Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘മൻ കി ബാത്തിന്റെ’ 139-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (25.10.2026)


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ‘മൻ കി ബാത്തി’ലേക്ക് ഒരിക്കൽക്കൂടി നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. ഇന്നേക്ക് 12 വർഷം മുമ്പ്, വിജയദശമിയുടെ പുണ്യദിനത്തിലാണ് നമ്മൾ ‘മൻ കി ബാത്ത്’ എന്ന ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. അന്നുമുതൽ ഇന്നുവരെ നമ്മുടെ ഈ യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ യാത്രയിൽ സഹയാത്രികരും വഴികാട്ടികളുമെല്ലാം നിങ്ങൾ തന്നെയാണ്.

സുഹൃത്തുക്കളേ, സാധാരണക്കാരായ നമ്മുടെരാജ്യത്തെ ജനങ്ങളുടെ അധ്വാനത്തിന്റെയും ധീരതയുടെയും പ്രതിബദ്ധതയുടെയും സമർപ്പണത്തിന്റെയും സേവനമനോഭാവത്തിന്റെയും മഹത്വം പാടിപ്പുകഴ്ത്താനുള്ള ഒരു സുവർണാവസരമായി തുടരുകയാണ് എനിക്ക് ‘മൻ കി ബാത്ത്’. നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി തീർത്ഥാടനത്തിന്റെ വലിയൊരു പാരമ്പര്യമുണ്ട്. രാജ്യത്തെ ജനങ്ങളുടെ പരിശ്രമങ്ങൾ അടുത്തറിയാനും അവരുടെ സംഭാവനകൾക്ക് ആദരമർപ്പിക്കാനും കഴിയുന്ന ഒരു തീർത്ഥയാത്ര തന്നെയാണ് എനിക്ക് ‘മൻ കി ബാത്ത്’.

സുഹൃത്തുക്കളേ, സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി ജീവിക്കുന്നവർ ഓരോരുത്തരും ഒരു തീർത്ഥസ്ഥാനം പോലെയാണ്. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും അത്തരത്തിലുള്ള നിരവധി വ്യക്തികൾ നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. അവർ ചെയ്യുന്ന അസാധാരണമായ പ്രവർത്തനങ്ങളിലേക്ക് പൊതുവെ സമൂഹത്തിന്റെ ശ്രദ്ധ എത്താറില്ല. എന്നാൽ, ഇത്തരം എണ്ണമറ്റ പ്രചോദനാത്മകമായ കഥകൾ നിങ്ങളിലേക്കെത്തിക്കാൻ ‘മൻ കി ബാത്തി’ന് കഴിഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കളേ, ഈ പരിപാടിയിലൂടെ ഒരർത്ഥത്തിൽ രാജ്യത്തെ ജനശക്തിയെ ഞാൻ ആരാധിക്കുകയാണ്. രാജ്യത്തെ ഓരോ കുടുംബവുമായും ബന്ധം സ്ഥാപിക്കാനുള്ള അവസരം എനിക്ക് ഇതിലൂടെ ലഭിക്കുന്നു. നൂറുകണക്കിന് സന്ദേശങ്ങളാണ് എനിക്ക് ലഭിക്കുന്നത്. ‘മൻ കി ബാത്ത്’ കേൾക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ, അവരുടെ കുടുംബത്തിൽ ഒരു അംഗത്തെപ്പോലെ ഇരുന്ന് എല്ലാവരോടും സംസാരിക്കുന്നതായി തോന്നുന്നുവെന്നാണ് പലരും പറയുന്നത്. എന്റെ പ്രിയപ്പെട്ട ശ്രോതാക്കളേ, നിങ്ങൾ എനിക്ക് നൽകുന്ന ഈ സ്നേഹവും ആത്മബന്ധവും വളരെ വിലപ്പെട്ട സമ്പത്താണ്. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് തലമുറകളായി നമ്മുടെ മുഖമുദ്രയായിത്തീർന്ന നിരവധി പരമ്പരാഗത നൈപുണ്യങ്ങളുണ്ട്. സന്തോഷകരമായ കാര്യം, ഈ പാരമ്പര്യങ്ങളെ ഇഴചേർത്തുകൊണ്ട് ഇന്ന് പലതരത്തിലുള്ള പുതിയ പരീക്ഷണങ്ങളും നടക്കുന്നുണ്ട്. കാലത്തിനനുസരിച്ച് അവയെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനും ശ്രമങ്ങൾ നടക്കുന്നു. പഞ്ചാബിൽ ഇത്തരമൊരു ശ്രമം ഏറെക്കാലമായി നടന്നുവരുന്നുണ്ട്. അവിടെ ‘ഖേതി വിരാസത് മിഷൻ’ എന്ന സംഘടന ജൈവകൃഷിക്കും പരമ്പരാഗത കൃഷിരീതികൾക്കും പുതുജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചാബിലെ മാൽവാ മേഖലയിൽ പരുത്തിയുടെ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കാനായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം. ഈ സംരംഭത്തിന് അവർ നൽകിയ പേര്  ‘നവ്-ത്രിൻജൻ’ എന്നാണ്. ഈ പദ്ധതിയുടെ ഭാഗമായി രാസവസ്തുക്കൾ ഉപയോഗിക്കാതെ ജൈവരീതിയിലാണ് ഇവിടെ പരുത്തി കൃഷി ചെയ്യുന്നത്. പ്രകൃതിദത്ത നിറങ്ങളുള്ള പരുത്തിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിൽനിന്ന് നിർമ്മിക്കുന്ന നൂലിനും തുണിക്കും നിറം നൽകാൻ പ്രത്യേകം രാസവസ്തുക്കൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇതിലൂടെ പരിസ്ഥിതിക്ക് എത്ര വലിയ സഹായമാണ് ലഭിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. 

സുഹൃത്തുക്കളേ, ഏതാനും വർഷങ്ങൾക്ക് മുമ്പ് ‘നവ്-ത്രിൻജൻ’ ഒരു നെയ്ത്ത് പരിശീലന വിദ്യാലയവും ആരംഭിച്ചു. നെയ്ത്തിന്റെ ഈ പരമ്പരാഗത നൈപുണ്യം പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ വിദ്യാലയം നിരവധി സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രമൺദീപ് കൗർ ഇതിനൊരു ഉദാഹരണമാണ്. മുമ്പ് ഇവർ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഈ വിദ്യാലയത്തിൽ പരിശീലനം നേടിയതോടെ ഇന്ന് ഇവർ അറിയപ്പെടുന്നത് ഒരു വിദഗ്ധ നെയ്ത്തുകാരി എന്ന നിലയിലാണ്. രേഖാ റാണി പരിശീലനത്തിന് മുമ്പ് കൈത്തറി നേരിൽ കണ്ടിട്ടുപോലുമില്ലായിരുന്നു. എന്നാൽ അവർ നെയ്തെടുത്ത ഷാൾ ഭാരതത്തിന്റെ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് സമ്മാനമായി നൽകുകയുണ്ടായി. അതുപോലെ, സുനേഹ ദേവി മുമ്പ് വീടുകളിൽ ജോലി ചെയ്തിരുന്നു. ഇന്ന് അവർ കൈത്തറിയിൽ മനോഹരമായ തുണിത്തരങ്ങൾ നിർമ്മിക്കുകയാണ്. രജനീ കൗർ മുമ്പ് കൃഷിയിടങ്ങളിലെ കൂലിപ്പണിയെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ പുതിയൊരു തൊഴിൽനൈപുണ്യം