Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ഖേലോ ഇന്ത്യ സംവാദ’ത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

‘ഖേലോ ഇന്ത്യ സംവാദ’ത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ‘ഖേലോ ഇന്ത്യ സംവാദ’ത്തിൽ പങ്കെടുത്തു. ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ച സംഘാടകരെയും കേന്ദ്ര മന്ത്രിസഭാംഗങ്ങളെയും മുഖ്യമന്ത്രിമാരെയും ലക്ഷക്കണക്കിന് ‘മൈ ഭാരത്’ വോളണ്ടിയർമാരെയും പ്രധാനമന്ത്രി ഊഷ്മളമായി അഭിനന്ദിച്ചു. ഓഗസ്റ്റ് 29-ന് വരാനിരിക്കുന്ന ദേശീയ കായിക ദിനം പരാമർശിച്ച അദ്ദേഹം, രാജ്യത്തുടനീളമുള്ള യുവാക്കൾക്കും കായിക സമൂഹത്തിനും മുൻകൂർ ആശംസകൾ നേർന്നു. “ഭാരതാംബയുടെ മഹാനായ പുത്രൻ മേജർ ധ്യാൻചന്ദ് ജിയെ സ്മരിക്കാനുള്ള ദിവസം കൂടിയാണത്,” ശ്രീ മോദി പറഞ്ഞു.

ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യൻ ആർമിയുടെ ഹോക്കി ടീം ന്യൂസിലൻഡിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പര്യടനം അനുസ്മരിച്ച പ്രധാനമന്ത്രി, ഉഭയകക്ഷി കായിക ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ മേജർ ധ്യാൻചന്ദ് വഹിച്ച അടിസ്ഥാനപരമായ പങ്ക് എടുത്തുപറഞ്ഞു. ഈ ഇതിഹാസ താരത്തിന്റെ ഓർമ്മകളെ ആദരിച്ച തന്റെ സമീപകാല ന്യൂസിലൻഡ് സന്ദർശനം പരാമർശിച്ചുകൊണ്ട്, ആ ചരിത്രപരമായ ബന്ധങ്ങളെ കൂടുതൽ സമൃദ്ധമാക്കാനുള്ള രാജ്യത്തിന്റെ തുടർച്ചയായ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. “മേജർ ധ്യാൻചന്ദ് ജി അടിത്തറപാകിയ ബന്ധങ്ങളുടെ അഭിവൃദ്ധിക്കായി ഇന്ത്യ ഇന്ന് നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്,” ശ്രീ മോദി പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയിൽ നിന്ന് ഈയിടെ താൻ അവതരിപ്പിച്ച കായിക ദർശനങ്ങളെ കുറിച്ച് പരാമർശിക്കവെ, കായികരംഗത്തിന്റെ മൂല്യം വെറും മെഡലുകൾ നേടുന്നതിനും അപ്പുറമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തിന്റെ കായിക ശക്തിയെയും യുവജന ഊർജ്ജത്തെയും തടസ്സമില്ലാതെ സമഗ്രമായി കോർത്തിണക്കാനുള്ള ഒരു സുപ്രധാന പ്രചാരണമായാണ് അദ്ദേഹം കായികരംഗത്തെ വിശേഷിപ്പിച്ചത്. “കളിക്കുന്നവർ അഭിവൃദ്ധിപ്പെടും എന്നാണ് ഞാൻ എപ്പോഴും പറയാറുള്ളത്,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

