പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ മൈസൂരുവിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവകേന്ദ്രം ‘വിവേക സ്മാരകം’ ഉദ്ഘാടനംചെയ്തു. വിശിഷ്ടാതിഥികളെയും വൻ ജനസഞ്ചയത്തെയും അഭിസംബോധനചെയ്ത പ്രധാനമന്ത്രി, മൈസൂരു നഗരത്തിന്റെ ദേവതയായി കരുതുന്ന ചാമുണ്ഡേശ്വരി ദേവിക്കു പ്രണാമമർപ്പിച്ചു.
രാമകൃഷ്ണ മിഷന്റെ ഉപദേശങ്ങളുമായുള്ള ആഴത്തിലുള്ള ആത്മീയബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, തന്റെ എളിയ തുടക്കംമുതൽ ഇന്നത്തെ ഉത്തരവാദിത്വങ്ങളിൽ എത്തിനിൽക്കുന്നതുവരെയുള്ള വ്യക്തിജീവിതത്തിൽ ഈ പ്രസ്ഥാനം ചെലുത്തിയ ഗണ്യമായ സ്വാധീനത്തെക്കുറിച്ചു സംസാരിച്ചു. “നിങ്ങളുടെയെല്ലാം സാന്നിധ്യത്താൽ, മൈസൂരുവിന്റെ ഈ പവിത്രമായ മണ്ണിൽ വളരെ വ്യത്യസ്തവും കരുത്തുറ്റതുമായ ഊർജമാണ് ഇന്നു ഞാൻ അനുഭവിക്കുന്നത്”- ശ്രീ മോദി നിരീക്ഷിച്ചു.
രാജ്യത്തിന്റെ സാംസ്കാരിക ബോധത്തിന്റെ ശാശ്വതമായ കേന്ദ്രബിന്ദുവായി മൈസൂരുവിനെ പ്രകീർത്തിച്ച പ്രധാനമന്ത്രി, ഗംഭീരമായ കൊട്ടാരങ്ങളും വർണാഭമായ ഉത്സവങ്ങളും ചരിത്രപരമായ പാരമ്പര്യങ്ങളും അടങ്ങുന്ന സാംസ്കാരിക പൈതൃകത്തെ, അപൂർവമായ മികവോടെ നഗരം സംരക്ഷിച്ചുപോരുന്നതിനെ അഭിനന്ദിച്ചു. “ഇന്ത്യയുടെ പൈതൃകം ഈ നഗരത്തിന്റെ ഓരോ തരിയിലും ആഴത്തിൽ ലയിച്ചുചേർന്നിട്ടുണ്ട്. അത് എത്രത്തോളം കാര്യക്ഷമമായാണു സംരക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും മനോഹരമാക്കിയിട്ടുള്ളതെന്നും കാണുന്നതു വലിയ സംതൃപ്തിയേകുന്നു” – ശ്രീ മോദി പറഞ്ഞു.
പുതുതായി ഉദ്ഘാടനംചെയ്ത ‘വിവേക സ്മാരകം’ എന്നറിയപ്പെടുന്ന സ്വാമി വിവേകാനന്ദ സാംസ്കാരിക യുവകേന്ദ്രത്തിന്റെ പാരമ്പര്യത്തെക്കുറിച്ചു പരാമർശിക്കവേ, മഹാനായ ആ സന്ന്യാസിയും കുവെമ്പുവിനെപ്പോലുള്ള പ്രാദേശിക പണ്ഡിതരും നഗരത്തിന്റെ ബുദ്ധിപരമായ ചരിത്രവും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രധാനമന്ത്രി ആദരിച്ചു. “ഈ ചരിത്രപ്രസിദ്ധമായ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിലൂടെ, നാം ഈ മഹത്തായ ദൗത്യത്തിനു പുതിയ വിപുലീകരണമാണു നൽകുന്നത്” – ശ്രീ മോദി പറഞ്ഞു.
സാധാരണ വ്യക്തിയെ അസാധാരണ വ്യക്തിത്വമാക്കി മാറ്റാൻ ആവശ്യമായ കഠിനമായ ആത്മീയ പരീക്ഷണങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഒരു സാധകന്റെ തപസ്സിന്റെ ആരംഭഘട്ടത്തിൽ ദീർഘവീക്ഷണമുള്ള സുമനസ്സുകൾ വഹിക്കുന്ന നിർണായക പങ്ക് എടുത്തുകാട്ടി. “തപസ്സിന്റെ കാലഘട്ടത്തിൽ സാധകനെ തിരിച്ചറിയുന്ന വ്യക്തി, ആ സാധകന്റെ അന്തിമ ആത്മീയ സിദ്ധിയിലെ സുപ്രധാന പങ്കാളികൂടിയാണ്”- ശ്രീ മോദി നിരീക്ഷിച്ചു.
ചരിത്രപ്രസിദ്ധമായ സംഭവം വിശദീകരിച്ച്, 130-ലധികം വർഷങ്ങൾക്കുമുൻപ്, തികച്ചും അജ്ഞാതനായിരുന്ന യുവസന്ന്യാസിയെ അന്നത്തെ മൈസൂരു മഹാരാജാവ് സവിശേഷമായി തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്തതിനെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാമി വിവേകാനന്ദൻ പിൽക്കാലത്ത് അമേരിക്കയിൽവച്ചു ഗാഢമായ കൃതജ്ഞതയോടെ സ്മരിച്ച നിർണായക ഇടപെടലായിരുന്നു അത്. “അദ്ദേഹത്തിന്റെ പ്രശസ്തി നാടെങ്ങും വ്യാപിക്കുന്നതിനുമുൻപുതന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞ വ്യക്തികളിൽ പ്രമുഖനായ ഒരാളായിരുന്നു അന്നത്തെ മഹാരാജാവ്” – ശ്രീ മോദി ചൂണ്ടിക്കാട്ടി.
നിസ്വാർഥസേവനത്തിലുള്ള സ്വാമി വിവേകാനന്ദന്റെ വിശ്വാസവുമായി രാമകൃഷ്ണ ആശ്രമത്തിന്റെ പ്രധാന തത്വശാസ്ത്രത്തെ സമന്വയിപ്പിച്ച്, വിദ്യാഭ്യാസ-വൈദ്യസഹായ-ദുരിതാശ്വാസ മേഖലകളിൽ സ്ഥാപനം നടത്തുന്ന നൂറ്റാണ്ടു നീണ്ട സേവനങ്ങളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. “മറ്റുള്ളവർക്കായി മാത്രം ജീവിക്കുന്നവനാണു യഥാർഥത്തിൽ ജീവിക്കുന്നത്; ഈ മന്ത്രം പിന്തുടർന്ന്, ആശ്രമം മഹത്തായ നൂറുവർഷങ്ങൾ പൂർത്തിയാക്കി”- ശ്രീ മോദി പറഞ്ഞു.
പുതുതായി ഉദ്ഘാടനംചെയ്ത സ്മാരകത്തിന്റെ ഭാവി സ്വാധീനത്തെക്കുറിച്ചു സംസാരിക്കവേ, വ്യക്തിപരമായ അഭിലാഷങ്ങൾക്കുപരിയായി രാഷ്ട്രത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻഗണന നൽകുന്ന പുതിയ യുവതലമുറയെ വാർത്തെടുക്കാൻ സ്ഥാപനത്തോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. “ഭാരതമാതാവിനെ സേവിക്കുന്നതും പാവപ്പെട്ടവരുടെ ദുഃഖങ്ങൾ അകറ്റുന്നതും ജീവിതലക്ഷ്യമാക്കുന്ന യുവാക്കളെ നാം ഇവിടെ വാർത്തെടുക്കണം”- ശ്രീ മോദി വ്യക്തമാക്കി.
സ്വാമി വിവേകാനന്ദന്റെ കാലഘട്ടത്തിൽ അടിമത്തത്തിലായിരുന്ന ഇന്ത്യയിലെ യുവാക്കളെ, ഇന്നത്തെ അവരുടെ ആഗോള മുന്നേറ്റവുമായി താരതമ്യംചെയ്ത്, രാഷ്ട്രനിർമാണത്തിന്റെ ആത്യന്തിക അടിത്തറയായി വിവേകാനന്ദൻ യുവജന വിദ്യാഭ്യാസത്തെ എങ്ങനെയാണു വീക്ഷിച്ചതെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഒരുകാലത്ത്, വിദേശ ഭരണത്തിന്റെ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരുന്ന ഇന്ത്യൻ യുവാക്കൾ, ഇന്നു ലോകമെമ്പാടുമുള്ള വികസനത്തിന് അഭൂതപൂർവമായ വേഗതയാണു നൽകുന്നത്”- ശ്രീ മോദി നിരീക്ഷിച്ചു.
