Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിനോദസഞ്ചാര രംഗത്തെ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും കിര്‍ഗിസ്ഥാനും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിനു മന്ത്രിസഭയുടെ അനുമതി


വിനോദസഞ്ചാര രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവും കിര്‍ഗിസ്ഥാന്‍ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക, വിനോദസഞ്ചാര, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഇരു രാഷ്ട്രങ്ങളുടെയും സാമ്പത്തിക വികസനത്തിന് ഉതകുംവിധം വിനോദസഞ്ചാരം വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സൃഷ്ടിപരമായ ചര്‍ച്ചകള്‍ നടത്താന്‍ ധാരണാപത്രം സഹായകമാകും.

വിനോദസഞ്ചാര മേഖലയില്‍ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുക, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുക, ഹോട്ടലുകളും വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നവരും ഉള്‍പ്പെടെ വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, വിനോദസഞ്ചാര മേഖലയില്‍ നിക്ഷേപമുണ്ടാക്കുക, ഇരുവഴിക്കുമുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ഓരോ രാജ്യത്തും വിനോദസഞ്ചാര രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിപ്രായ സ്വരൂപണം നടത്തുന്നവര്‍ക്കും മറ്റേ രാജ്യം സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും നടത്താനും വിപണനം ചെയ്യാനുമുള്ള അനുഭവജ്ഞാനം പങ്കുവെക്കുക, ഒരു രാജ്യത്തു നടക്കുന്ന വിനോദയാത്രാ പ്രദേര്‍ശനങ്ങളില്‍ സംബന്ധിക്കാന്‍ മറ്റേ രാഷ്ട്രത്തിലുള്ളവര്‍ക്ക് അവസരമൊരുക്കുക, സുരക്ഷിതവും മാന്യവുമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നിവയാണു ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

സി.ഐ.എസ്. രാഷ്ട്രങ്ങളില്‍ പെട്ട കിര്‍ഗിസ്ഥാന്‍ കസാഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. ഇന്ത്യയും കിര്‍ഗിസ്ഥാനും തമ്മില്‍ ശക്തമായ നയതന്ത്രബന്ധവും ദീര്‍ഘകാല സാമ്പത്തിക പങ്കാളിത്തവുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കിര്‍ഗിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഇപ്രകാരമാണ്: 2012- 1348, 2013- 2103, 2014- 2479, 2015- 2729, 2016 (ജനുവരി മുതല്‍ നവംബര്‍ വരെ)- 2883.