കായികമേഖലയിലെ വിജയത്തിന്റെ വിശാലമായ നിർവചനത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, കായികപരമായ നേട്ടങ്ങൾ വ്യക്തിത്വത്തിന്റെ വികാസത്തിനും കുടുംബത്തിന്റെ അഭിമാനത്തിനും ദേശീയ പ്രതാപത്തിനും അടിസ്ഥാനപരമായി വഴിയൊരുക്കുന്നുവെന്ന് വ്യക്തമാക്കി. ഒരു  കളിക്കാരന്റെ വിജയം അവരുടെ സ്കൂളിന്റെയും ജില്ലയുടെയും സംസ്ഥാനത്തിന്റെയും അന്തസ്സ് ഉയർത്തുകയും പ്രാദേശിക മേഖലകളെ ആഗോള ഭൂപടത്തിൽ വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ആഗോള കായിക ഭൂപടത്തിൽ സ്വന്തം മുദ്ര പതിപ്പിക്കാനുള്ള ശേഷി ഓരോ ജില്ലയ്ക്കുമുണ്ട്. ഈ വൻ സാധ്യതകളെക്കുറിച്ചുള്ള ധാരണയോടെയാണ് നാം ഈ സംവാദ പരിപാടിയെ മുന്നോട്ട് കൊണ്ടുപോകേണ്ടത്,” ശ്രീ മോദി പറഞ്ഞു.

തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിൽ ചൂണ്ടിക്കാട്ടിയ ഒരു പ്രധാന വെല്ലുവിളിയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, ഒളിമ്പിക്‌സിലെ പകുതിയോളം കായിക ഇനങ്ങളിൽ ഇന്ത്യയുടെ ഐതിഹാസികമായ പങ്കാളിത്തമില്ലായ്മയെക്കുറിച്ച് പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ഇന്ത്യ വെറും 13 കായിക ഇനങ്ങളിൽ മാത്രം മത്സരിച്ച 2012-ലെ ഒളിമ്പിക്‌സ് ഉദാഹരിച്ചുകൊണ്ട്, 20-ലധികം ആഗോള കായിക ഇനങ്ങളെ അവഗണിക്കുന്നതിലൂടെ മെഡൽ പട്ടികയുടെ വലിയൊരു ഭാഗമാണ് രാജ്യത്തിന് നഷ്ടമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മുടെ മെഡൽ നേട്ടം ഉയർത്തുന്നതിന്, ഈ കായിക ഇനങ്ങളിലും നാം തീർച്ചയായും പ്രാവീണ്യം നേടേണ്ടതുണ്ട്,” ശ്രീ മോദി എടുത്തുപറഞ്ഞു.

ഇതുവരെ പ്രയോജനപ്പെടുത്താത്ത വൻ സാധ്യതകൾ എടുത്തുകാട്ടിക്കൊണ്ട്, സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ്, വിന്റർ സ്പോർട്സ് എന്നിവയ്ക്ക് തികച്ചും അനുയോജ്യമായ വിശാലമായ തീരദേശങ്ങളും പർവ്വതപ്രദേശങ്ങളും ഉണ്ടായിരുന്നിട്ടും, ഈ മേഖലകളിൽ ഇന്ത്യ ആഗോളതലത്തിൽ ഇനിയും ശ്രദ്ധിക്കപ്പെടാതെ തുടരുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള വിവിധ ജില്ലകളിൽ സവിശേഷമായ കായിക ആവാസവ്യവസ്ഥകൾ കണ്ടെത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സമീപനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.

2036-ലെ ഒളിമ്പിക്‌സിനായുള്ള ദീർഘകാല തന്ത്രത്തിന്റെ രൂപരേഖ അവതരിപ്പിച്ചുകൊണ്ട്, വിവിധ കായിക ഇനങ്ങളിൽ യോഗ്യത നേടാൻ ശേഷിയുള്ള കായികതാരങ്ങളെ ഉടനടി കണ്ടെത്തേണ്ടതിന്റെയും സജ്ജരാക്കേണ്ടതിന്റെയും അടിയന്തര ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് വിശാലമായ ദേശീയ ‘പ്രതിഭാ പര്യവേക്ഷണം’ (Talent Hunt) ആരംഭിക്കുന്ന കാര്യം അദ്ദേഹം ആവർത്തിച്ചു; പ്രതിഭകളെ കണ്ടെത്തുന്ന പ്രക്രിയയിൽ അതത് കായിക ഇനങ്ങൾക്കനുസൃതമായ താത്പര്യത്തിനും ശാരീരികക്ഷമതയ്ക്കും മുൻഗണന നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇതിനായി ഗവൺമെന്റിൽ നിന്ന് എന്ത് പിന്തുണ ആവശ്യമുണ്ടെങ്കിലും, ഗവണ്മെന്റ് നിങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കും,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