യുവതലമുറയുടെ നേതൃത്വത്തിൽ കൈവരിച്ച ശ്രദ്ധേയമായ സാങ്കേതിക-സാമ്പത്തിക നേട്ടങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായും, മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായും, രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ ഉൽപ്പാദനരാജ്യമായും ഇന്ത്യയെ മാറ്റിയതിന്റെ ഖ്യാതി യുവാക്കൾക്കു നൽകി. “ഇന്ന് AI, ഡീപ് ടെക്, ബഹിരാകാശ സാങ്കേതികവിദ്യ, നൂതനാവിഷ്കാരങ്ങൾ എന്നിവയിൽ നമ്മുടെ യുവാക്കളുടെ അപാരമായ കഴിവുകൊണ്ട് ഇന്ത്യ പ്രൗഢോജ്വലമായ പുതിയ അധ്യായങ്ങൾ രചിക്കുകയാണ്”- ശ്രീ മോദി പറഞ്ഞു.
വ്യോമയാന മേഖലയിലെ അടുത്തകാലത്തെ ചരിത്രപരമായ നാഴികക്കല്ലു പരാമർശിച്ച്, രാജ്യത്തിന്റെ ഡിജിറ്റൽ-നിർമാണ വിപ്ലവങ്ങൾക്കു കരുത്തേകുന്ന തടയാനാകാത്ത മുന്നേറ്റത്തിന്റെ മികച്ച ഉദാഹരണമായി, സ്വകാര്യസംരംഭം വികസിപ്പിച്ച റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. “സ്വയംപര്യാപ്ത ഇന്ത്യയായാലും ‘മേക്ക് ഇൻ ഇന്ത്യ’ യജ്ഞമായാലും, അവയുടെ ആത്യന്തിക വിജയത്തിനു പിന്നിലെ ചാലകശക്തി പൂർണമായും ഇന്ത്യയിലെ യുവാക്കളുടെ കരുത്താണ്”- ശ്രീ മോദി പറഞ്ഞു.
ജനസംഖ്യാപരമായ ഈ നേട്ടം പ്രയോജനപ്പെടുത്താനുള്ള ഗവണ്മെന്റിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചു വ്യക്തമാക്കവേ, അനുയോജ്യമായ അവസരങ്ങളും വ്യക്തമായ ദിശാബോധവും കരുത്തുറ്റ വിദ്യാഭ്യാസ അടിത്തറയും ലഭിക്കുമ്പോഴേ യുവാക്കളുടെ കഴിവ് ദേശീയ ശക്തിയായി മാറൂ എന്നു പ്രധാനമന്ത്രി പറഞ്ഞു. “സ്വന്തം മണ്ണിൽ വലിയ സ്വപ്നങ്ങൾ കാണാനുള്ള പൂർണമായ ആത്മവിശ്വാസം ലഭിക്കുമ്പോൾ മാത്രമാണു യുവാക്കളുടെ കഴിവ് ആ രാജ്യത്തിന്റെ ആത്യന്തിക കരുത്തായി മാറുന്നത്”- ശ്രീ മോദി വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസമേഖലയിലെ ദശകങ്ങൾ നീണ്ട വൻ വികസനം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, 650-ലധികം പുതിയ സർവകലാശാലകൾ, 14,000 കോളേജുകൾ, IIM, IIT തുടങ്ങിയ നിരവധി മുൻനിര സ്ഥാപനങ്ങൾ സ്ഥാപിച്ചതും, MBBS സീറ്റുകൾ 1,40,000 ആയി ഉയർത്തി മെഡിക്കൽ മേഖലയിലെ ശേഷി ഇരട്ടിയോളമാക്കിയതും ഉൾപ്പെടെയുള്ള ശ്രദ്ധേയമായ കണക്കുകൾ അവതരിപ്പിച്ചു. “ഇന്ന് ഇന്ത്യയിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആകെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നതിൽ എനിക്ക് അളവറ്റ സന്തോഷമുണ്ട്”- ശ്രീ മോദി പറഞ്ഞു.
വിദ്യാഭ്യാസമേഖലയിലെ സമഗ്രമായ ആധുനികവൽക്കരണം വിശദീകരിച്ച്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അക്കാദമിക് ഘടനകളെ പുനഃക്രമീകരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. “ഒരുവശത്തു നാം അടിസ്ഥാനസൗകര്യങ്ങൾ വൻതോതിൽ ആധുനികവൽക്കരിക്കുമ്പോൾ, മറുവശത്ത്, മുഴുവൻ വിദ്യാഭ്യാസസമ്പ്രദായത്തെയും ആധുനിക ആവശ്യങ്ങൾക്ക് അനുസൃതമായി മാറ്റിയെടുക്കുകയാണ്”- ശ്രീ മോദി പറഞ്ഞു.
