Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘മൻ കി ബാത്തിന്റെ’ 138-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (27.09.2026)


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. സെപ്റ്റംബർ മാസത്തിലെ ‘മൻ കി ബാത്’ പരിപാടിയിലൂടെ വീണ്ടും ഒരിക്കൽ കൂടി നിങ്ങളിലേക്കെത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ ജനങ്ങളെയും ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ‘മൻ കി ബാത്’ എന്ന പരിപാടിയിലൂടെ രാജ്യത്തെ ജനങ്ങളുടെ ക്രിയാത്മകവും പ്രചോദനകരവുമായ പ്രവർത്തനങ്ങൾക്ക് നമ്മൾ വേദിയൊരുക്കുന്നു, രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഭാരതത്തിന്റെ അത്തരത്തിലുള്ള ഒരു വലിയ ചരിത്രനേട്ടത്തിന് നാളെ പത്ത് വർഷം പൂർത്തിയാകുകയാണ്. ആ നേട്ടമാണ് ‘സർജിക്കൽ സ്ട്രൈക്ക്’. പത്ത് വർഷം മുമ്പ്, 2016 സെപ്റ്റംബർ 28-നും 29-നും ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകരവാദകേന്ദ്രങ്ങളിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് കടന്ന് നമ്മുടെ ധീരരായ സൈനികർ ഭീകരവാദത്തിനെതിരെ നടത്തിയ ആ നടപടി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. സർജിക്കൽ സ്ട്രൈക്കിലൂടെ ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ ഭീകരവാദത്തിനെതിരായ നയം തുറന്ന പ്രഖ്യാപനത്തിലൂടെ വളരെ വ്യക്തമായി അവതരിപ്പിക്കപ്പെട്ടു. ഭീകരാക്രമണങ്ങൾ കാരണം ഭാരതം വർഷങ്ങളോളം അനുഭവിച്ച വേദനയ്ക്കുള്ള നിർണായക പ്രതികരണമായിരുന്നു സർജിക്കൽ സ്ട്രൈക്ക്. ഭീകരവാദികൾ ഭാരതത്തെ നോട്ടമിട്ടാൽ അതിന് ശക്തമായ മറുപടി നൽകുമെന്ന് ബാലാക്കോട്ട് എയർ സ്ട്രൈക്ക് മുതൽ ‘ഓപ്പറേഷൻ സിന്ദൂർ’ വരെ, കഴിഞ്ഞ ഒരു ദശകത്തിനിടെ, ഭാരതം പലതവണ വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ, ഭീകരാക്രമണങ്ങൾ ഭാരതത്തെ ഏറെക്കാലം മുറിവേൽപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് ഭാരതത്തിൽ ബോംബ് സ്ഫോടന പരമ്പര പോലും സാധാരണ സംഭവമായി. 2008 സെപ്റ്റംബർ 13-ന് ഡൽഹിയിൽ നടന്ന ബോംബ് സ്ഫോടന പരമ്പരയിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടു. അതിന് ഏതാനും ആഴ്ചകൾക്കു ശേഷമാണ് മുംബൈയിൽ 26/11 എന്നറിയപ്പെടുന്ന വലിയ ഭീകരാക്രമണം നടന്നത്. സുഹൃത്തുക്കളേ, മുമ്പ് ഓരോ ഭീകരാക്രമണത്തിനുശേഷവും പാകിസ്ഥാനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ അതിന് വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ല. എന്നുമാത്രമല്ല, സമയം കടന്നുപോകാൻ കാത്തിരിക്കുന്ന രീതിയായിരുന്നു തുടർന്നിരുന്നത്. എന്നാൽ ഇന്നത്തെ ഭാരതം ഭീകരവാദത്തിനെതിരെ ‘സീറോ ടോളറൻസ് പോളിസി’ യുമായാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഫലങ്ങളും നമ്മൾ കാണുന്നുണ്ട്.

സുഹൃത്തുക്കളേ, ഈ വർഷം 9/11 ഭീകരാക്രമണത്തിനും 25 വയസ്സ് പൂർത്തിയായി. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളിൽ അമേരിക്കക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഭാരതീയരായിരുന്നു. 2014-ൽ പ്രധാനമന്ത്രിയായതിനുശേഷം ഞാൻ അമേരിക്ക സന്ദർശിച്ചപ്പോൾ ന്യൂയോർക്കിലെത്തി നിരപരാധികളായ ആ പൗരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചത് ഞാൻ ഓർക്കുന്നു. ഇന്ന് വീണ്ടും ഒരിക്കൽ കൂടി, ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ പേരിൽ ആ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളോട് എന്റെ അനുശോചനം അറിയിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ ഒരു വലിയ ചിത്രം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ആ ചിത്രത്തിൽ നിങ്ങളും ഉണ്ട്, നിങ്ങളുടെ കുടുംബവും ഉണ്ട്, നിങ്ങളുടെ അയൽക്കാരും ഉണ്ട്. ഞാൻ പറയുന്നത് ഭാരതത്തിന്റെ സെൻസസിനെക്കുറിച്ചാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെൻസസിന്റെ ആദ്യഘട്ടം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. 32 കോടിയിലധികം കുടുംബങ്ങളുടെ വിവരങ്ങൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ലഡാക്ക്, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദുർഘടവും മഞ്ഞുമൂടിയതുമായ പ്രദേശങ്ങളിലും ഈ പ്രവർത്തനം നടക്കുകയാണ്. അവിടെ നിന്ന് നിരവധി പ്രചോദനകരമായ അനുഭവങ്ങൾ നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ സെൻസസിന് തുടക്കം കുറിച്ചത് ചമോലിയിലെ മാണ ഗ്രാമത്തിൽ നിന്നാണ്. മാണയെ രാജ്യത്തെ ആദ്യ ഗ്രാമം എന്നും പറയാറുണ്ട്. അവിടെ 83 വയസ്സുള്ള പൂർണിമ റാവത്തിലൂടെയാണ് ഈ പ്രവർത്തനം ആരംഭിച്ചത്. ഉത്തരകാശിയിലെ ബഗോരി ഗ്രാമത്തിൽ ഹോംസ്റ്റേ നടത്തുന്ന ഹർദേവ് സിംഗ് റാണാ ഡിജിറ്റൽ സംവിധാനത്തിലൂടെ സ്വന്തം വിവരങ്ങൾ സ്വയം രേഖപ്പെടുത്തി.