അത്യാധുനികവും 21-ാം നൂറ്റാണ്ടിന് അനുയോജ്യവുമായ കായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധത അവർത്തിച്ചുറപ്പിച്ചുകൊണ്ട്, പ്രത്യേക കായിക സർവകലാശാലകളും അത്യാധുനിക പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന്റെ പുരോഗതി പ്രധാനമന്ത്രി വിശദീകരിച്ചു. കായിക ശാസ്ത്രം, പരിശീലനം, കോച്ചിംഗ് എന്നിവയിൽ ആഗോളതലത്തിലെ മികച്ച മാതൃകകൾ പങ്കുവെക്കുന്നതിനായി അന്താരാഷ്ട്ര സഹകരണം ഗവണ്മെന്റ് സജീവമായി വർദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “പ്രതിഭകളെ കണ്ടെത്തുന്നതുമുതൽ അവരെ ലോകവേദിയിൽ എത്തിക്കുന്നതുവരെ എല്ലാ തലത്തിലും പിന്തുണ ലഭിക്കുന്ന ഒരു സംവിധാനമാണ് രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നത്,” ശ്രീ മോദി നിരീക്ഷിച്ചു.

കായിക വികസനത്തോടുള്ള ഗവണ്മെന്റിന്റെ ഗൗരവമേറിയ സമീപനത്തിന് അടിവരയിട്ടുകൊണ്ട്, ‘ഖേലോ ഇന്ത്യ സംവാദ’ത്തെ വെറുമൊരു ചർച്ചയായിട്ടല്ല, മറിച്ച് രാജ്യത്തിന്റെ കായിക കാഴ്ചപ്പാടിന് പ്രായോഗിക രൂപം നൽകാനുള്ള നിർണ്ണായക വേദിയായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വ്യക്തിപരമായ ലക്ഷ്യങ്ങളെ ദേശീയ സ്വപ്നങ്ങളുമായി ബന്ധിപ്പിക്കാനായി ഈ സംവാദം പ്രയോജനപ്പെടുത്താൻ അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു. പ്രതിഭാ വികസനത്തെക്കുറിച്ചും കായിക ഭരണത്തെക്കുറിച്ചുമുള്ള അവരുടെ നിർദ്ദേശങ്ങൾ നയരൂപീകരണത്തെ നേരിട്ട് സ്വാധീനിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. “യുവശക്തിയുടെ ഈ പുതിയ ആശയങ്ങൾ തന്നെയായിരിക്കും വികസിത ഭാരതമെന്ന ലക്ഷ്യപ്രാപ്തിക്കുള്ള ശക്തിയായി മാറുക,” ശ്രീ മോദി വ്യക്തമാക്കി.

കായികരംഗത്തിന്റെ ആഴത്തിലുള്ള സാമൂഹിക നേട്ടങ്ങളെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആരോഗ്യകരമായ സമൂഹത്തിനും ശക്തമായ കുടുംബബന്ധങ്ങൾക്കും ഉന്നതമായ തൊഴിൽ സംസ്കാരത്തിനും യഥാർത്ഥ കായിക മനോഭാവം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ജേതാക്കളാകാൻ മാത്രമല്ല, പരാജയങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിടാനും വീണ്ടും ഉയിർത്തെഴുന്നേൽക്കാനും കായികരംഗം വ്യക്തികളെ പ്രാപ്തരാക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “കായികരംഗം ചാമ്പ്യന്മാരാകാൻ മാത്രമല്ല; മികച്ച മത്സരാർത്ഥികളാകാനും നമ്മെ പഠിപ്പിക്കുന്നു,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