പ്രാഥമിക-ദ്വിതീയ വിദ്യാഭ്യാസരംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കവേ, 14,000-ത്തിലധികം ‘പിഎം ശ്രീ’ സ്കൂളുകളുടെ വികസനവും, കുട്ടികളിൽ ചെറുപ്പത്തിലേ ശാസ്ത്രീയ നൂതനാവിഷ്കാരങ്ങൾ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് 10,000 ‘അടൽ ടിങ്കറിങ് ലാബുകൾ’ സ്ഥാപിച്ചതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “വിദ്യാഭ്യാസം വെറും പുസ്തക അറിവു മാത്രമായി ഒതുങ്ങരുത്; കുട്ടികളിൽ നൂതനാശയങ്ങളും ആഴത്തിലുള്ള ശാസ്ത്രീയ മനോഭാവവും വികസിക്കുന്നുണ്ടെന്നു നാം ഉറപ്പാക്കണം”- ശ്രീ മോദി വ്യക്തമാക്കി.
സമത്വത്തെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടിനെ ആധുനിക വിദ്യാഭ്യാസപരിഷ്കാരങ്ങളുമായി ബന്ധിപ്പിച്ച്, വിവേചനപരമായ തടസ്സങ്ങൾ ഘടനാപരമായി ഒഴിവാക്കിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. പെൺകുട്ടികൾക്കു സൈനികസ്കൂളുകളിലും NDA-യിലും പ്രവേശനം നൽകിയതും, മാതൃഭാഷകളിൽ പ്രൊഫഷണൽ ബിരുദ കോഴ്സുകൾ ആരംഭിച്ച വിപ്ലവകരമായ മാറ്റവും അദ്ദേഹം അഭിമാനത്തോടെ ചൂണ്ടിക്കാണിച്ചു. “വിദ്യാഭ്യാസത്തിലും അവസരങ്ങളിലും ഒരുതരത്തിലുള്ള വിവേചനവും ഉണ്ടാകരുത് എന്നത് ഇന്നു രാജ്യത്തിന്റെ അവിഭാജ്യവും ഏകീകൃതവുമായ കാഴ്ചപ്പാടായി മാറിയിരിക്കുന്നു” – ശ്രീ മോദി പറഞ്ഞു.
സ്വഭാവരൂപീകരണത്തിൽ കായികക്ഷമതയുടെയും അച്ചടക്കത്തിന്റെയും നിർണായക പങ്കിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ‘ഖേലോ ഇന്ത്യ’ പോലുള്ള വിപുലമായ പദ്ധതികളിലൂടെ ദേശീയ കായിക സംസ്കാരത്തെ വളർത്തിയെടുക്കാൻ ഗവണ്മെന്റ് നടത്തുന്ന തീവ്രശ്രമങ്ങൾ ഉയർത്തിക്കാട്ടി. “ഇന്നു കായികമേഖല നമ്മുടെ രാഷ്ട്രനിർമാണപ്രക്രിയയിലെ അതിപ്രധാനമായ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും സജീവമായി പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു” – ശ്രീ മോദി പറഞ്ഞു.
താഴേത്തട്ടിലുള്ള കായിക അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണത്തെ അന്താരാഷ്ട്ര വിജയങ്ങളുമായി ബന്ധിപ്പിച്ച്, ചെറിയ നഗരങ്ങളിൽനിന്നുള്ള വളർന്നുവരുന്ന പ്രതിഭകളുടെ കരുത്തിൽ ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രകടനത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. “നമ്മുടെ മികച്ച കായികതാരങ്ങൾ ഉജ്വലമായ പുതിയ റെക്കോർഡുകൾ കുറിക്കുകയാണ്; നമ്മുടെ പെൺമക്കൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുകയും ചെയ്യുന്നു”- ശ്രീ മോദി നിരീക്ഷിച്ചു.