സുഹൃത്തുക്കളേ, സെൻസസ് നമ്മുടെയെല്ലാം ദേശീയ ഉത്തരവാദിത്തമാണ്. ഓഗസ്റ്റ് 15-നും ഞാൻ പൗരന്മാരോട് ഇതിനായി കുറച്ച് സമയം മാറ്റിവെക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സെൻസസിൽ സ്വന്തം വിവരങ്ങൾ സ്വയം രേഖപ്പെടുത്താനുള്ള സൗകര്യം വളരെ എളുപ്പമാണ്. നിങ്ങളുടെ മൊബൈൽ ഉപയോഗിച്ചുതന്നെ നിങ്ങളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ നൽകാം. ഹിന്ദി ഉൾപ്പെടെ 16 ഭാഷകളിൽ ഈ സൗകര്യം ലഭ്യമാണ്. ഇതിനായി സെൻസസിന്റെ ഓൺലൈൻ പോ‍ർട്ടൽ സന്ദർശിക്കണം. se.census.gov.in ഈ പോ‍ർട്ടലിൽ നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. സ്വന്തം സ്ഥലം രേഖപ്പെടുത്തുക, കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂരിപ്പിക്കുക, തുടർന്ന് സബ്മിറ്റ് ചെയ്യുക. ഈ മുഴുവൻ നടപടിക്രമത്തിന് ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ മാത്രമേ വേണ്ടിവരൂ. ഇതിനായി ഒരു രേഖ പോലും അപ്ലോ‍ഡ് ചെയ്യേണ്ടതില്ല. വിവരങ്ങൾ സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് ഒരു പ്രത്യേക ഐഡി ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിലെത്തുമ്പോൾ ഈ ഐഡി അവരോട് പറയണം. നിങ്ങൾ നൽകിയ വിവരങ്ങൾ സ്ഥിരീകരിച്ചതിന് ശേഷം അത് സെൻസസിന്റെ ഭാഗമാകും. സുഹൃത്തുക്കളേ, ഇതുവരെ മൊബൈൽ വഴി ആളുകൾ സെൻസസ് പോ‍ർട്ടലിൽ വിവരങ്ങൾ നൽകി സ്വയം രേഖപ്പെടുത്തൽ പൂർത്തിയാക്കിയിട്ടുണ്ട്. നിങ്ങളും ഇതിനായി കുറച്ച് സമയം ചെലവഴിക്കുക. കാരണം, രാജ്യത്തിന് ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ശരിയായ വിവരങ്ങളും നിങ്ങളുടെ കുടുംബത്തിന്റെ ശരിയായ വിവരങ്ങളും രാജ്യത്തിന്റെ ഭാവിയുടെ കൃത്യമായ ചിത്രം തയ്യാറാക്കാൻ സഹായിക്കും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് സെപ്റ്റംബർ 27 എന്ന തീയതി മറ്റൊരു പ്രത്യേക കാരണത്താലും ഏറെ സവിശേഷത നിറഞ്ഞതാണ്. ഇന്ന് സംസ്കാരത്തിനും സമൂഹത്തിനും രാജ്യത്തിനുംവേണ്ടി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച ഒരു മഹാനുഭാവന്റെ നൂറാം ജന്മവാർഷികമാണ്. ഞാൻ പറഞ്ഞുവരുന്നത് വിശ്വ ഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര പ്രവർത്തകസമിതി അധ്യക്ഷനായിരുന്ന, യശ്ശശരീരനായ അശോക് സിംഗാളിനെക്കുറിച്ചാണ്. 1926 സെപ്റ്റംബർ 27-ന് ഇതേ ദിവസമാണ് അദ്ദേഹം ആഗ്രയിൽ ജനിച്ചത്. സമൂഹമധ്യത്തിൽ ഒരു തപസ്വിയെപ്പോലെയാണ് അദ്ദേഹം ജീവിതം നയിച്ചത്. രാമജന്മഭൂമി പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ ദിശാബോധത്തിന്റെയും ഊർജ്ജത്തിന്റെയും ഫലമാണ് ഇന്ന് അയോധ്യയിൽ നാം കാണുന്ന മഹത്തായ രാമക്ഷേത്രം. ഞാൻ അദ്ദേഹത്തിന്റെ ജീവിതം അടുത്തുനിന്ന് കാണുക മാത്രമല്ല ചെയ്തത്, അദ്ദേഹത്തോടൊപ്പം ഈ ദൗത്യത്തിന്റെ ഭാഗമാകാനും എനിക്ക് അവസരം ലഭിച്ചു. ഇതെന്റെ മഹാഭാഗ്യമായിരുന്നു. ഞാൻ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമ്പോഴും അശോക് അവർകളെ തികച്ചും സ്വാഭാവികമായി ഇടയ്ക്കിടെ ഓർക്കുമായിരുന്നു. സുഹൃത്തുക്കളേ, അശോക് അവർകളെക്കുറിച്ച് അധികം ചർച്ച ചെയ്യപ്പെടാത്ത നിരവധി കാര്യങ്ങളുണ്ട്. രാമക്ഷേത്ര പ്രസ്ഥാനത്തോടൊപ്പം തന്നെ സാമൂഹിക വിവേചനത്തിനും അസമത്വത്തിനും എതിരെ അദ്ദേഹം വലിയ പോരാട്ടം നടത്തിയിരുന്നു. വളരെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. സഹോദരങ്ങളിൽ മിക്കവരും ഉയർന്ന പദവികൾ അലങ്കരിച്ചിരുന്നവരായിന്നു. അദ്ദേഹവും ഐഐടി-ബി എച്ച് യുവിൽ നിന്ന് ബിരുദം നേടിയ വ്യക്തിയായിരുന്നു. എന്നാൽ ഇതെല്ലാം ഉണ്ടായിരുന്നിട്ടും അദ്ദേഹം സമൂഹത്തിനും സംസ്കാരത്തിനുമായി തന്റെ ജീവിതം സമർപ്പിച്ചു. ഇതുതന്നെയാണ് മഹാന്മാരുടെ പ്രത്യേകത. ഇന്ന് അദ്ദേഹത്തിന്റെ ജന്മശതാബ്ദിവേളയിൽ, അദ്ദേഹത്തെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആൾക്കാരുടെ പേരിൽ ഞാൻ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു, ഹൃദയം നിറഞ്ഞ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആത്മാഭിമാനത്തിന്റെ ഒരു മഹോത്സവത്തോടെയാണ് ഈ വർഷം നമ്മൾ ആരംഭിച്ചത്. ആ മഹോത്സവമായിരുന്നു ‘സോമനാഥ് സ്വാഭിമാൻ പർവ്’. ഇന്നേയ്ക്ക് ആയിരം വർഷങ്ങൾക്ക് മുമ്പ്, 1026-ൽ മുഹമ്മദ് ഗസ്നി ആദ്യമായി സോമനാഥ ക്ഷേത്രം തകർത്തു. എന്നാൽ സോമനാഥ് ക്ഷേത്രത്തെ തകർത്ത് ഭാരതത്തിന്റെ സ്വത്വം തുടച്ചു നീക്കാൻ വന്നവർക്ക് ഇന്ന് യാതൊരു അടയാളവുമില്ല. അതേസമയം, സോമനാഥ ക്ഷേത്രം ഇന്നും, വിശാലമായ കടൽത്തീരത്ത് അതിന്റെ പൂർണ്ണ പ്രൗഢിയോടെ ഭാരതത്തിന് അമരത്വത്തിന്റെ ആശീർവാദം നൽകിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് നമ്മൾ ഈ വർഷം അഭിമാനത്തോടെ ‘സോമനാഥ് സ്വാഭിമാൻ പർവ്’ ആഘോഷിച്ചത്. സുഹൃത്തുക്കളേ, ഇന്ന് ‘മൻ കി ബാത്’ൽ ഈ വിഷയം ഞാൻ വീണ്ടും പറയുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. 1026-ൽ ഗസ്നി സോമനാഥ് ക്ഷേത്രം തകർത്ത അതേ വർഷം തന്നെ ഗുജറാത്തിലെ മോഢേരയിലെ പ്രശസ്തമായ സൂര്യക്ഷേത്രവും ആക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. അതായത്, മോഢേര ക്ഷേത്രം തകർക്കപ്പെട്ടിട്ടും ഇപ്പോൾ ആയിരം വർഷം പൂർത്തിയാകുകയാണ്. അന്ന് ആ ക്ഷേത്രം നിർമ്മാണം കഴിഞ്ഞിട്ട് വെറും ഒരു വർഷം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. 1025-ലാണ് രാജാവ് ഭീമദേവ് ഈ ക്ഷേത്രം നിർമ്മിച്ചത്. സുഹൃത്തുക്കളേ, ആ കാലഘട്ടത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ! ഇത്രയും വലിയൊരു ആക്രമണത്തിൽ സോമനാഥ ക്ഷേത്രം പോലെയുള്ള വലിയൊരു വിശ്വാസകേന്ദ്രം തകർക്കപ്പെട്ടു, പല സ്ഥലങ്ങളിലും പിന്നെയും ആക്രമണങ്ങൾ നടന്നു. ഈയൊരു സാഹചര്യത്തിൽ ഏതൊരു സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ആത്മവിശ്വാസം തകരാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ രാജാവ് ഭീമദേവ് ഒന്നാമൻ, ഗസ്നിയെ നേരിടുക മാത്രമല്ല ചെയ്തത്. കുറച്ച് കാലത്തിനുള്ളിൽതന്നെ മോഢേര സൂര്യക്ഷേത്രം പുനർനിർമ്മിക്കുകയും ചെയ്തു.ഈ അതിജീവനശേഷി കൊണ്ടുതന്നെയാണ് സോമനാഥ ക്ഷേത്രം പലതവണ തകർക്കപ്പെട്ടിട്ടും വീണ്ടും വീണ്ടും പുനർനിർമ്മിക്കപ്പെട്ടത്.

സുഹൃത്തുക്കളേ, പിൽക്കാലത്തും മോഢേര സൂര്യക്ഷേത്രത്തിന് നേരെയുള്ള ആക്രമണങ്ങൾ പിന്നീട് അവസാനിച്ചില്ല. പിന്നീട് അലാവുദ്ദീൻ ഖിൽജിയും വാസ്തുകലയ്ക്ക് പ്രസിദ്ധമായ ഈ ക്ഷേത്രം വീണ്ടും തകർത്തു. എന്നാൽ സുഹൃത്തുക്കളേ, ഭാരതീയരായ നമ്മൾ സൂര്യനെ ആരാധിക്കുന്നത് വാസ്തുവിലൂടെയും ക്ഷേത്രങ്ങളിലൂടെയും മാത്രം അല്ല. നമ്മുടെ സൂര്യാരാധനയ്ക്ക് മറ്റൊരു അർത്ഥവുമുണ്ട് — പ്രകാശം, ഊർജം, ശാസ്ത്രം, നൈരന്തര്യം എന്നിവയിൽ നിന്ന് പ്രചോദനം നേടുക എന്നതും അതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മോഢേര ഇന്ന് സൂര്യക്ഷേത്രത്തിന്റെ പേരിൽ മാത്രമല്ല അറിയപ്പെടുന്നത്. ഗുജറാത്തിലെ ഈ ഗ്രാമം രാജ്യത്തെ ആദ്യത്തെ സൗരോർജ ഗ്രാമമായി മാറിയിരിക്കുകയാണ്. ഇന്ന് മോഢേര പൂർണ്ണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. അങ്ങനെ ഈ ഗ്രാമം സുസ്ഥിരതയുടെ ഒരു മികച്ച ഉദാഹരണവും രാജ്യത്തിനു മുന്നിൽ വച്ചിരിക്കുകയാണ്. സഞ്ചാരികൾക്കായി മോഢേരയിൽ നിരവധി ആകർഷണങ്ങളും സൗകര്യങ്ങളും ആരംഭിച്ചിട്ടുണ്ട്. ജനുവരിയിൽ മകരസംക്രാന്തിക്ക് ശേഷം അവിടെ മോഢേര നൃത്തമഹോത്സവം സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഭാരതത്തിന്റെ സാംസ്കാരിക ശാസ്ത്രീയ നൃത്തങ്ങളുടെ അത്ഭുതകരമായ അവതരണമാണ് നടക്കുന്നത്. നിങ്ങളെല്ലാവരും ഒരിക്കലെങ്കിലും മോഢേര സന്ദർശിക്കണം. ഈ അഭിമാനകരമായ പൈതൃകം