നേടിയതോടെ കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ അവർക്ക് വലിയ സഹായമാണ് ലഭിച്ചത്. ഈ വിദ്യാലയത്തിൽനിന്ന് പരിശീലനം നേടിയ നിരവധി സ്ത്രീകൾ ഇന്ന് തദ്ദേശീയ ജൈവപരുത്തിയിൽനിന്ന് നിർമ്മിച്ച നൂലുകൾ ഉപയോഗിച്ച് ഷാളുകളും ടൌവലുകളും മറ്റ് തുണിത്തരങ്ങളും തയ്യാറാക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ അവരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്നു. കുറച്ചുമാസങ്ങൾക്ക് മുമ്പ് ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ഈ സംഘത്തെ നേരിൽ കാണാനുള്ള അവസരം എനിക്കും ലഭിച്ചിരുന്നു. അന്ന് അവരുടെ ജോലിയോടുള്ള ആത്മാർഥതയും ആവേശവും സമർപ്പണവും അടുത്തറിയാൻ എനിക്ക് കഴിഞ്ഞു. ഈ സംഘത്തിലെ എല്ലാവർക്കും ശോഭനമായ ഭാവി ആശംസിക്കുന്നു. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, പ്രകൃതിയോടുള്ള ആദരവ് നമ്മുടെ രാജ്യത്ത് വളരെ പഴക്കമുള്ളൊരു പാരമ്പര്യമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതും ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതും നമ്മുടെ സ്വന്തം ഉത്തരവാദിത്തമാണെന്ന് പൂർവികർ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈ മനോഭാവം ജീവിതത്തിന്റെ ഭാഗമാക്കിയ നിരവധി ആളുകൾ നമ്മുടെ രാജ്യത്തുണ്ടെന്ന് കാണുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നാറുണ്ട്. ഉത്തരാഖണ്ഡിലെ ടിഹ്‌രി ഗഢ്‌വാളിലും ഇതേ മനോഭാവം കാണാൻ കഴിയും. അവിടെ ജനങ്ങൾ ഒത്തൊരുമിച്ച് ഒരു നദിക്ക് പുതുജീവൻ നൽകാൻ ശ്രമിച്ചു. ആ നദിയുടെ പേര് ഹേവൽ എന്നാണ്. കുറച്ചുകാലം മുമ്പ് ഹേവൽ നദിയിലെ ജലത്തിന്റെ അളവ് കുറഞ്ഞുതുടങ്ങി. ചുറ്റുമുള്ള പ്രകൃതിദത്ത ജലസ്രോതസ്സുകളും വറ്റിവരളാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് തദ്ദേശഭരണകൂടവും ഗ്രാമവാസികളും ഒരുമിച്ച് ഹേവൽ നദിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി. മണ്ണിലേക്ക് മഴവെള്ളം ഇറങ്ങിച്ചെല്ലുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. ധാരാളം തൈകളും നട്ടുപിടിപ്പിച്ചു. ഇന്ന് ഈ കൂട്ടായ പരിശ്രമത്തിലൂടെ ഹേവൽ നദിക്ക് പുതുജീവൻ ലഭിച്ചിരിക്കുന്നു. അതോടൊപ്പം ഡസൻകണക്കിന് പ്രകൃതിദത്ത ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളേ, സമൂഹം ഇത്തരമൊരു മനോഭാവത്തോടെ ഒന്നിച്ചുനിൽക്കുമ്പോൾ മാറ്റം ഉറപ്പാകുന്നു. നമ്മുടെ ഉത്സവങ്ങളിലും ഇതിന്റെ പ്രതിഫലനം കാണാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ദീപാവലിയുടെയും