ഉന്നതമായ സാമൂഹ്യലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ, പുതുതായി ഉദ്ഘാടനംചെയ്ത സ്മാരകത്തിൽനിന്നു നേരിട്ടു പ്രചോദനം ഉൾക്കൊണ്ട്, പ്രാദേശിക യുവാക്കൾക്കായി പ്രധാനമന്ത്രി ചില സാമൂഹ്യ ആഹ്വാനങ്ങൾ മുന്നോട്ടുവച്ചു. “സ്വാമി വിവേകാനന്ദജിയെപ്പോലെ, വലിയ ലക്ഷ്യത്തിനായി അശ്രാന്തം പരിശ്രമിക്കാനുള്ള ആഴത്തിലുള്ള പ്രചോദനമാണ് ഈ വിവേക സ്മാരകം നമുക്കു നൽകുന്നത്” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങളുടെ പട്ടികയിൽ എന്നും മുൻപന്തിയിലുള്ള മൈസൂരുവിനെ പ്രകീർത്തിച്ച പ്രധാനമന്ത്രി, പരിസ്ഥിതിസംരക്ഷണത്തിനും ജലസംരക്ഷണത്തിനുമായി ദൗത്യമെന്ന നിലയിൽ പ്രവർത്തിക്കാൻ പൗരന്മാരോട് ആഹ്വാനംചെയ്തു. “അമൂല്യമായ വെള്ളത്തിന്റെ ഓരോ തുള്ളിയും സംരക്ഷിക്കുന്നതിനായി നാം കർശനമായി ദൗത്യമെന്ന നിലയിൽ പ്രവർത്തിക്കണം” – ശ്രീ മോദി വ്യക്തമാക്കി.
വാൽമീകി രാമായണത്തിന്റെ കന്നഡ പരിഭാഷയുടെ പ്രകാശനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, സ്മാർട്ട്ഫോൺ യുഗത്തിലെ ശ്രദ്ധ വ്യതിചലിക്കലുകളിൽനിന്നു മാറി, സംസ്ഥാനത്തിന്റെ സമ്പന്നമായ സാഹിത്യ പാരമ്പര്യവുമായി സജീവമായി ബന്ധപ്പെടാൻ യുവാക്കളോട് അഭ്യർഥിച്ചു. “സ്ക്രീനുകളിൽനിന്നു മാറി നമ്മുടെ മഹത്തായ കന്നഡ സാഹിത്യവുമായി ആഴത്തിൽ ബന്ധപ്പെടാൻ, പുതിയ തലമുറയ്ക്കു കരുത്തുറ്റ പ്രചോദനം നൽകാൻ നമുക്കു സാധിക്കുമോ?”- ശ്രീ മോദി ആരാഞ്ഞു.
‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആശയത്തെ പിന്തുണച്ച്, തദ്ദേശീയ കരകൗശലവസ്തുക്കൾ, പട്ട്, ചന്ദന ഉൽപ്പന്നങ്ങൾ എന്നിവ സമ്മാനങ്ങളായി നൽകാൻ വാങ്ങുന്നതിലൂടെ പ്രാദേശിക കരകൗശലവിദഗ്ദ്ധരെ പിന്തുണയ്ക്കണമെന്നു പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനംചെയ്തു. “നാം നൽകുന്ന സമ്മാനങ്ങൾ ഒരിന്ത്യക്കാരന്റെ വിയർപ്പിൽ നിർമിച്ചതാണെന്ന് ഉറപ്പാക്കുന്നത്, നമ്മുടെ സംസ്കാരത്തെ മനോഹരമായി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, പ്രാദേശിക കുടുംബങ്ങൾക്കു പ്രധാനപ്പെട്ട സാമ്പത്തിക സഹായം നൽകുകയുംചെയ്യും” – ശ്രീ മോദി പറഞ്ഞു.
സ്വാമി വിവേകാനന്ദൻ രാജ്യത്തിനായി കണ്ട മഹത്തായ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ആത്യന്തിക ഉത്തരവാദിത്വം നിലവിലെ തലമുറയെ ഏൽപ്പിച്ച് പ്രധാനമന്ത്രി ഉപസംഹരിച്ചു. യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള വഴികാട്ടിയായി ഈ സ്മാരകം ഭാവിയിൽ വർത്തിക്കുമെന്ന പൂർണ ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. “ഈ വലിയ ഉത്തരവാദിത്വം നിറവേറ്റാൻ നിലവിലെ തലമുറയെ സഹായിക്കുന്ന കരുത്തുറ്റ ഊർജസ്രോതസായി വിവേക സ്മാരകം തടസ്സമില്ലാതെ പ്രവർത്തിക്കുമെന്നു ഞാൻ ദൃഢമായി വിശ്വസിക്കുന്നു” – ശ്രീ മോദി വ്യക്തമാക്കി.
