Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ന്യൂസിലൻഡ് ബിസിനസ്സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ

ഇന്ത്യ-ന്യൂസിലൻഡ് ബിസിനസ്സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ


ആദരണീയനായ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ,
ഇന്ത്യയിൽ നിന്നും ന്യൂസിലൻഡിൽ നിന്നുമുള്ള ബിസിനസ്സ് പ്രമുഖരേ,
നമസ്കാരം!
കിയാ ഓറ (Kia Ora)!

ഓക്ക്‌ലൻഡിൽ നിങ്ങളെല്ലാവർക്കുമൊപ്പം ഇവിടെയായിരിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇന്ത്യയോടുള്ള അനുകൂലമായ കാഴ്ചപ്പാടിനും ആഴമേറിയ പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രി ലക്സണോട് ഞാൻ എന്റെ പ്രത്യേക നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.

നിങ്ങളുടെ ഈ സാന്നിധ്യം ന്യൂസിലൻഡിന്റെ നൂതനാശയ മനോഭാവത്തെയും സംരംഭകത്വത്തെയും ഭാവിയിലേക്കുള്ള കാഴ്ചപ്പാടിനെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിച്ചാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്.

സുഹൃത്തുക്കളേ,

ഇന്ത്യ-ന്യൂസിലൻഡ് ബന്ധം ഒരു സുപ്രധാന വഴിത്തിരിവിൽ എത്തിനിൽക്കുന്ന ഈ വേളയിലാണ് ഈ യോഗം നടക്കുന്നത്. ഇന്ന്, നമ്മുടെ ഉഭയകക്ഷി ബന്ധത്തെ നമ്മൾ ഒരു ‘തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്’ ഉയർത്തുകയാണ്. ഇതൊരു നയതന്ത്ര നാഴികക്കല്ല് മാത്രമല്ല, മറിച്ച് നമ്മുടെ പങ്കിട്ട ഭാവിയോടുള്ള പുതിയൊരു പ്രതിബദ്ധത കൂടിയാണ്.

ഈ വർഷം, വെറും ഒൻപത് മാസമെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് ഇന്ത്യയും ന്യൂസിലൻഡും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചത്. വിപണി ലഭ്യത, നിക്ഷേപം, സേവനങ്ങൾ, സാങ്കേതികവിദ്യ, പ്രൊഫഷണലുകളുടെ കൈമാറ്റം എന്നിവയിൽ നിങ്ങൾക്കെല്ലാവർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഇത് വഴിതുറക്കും. പുതുക്കിയ ഊർജ്ജത്തോടും ആവേശത്തോടും കൂടി, 2030-ഓടെ നമ്മുടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ നമുക്ക് സാധിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും ന്യൂസിലൻഡ് ഉറപ്പുനൽകിയിട്ടുണ്ട്. ഇത് നിക്ഷേപത്തോടുള്ള താല്പര്യം മാത്രമല്ല കാണിക്കുന്നത്, മറിച്ച് ഇന്ത്യയുടെ വളർച്ചാ പ്രയാണത്തിൽ പങ്കാളിയാകാനുള്ള ഉറച്ച തീരുമാനത്തെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. നമ്മുടെ വികസിച്ചുകൊണ്ടിരിക്കുന്ന മധ്യവർഗവും, വൻതോതിലുള്ള ഡിജിറ്റൽ മുന്നേറ്റവും, ശക്തമായ അടിസ്ഥാന സൗകര്യ വികസനവും ഇന്ത്യയെ സമാനതകളില്ലാത്ത ഒരു വിജയഗാഥയാക്കി മാറ്റിയിരിക്കുന്നു.

ഇന്ത്യയിൽ ‘പരിഷ്കരണം, പ്രകടനം, പരിവർത്തനം’ എന്നതിനെയാണ് ഞങ്ങൾ ഭരണനിർവഹണത്തിന്റെ അടിത്തറയാക്കിയിരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ നയപരമായ സുരക്ഷിതത്വവും രാഷ്ട്രീയ സ്ഥിരതയും തുടർച്ചയായ വളർച്ചയുമുണ്ട്.

അതുകൊണ്ടുതന്നെ, ലോകത്തോടുള്ള ഞങ്ങളുടെ സന്ദേശം വ്യക്തമാണ്: ഇന്ത്യ വെറുമൊരു വിപണി മാത്രമല്ല; മറിച്ച് ആഗോള വളർച്ചയ്ക്കുള്ള ഒരു വിക്ഷേപണത്തറ കൂടിയാണ്.