നേരിൽ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ, ഭൂതകാലവുമായുള്ള നമ്മുടെ ബന്ധം ഇന്നും വളരെ സജീവമാണ്. അതിന് പിന്നിൽ അതിനെ കൂടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുന്ന ആളുകളുടെ സമർപ്പണവും പരിശ്രമവുമുണ്ട്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള മനപ്പാറൈയിൽ ഇത്തരമൊരു വ്യത്യസ്തമായ ശ്രമം നടക്കുകയാണ്. ഒരു കോളേജിലെ തമിഴ് പഠനവിഭാഗത്തിലെ എ. സെൽവരാജാണ് ഈ പ്രവർത്തനം മുന്നോട്ട് നയിക്കുന്നത്. ഒരു ക്ലാസിനിടെ തന്റെ ഒരു വിദ്യാർത്ഥിയിൽ നിന്ന് ചില പുരാതന പ്രതിമകളെക്കുറിച്ച് അദ്ദേഹത്തിന് വിവരം ലഭിച്ചു. ഈ വിഷയത്തിൽ ചർച്ച നടത്തിയശേഷം അദ്ദേഹം ഒരു ഫീൽഡ് വിസിറ്റ് ആസൂത്രണം ചെയ്തു. ഈ സന്ദർശനത്തിനിടെ അദ്ദേഹത്തിന് വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി പ്രതിമകളും പുരാതന ക്ഷേത്രങ്ങളും കണ്ടെത്താനായി. ഭൂതകാലവുമായി ബന്ധപ്പെടാനുള്ള വളരെ രസകരമായ ഒരു ശ്രമമാണിത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ നമ്മുടെ പൈതൃകത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിയും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിലുള്ള ശ്രമങ്ങൾ നടത്താവുന്നതാണ്. നമ്മുടെ ചരിത്രത്തെ അടുത്തറിയാനും  മനസ്സിലാക്കാനും ഇത്തരം പ്രവർത്തനങ്ങൾ നമുക്ക് അവസരം നൽകുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇനി ഏതാനും ദിവസങ്ങൾക്കുശേഷം ഒക്ടോബർ 2 വരികയാണ്. ബാപ്പുജിയുടെ ജന്മദിനം. ബാപ്പുജി നമുക്ക് അനേകം ജീവിതമന്ത്രങ്ങൾ പ്രദാനം ചെയ്തു. അതിൽ ഒന്നാണ് ശുചിത്വം. നമ്മുടെ ചുറ്റുപാടുകളിൽ ശുചിത്വവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നമ്മൾ പലപ്പോഴും കാണാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രചോദനം നൽകുന്നതും നമ്മുടെ ആവേശം വർധിപ്പിക്കുന്നതുമാണ്. സമൂഹമാധ്യമങ്ങളിലും ഇത്തരം ചിത്രങ്ങളും വീഡിയോകളും റീലുകളും പലപ്പോഴും നമ്മുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. അടുത്തിടെ ഇത്തരം നിരവധി പ്രവർത്തനങ്ങൾ ഞാൻ കാണാൻ ഇടയായി. മധ്യപ്രദേശിൽ ചില യുവാക്കൾ നദി വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അവരുടെ ചെറിയ ശ്രമത്തോടൊപ്പം നാട്ടുകാർ മുഴുവൻ ചേരുകയാണ്. അതുപോലെ ആന്ധ്രാപ്രദേശിൽ യുവാക്കൾ പഴയ കുളങ്ങളും കിണറുകളും വൃത്തിയാക്കുകയാണ്. ഇതിലൂടെ നമ്മുടെ പുരാതന പൈതൃകങ്ങളെ വീണ്ടും സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്യുകയാണ്. മുംബൈയിൽ ചില യുവാക്കൾ കടൽത്തീരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ഓരോ ആഴ്ചയും ഏതെങ്കിലും ഒരു കടൽത്തീരത്ത് നൂറുകണക്കിന് യുവാക്കൾ ഒത്തുചേർന്ന് ശുചിത്വസേവനം നടത്തുകയാണ്. ഇവിടെ ഡൽഹിയിൽ കുട്ടികളും യുവാക്കളും ആളുകളെ മാലിന്യം വേർതിരിച്ച് സൂക്ഷിക്കാനും ചുറ്റുപാടുകൾ വൃത്തിയായി നിലനിർത്താനും ബോധവൽക്കരിക്കുന്നു. പശ്ചിമബംഗാളിൽ യുവവിദ്യാർത്ഥികൾ പ്രദേശവാസികളുമായി ചേർന്ന് പിക്നിക് സ്ഥലങ്ങളിലെ മാർക്കറ്റുകൾ വൃത്തിയാക്കുന്നു. സുഹൃത്തുക്കളേ, ഈ എല്ലാ പ്രവർത്തനങ്ങളിലും ഒരു സ്വാഭാവികത കാണാം. എവിടെയെങ്കിലും ഒരാൾ തുടക്കം കുറിക്കുന്നു, പിന്നീട് കുറച്ച് പേർ അദ്ദേഹത്തോടൊപ്പം ചേരുന്നു. അങ്ങനെ ആ കൂട്ടായ്മ വളർന്നുവലുതാകുന്നു. ഇതാണ് ജനപങ്കാളിത്തം. ബാപ്പുവിനുള്ള നമ്മുടെ ഏറ്റവും മനോഹരമായ ശ്രദ്ധാഞ്ജലിയും ശുചിത്വം തന്നെയാണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാം പരിസ്ഥിതിയെ സംരക്ഷിക്കുമ്പോൾ മരങ്ങളെയും ചെടികളെയും ജീവജാലങ്ങളെയും മാത്രമല്ല, ആവാസവ്യവസ്ഥയെ ആകമാനം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ ഈ വികാരത്തെ വളരെ മനോഹരമായി മുന്നോട്ടുവെക്കുകയാണ്.

