Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026-ലെ പ്രതിനിധികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു


വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026-ലെ പ്രതിനിധികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. രാജ്യവ്യാപകമായുള്ള അഭൂതപൂർവ്വമായ പങ്കാളിത്തം ചൂണ്ടിക്കാണിച്ച അദ്ദേഹം, രാജ്യത്തെ ഏകദേശം ഇരുനൂറ്റമ്പതോളം ജില്ലകളെ പ്രതിനിധീകരിച്ച് എത്തിയ ആവേശഭരിതരായ യുവജനങ്ങൾക്ക് ഊഷ്മളമായ സ്വാഗതം ആശംസിച്ചു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ‘മേരാ യുവ ഭാരത് – മൈ ഭാരത് ‘ പ്ലാറ്റ്‌ഫോമിൻ്റെ വിജയകരമായ തുടക്കം അനുസ്മരിച്ച പ്രധാനമന്ത്രി, കോടിക്കണക്കിന് യുവപൗരന്മാരെ ഉൾക്കൊള്ളുന്ന തരത്തിൽ അതിനുണ്ടായ വൻ വളർച്ചയെ പ്രശംസിച്ചു. രാജ്യത്തുടനീളമുള്ള യുവ ശൃംഖല നടത്തിവരുന്ന പ്രശംസനീയമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ‘വികസിത് ഭാരത് സംവാദ്’ മുതൽ ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം’ വരെയുള്ള മേഖലകളിൽ അവരുടെ മികച്ച ശേഷി പ്രത്യേകം എടുത്തുപറഞ്ഞു. ⁠”ഇന്ന്, മൈ ഭാരതിലെ യുവസുഹൃത്തുക്കൾ രാജ്യത്തുടനീളം ഏറെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്,” ശ്രീ മോദി പറഞ്ഞു.⁠

‘വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗി’നിടയിൽ താഴെത്തട്ടിലുള്ള ഈ ഉദ്യമത്തിന്റെ തുടക്കത്തെക്കുറിച്ച് അനുസ്മരിച്ച പ്രധാനമന്ത്രി, വെർച്വൽ ആശയവിനിമയങ്ങൾക്കപ്പുറത്തേക്ക് ചുവടുവെക്കാനും ഗ്രാമീണ തലത്തിൽ രാജ്യത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദർശനം വ്യക്തമാക്കി. ഹിമാചൽ, ഉത്തരാഖണ്ഡ്, ലഡാക്ക് തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിലേക്ക് യുവപൗരന്മാരെ അയക്കുന്നതിന്റെ ലക്ഷ്യം വിശദീകരിച്ചുകൊണ്ട്, മൂന്ന് ലക്ഷം പേരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 400-ലധികം യുവാക്കൾക്കു  പ്രാദേശിക സംസ്‌കാരങ്ങളെ അടുത്തറിയാനും ഈ പ്രദേശങ്ങളെ നയിക്കുന്ന ആഴത്തിലുള്ള ദേശസ്നേഹ അഭിലാഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനും കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ⁠”നിങ്ങളുടെ സംസ്‌കാരത്തെ അവിടുത്തെ സംസ്‌കാരവുമായി ബന്ധിപ്പിക്കുന്നത് ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്,” ശ്രീ മോദി പറഞ്ഞു.⁠