SK
Speaking at the inauguration of Viveka Smaraka at Sri Ramakrishna Ashrama in Mysuru.
— Narendra Modi (@narendramodi) August 1, 2026
https://t.co/IqVEAM1gy9
Swami Vivekananda truly embodied the spirit of India. pic.twitter.com/gTNpyET9qX
— PMO India (@PMOIndia) August 1, 2026
India's youth are driving global growth. pic.twitter.com/qhOcHyFI7U
— PMO India (@PMOIndia) August 1, 2026
It is for today's generation to turn Swami Vivekananda's vision of India into reality. pic.twitter.com/oK58ejuZpg
— PMO India (@PMOIndia) August 1, 2026
Mysuru held an important place in Swami Vivekananda’s life.
— Narendra Modi (@narendramodi) August 1, 2026
I am confident that the Viveka Smaraka will become a vibrant place for inspiring the youth to contribute to a better society. pic.twitter.com/zEnyDGIACK
Powered by the capabilities of our youth, India is making strides across various sectors. The energy of our young people is the driving force behind the success of initiatives such as Aatmanirbhar Bharat and ‘Make in India.’ pic.twitter.com/3aFDgucT7f
— Narendra Modi (@narendramodi) August 1, 2026
I am delighted that the National Education Policy is preparing our nation’s youth to meet the needs and aspirations of the 21st century. pic.twitter.com/C0wCO1F888
— Narendra Modi (@narendramodi) August 1, 2026
A special appeal… pic.twitter.com/i9R2zPi9Bb
— Narendra Modi (@narendramodi) August 1, 2026
ಸ್ವಾಮಿ ವಿವೇಕಾನಂದ ಅವರ ಜೀವನದಲ್ಲಿ ಮೈಸೂರು ಪ್ರಮುಖ ಸ್ಥಾನವನ್ನು ಪಡೆದಿತ್ತು.
— Narendra Modi (@narendramodi) August 1, 2026
ಉತ್ತಮ ಸಮಾಜಕ್ಕೆ ಕೊಡುಗೆ ನೀಡಲು ಯುವಕರನ್ನು ಪ್ರೇರೇಪಿಸುವ ಚೈತನ್ಯದಾಯಕ ಸ್ಥಳವಾಗಿ ವಿವೇಕ ಸ್ಮಾರಕ ಹೊರಹೊಮ್ಮಲಿದೆ ಎಂಬ ವಿಶ್ವಾಸ ನನಗಿದೆ. pic.twitter.com/8fGr0CCXBs
ನಮ್ಮ ಯುವಕರ ಸಾಮರ್ಥ್ಯದಿಂದ ಭಾರತವು ವಿವಿಧ ಕ್ಷೇತ್ರಗಳಲ್ಲಿ ದಾಪುಗಾಲು ಹಾಕುತ್ತಿದೆ. ನಮ್ಮ ಯುವಜನರ ಬಲವೇ ಆತ್ಮನಿರ್ಭರ ಭಾರತ ಮತ್ತು ಮೇಕ್ ಇನ್ ಇಂಡಿಯಾದಂತಹ ಉಪಕ್ರಮಗಳ ಯಶಸ್ಸಿನ ಹಿಂದಿನ ಪ್ರೇರಕ ಶಕ್ತಿಯಾಗಿದೆ. pic.twitter.com/azduelKqKq
— Narendra Modi (@narendramodi) August 1, 2026
ರಾಷ್ಟ್ರೀಯ ಶಿಕ್ಷಣ ನೀತಿಯು 21ನೇ ಶತಮಾನದ ಅಗತ್ಯಗಳು ಮತ್ತು ಆಕಾಂಕ್ಷೆಗಳನ್ನು ಪೂರೈಸಲು ನಮ್ಮ ರಾಷ್ಟ್ರದ ಯುವಕರನ್ನು ಸಜ್ಜುಗೊಳಿಸುತ್ತಿರುವುದು ನನಗೆ ಸಂತಸ ತಂದಿದೆ. pic.twitter.com/9Cbsidnbnz
— Narendra Modi (@narendramodi) August 1, 2026
ಒಂದು ವಿಶೇಷ ಮನವಿ... pic.twitter.com/u9br1QKPqX
— Narendra Modi (@narendramodi) August 1, 2026