കായികരംഗത്തിന്റെ അത്ഭുതകരമായ പരിവർത്തന ശേഷിയെ പ്രശംസിച്ചുകൊണ്ട്, ജീവിതത്തെയും പ്രതിസന്ധികളെയും കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളെ മാറ്റിയെഴുതാനുള്ള അസാമാന്യമായ കഴിവ് രാജ്യത്തെ ഭിന്നശേഷി കായികതാരങ്ങൾക്ക് (Para Athletes) ഉണ്ടെന്ന് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. ഒരു ഭിന്നശേഷി കായികതാരത്തിന്റെ വിജയം അവരുടെ കുടുംബത്തിൽ മുഴുവനും പുതിയ ഊർജ്ജം നിറയ്ക്കുകയും, ആദ്യകാല പോരാട്ടങ്ങളിൽ അവർക്ക് താങ്ങായി നിന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ധൈര്യവും സ്വപ്നങ്ങളും ഉയർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ ആഴത്തിലുള്ള വ്യക്തിപരമായ പ്രചോദനം വ്യക്തമാക്കിക്കൊണ്ട്, വില്ലാളി ശീതൾ, ഇരട്ട പാരലിമ്പിക് മെഡൽ ജേതാവ് അവനി ലേഖറ, സുമിത് ആന്റിൽ, നിതീഷ് കുമാർ, ഝണ്ടു കുമാർ എന്നീ പാര-അത്‌ലറ്റുകളുടെ ശ്രദ്ധേയമായ നേട്ടങ്ങളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. ഇവരുടെ വിജയങ്ങൾ സ്വന്തം സംസ്ഥാനങ്ങൾക്കും രാജ്യത്തിനുമുഴുവനും അളവറ്റ അഭിമാനം നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ” അവനിയെ കാണുമ്പോൾ എനിക്ക് വലിയ അഭിമാനം തോന്നാറുണ്ട്; ഇത്തരത്തിലുള്ള ഓരോ സഹയാത്രികരും നമുക്ക് വലിയ പ്രചോദനമാണ്,” ശ്രീ മോദി പറഞ്ഞു.

മെച്ചപ്പെട്ട ജീവിതനിലവാരത്തിനുള്ള അടിസ്ഥാനമായി കായികരംഗത്തെ അവതരിപ്പിച്ചുകൊണ്ട്, നൂറു വയസ്സ് പിന്നിട്ട ഇതിഹാസ താരം ഫൗജ സിംഗിനെ ആയുഷ്കാല ശാരീരികക്ഷമതയുടെയും കായിക അഭിനിവേശത്തിന്റെയും ഉത്തമ ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശാരീരിക പ്രവർത്തനങ്ങളും പൊതുവായ ക്ഷേമവും തമ്മിലുള്ള ആഴത്തിലുള്ള പരസ്പരബന്ധമാണ് ഫൗജ സിംഗിന്റെ ജീവിതം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “കായികരംഗവും ജീവിതനിലവാരവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വലിയൊരു പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

