പിഎം ഇന്ത്യ
1. തടസ്സമില്ലാത്തതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ഒരു ഇൻഡോ-പസഫിക് മേഖല എന്ന പൊതു വീക്ഷണം പങ്കിടുന്ന പ്രത്യേക തന്ത്രപ്രധാന പങ്കാളികളാണ് ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും.
2. നമ്മുടെ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമെന്നത് ദീർഘകാലത്തേക്കുള്ളതും വിശ്വസനീയവുമായ സാമ്പത്തിക-ഊർജ്ജ വിഭവ പങ്കാളിത്തമാണ്. തുറന്ന വിപണികളോടും നിയമങ്ങൾക്കനുസൃതമായ വ്യാപാരത്തോടുമുള്ള പങ്കിട്ട പ്രതിബദ്ധതയിൽ അധിഷ്ഠിതമായ ഈ പങ്കാളിത്തം, നമ്മുടെ സമൃദ്ധിക്കും സാമ്പത്തിക സുരക്ഷയ്ക്കും കരുത്തുപകരുന്നു. ഈ പങ്കിട്ട തത്വങ്ങൾ പുനഃസ്ഥാപിക്കുന്നതും വ്യവസായങ്ങളിലും വിപണികളിലും നിലവിലുള്ള സാഹചര്യം ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കുന്നതും ഈ സമയത്ത് അത്യന്താപേക്ഷിതമാണ്.
3. ഇന്ത്യ-ROK (റിപ്പബ്ലിക് ഓഫ് കൊറിയ) സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെയും (CEPA) പ്രസക്തമായ ഉഭയകക്ഷി ചട്ടക്കൂടുകളിലൂടെയും നമ്മുടെ ഊർജ്ജ വിഭവ വ്യാപാരവും നിക്ഷേപ സഹകരണവും മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ പരിശ്രമിക്കുന്നു. റിപ്പബ്ലിക് ഓഫ് കൊറിയയിലേക്കുള്ള നാഫ്തയുടെയും മറ്റ് പെട്രോളിയം ഫീഡ്സ്റ്റോക്കുകളുടെയും പ്രധാന വിതരണക്കാരാണ് ഇന്ത്യ. അതേസമയം ഇന്ത്യയിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെയും ലൂബ്രിക്കന്റ് ബേസ് ഓയിലുകളുടെയും മുൻനിര വിതരണക്കാരാണ് റിപ്പബ്ലിക് ഓഫ് കൊറിയ.
4. മേഖലാതലത്തിലുള്ള സഹകരണം ആഴത്തിലാക്കുന്നതിലൂടെയും ഊർജ്ജ പരിവർത്തനം വേഗത്തിലാക്കുന്നതിലൂടെയും ഊർജ്ജ വിഭവങ്ങൾക്കായുള്ള തുറന്ന വ്യാപാര ക്രമീകരണങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും ഊർജ്ജ വിഭവ വിതരണ ശൃംഖലയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വിപണിസ്ഥിരതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകൾ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നതിനുമായി പ്രധാന എൽ.എൻ.ജി ഉപഭോക്തൃ രാജ്യങ്ങൾ എന്ന നിലയിൽ കൂടുതൽ അടുത്ത സഹകരണത്തിനുള്ള സാധ്യതകൾ തേടേണ്ടതിന്റെ ആവശ്യകത ഞങ്ങൾ തിരിച്ചറിയുന്നു.
5. ഊർജ്ജ മേഖലയിലെ തകർച്ചയില്ലാത്ത വ്യാപാരത്തോടുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധത ഞങ്ങൾ അംഗീകരിക്കുന്നു. കപ്പൽ നിർമ്മാണം ഉൾപ്പെടെയുള്ള കരുത്തുറ്റ സമുദ്ര പശ്ചാത്തല സൗകര്യങ്ങൾ ഇരു രാജ്യങ്ങളുടെയും ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായകമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഊർജ്ജ വിഭവങ്ങളുടെ സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവുമായ ഗതാഗതത്തിന് വൈവിധ്യവൽക്കരിക്കപ്പെട്ടതും സുശക്തവുമായ ഒരു കപ്പൽ നിർമ്മാണ വ്യവസ്ഥിതിയുടെ പ്രാധാന്യത്തെ ഞങ്ങൾ അംഗീകരിക്കുന്നു.
6. ഈ പശ്ചാത്തലത്തിൽ ഇന്ത്യയും ആർ.ഒ.കെയും താഴെ പറയുന്നവയ്ക്കായി പരിശ്രമിക്കുന്നു:
– നാഫ്തയുടെയും മറ്റ് പെട്രോളിയം ഉത്പന്നങ്ങളുടെയും തുറന്ന വ്യാപാരം നിലനിർത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളും ഊർജ്ജ മൂല്യശൃംഖലയുടെ എല്ലാ മേഖലകളിലുമുള്ള സഹകരണവും ഉൾപ്പെടെ പരസ്പരം സ്ഥിരതയുള്ളതും സുരക്ഷിതവും വിശ്വസനീയവുമായ ഊർജ്ജ വിഭവ വിതരണം ഉറപ്പാക്കുക.
– എൽ.എൻ.ജി ഉപഭോഗ രാജ്യങ്ങൾക്കിടയിൽ കൂടുതൽ അടുത്ത സഹകരണത്തിനുള്ള സാധ്യതകൾ തേടുക.
– ഇന്ത്യയിൽ കപ്പൽശാലകൾ സ്ഥാപിക്കുക, കപ്പൽശാലകളുടെ ആധുനികവൽക്കരണം, മനുഷ്യവിഭവശേഷി വികസനം, സാങ്കേതിക പങ്കാളിത്തം എന്നിവയുൾപ്പെടെ (ഇവയിൽ മാത്രം പരിമിതപ്പെടാതെ) കപ്പൽ നിർമ്മാണ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുക.
7. നമ്മുടെ ജനങ്ങളുടെ സുരക്ഷയ്ക്കും സമൃദ്ധിക്കും പ്രയോജനകരമാകുന്ന രീതിയിൽ, ആഗോള ഊർജ്ജ വിഭവ വിതരണ ശൃംഖലകൾ തുറന്നുതന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ പങ്കുചേരാൻ ഇന്ത്യയും ആർ.ഒ.കെയും മേഖലയിലെ പങ്കാളികളോട് ആഹ്വാനം ചെയ്യുന്നു.
***
NK