പിഎം ഇന്ത്യ
2026 സെപ്റ്റംബർ 17-ന് രാവിലെ 10 മണിയോടെ ന്യൂഡൽഹിയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെമിക്കോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.
സിലിക്കൺ മുതൽ സിസ്റ്റങ്ങൾ വരെ: ആവാസവ്യവസ്ഥ കെട്ടിപ്പടുക്കൽ എന്ന പ്രമേയത്തിലാണ് 2026 സെപ്റ്റംബർ 17 മുതൽ 19 വരെ മൂന്നുദിവസത്തെ കോൺഫറൻസും എക്സിബിഷനും സംഘടിപ്പിക്കുന്നത്. സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖലകളിലെ ആഗോള-ഇന്ത്യൻ കമ്പനികൾ, നയരൂപകർത്താക്കൾ, നിക്ഷേപകർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരെ ഇത് ഒരു കുടക്കീഴിൽ അണിനിരത്തും. ഇന്ത്യയിൽ സഹകരണം, നിക്ഷേപം, നവീനാശയം, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലായിരിക്കും ഈ കോൺഫറൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിസ്പ്ലേ വ്യവസായത്തിലെ പുരോഗതികൾ, പരസ്പര സഹകരണവും സംയുക്ത സംരംഭങ്ങളും സുഗമമാക്കുന്നതിനായുള്ള ആറ് കൺട്രി റൗണ്ട് ടേബിളുകൾ, വനിതാ നേതൃത്വത്തെക്കുറിച്ചുള്ള ഫോറം തുടങ്ങിയ നിരവധി സമാന്തര സെഷനുകളും ഇതിൽ ഉൾപ്പെടും.
സെമിക്കോൺ മെറ്റീരിയലുകൾ, ഉപകരണങ്ങൾ, ചിപ്പ് ഡിസൈൻ എന്നിവയിൽ തുടങ്ങി നിർമ്മാണം, അഡ്വാൻസ്ഡ് പാക്കേജിംഗ്, ഇലക്ട്രോണിക്സ്, സിസ്റ്റങ്ങൾ വരെയുള്ള പ്രയാണം പ്രദർശിപ്പിച്ചുകൊണ്ട് സെമിക്കോൺ ഇന്ത്യ 2026 സമഗ്രമായ ഒരു വാല്യൂ-ചെയിൻ സമീപനമായിരിക്കും സ്വീകരിക്കുക. ഈ പുതിയ സാൻഡ് ടു സിലിക്കൺ ടു സിസ്റ്റംസ് (മണ്ണ് മുതൽ സിലിക്കണും സിസ്റ്റങ്ങളും വരെ) വാല്യൂ ചെയിൻ എക്സ്പീരിയൻസ്, സെമികണ്ടക്ടർ ആവാസവ്യവസ്ഥയിലുടനീളമുള്ള ഈ ഘട്ടങ്ങളെ പരിചയപ്പെടുത്തും.
അറുന്നൂറിലധികം കമ്പനികൾ അണിനിരക്കുന്ന സെമിക്കോൺ ഇന്ത്യ 2026-ൽ 52 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 400-ലധികം എക്സിക്യൂട്ടീവുകളും 150-ലധികം സ്പീക്കർമാരും ഉൾപ്പെടെ 50,000-ത്തോളം സന്ദർശകർ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, നെതർലൻഡ്സ്, സിംഗപ്പൂർ, സ്വീഡൻ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ആറ് കൺട്രി പവിലിയനുകൾക്ക് പുറമേ, 12 സംസ്ഥാനങ്ങളുടെ ബൂത്തുകൾ, സ്റ്റാർട്ടപ്പ് പവലിയൻ, ഇന്നൊവേഷൻ ഷോക്കേസ്, സ്റ്റുഡന്റ് ഹാക്കത്തൺ, വർക്ക്ഫോഴ്സ് ഡെവലപ്മെന്റ് പവിലിയൻ എന്നിവയും ഈ എക്സിബിഷന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
***
SK