ഇന്ത്യയിൽ ഉയർന്നുവരുന്ന ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങളെ സഹായിക്കുന്നതിനായി ചില ഉദാഹരണങ്ങൾ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിർമ്മാണ മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനായി ഞങ്ങൾ ‘ഉത്പാദന ബന്ധിത ആനുകൂല്യ’ (PLI) പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിന് കീഴിൽ, ഭക്ഷ്യസംസ്കരണം മുതൽ തുണിത്തരങ്ങൾ വരെയുള്ള 14 മേഖലകൾക്കായി ഏകദേശം 20 ബില്യൺ യു.എസ് ഡോളറിന്റെ സഹായമാണ് നൽകിവരുന്നത്. ഈ നിർമ്മാണ മുന്നേറ്റത്തിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളെയെല്ലാവരെയും ക്ഷണിക്കുന്നു.

ഇന്ത്യയിൽ വിമാനത്താവളങ്ങൾ, പ്രാദേശിക കണക്റ്റിവിറ്റി, എയർ കാർഗോ, ടൂറിസം എന്നിവ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഭ്യന്തര വ്യോമയാന മേഖലയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ. നമുക്ക് ഒന്നിച്ച് കാർഗോ ഇടനാഴികൾ വികസിപ്പിക്കാനും, വിമാന സർവീസുകൾ ശക്തിപ്പെടുത്താനും, സംയുക്ത ടൂറിസം പാക്കേജുകൾ രൂപീകരിക്കാനും സാധിക്കും.

കിവി, ആപ്പിൾ, തേൻ, സമുദ്രവിഭവങ്ങൾ എന്നിവയ്ക്കായി കേടുവരുന്ന സാധനങ്ങൾ നശിക്കാത്ത രീതിയിൽ കൊണ്ടുപോകാനുള്ള കാർഗോ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാവുന്നതാണ്. ഹോർട്ടികൾച്ചർ, ഡയറി സയൻസ്, ഫോറസ്ട്രി എന്നിവയിൽ ന്യൂസിലൻഡിന് മികച്ച വൈദഗ്ധ്യമുണ്ട്; അതേസമയം ഇന്ത്യ വിശാലമായ ഒരു ഉപഭോക്തൃ വിപണിയും, ഫുഡ് പാർക്കുകളും, അഗ്രി-ടെക് പ്രതിഭകളുടെ കരുത്തും വാഗ്ദാനം ചെയ്യുന്നു. നമുക്ക് ഒന്നിച്ച് ചേർന്ന് കൃഷിയിടം മുതൽ വിപണി വരെയുള്ള മൂല്യശൃംഖലകളും ആഗോള കയറ്റുമതി പ്ലാറ്റ്‌ഫോമുകളും നിർമ്മിക്കാൻ കഴിയും.

ഇന്ന് ഫിൻടെക് മേഖലയിൽ ഇന്ത്യ ഒരു ആഗോള നേതാവാണ്. ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 50 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ഈ കരുത്ത് മുൻനിർത്തി, ഡിജിറ്റൽ ഇടപാടുകളിൽ മാത്രമല്ല, ഗ്രീൻ ബോണ്ടുകളിലും ബ്ലെൻഡഡ് ഫിനാൻസിലും നമ്മുടെ സഹകരണം ആഴത്തിലാക്കാൻ നമുക്ക് സാധിക്കും.

ബഹിരാകാശ മേഖല നമ്മൾ സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ നാനൂറിലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകളുണ്ട്, കൂടാതെ ഈ മേഖലയിൽ ഇതിനകം തന്നെ ആദ്യത്തെ ‘യൂണികോൺ’ കമ്പനിയും ഉയർന്നുവന്നിട്ടുണ്ട്. ചെറുകിട ഉപഗ്രഹങ്ങൾ, റിമോട്ട് സെൻസിംഗ്, സമുദ്ര നിരീക്ഷണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളിലെയും കമ്പനികൾക്ക് ഇന്ത്യയുടെ ബഹിരാകാശ ആവാസവ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് ഒന്നിച്ച് പ്രവർത്തിക്കാവുന്നതാണ്.

ഇന്ത്യയുടെ സ്മാർട്ട് സിറ്റീസ് മിഷന് കീഴിൽ, 100 നഗരങ്ങളിലായി എണ്ണായിരത്തിലധികം പ്രോജക്ടുകളുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. നഗരങ്ങളിലെ ഗതാഗത സൗകര്യം, ജല മാനേജ്‌മെന്റ്, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നമുക്ക് ഒന്നിച്ച് സഹകരിക്കാം.

സുഹൃത്തുക്കളേ,

ഇവിടെ സന്നിഹിതരായിരിക്കുന്ന മാവോറി (Māori) ബിസിനസ്സ് നേതാക്കൾക്ക് ഞാൻ പ്രത്യേക സ്വാഗതം ആശംസിക്കുന്നു. ഇന്ത്യയുടെ സംസ്കാരവും മാവോറി പാരമ്പര്യങ്ങളും പ്രകൃതിയോടും സമൂഹത്തോടും സുസ്ഥിരതയോടും  ആഴമേറിയ ആദരവ് പങ്കിടുന്നവയാണ്. നമ്മുടെ സ്വതന്ത്ര വ്യാപാര കരാറിലും മാവോറി ബിസിനസ്സുകൾക്കുള്ള അവസരങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഈ പങ്കിട്ട മൂല്യങ്ങളെ മുൻനിർത്തി, എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു പുതിയ വ്യാപാര മാതൃക സൃഷ്ടിക്കാൻ നമുക്ക് സാധിക്കും.

സുഹൃത്തുക്കളേ,

വളരെ വലിയ ലക്ഷ്യങ്ങളുള്ള ഒരു ‘ബിസിനസ്സ് മാർ​ഗരേഖ’ നമ്മൾ സംയുക്തമായി വികസിപ്പിച്ചെടുക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. നമ്മുടെ കരുത്തുകൾ ഒന്നിപ്പിച്ചുകൊണ്ട്, കുറഞ്ഞത് അഞ്ച് മുൻനിര പദ്ധതികളെങ്കിലും നമ്മൾ കണ്ടെത്തുകയും, അവ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ സമയപരിധിയുള്ള ഒരു അവലോകന സംവിധാനം രൂപീകരിക്കുകയും വേണം. എങ്കിൽ മാത്രമേ നമ്മുടെ പങ്കാളിത്തത്തിന്റെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ഒപ്പം ഉയരാനും നമുക്ക് സാധിക്കൂ.

ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാനും തോളോട് തോൾ ചേർന്ന് മുന്നോട്ട് നീങ്ങാനും ഞാൻ നിങ്ങളെയെല്ലാം ക്ഷണിക്കുന്നു.

നമ്മുടെ പങ്കാളിത്തത്തെ ഐശ്വര്യത്തിനായുള്ള ഒരു വേദിയും, നവീകരണത്തിനായുള്ള ഒരു പാലവും ആഗോള നന്മയ്ക്കായുള്ള ഒരു ശക്തിയുമാക്കി മാറ്റാം.

ഇന്ത്യയും ന്യൂസിലൻഡും ഒന്നിച്ച് ഒരു പുതിയ ശക്തിയായി ഉയർന്നുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

എനിക്ക് ഒരു അഭ്യർത്ഥന കൂടി ഉണ്ട്. നിങ്ങൾ ഇപ്പോൾ സൂചിപ്പിച്ചതുപോലെ, ഈ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിന്റെ 100-ാം വാർഷികമാണ്. ഇത് വളരെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്.

ഈ നാഴികക്കല്ല് നമ്മൾ തീർച്ചയായും ആഘോഷിക്കും. എന്നാൽ അതോടൊപ്പം, ന്യൂസിലൻഡിൽ നിന്ന് 35 വയസ്സിൽ താഴെയുള്ള ബിസിനസ്സ് പ്രമുഖരുടെ ഒരു വലിയ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും, അതുപോലെ തന്നെ ഇന്ത്യയിൽ നിന്ന് 35 വയസ്സിൽ താഴെയുള്ള ബിസിനസ്സ് പ്രമുഖരുടെ ഒരു സംഘത്തെ ന്യൂസിലൻഡിലേക്ക് അയക്കുന്നതിനെക്കുറിച്ചും നമുക്ക് ആലോചിക്കാമോ? ഈ രീതിയിലൂടെ, ഈ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ പുതിയൊരു തലമുറയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കും.

മംഗളാശംസകളോടെ നിങ്ങൾക്കെല്ലാവർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.

***

NK