Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ വികസനം പ്രധാനമന്ത്രി വിലയിരുത്തി

പ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ വികസനം പ്രധാനമന്ത്രി വിലയിരുത്തി


പ്രധാന അടിസ്ഥാനസൗകര്യ മേഖലകളുടെ വികസനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി. നീതി ആയോഗ് നടത്തിയ അവതരണത്തില്‍ വ്യക്തമായത് പുനരുപയോഗിക്കാവുന്ന ഊര്‍ജം, റെയില്‍വേ തുടങ്ങി ഒട്ടേറെ പ്രധാന മേഖലകളില്‍ നിര്‍ണായക പുരോഗതി നേടാനായിട്ടുണ്ടെന്നാണ്.

പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജമേഖലയികളില്‍ ആകെ സ്ഥാപിതശേഷി 44 ജിഗാ വാട്‌സിനു മീതെ ആയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന നയങ്ങളിലെ വിവിധ പദ്ധതികളും വിവിധ ഘടകങ്ങളും ഉദ്ദേശിച്ചവിധം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. മേല്‍ക്കൂരകളില്‍ നിന്ന് ഉള്‍പ്പെടെ സൗരോര്‍ജ ഉല്‍പാദനം ഇനിയും വര്‍ധിപ്പിക്കാനുള്ള പദ്ധതികളും നയങ്ങളും പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിക്കപ്പെട്ടു.

വ്യോമഗതാഗത മേഖലയില്‍ സുരക്ഷ, കണക്റ്റിവിറ്റി തുടങ്ങിയ പ്രധാന മേഖലകളില്‍ ഉണ്ടായ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. എട്ട് ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ അതതു മേഖലയിലുള്ള മികച്ച ആദ്യത്തെ അഞ്ചു വിമാനത്താവളങ്ങളില്‍ പെടുന്നവയാണെന്നതു ശ്രദ്ധിക്കപ്പെട്ടു. മേഖലാതല കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനും വിമാനത്താവളങ്ങളിലെ ഉപഭോക്തൃ സംതൃപ്തി സൂചികകള്‍ മെച്ചപ്പെടുത്താനും കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിക്കപ്പെട്ടു.
നിത്യേന 2.25 കോടി യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യന്‍ റെയില്‍വേക്കു സാധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 240 ആളില്ലാ ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കി. ഇതേ കാലയളവില്‍ ഊര്‍ജമേഖലയിലാകട്ടെ, 3.5 കോടി എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു.

കപ്പലുകള്‍ നിര്‍ത്തിയിടേണ്ടിവരുന്ന സമയം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചുവെന്നതാണു തുറമുഖ മേഖലയിലെ പ്രധാന നേട്ടം.
ഗ്രാമീണ പാര്‍പ്പിട മേഖലയില്‍ ഈ കാലയളവില്‍ 6.94 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ആറു ലക്ഷം വീടുകള്‍ നിര്‍മിക്കാനായിരുന്നു ലക്ഷ്യംവെച്ചിരുന്നത്.

പെട്രോളിയം-പ്രകൃതിവാതക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തവേ, പെട്രോളില്‍ എഥനോള്‍ ചേര്‍ത്ത് ഉപയോഗിച്ചു തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എവിടംവരെ എത്തിയെന്നു പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. 2016 സാമ്പത്തിക വര്‍ഷത്തില്‍ 15 കോടി കുടുംബങ്ങളിള്‍ക്കുള്ള പാചകവാതക വിതരണം നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതി പ്രകാരമാക്കിയതായി പ്രധാനമന്ത്രിക്കു മുന്നില്‍ വെളിപ്പെടുത്തപ്പെട്ടു.

വിവിധ അടിസ്ഥാനസൗകര്യ മന്ത്രാലയങ്ങളിലെയും നീതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.