ഛഠ് പൂജയുടെയും പുണ്യദിനങ്ങൾ എത്തുകയാണ്. ഇതിനായി പല സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. നമ്മൾ താമസിക്കുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ ചെറിയ ചെറിയ പരിശ്രമങ്ങൾക്കുപോലും ചുറ്റുപാടുകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ഉത്സവകാലത്ത് നിങ്ങളെല്ലാവരും ചുറ്റുവട്ടത്ത് ഒരു മാറ്റം തീർച്ചയായും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇന്ന് ആളുകൾ സാധനങ്ങൾ വാങ്ങുമ്പോൾ തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയിരിക്കുന്നു. ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ഈ മനോഭാവം നമ്മുടെ ഉൽപ്പന്നങ്ങളെ ലോകവിപണികളിലേക്ക് എത്തിക്കുകയാണ്. ബിഹാറിലെ പൂർണിയയിൽനിന്നുള്ള മഖാന ഇപ്പോൾ ഗ്രീസിലേക്ക് എത്തുന്നു. കർണാടകയിലെ കൽബുർഗിയിൽനിന്നുള്ള തുവരപ്പരിപ്പ് ഇപ്പോൾ മാലദ്വീപിലേക്കും കയറ്റുമതി ചെയ്യുന്നു. അതായത്, ഭാരതത്തിലെ കർഷകർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ വിപണികൾ തുറന്നുകിട്ടുകയാണ്. സുഹൃത്തുക്കളേ, തദ്ദേശീയ ഉൽപ്പന്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റൊരു കാര്യത്തിലേക്ക് കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ഉൽപ്പന്നത്തിന്റെ ഗുണനിലവാരം പോലെതന്നെ അതിന്റെ പാക്കേജിങ്ങിനും വലിയ പ്രാധാന്യമുണ്ട്. പലപ്പോഴും വിപണിയിൽ ഒരു സാധനം കാണുമ്പോൾ അതിന്റെ മനോഹരമായ പാക്കേജിങ് കണ്ടിട്ടുതന്നെ നമ്മൾ അത് കൈയിലെടുക്കാറുണ്ട്. ഉൽപ്പന്നത്തെക്കുറിച്ച് കൂടുതൽ അറിയാൻ പാക്കേജിങ് നമ്മെ പ്രേരിപ്പിക്കാറുമുണ്ട്. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ട് ഇന്ന് പാക്കേജിങ്ങിനും കൂടുതൽ പ്രാധാന്യം നൽകിവരുന്നു. മഹാരാഷ്ട്രയിൽ ഗോത്രസമൂഹങ്ങൾ തങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ പാക്കേജിങ്ങിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ‘ശബരി നാച്ചുറൽസ്’ എന്ന സംരംഭത്തിലൂടെ തേൻ, ഇലിപ്പ, മൂങ്ങാപ്പേഴ്, മുള എന്നിവയിൽനിന്ന് നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു. ഈ ഉൽപ്പന്നങ്ങളുടെ പാക്കേജിങ്ങിൽ ഗോത്രകലയുടെ മനോഹരമായ മുദ്ര പതിഞ്ഞിട്ടുണ്ട്. സന്തോഷകരമായ ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കട്ടെ. ഈ പാക്കേജിങ്ങിന് ജപ്പാനിലെ പ്രശസ്തമായ ‘ഗുഡ് ഡിസൈൻ അവാർഡ്’ ലഭിച്ചിട്ടുണ്ട്. നമ്മുടെ യുവാക്കളും ഈ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കർണാടകയിലെ ‘ബാംബൂ’ എന്ന