ഭരണപരമായ ചുമതലകൾ ഏറ്റെടുക്കുന്നതിന് മുമ്പുള്ള വിശാലമായ യാത്രകൾക്കിടയിൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുമായി സ്ഥാപിച്ച ആഴത്തിലുള്ള വ്യക്തിബന്ധങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി, ദീഘകാലമായി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യത്തെയും എടുത്തുപറഞ്ഞു. അളവറ്റ പ്രാദേശിക സ്നേഹത്തിനും സായുധ സേനയുടെ വിസ്മയിപ്പിക്കുന്ന ധീരതയ്ക്കും സാക്ഷ്യം വഹിച്ചതിനെക്കുറിച്ചും, മടങ്ങിയെത്തിയ യുവാക്കൾ പങ്കുവെച്ച ആവേശകരമായ അനുഭവങ്ങളും തന്റെ വ്യക്തിപരമായ അനുഭവങ്ങളും തമ്മിലുള്ള സമാനതകൾ  വിവരിച്ച അദ്ദേഹം, കാർഗിൽ വിജയ് ദിവസ് വേളയിൽ സൈനികർ അർപ്പിച്ച മഹത്തായ ത്യാഗങ്ങളെയും ആദരിച്ചു. ⁠”ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ആ ധീരർ വിജയക്കൊടി പാറിച്ചു. വികസിത് വൈബ്രന്റ് വില്ലേജിന്റെ ഈ അനുഭവം മുഴുവനും യഥാർത്ഥത്തിൽ അത്യന്തം മഹത്തരമാണ്,” ശ്രീ മോദി നിരീക്ഷിച്ചു.⁠

വികസിത ഭാരതം പടുത്തുയർത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സ്തംഭങ്ങളായി വികസിത ഗ്രാമങ്ങളെ അടയാളപ്പെടുത്തിയ പ്രധാനമന്ത്രി, ഈ പരിവർത്തന യാത്രയുടെ തുടർച്ചയായതും വിപുലവുമായ പ്രകൃതത്തെ എടുത്തുപറഞ്ഞു. യുവതലമുറയുടെ താഴെത്തട്ടിലുള്ള സജീവമായ പങ്കാളിത്തം രാജ്യത്തിന്റെ സമഗ്രമായ കാഴ്ചപ്പാടിനെ വികസിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിക്ക് അർത്ഥവത്തായ സംഭാവനകൾ നൽകാനുള്ള അവരുടെ വ്യക്തിപരമായ നിശ്ചയദാർഢ്യത്തെ ആഴത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ഈ ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ⁠”രാജ്യത്തെ യുവാക്കൾ താഴെത്തട്ടിലേക്ക് സജീവമായി ഇറങ്ങിച്ചെല്ലുമ്പോൾ, അവർ ‘വികസിത് ഭാരത്’ എന്ന സമഗ്ര കാഴ്ചപ്പാടിന് കൂടുതൽ വ്യാപ്തി നൽകുന്നു,” ശ്രീ മോദി പറഞ്ഞു.⁠

അതിർത്തി മേഖലകളിലെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന കഠിനമായ ബുദ്ധിമുട്ടുകളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ദുഷ്കരമായ സാഹചര്യങ്ങൾക്കിടയിലും ഓരോ നിമിഷവും ദേശസ്നേഹം നെഞ്ചിലേറ്റി ജീവിക്കുന്ന പ്രദേശവാസികളെ പ്രശംസിച്ചു. റോഡുകൾ, വൈദ്യുതി, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും നിഷേധിച്ച് ഈ പ്രദേശങ്ങളെ ‘അവസാന ഗ്രാമങ്ങൾ’ ആയി ഉപേക്ഷിച്ച മുൻകാല ഭരണപരമായ അവഗണനയെ അപലപിച്ച അദ്ദേഹം, അവിടുത്തെ പ്രാദേശിക ജനവിഭാഗങ്ങൾ കാത്തുസൂക്ഷിക്കുന്ന തകർക്കാനാവാത്ത ദേശസ്നേഹ മനോഭാവത്തിൽ അളവറ്റ അഭിമാനം പ്രകടിപ്പിച്ചു. ⁠”ഇത്രയും കടുത്ത അവഗണനകളും പ്രയാസങ്ങളും നിറഞ്ഞ സാഹചര്യങ്ങളിലും അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ദേശസ്നേഹം ഒരിക്കലും തളർന്നില്ല എന്നതിൽ നാം വളരെയധികം അഭിമാനിക്കണം,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