ലഹരി ഉപയോഗമെന്ന ഗുരുതരമായ സാമൂഹിക വെല്ലുവിളിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച ശ്രീ മോദി, കായികരംഗത്തെ യഥാർത്ഥ പങ്കാളിത്തം ലഹരിവസ്തുക്കളിൽ നിന്ന് അകന്നുനിൽക്കാൻ ആവശ്യമായ മനോബലത്തെ സ്വയം സൃഷ്ടിക്കുമെന്ന് കൂട്ടിച്ചേർത്തു. ചെറുപ്പക്കാർക്കിടയിലെ ലഹരി ആസക്തിയ്ക്കെതിരെ പോരാടുന്നതിൽ കായിക മേഖല വളരെ അർത്ഥവത്തായ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രശംസിച്ചു. “ഇന്ന് ചെറുപ്പക്കാരുടെ മുന്നിൽ ലഹരി എന്ന വെല്ലുവിളി വലിയൊരു ഭീഷണിയായി നിൽക്കുമ്പോൾ, അതിനെതിരെ കായികരംഗം വളരെ നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ഇന്ത്യയിൽ കായികരംഗം വളരെ ആദരണീയമായ തൊഴിൽ മേഖലയായി വളർന്നുവരുന്നതിനെ പ്രകീർത്തിക്കവേ, പൗരന്മാർ ട്രയാത്ത്‌ലണുകളിലും 5K, 10K റേസുകളിലും ഹൈറോക്സ് പോലുള്ള ഫിറ്റ്‌നസ് വെല്ലുവിളികളിലും സജീവമായി പങ്കെടുക്കുന്ന സാംസ്കാരിക മാറ്റത്തെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ശീർഷാസനത്തിൽ പ്രാവീണ്യം നേടുന്നത് മുതൽ വിനോദമായി പിക്ക്ൾബോൾ കളിക്കുന്നത് വരെ, പഠനത്തിനും ഉദ്യോഗത്തിനും ഒപ്പം കായികരംഗവും ദൈനംദിന ജീവിതചര്യയുടെ ഭാഗമായി മാറിയിരിക്കുന്നുവെന്നതിന് തെളിവാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. “ഇതാണ് ആ മാറ്റം, ഇതാണ് ആ പരിവർത്തനം; ഇത് ഇന്ത്യയുടെ കായിക ഭാവിയെക്കുറിച്ചുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു,” ശ്രീ മോദി പറഞ്ഞു.

താഴെത്തട്ടിലുള്ള പങ്കാളിത്തത്തിന്റെ ആവശ്യകതയെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കായിക വിദ്യാഭ്യാസത്തെ വെറുമൊരു അനുബന്ധ പ്രവർത്തനമായി കാണാതെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി കണ്ട് സ്കൂളുകൾ മുൻഗണന നൽകുമ്പോൾ മാത്രമേ ഒരു യഥാർത്ഥ കായിക സംസ്കാരം സൃഷ്ടിക്കപ്പെടുകയുളൂവെന്നു വ്യക്തമാക്കി. കായികരംഗത്തെ സ്ഥാപനവൽക്കരിക്കുന്നത് ദേശീയ തലത്തിലുള്ള പ്രതിഭകളുടെ പങ്കാളിത്തം വിശാലമാക്കുകയും യുവ കായികതാരങ്ങൾക്ക് കുടുംബത്തിന്റെ നിർണ്ണായക പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഡിജിറ്റൽ സ്ക്രീനുകളേക്കാൾ പ്രധാനം കായിക കേന്ദ്രങ്ങളാണ്; പ്ലേസ്റ്റേഷനുകളേക്കാൾ പ്രധാനം പ്ലേഗ്രൗണ്ടുകളാണ് ,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവുകളിൽ പൂർണ്ണമായ വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, കളിസ്ഥലത്തായാലും സമൂഹത്തിലായാലും അവരുടെ സജീവമായ പങ്കാളിത്തമാണ് രാജ്യത്തിന്റെ യഥാർത്ഥ കരുത്തെന്ന് പ്രഖ്യാപിച്ചു. പുതിയ കായിക ഉപകരണങ്ങളുടെ രൂപകൽപ്പന, അത്യാധുനിക കായിക സാങ്കേതികവിദ്യ, സ്പോർട്സ് മെഡിസിൻ, ന്യൂട്രിഷൻ, മനഃശാസ്ത്രം, അനലിറ്റിക്സ് എന്നിവയിലൂടെ കായിക മേഖലയിൽ വൻതോതിലുള്ള തൊഴിലവസരങ്ങളാണ് ഉയർന്നുവരുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “ഈ അവസരങ്ങൾ നിങ്ങൾ പാഴാക്കരുത്; അതിനാൽ ഈ സംവാദത്തിൽ നിങ്ങളുടെ ആശയങ്ങൾ തുറന്ന് അവതരിപ്പിക്കൂ,” ശ്രീ മോദി ആഹ്വാനം ചെയ്തു.

-SK-