സുഹൃത്തുക്കളേ, അസമിൽ സൊനായ് റുപായ് വന്യജീവി സംരക്ഷണ കേന്ദ്രമുണ്ട്. ഒരു കാലത്ത് ഇവിടം ആനകളുടെ വിഹാരകേന്ദ്രമായിരുന്നു. എന്നാൽ ക്രമേണ വനഭൂമിയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതോടെ ആനകൾ ഈ പ്രദേശത്തുനിന്ന് അകന്നുപോയി. മൂന്ന് വർഷം മുമ്പ് ഈ ഭൂമിയെ കയ്യേറ്റങ്ങളിൽ നിന്ന് മോചിപ്പിച്ചു. ഇപ്പോൾ അതിന്റെ അത്ഭുതകരമായ ഫലങ്ങൾ നമ്മുടെ മുന്നിലുണ്ട്. ആനകൾ വീണ്ടും ഇവിടെ തിരിച്ചെത്തിയിരിക്കുകയാണ്. വർഷങ്ങളായി ആനകളുടെ സാന്നിധ്യം ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഇന്ന് വീണ്ടും ആനക്കൂട്ടങ്ങളെ കാണാൻ കഴിയുന്നുണ്ട്.

സുഹൃത്തുക്കളേ, അസമിൽ തന്നെ മറ്റൊരു മനോഹരമായ പരിശ്രമവും നടന്നിട്ടുണ്ട്. ഈ പ്രയത്നം വളരെ ചെറിയൊരു ജീവിയായ പിഗ്മി ഹോഗിനെ സംരക്ഷിക്കാനുള്ളതാണ്. ഒരു കാലത്ത് ഈ ജീവിയുടെ നിലനിൽപ്പുതന്നെ അപകടത്തിലായിരുന്നു. അന്ന് വെറും ആറ് പിഗ്മി ഹോഗുകളുമായി ഒരു സംരക്ഷണ പദ്ധതി ആരംഭിച്ചു, അവയെ വീണ്ടും കാട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി. അവയുടെ വാസസ്ഥലമായ പുൽമൈതാനങ്ങളും സംരക്ഷിച്ചു. ഇന്ന് ഈ പദ്ധതിയുടെ ഫലമായി പിഗ്മി ഹോഗുകളുടെ എണ്ണം 190-ലധികമായി വർദ്ധിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം അതിനെ സംരക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പലപ്പോഴും നമ്മൾ പ്രകൃതിയെ സംരക്ഷിക്കുമ്പോൾ അതേ പ്രകൃതി തന്നെ നമ്മുടെ ജീവിതത്തിന് താങ്ങായി മാറുന്നു. പശ്ചിമബംഗാളിലെ സുന്ദർബനിൽ ചില സ്ത്രീകൾ ഈ ബന്ധത്തിന്റെ പ്രചോദനകരമായ ഉദാഹരണം സൃഷ്ടിക്കുകയാണ്. ഝാർഖാലിയിലെ ഈ സ്ത്രീകൾ കണ്ടൽക്കാടുകൾ നട്ടുവളർത്തുകയാണ്. ഇവരിൽ ഭൂരിഭാഗം പേരുടെയും ഭർത്താക്കന്മാർ കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ടവരാണ്. ഭർത്താവിനെ നഷ്ടപ്പെട്ടതിന് ശേഷം സുന്ദർബൻ തന്നെയാണ് ഇവർക്ക് ഉപജീവനത്തിന് താങ്ങായത്. അവർ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകൾ ഇന്ന് ഗ്രാമങ്ങൾക്ക് ഒരു പ്രകൃതിദത്ത സുരക്ഷാകവചമായി മാറുകയാണ്. ഇവ നട്ടുപിടിപ്പിച്ചതിലൂടെ ഈ സ്ത്രീകൾക്ക് വരുമാനവും ലഭിക്കുന്നു. സുഹൃത്തുക്കളേ, നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ആദരിക്കാം. അതിന്റെ വൈവിധ്യം കാത്തുസൂക്ഷിക്കാം. ഇങ്ങനെയുള്ള നമ്മുടെ ഓരോ ശ്രമവും ഭാവിതലമുറകളോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അടുത്തിടെ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾ ലഹരിക്കെതിരായി വളരെ പ്രധാനപ്പെട്ട ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ട്. യുവാക്കൾ സ്വയം ലഹരിയിൽ നിന്ന് അകന്നു നിൽക്കുമെന്നും ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇതെല്ലാം ‘നശാ മുക്ത് യുവ അഭിയാൻ’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് നടക്കുന്നത്. ഈ ക്യാമ്പയിൻ 100 ആഴ്ച നീണ്ടുനിൽക്കും. ഇതിൽ മൈ ഭാരത് വളണ്ടിയർമാർ പങ്കെടുക്കുന്നുണ്ട്. എൻഎസ്എസുമായി ബന്ധപ്പെട്ട നമ്മുടെ യുവാക്കളും ഇതിന്റെ ഭാഗമാണ്. സ്കൂളുകളും, കോളേജുകളും, യൂണിവേഴ്സിറ്റികളും ഇതോടൊപ്പം ചേർന്നിട്ടുണ്ട്. നിരവധി സാമൂഹിക, ആത്മീയ സംഘടനകളും ഈ പ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ രാജ്യത്തുടനീളം ആയിരക്കണക്കിന് പ്രതിജ്ഞാചടങ്ങുകളും ബോധവൽക്കരണ പരിപാടികളും നടന്നു. സുഹൃത്തുക്കളേ, ഈ ക്യാമ്പയിനിൽ എനിക്ക് പ്രത്യേകമായി ഒരു കാര്യം ഇഷ്ടപ്പെട്ടു —‘ലഹരിമുക്തിയുടെ സന്ദേശം’. നമ്മുടെ യുവാക്കൾ സ്വന്തം ഭാഷയിലും സ്വന്തം രീതിയിലും ഈ സന്ദേശം മുന്നോട്ടുകൊണ്ടുപോകുകയാണ്. ‘മൻ കി ബാത്’ലും യുവ സുഹൃത്തുക്കളോട് അവരുടെ സ‍ർഗാത്മകത ഉപയോഗിച്ച് ഈ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് ഞാൻ അഭ്യർത്ഥിച്ചിരുന്നു. ആയിരക്കണക്കിന് യുവാക്കൾ ഈ ആഹ്വാനം ഏറ്റെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. മൈ ഭാരതിൽ ഗീതാലാപനം, മുദ്രാവാക്യ രചന, തെരുവുനാടകം തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അതുപോലെ സമൂഹമാധ്യമങ്ങളിൽ നമ്മുടെ യുവാക്കൾ #നശാമുക്ത് യുവ എന്ന ഹാഷ്ടാഗിനൊപ്പം അവരുടെ ക്രിയേറ്റീവ് കണ്ടൻ്റ് പങ്കുവെക്കുകയാണ്. അതായത്, സന്ദേശവും യുവാക്കളുടേതാണ്, മാധ്യമവും യുവാക്കളുടേതാണ്, ആ സന്ദേശം മുന്നോട്ടുകൊണ്ടുപോകാനുള്ള ഊർജവും യുവാക്കളുടേതാണ്. വരും ദിവസങ്ങളിൽ ഈ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ പരിശോധനകൾ, ധ്യാന ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളും നടക്കും.