ഗവണ്മെന്റിന്റെ തന്ത്രപരമായ സമീപനത്തിലുണ്ടായ നിർണ്ണായക പരിവർത്തനത്തെ വിശദമാക്കി, ഇന്ത്യയുടെ ‘അവസാന ഗ്രാമങ്ങൾ’ എന്നതിൽനിന്ന് അവയെ ‘ആദ്യ ഗ്രാമങ്ങൾ’ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തതിനെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. ഉദയസൂര്യന്റെ  കിരണങ്ങളെ  ആദ്യം വരവേൽക്കുന്നതും ത്രിവർണ്ണ പതാക രാജ്യത്തെ ആദ്യം അഭിവാദ്യം ചെയ്യുന്നതും ഈ ഗ്രാമങ്ങളിലാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ  അടിസ്ഥാനസൗകര്യ വികസനത്തിലുണ്ടായ ചരിത്രപരമായ നവ നാഴികക്കല്ലുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മുമ്പെങ്ങുമില്ലാത്തവിധം വൈദ്യുതി, റോഡുകൾ, കുടിവെള്ള കണക്ഷനുകൾ, ഗ്യാസ് കണക്ഷൻ, മികച്ച ഇന്റർനെറ്റ് എന്നിവയുടെ ലഭ്യത ഉൾപ്പെടെ, ഈ അടിസ്ഥാന നഗര സൗകര്യങ്ങൾ അതിർത്തി നിവാസികളുടെ കാർഷിക-സാമ്പത്തിക രംഗത്തെയും ദൈനംദിന ജീവിതത്തെയും എങ്ങനെയാണ് മാറ്റിയെഴുതുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “ചരിത്രപരമായ  ചിന്താഗതി മാറ്റിയതിന്റെ മാത്രം ഫലമായാണ് നമ്മുടെ അതിർത്തിപ്രദേശങ്ങൾ ഇന്ന് അതിവേഗം പരിവർത്തനത്തിന് വിധേയമാകുന്നത്” – ശ്രീ മോദി വ്യക്തമാക്കി.

പുതിയ അടിസ്ഥാനസൗകര്യങ്ങൾ വഴി ലഭ്യമായ തുടർച്ചയായ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കവേ, പ്രാദേശിക വിനോദസഞ്ചാര രംഗത്തുണ്ടായ വൻ മുന്നേറ്റം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഒരുകാലത്ത് വിജനമായിരുന്ന ഗ്രാമങ്ങൾ ഇന്ന് സജീവമായ പ്രവർത്തനങ്ങളാൽ മുഖരിതമാകുന്നതും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രാദേശിക വരുമാന വർദ്ധനയ്ക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതും ചൂണ്ടിക്കാണിച്ച അദ്ദേഹം, ‘വൈബ്രന്റ് വില്ലേജ് പദ്ധതി’ ഇതിന് കൂടുതൽ ആക്കം പകരുന്നുവെന്നും കൂട്ടിച്ചേർത്തു. “അതിർത്തിഗ്രാമങ്ങളുടെ ഈ സമഗ്ര വികസനത്തിന് വൈബ്രന്റ് വില്ലേജ് പദ്ധതി നവവേഗമാണ്  നൽകുന്നത്” – ശ്രീ മോദി പറഞ്ഞു .

അതിർത്തിപ്രദേശങ്ങളിലേക്കുള്ള യാത്രകളെ പങ്കാളിത്തത്തിലൂടെയുള്ള ഐക്യത്തിന്റെ ആഴത്തിലുള്ള അനുഭവം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, തിരിച്ചെത്തിയ യുവാക്കൾക്ക് ലഭിച്ചത് കേവലമായ ആതിഥ്യമല്ല, മറിച്ച് ആഴത്തിലുള്ള സാംസ്കാരിക വിദ്യാഭ്യാസവും സംതൃപ്തിയും വലിയ ആദരവുമാണെന്ന് ഓർമ്മിപ്പിച്ചു. ക്ലാസ് മുറികളിൽ നിന്ന് ഒരിക്കലും പകർത്തിയെടുക്കാൻ കഴിയാത്തതാണ് ഇത്തരം അനുഭവങ്ങളെന്ന് പറഞ്ഞ അദ്ദേഹം, ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ സഹപാഠികളെ പ്രേരിപ്പിക്കണമെന്ന് യുവാക്കളോട് അഭ്യർത്ഥിച്ചു. അതുവഴി ആധുനിക സൗകര്യങ്ങളുടെ വികാസം കൂടുതൽ വേഗത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയിലെ യുവാക്കൾ അതിർത്തിഗ്രാമങ്ങളെ എത്രത്തോളം ആഴത്തിൽ മനസ്സിലാക്കുന്നുവോ, അത്രത്തോളം നമ്മുടെ രാജ്യം കരുത്തുറ്റതായി മാറും” – ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

