പിഎം ഇന്ത്യ
ന്യൂഡൽഹിയിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യൻ പ്രധാനമന്ത്രി ഡാറ്റോ സെരി അൻവർ ബിൻ ഇബ്രാഹിമുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി, മലേഷ്യൻ പ്രധാനമന്ത്രി ഇബ്രാഹിമിനെ ഇന്ത്യയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുകയും, ഒരു പങ്കാളിത്ത രാജ്യമെന്ന നിലയിൽ ബ്രിക്സ് ഉച്ചകോടിയിൽ മലേഷ്യ പങ്കെടുത്തതിനെ പ്രശംസിക്കുകയും ചെയ്തു. 2026 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി നടത്തിയ മലേഷ്യൻ സന്ദർശനത്തിന്റെ ഫലങ്ങൾ നേതാക്കൾ വിലയിരുത്തി. കൂടാതെ വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടറുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ഊർജ്ജം, ഫിൻടെക്, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും അവർ അവലോകനം ചെയ്തു. സബയിലെ കോട്ട കിനബാലുവിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കുന്നതിനു പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സമ്മതമറിയിച്ചു.
ആസിയാൻ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ മലേഷ്യ നൽകുന്ന തുടർച്ചയായ പിന്തുണയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. പരസ്പര താല്പര്യമുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഇന്ത്യ-മലേഷ്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ച് വ്യക്തമാക്കി.
-SK-