സുഹൃത്തുക്കളേ, ഉടൻ തന്നെ നമ്മുടെ നിരവധി ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിക്കുകയാണ്. ഇത്തവണ ഉത്സവങ്ങളുടെ സന്തോഷത്തിനിടയിലും നമുക്ക് ചുറ്റുവട്ടത്തേയ്ക്കും ഒന്ന് ശ്രദ്ധിക്കാം. ഏതെങ്കിലും യുവാവ് തെറ്റായ ശീലത്തിലേക്ക് നീങ്ങുകയാണെങ്കിൽ, അവനോട് സംസാരിക്കാം. ആരെങ്കിലും ലഹരിയിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുകയാണെങ്കിൽ, അവന് പിന്തുണ നൽകാം. ലഹരിമുക്ത യുവത്വം — വികസിത ഭാരതം എന്ന ഈ പ്രതിജ്ഞ നമുക്ക് എല്ലാവർക്കും ചേർന്ന് മുന്നോട്ടുകൊണ്ടുപോകാം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ചെങ്കോട്ടയിൽ നിന്ന് ഞാൻ ഇത്തവണ കായിക മേഖലയിലേക്കായി ടാലൻ്റ് ഹണ്ട് ക്യാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. ഭാരതം തുടർച്ചയായി മികച്ച പ്രകടനം നടത്തണമെങ്കിൽ ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും എത്തി കായികരംഗത്തെ കഴിവുകൾ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി സ്വയം സമർപ്പിച്ച നിരവധി ആളുകളുമുണ്ട്. കഴിവുകൾ കണ്ടെത്തുകയും അവരെ പരിശീലിപ്പിച്ച് വളർത്തുകയും ചെയ്യുക എന്നതാണ് അവരുടെ പാഷൻ. നമ്മുടെ പഞ്ചാബിൽ ഇതേ പ്രവർത്തനമാണ് രാജീന്ദർ സിംഗ് ചെയ്യുന്നത്. രാജീന്ദർ സിംഗിന്റെ പേരിനൊപ്പം ‘സീനിയർ’ എന്ന വാക്കും ചേർന്നിട്ടുണ്ട്. 1980-ലെ ഒളിംപിക്സ് ഹോക്കിയിൽ സ്വർണ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 1982-ലെ ലോകകപ്പിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2001-ൽ ഭാരതം ആദ്യമായി പുരുഷന്മാരുടെ ലോകകപ്പ് കിരീടം നേടി. 2003-ൽ രാജ്യം സീനിയർ ഏഷ്യാ കപ്പ് കിരീടവും സ്വന്തമാക്കി. ഈ രണ്ട് ടൂർണമെന്റുകളിലും അദ്ദേഹം കോച്ച് എന്ന നിലയിലാണ് പ്രവർത്തിച്ചത്. ഇപ്പോൾ റൗണ്ട് ഗ്ലാസ് വേൾഡ് ഹോക്കി അക്കാദമിയിലൂടെ അദ്ദേഹം തന്റെ പാഷൻ മുന്നോട്ടുകൊണ്ടുപോകുകയാണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി ഗ്രാമങ്ങളിൽ പുതിയ ഹോക്കി ആസ്ട്രോ ടർഫ് മൈതാനങ്ങൾ ഒരുക്കുകയാണ്. പരിശീലന സൗകര്യങ്ങൾ കുറവുള്ള ഗ്രാമങ്ങളിൽ നിന്ന് കുട്ടികളെ കണ്ടെത്തുക എന്നതാണ് രാജീന്ദർന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ ഇത്തരം ശ്രമങ്ങളിലൂടെ നിരവധി താരങ്ങൾ ഭാരതത്തിന്റെ ജൂനിയർ, സീനിയർ തലങ്ങളിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുകയാണ്. രാജീന്ദർ സിംഗിന്റെ ഈ സമർപ്പണ മനോഭാവത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നെല്ലിക്ക നമുക്കെല്ലാവർക്കും സുപരിചിതമാണ്. മിക്ക വീടുകളിലും നെല്ലിക്ക ഉപയോഗിച്ചുള്ള അച്ചാറും ജാമും ഉപയോഗിക്കാറുണ്ട്. മിക്കവാറും എല്ലാവർക്കും നെല്ലിക്ക ജ്യൂസ് ഇഷ്ടമാണ്. ശീതകാലത്ത് ച്യവനപ്രാശും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമാകാറുണ്ട്. നമ്മുടെ കാരണവന്മാർ തലമുറകളായി നെല്ലിക്കയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞുവരുന്നുണ്ടായിരുന്നു. സുഹൃത്തുക്കളേ, അതേ നെല്ലിക്കയാണ് ഇന്ന് ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ പുതിയ സാധ്യതകൾ തുറക്കുന്നത്. പ്രതാപ്ഗഢും നെല്ലിക്കയും തമ്മിലുള്ള ബന്ധം വളരെ പഴയതാണ്. തലമുറകളായി ഇവിടുത്തെ കർഷകർ നെല്ലിക്ക കൃഷി ചെയ്തുവരുന്നു. നെല്ലിക്ക പ്രതാപ്ഗഢിന് ശക്തമായ ഒരു പ്രതിച്ഛായ നൽകിയിട്ടുണ്ട്. ഇപ്പോൾ അതേ പഴയ പ്രതിച്ഛായ ഇവിടുത്തെ കർഷകർക്കും സ്ത്രീകൾക്കും പുതിയ അവസരങ്ങൾ ഒരുക്കുകയാണ്. വൺ ഡിസ്ട്രിക്ട് വൺ പ്രൊഡക്ട്, അഥവാ ODOP പദ്ധതിയിലൂടെ ഇവിടെ നെല്ലിക്കയുമായി ബന്ധപ്പെട്ട പ്രാദേശിക സംരംഭങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുന്നുണ്ട്. ഇന്ന് പ്രതാപ്ഗഢിൽ നെല്ലിക്ക സംസ്കരണവുമായി ബന്ധപ്പെട്ട ഏകദേശം 100 യുണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ത്രീകളും വലിയ പങ്കുവഹിക്കുന്നു. അത്തരത്തിലുള്ള ഒരു സംഘമാണ് ദേവ്ഗഢ് കമാസി ഗ്രാമത്തിലെ സാവിത്രിബായി ഫുലെ സ്വയം സഹായ സംഘം. ഈ സംഘത്തിലെ സ്ത്രീകൾ നെല്ലിക്ക ഉപയോഗിച്ച് മിഠായി, ജാം, ജ്യൂസ് എന്നിവ നിർമ്മിക്കുന്നു. ODOPയുടെ ഭാഗമായി പുതിയ വിപണികളിലേക്കുള്ള പ്രവേശനം വർധിച്ചതോടെ അവരുടെ വരുമാനവും ഉയർന്നിട്ടുണ്ട്. അതുപോലെ മറ്റൊരു ഗ്രാമത്തിൽ വിന്ധ്യവാസിനി സ്വയം സഹായ സംഘമുണ്ട്. ഈ സംഘത്തിലെ സ്ത്രീകൾ നെല്ലിക്ക അച്ചാർ, ഡൈജസ്റ്റീവ് പൗഡർ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നു. സംസ്കരണത്തിനായി ഇവർക്ക് യന്ത്രസഹായം ലഭിച്ചു. വായ്പാ സൗകര്യം ലഭിച്ചു. പ്രാദേശിക വ്യാപാരമേളകളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. അങ്ങനെ നോക്കിനിൽക്കുമ്പോൾ തന്നെ അവരുടെ വരുമാനം ഗണ്യമായി വർധിച്ചു.

സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തിലെ ഓരോ പ്രദേശത്തിനും അതിന്റേതായ എന്തെങ്കിലും സവിശേഷതകൾ തീർച്ചയായും ഉണ്ട്. ചിലയിടത്ത് സവിശേഷമായ ഒരു പഴമുണ്ടാകും, മറ്റൊരിടത്ത് പരമ്പരാഗത കലയുമുണ്ടാകും, വേറൊരിടത്ത് അപൂർവമായ ഒരു കഴിവുണ്ടാകും. വൺ ഡിസ്ട്രിക്ട് വൺ പ്രൊഡക്ട് എന്നത് ഇത്തരം സവിശേഷതകളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു ക്യാമ്പയിനാണ്. നമ്മുടെ ഗ്രാമങ്ങളുടെയും ചെറിയ നഗരങ്ങളുടെയും ഈ സവിശേഷത പ്രാദേശിക വിപണിയിൽ മാത്രം ഒതുങ്ങരുത് എന്നതാവണം നമ്മുടെ ദൗത്യം. അത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും എത്തണം. അതോടൊപ്പം ലോകവിപണികളിൽവരെ എത്തണം. ഇതിലൂടെ വോക്കൽ ഫോർ ലോക്കൽ ക്യാമ്പയിനും ശക്തി ലഭിക്കുന്നു. രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള പ്രചോദനവും ഇതിലൂടെ ലഭിക്കുന്നു. വരാനിരിക്കുന്ന ഉത്സവങ്ങളിലും വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം നമ്മൾ ഒരിക്കലും മറക്കരുത്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സെപ്റ്റംബർ മാസം പോഷകാഹാരക്കുറവിനെതിരായ പോരാട്ടത്തിനായി സമർപ്പിച്ചിരിക്കുകയാണ്. പോഷൺ മാസത്തിൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ആളുകളും സ്ഥാപനങ്ങളും ഈ മഹത്തായ പ്രവർത്തനത്തിനായി ഒന്നിച്ചുചേരുന്നു. പോഷകാഹാരക്കുറവിനെ നേരിടുന്നതിനായി ഈ വർഷം നിരവധി പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഛത്തീസ്ഗഢ് ‘ഹർ ഘർ മുന്ഗാ – ഘർ ഘർ മുന്ഗാ’ എന്ന ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പോഷകസമൃദ്ധമായ മുരിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഗുജറാത്തിലും വാങ്കി സ്പർധ, അതായത് ചെറുധാന്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളുടെ ഒരു മത്സരം ആരംഭിച്ചിട്ടുണ്ട്. വിലകുറഞ്ഞതും പോഷകസമൃദ്ധവുമായ പ്രാദേശിക ഭക്ഷണരീതികൾക്ക് പ്രോത്സാഹനം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകൾ ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയും ഈ മേഖലയിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അവിടെ അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, മാതാപിതാക്കൾ എന്നിവരും ബോധവൽക്കരണ ക്യാമ്പയിനുകളിൽ പങ്കെടുക്കുന്നു. മിസോറാമിലും ഈ വർഷം ആളുകൾ ഒരുമിച്ച് ചേർന്ന് പോഷൺ വാടികകളുടെ പരിപാലനത്തിനായി ഒരു ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. മിസോ സമൂഹത്തിലെ ‘തലോ–മഡ്–യന’ എന്ന പാരമ്പര്യത്തിന് അനുസൃതമായാണ് ഇത് നടക്കുന്നത്. ‘നിസ്വാർത്ഥ സേവനത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനും എപ്പോഴും മുന്നിൽ നിൽക്കുക’എന്നതാണ് ഇതിന്റെ അർത്ഥം. ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. അങ്കണവാടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായ എല്ലാവരെയും കുറിച്ചും എനിക്ക് അഭിമാനമുണ്ട്. ഈ അങ്കണവാടി കേന്ദ്രങ്ങൾ ഇപ്പോൾ ‘പോഷൺ ട്രാക്കർ’ സംവിധാനവുമായി ഡിജിറ്റൽ ആയി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 9 കോടി ഗുണഭോക്താക്കൾ ഇതിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞിരിക്കുന്നു. ഇതിലൂടെ കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മികച്ച പരിചരണം നൽകാൻ സാധിക്കുന്നു. പോഷകാഹാരക്കുറവിനെതിരായ ഈ പോരാട്ടം ഇതേ രീതിയിൽ തന്നെ നമുക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. നമ്മുടെ സമൂഹത്തെ പൂർണ്ണമായും പോഷകാഹാരക്കുറവിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ, ഈ മാസം നമ്മൾ ഭക്തിയോടും ആവേശത്തോടും കൂടി ഗണേശോത്സവം ആഘോഷിച്ചു. രാജ്യത്തുടനീളം നിറഞ്ഞ ഭക്തിഭാവത്തോടെയാണ് ഗണപതി ബപ്പയെ സ്വീകരിച്ചത്. ഈ പാവനമായ അവസരം ചുറ്റുപാടും സന്തോഷവും ഉല്ലാസവും നിറയ്ക്കുന്നു. സുഹൃത്തുക്കളേ, വിഘ്നഹരനായ ഭഗവാൻ ശ്രീഗണേശൻ ജ്ഞാനം, ബുദ്ധി, ശുഭകാര്യങ്ങളുടെ ആരംഭം എന്നിവയുടെ പ്രതീകമാണ്. അദ്ദേഹത്തോടുള്ള അഗാധമായ ഭക്തി ഭാരതത്തിൽ മാത്രമല്ല ഉള്ളത്. ഉദാഹരണമായി, പന്തൗൻ തീർഖാനോനെക്കുറിച്ച് പറയാം. അദ്ദേഹം തായ്‌ലൻഡുകാരനാണ്. തായ്‌ലൻഡിൽ ശ്രീ ഗണേശഭഗവാനെ ‘ഫ്രാ ഫികാനെത്’ എന്ന രൂപത്തിലാണ് ആരാധിക്കുന്നത്. അദ്ദേഹത്തിന് 19 വയസ്സുള്ളപ്പോൾ പിതാവ് ശ്രീ ഗണേശഭഗവാന്റെ ഒരു ചിത്രം സമ്മാനിച്ചു. അതോടെയാണ് അദ്ദേഹത്തിൽ അത്ഭുതകരമായ ഭക്തി ഉണർന്നത്. ശ്രീ ഗണേശനുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കാൻ അദ്ദേഹം നാല് പതിറ്റാണ്ടിലേറെ സമയം ചെലവഴിച്ചു കഴിഞ്ഞു. ഭാരതവും നേപ്പാളും ഉൾപ്പെടെ ഏഷ്യയിലെ നിരവധി രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയുമായി അദ്ദേഹത്തിന് പ്രത്യേകമായൊരു അടുപ്പമുണ്ട്. അഷ്ടവിനായക പാരമ്പര്യത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം അദ്ദേഹം പല തവണ ഇവിടെ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രമങ്ങളിലൂടെ തായ്‌ലൻഡിലെ ഭക്തർക്കിടയിലും അഷ്ടവിനായക യാത്ര ഏറെ ജനപ്രിയമായി. 2002-ൽ വടക്കൻ തായ്‌ലൻഡിലെ ചിയാങ് മായിയിൽ അദ്ദേഹം ഗണേശ ഹിമാൽ മ്യൂസിയം സ്ഥാപിച്ചു. ഇന്ന് ആ മ്യൂസിയത്തിൽ 10,000-ത്തിലധികം ഗണേശ പ്രതിമകളുണ്ട്. ഭാരതത്തിലേക്ക് വരാൻ കഴിയാത്ത ഭക്തർക്കായി അഷ്ടവിനായക പ്രതിമകളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും രാവിലെ ഏകദേശം 10 മണിക്ക് അവിടെ ഗണേശപൂജ നടക്കുന്നു. ഗണപതിയുമായി ബന്ധപ്പെട്ട പ്രത്യേക അവസരങ്ങളിൽ വിവിധതരം അനുഷ്ടാനങ്ങളും സംഘടിപ്പിക്കാറുണ്ട്. ഭാരതത്തിന്റെ വിശ്വാസവും കലയും സാംസ്കാരിക പാരമ്പര്യങ്ങളും മറ്റ് രാജ്യങ്ങളിൽ എങ്ങനെ ജനപ്രിയമാകുന്നു എന്നതിന് ഇത് ഒരു ഉത്തമ ഉദാഹരണമാണ്. ഗണപതി ബപ്പയുടെ അനുഗ്രഹം എല്ലാവരുടെയും മേൽ എപ്പോഴും ഉണ്ടാകട്ടെ എന്നതാണ് എന്റെ പ്രാർത്ഥന.

സുഹൃത്തുക്കളേ, ‘മൻ കി ബാത്’-ന്റെ ഓരോ പതിപ്പിനു ശേഷവും വിവിധ വിഷയങ്ങളെക്കുറിച്ച് നിങ്ങളുടെ നിരവധി സന്ദേശങ്ങൾ എനിക്ക് ലഭിക്കാറുണ്ട്. ഇതുപോലെ പ്രചോദനം നൽകുന്ന കഥകളും അനുഭവങ്ങളും നിങ്ങൾ അയച്ചുകൊണ്ടേയിരിക്കണം. നിങ്ങളുടെ ചുറ്റുപാടുകളിൽ നടക്കുന്ന ഇത്തരം നല്ല പ്രവർത്തനങ്ങളെ നിങ്ങൾ അഭിനന്ദിക്കുമ്പോൾ, അതിലൂടെ പ്രവർത്തിക്കുന്നവരുടെ ആവേശം കൂടുതൽ വർധിക്കുന്നു. ‘മൻ കി ബാത്’ എന്ന പരിപാടിയിലൂടെ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്ന രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ആളുകൾക്കും പ്രചോദനം ലഭിക്കുന്നു. നിങ്ങളുടെ സഹകരണത്തോടെ ഈ യാത്ര ഇതേ രീതിയിൽ നിരന്തരം മുന്നോട്ട് പോകട്ടെ. വരാനിരിക്കുന്ന ഉത്സവങ്ങൾ നിങ്ങൾ സ്വന്തം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പൂർണ്ണ സന്തോഷത്തോടും ഉല്ലാസത്തോടും കൂടി ആഘോഷിക്കൂ. നിങ്ങൾ എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഏറെ നന്ദി. നമസ്കാരം.

-SK-

*****