അതിർത്തി വിനോദസഞ്ചാരത്തിന് ഗവൺമെന്റ് നൽകുന്ന ഗണ്യമായ പ്രാധാന്യം കൂടുതൽ പേരിലേക്ക് എത്തിക്കാൻ യുവാക്കളോട് ആഹ്വാനംചെയ്ത പ്രധാനമന്ത്രി, പരിപാടിയിൽ പങ്കെടുത്ത ഓരോ വ്യക്തിയും സ്വന്തം അനുഭവങ്ങൾ കുറഞ്ഞത് നൂറ് കൂട്ടുകാരുമായെങ്കിലും പങ്കുവയ്ക്കണമെന്ന് നിർദ്ദേശിച്ചു. പ്രാദേശിക സംസ്കാരവും ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക ഉള്ളടക്ക സ്രഷ്ടാക്കളുമായി  ചേർന്ന് പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിച്ച അദ്ദേഹം, ഡിജിറ്റൽ മാധ്യമങ്ങളിൽ ചിത്രങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാനും, കുടുംബത്തോടൊപ്പം ഭാവി യാത്രകൾ ആസൂത്രണം ചെയ്യാനും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി പഠനയാത്രകൾ സംഘടിപ്പിക്കാനും അഭ്യർത്ഥിച്ചു. “പരിപാടിയിൽ പങ്കെടുത്ത ഓരോ യുവാവും  യഥാർത്ഥ അനുഭവങ്ങൾ കുറഞ്ഞത് നൂറ്  യുവാക്കളുമായെങ്കിലും തീർച്ചയായും പങ്കുവയ്ക്കണമെന്ന് ഞാൻ  അഭ്യർത്ഥിക്കുന്നു” –  ശ്രീ മോദി പറഞ്ഞു.

യുവതലമുറയിലുള്ള അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ച് പ്രസംഗം ഉപസംഹരിച്ച  പ്രധാനമന്ത്രി, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആഗോള തലത്തിൽ ഇന്ത്യയുടെ ഭാവി രൂപകൽപ്പന ചെയ്യാനുള്ള യഥാർത്ഥ ശേഷി രാജ്യത്തെ യുവാക്കൾക്കാണെന്ന് പ്രഖ്യാപിച്ചു. വികസിത ഇന്ത്യയുടെ ഊർജ്ജസ്വലമായ ചാലകശക്തിയും അതിന്റെ അന്തിമ ഗുണഭോക്താക്കളും യുവാക്കൾ തന്നെയാണെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ പ്രധാന വെല്ലുവിളികളുമായും അവയ്ക്കുള്ള പരിഹാരങ്ങളുമായും യുവാക്കൾ നേരിട്ട് ബന്ധപ്പെടുമ്പോൾ മനോഹരമായ ഭാവി ഉയർന്നുവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. “നമ്മുടെ യുവശക്തി രാജ്യത്തിന്റെ വെല്ലുവിളികളുമായും പരിഹാരങ്ങളുമായും നേരിട്ട് ബന്ധപ്പെടുമ്പോൾ, ഭാവി തീർച്ചയായും ഉജ്ജ്വലമായിരിക്കും” –  ശ്രീ മോദി എടുത്തുപറഞ്ഞു.

 

-NK-