്കി മാറ്റാൻ നാം പ്രവർത്തിക്കണം.
35. വികസിത ഭാരതം
ഒരു രാജ്യം ഗവൺമെന്റിനാൽ മാത്രം രൂപപ്പെടുന്നതല്ല; അത് ഓരോ പൗരനിലൂടെയുമാണ് സൃഷ്ടിക്കപ്പെടുന്നത്. ഫോർച്യൂൺ 500-നെ കുറിച്ച് നമ്മൾ ഒരുപാട് കേൾക്കുന്ന കാര്യം അറിവുള്ളതല്ലേ? വരും ദശകത്തിനുള്ളിൽ ഈ ഫോർച്യൂൺ 500 കമ്പനികളിൽ 50 എണ്ണം ഇന്ത്യയിൽ നിന്നുള്ളവയായിരിക്കണമെന്ന ലക്ഷ്യം നമുക്ക് എന്തുകൊണ്ട് സങ്കൽപ്പിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്തുകൂടാ?
ലോകത്തെ ആകർഷിക്കുന്ന ബ്രാൻഡുകൾ നമുക്കുണ്ടായിരിക്കണം. നമ്മുടെ ബ്രാൻഡുകളെ നമ്മുടെ രാജ്യത്തിന്റെ സ്വത്വവും ലോകത്തിന് മുന്നിലെ ലക്ഷ്യസ്ഥാനവുമാക്കി മാറ്റാൻ നാം പ്രവർത്തിക്കണം.
ഇതുമായി ബന്ധപ്പെട്ട്, സംസ്ഥാന ഗവണ്മെന്റുകളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു — ഇത് കേന്ദ്ര സർക്കാരിന്റെയും ഉത്തരവാദിത്തമാണ് — നമ്മൾ പരിഷ്കാരങ്ങളുടെ ആക്കം കൂട്ടണം.
2047-ലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നാം നമ്മുടെ സംവിധാനങ്ങളെ വികസിപ്പിച്ചെടുക്കണം. കഴിഞ്ഞ കാലങ്ങളിലെ നയങ്ങളെയും നിയമങ്ങളെയും മാത്രം നമുക്ക് ആശ്രയിക്കാൻ കഴിയില്ല, പകരം ഭാവിയെക്കുറിച്ചുള്ള നമ്മുടെ ആഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന നയങ്ങളാണ് നമ്മൾ രൂപീകരിക്കേണ്ടത്.
ചുവപ്പുകോട്ടയിൽ നിന്ന് ഞാൻ ‘പഞ്ചപ്രാൺ’ (അഞ്ച് പ്രതിജ്ഞകൾ) എന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഈ അഞ്ച് പ്രതിജ്ഞകൾ രാജ്യത്തിന് വലിയ കരുത്ത് പകരുകയും ആത്മാഭിമാനത്തോടെയും ലക്ഷ്യങ്ങളെ മറികടക്കാനുള്ള ശേഷിയോടെയും മുന്നോട്ട് പോകാൻ രാജ്യത്തെ ശാക്തീകരിക്കുകയും ചെയ്തു. അടിമത്ത മനോഭാവത്തെ ഓരോ നിമിഷവും നമ്മൾ തുടച്ചുനീക്കിക്കൊണ്ടിരിക്കണം.
സ്വാർത്ഥതയ്ക്ക് മുകളിലായിരിക്കണം രാഷ്ട്രതാൽപര്യം. നമ്മുടെ സ്വന്തം താൽപ്പര്യങ്ങൾക്ക് മുകളിലായിരിക്കണം രാഷ്ട്രതാൽപര്യം, കടമ നമ്മുടെ സ്വത്വമായിരിക്കണം. എല്ലാ നാട്ടുകാരോടും എനിക്ക് പറയാനുള്ളത്: ഇത് നമ്മുടെ സമയമാണ്, നമ്മുടെ അവസരമാണ്, നമ്മുടെ നിശ്ചയദാർഢ്യമാണ്, നമുക്ക് നമ്മുടെ സ്വപ്നങ്ങളെ നിശ്ചയദാർഢ്യമായും, നിശ്ചയദാർഢ്യത്തെ ശക്തിയായും, ശക്തിയെ വിജയമായും മാറ്റാം.
ഓരോ ചുവടും വികസനത്തിന്റെ പടവുകളാക്കി മാറ്റാം, നമുക്ക് കൈകോർത്തു മുന്നേറാം, നമ്മുടെ മനസ്സുകളെ ഒന്നിപ്പിക്കാം, ലക്ഷ്യവുമായി നമുക്ക് ബന്ധം പുലർത്താം, ഒരു ദീപം ആയിരം ദീപങ്ങൾക്ക് വെളിച്ചമേകും, നമുക്ക് ഒന്നിച്ച് വികസിത ഇന്ത്യ കെട്ടിപ്പടുക്കാം.
-SK-