സ്റ്റാർട്ടപ്പ് മുളയിൽനിന്നും കാർഷികാവശിഷ്ടങ്ങളിൽനിന്നും പാക്കേജിങ് സാമഗ്രികൾ നിർമ്മിക്കുകയാണ്. സുഹൃത്തുക്കളേ, തദ്ദേശീയ ഉൽപ്പന്നങ്ങളെക്കുറിച്ച് പറയുമ്പോൾ ഖാദിയെക്കുറിച്ചുള്ള പരാമർശം സ്വാഭാവികമാണ്. ഈ വർഷം ഗാന്ധിജയന്തി ദിനത്തിൽ ഒരൊറ്റ ദിവസംകൊണ്ട് ഖാദി ഗ്രാമോദ്യോഗ് ഉൽപ്പന്നങ്ങളുടെ വിൽപ്പന 28 കോടി രൂപയിലധികമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒന്നരക്കോടി രൂപയിലധികം ആണിത്. അതായത്, ഖാദിയുടെ ജനപ്രീതി തുടർച്ചയായി വർധിച്ചുവരികയാണ്. അതിന്റെ ഗുണം ഖാദിയും കൈത്തറി ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള നിരവധി വസ്തുക്കൾ നിർമ്മിക്കുന്ന കരകൗശലത്തൊഴിലാളികൾക്കും ലഭിക്കുന്നുണ്ട്. സുഹൃത്തുക്കളേ, ഉത്സവകാലത്ത് നമ്മുടെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കുമായി നമ്മൾ ധാരാളം സാധനങ്ങൾ വാങ്ങാറുണ്ട്. ഈ വർഷവും ഷോപ്പിങ് നടത്തുമ്പോൾ പ്രാദേശിക കരകൗശലത്തൊഴിലാളികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം. നിങ്ങളുടെ ഓരോ പർച്ചേസും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. നിങ്ങൾ നൽകുന്ന ഈ പിന്തുണ ‘വോക്കൽ ഫോർ ലോക്കൽ’ പ്രചാരണത്തിന് കൂടുതൽ കരുത്തുപകരും. ഈ പ്രചാരണം എത്രത്തോളം മുന്നോട്ടുപോകുന്നുവോ അത്രത്തോളം വേഗത്തിൽ ആത്മനിർഭർ ഭാരത് എന്ന സ്വപ്നവും യാഥാർഥ്യമാകും. അതുകൊണ്ട്, പ്രാദേശിക കരകൗശലത്തൊഴിലാളികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണമെന്നും അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ഞാൻ നിങ്ങളോട് വ്യക്തിപരമായി അഭ്യർഥിക്കുന്നു. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഒരു വലിയ പ്രത്യേകത എന്താണെന്നോ? പുതിയ സാങ്കേതികവിദ്യകൾ നമ്മൾ വളരെ വേഗത്തിൽ സ്വീകരിക്കുന്നു. അവയെ സ്വാഭാവികമായി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. ‘ഇ-സഞ്ജീവനി’ പദ്ധതി ഇതിന് വളരെ നല്ലൊരു ഉദാഹരണമാണ്. ജനങ്ങളുടെ ജീവിതം എളുപ്പമാക്കാൻ സാങ്കേതികവിദ്യ എത്ര മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് ഈ പദ്ധതി നമുക്ക് കാണിച്ചുതരുന്നു. ഇതിലൂടെ ഇതുവരെ ഏകദേശം 50 കോടി ടെലി കൺസൾട്ടേഷനുകൾ നടന്നുകഴിഞ്ഞു എന്നറിയുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നുന്നു. ഇത് വളരെ വലിയൊരു കണക്കാണ്. സാങ്കേതികവിദ്യയുടെ ശക്തിയുടെയും നമ്മുടെ ഡോക്ടർമാരുടെ സേവനമനോഭാവത്തിന്റെയും രാജ്യത്തെ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെയും ഉത്തമ ഉദാഹരണമാണിത്. സുഹൃത്തുക്കളേ, ഇന്ന് ഇ-സഞ്ജീവനി സേവനം അതിന്റെ വിപുലമായ ശൃംഖലയിലൂടെ രാജ്യത്തെ ഉൾപ്രദേശങ്ങളിൽപ്പോലും എത്തിച്ചേർന്നിരിക്കുന്നു. ഈ സേവനത്തിന്റെ പ്രയോജനം ലഭിച്ചവരുടെ അനുഭവങ്ങൾ നിങ്ങളെ വികാരഭരിതരാക്കും. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ബാരാടാങ് ദ്വീപിൽ ഓഹോ-താഹാനെ എന്ന ജാർവാ ഗോത്രവിഭാഗക്കാരന് കടുത്ത പനി ബാധിച്ചു. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടായി. ഈ സാഹചര്യത്തിൽ പ്രാദേശിക ആരോഗ്യ പ്രവർത്തകർ ഇ-സഞ്ജീവനി വഴി വിദഗ്ധ ഡോക്ടറെ ബന്ധപ്പെട്ടു. കുട്ടിക്ക് ന്യൂമോണിയയായിരുന്നു. വിദഗ്ധ ഡോക്ടറുടെ നിരീക്ഷണത്തിൽ ചികിത്സ ആരംഭിച്ചതോടെ കുട്ടിയുടെ ആരോഗ്യനില വേഗത്തിൽ മെച്ചപ്പെടാൻ തുടങ്ങി. സുഹൃത്തുക്കളേ, ലക്ഷദ്വീപിലെ കൽപേനിയിൽ താമസിക്കുന്ന ഏകദേശം 60 വയസ്സുള്ള കുഞ്ഞിക്കോയയുടെ ആരോഗ്യനില ഒരു ദിവസം പെട്ടെന്ന് വഷളായി. തുടർന്ന് കടലിന് അക്കരെയുള്ള കവരത്തിയിൽ ഉണ്ടായിരുന്ന പരിചയസമ്പന്നനായ ഡോക്ടറുമായി ഇ-സഞ്ജീവനി വഴി ബന്ധപ്പെട്ടു. ആ ഡോക്ടർ പ്രാദേശിക ആരോഗ്യ സംഘത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും കുഞ്ഞിക്കോയയ്ക്ക് ആശ്വാസം ലഭിക്കാൻ സഹായിക്കുകയും ചെയ്തു. ലഡാക്കിലെ ജാൻസ്കറിൽ താമസിക്കുന്ന കുൻസാങ് ഡോൾമയ്ക്ക് ഗർഭകാലത്ത് ചില പ്രതിസന്ധികൾ ഉണ്ടായി. ആ സാഹചര്യത്തിലും ഇ-സഞ്ജീവനി അവർക്കു സഹായമായി. സ്പെഷ്യലിസ്റ്റ് ഡോക്ടർ ഉടൻതന്നെ ഇടപെട്ട് ആവശ്യമായ സഹായം നൽകി. നാഗാലാൻഡിലെ പെരേനിൽ താമസിക്കുന്ന 12 വയസ്സുകാരനായ മുഷെമിന് ചെവിയിൽ അണുബാധയും പനിയും ഉണ്ടായിരുന്നു. ആ കുട്ടിയ്ക്കും ഇ-സഞ്ജീവനി പ്രയോജനപ്പെട്ടു. എക്സ്പെർട്ട് ഡോക്ടർ രോഗം പെട്ടെന്ന് തിരിച്ചറിയുകയും അനുയോജ്യമായ മരുന്നുകൾ നിർദേശിക്കുകയും ചെയ്തു. സുഹൃത്തുക്കളേ, ഒരുകാലത്ത് ചെറിയൊരു ആരോഗ്യപരിശോധനയ്ക്കുപോലും ഡോക്ടറെ കാണാൻ ആളുകൾക്ക് ഏറെ സമയം ചെലവഴിക്കേണ്ടിവന്നിരുന്നു. നിരവധി ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. എന്നാൽ ഇന്ന് രാജ്യത്തുടനീളമുള്ള ഏകദേശം ഒരു ലക്ഷത്തി തൊണ്ണൂറായിരം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ ജനങ്ങൾക്ക് പുതിയ ആരോഗ്യസൗകര്യങ്ങൾ ഒരുക്കുകയാണ്. ഈ ആരോഗ്യകേന്ദ്രങ്ങൾ ഗ്രാമപഞ്ചായത്തുകളിലെ വെൽനെസ് സെന്ററുകളായി വികസിച്ചുവരുന്നു. ഏറ്റവും സന്തോഷകരമായ കാര്യം, ഇപ്പോൾ ഗ്രാമങ്ങളിലെ ജനങ്ങൾ പോലും ആരോഗ്യവാന്മാരായിരിക്കാനായി പതിവായി ആരോഗ്യ പരിശോധനകൾ നടത്തുന്നു എന്നതാണ്. ഇതിൽ ഇ-സഞ്ജീവനി വളരെ വലിയ പങ്കാണ് വഹിക്കുന്നത്. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ മാസത്തിന്റെ തുടക്കത്തിൽ ഞാൻ ചെന്നൈ സന്ദർശിച്ചിരുന്നു. അവിടെ രാജ്യത്തെ നിരവധി ശാസ്ത്രജ്ഞരെയും ഗവേഷകരെയും യുവപ്രതിഭകളെയും കാണാൻ എനിക്ക് അവസരം ലഭിച്ചു. നമ്മുടെ യുവാക്കൾ ഇന്ന്, മുഴുവൻ മനുഷ്യരാശിയുടെയും ഭാവിയെ മാറ്റിമറിക്കാൻ കഴിയുന്ന വിഷയങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു മേഖലയാണ് മസ്തിഷ്ക ഗവേഷണം, അഥവാ ബ്രെയിൻ റിസർച്ച്. ഇതുമായി ബന്ധപ്പെട്ട് ഐഐടി മദ്രാസിൽ ‘സുധാ ഗോപാലകൃഷ്ണൻ ബ്രെയിൻ സെന്റർ’ ഞാൻ ഉദ്ഘാടനം ചെയ്തു. ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു ബ്രെയിൻ ഇമേജിങ് ടെക്നോളജി പ്ലാറ്റ്‌ഫോമാണ് ഈ കേന്ദ്രം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിലൂടെ മനുഷ്യമസ്തിഷ്കത്തിന്റെ ഹൈ റെസല്യൂഷൻ ഡിജിറ്റൽ 3D ചിത്രങ്ങൾ തയ്യാറാക്കപ്പെടുന്നു. വരും ദിവസങ്ങളിൽ നൂറ് മനുഷ്യമസ്തിഷ്കങ്ങളുടെ ത്രിമാന മാപ്പിങ് നടത്തി അവയെ വളരെ വിശദമായി പഠിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ദൗത്യമാണിത്. ഈ പ്രവർത്തനത്തിനായി ‘പരംശക്തി’ എന്ന സൂപ്പർ കമ്പ്യൂട്ടറാണ് ഉപയോഗിക്കുന്നത്. സുഹൃത്തുക്കളേ, ഈ ബ്രെയിൻ സെന്റർ സ്ഥാപിക്കുന്നതിൽ രാജ്യത്തെ വ്യവസായമേഖല സർക്കാരുമായി ചേർന്ന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഐഐടിയിലെ നിരവധി പൂർവവിദ്യാർഥികളും അക്കാദമിക് രംഗത്തെ വിദഗ്ധരും ഈ ഗവേഷണകേന്ദ്രത്തിനായി ഒരുമിച്ചെത്തിയിട്ടുണ്ട്. ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിട്ടും മനുഷ്യമസ്തിഷ്കം ഇന്നും വലിയൊരു ശാസ്ത്രീയ പ്രഹേളികയായി തുടരുന്നതിനാലാണ് ഈ പദ്ധതി ഇത്രത്തോളം പ്രധാനമാകുന്നത്. അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾക്ക് ഇന്നും കാതലായ ചികിത്സ ലഭ്യമായിട്ടില്ല. അതുകൊണ്ട് മനുഷ്യമസ്തിഷ്കം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ശാസ്ത്രം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്തോറും ഭാവിയിൽ പുതിയ ചികിത്സാമാർഗങ്ങൾക്കും ഗവേഷണസാധ്യതകൾക്കും വഴിതുറക്കും. ഈ നൂറ് മനുഷ്യമസ്തിഷ്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഭാവിയിൽ വിവിധ മേഖലകളിലെ ഗവേഷണത്തിനായി ഓപ്പൺ സോഴ്‌സ് രൂപത്തിൽ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, ഇത്തരം നൂതന ഗവേഷണങ്ങളിൽ അവയവദാനത്തിന് വളരെ വലിയ പങ്കുണ്ട്. മരണശേഷംശേഷം അവയവങ്ങൾ ദാനം ചെയ്യുന്നവർ നിരവധി ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനൊപ്പം ശാസ്ത്രീയ ഗവേഷണങ്ങൾക്കും വഴിയൊരുക്കുന്നു. ഇതിന് ഒരു ഉദാഹരണമാണ് മധ്യപ്രദേശിലെ നർമദാപുരത്തെ ശിവാനി. ഒരു റോഡപകടത്തിൽ ശിവാനിക്ക് ഗുരുതരമായ അപകടം സംഭവിച്ചു. ആ കുടുംബത്തിന് വലിയൊരു ദുരന്തമായിരുന്നു അത്. എന്നാൽ ആ വിഷമകരമായ സാഹചര്യത്തിലും അവരുടെ കുടുംബം നമ്മുക്കെല്ലാവർക്കും പ്രചോദനമാകുന്ന ഒരു തീരുമാനമെടുത്തു. ശിവാനിയുടെ അവയവങ്ങൾ ദാനം ചെയ്യാനായിരുന്നു ആ തീരുമാനം. അവരുടെ കുടുംബത്തിന്റെ ഈ തീരുമാനം സമൂഹത്തിനും രാജ്യത്തിനും വലിയൊരു സന്ദേശമാണ് നൽകിയത്. മനുഷ്യത്വപരമായി സ്വീകരിക്കുന്ന ഇത്തരം ഒരു ചുവടുവെപ്പ് മറ്റൊരു കുടുംബത്തിന്റെ ജീവിതത്തിലേക്ക് വീണ്ടും സന്തോഷം കൊണ്ടുവരാൻ സഹായിക്കും. അതോടൊപ്പം ശാസ്ത്രീയ ഗവേഷണങ്ങൾക്കും വലിയ പിന്തുണ നൽകും. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ചെന്നൈ സന്ദർശനത്തിനിടെയുണ്ടായ മറ്റു ചില അനുഭവങ്ങളും നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യത്തെ അനുഭവം മെട്രോയിൽവെച്ച് യുവാക്കളുമായി നടത്തിയ സംവാദമായിരുന്നു. രണ്ടാമത്തേത് ഐഐടി മദ്രാസ് സന്ദർശനവും. ഈ സന്ദർശനത്തിനിടെ നമ്മുടെ യുവാക്കൾ വിവിധ പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഞാൻ കണ്ട സ്റ്റാർട്ടപ്പുകളിൽ ഒന്ന് സ്വർണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ്. ഇതിലൂടെ സ്വർണം വാങ്ങുമ്പോൾ ഉണ്ടാകുന്ന തട്ടിപ്പുകൾ ഒഴിവാക്കാൻ കഴിയും. മറ്റൊരു യുവസംഘം ബാങ്ക് തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട പണം വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ കണ്ടെത്തുന്നതിനുള്ള പരിശോധനകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ സഹായകരമാകുമെന്ന കാര്യത്തിലും ഒരു സംഘം പ്രവർത്തിക്കുന്നു. സുഹൃത്തുക്കളേ, ഐഐടി മദ്രാസിലെ ഈ സംവാദം പൂർണമായും ഡീപ് ടെക്‌നോളജിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഐഐടി മദ്രാസിന്റെ ഇൻക്യുബേഷൻ സംവിധാനത്തിൽനിന്ന് ഈ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ട്. ഇവയിൽ ഒരു സ്റ്റാർട്ടപ്പ് കടലിന് മുകളിലൂടെ പറക്കാൻ കഴിയുന്ന ഇലക്ട്രിക് വാഹനം വികസിപ്പിക്കുകയാണ്. മറ്റൊരു സ്റ്റാർട്ടപ്പ് ഡ്രോണുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കുമായി അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമ്മിക്കുന്നു. പ്രതിരോധ സാങ്കേതികവിദ്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന മറ്റൊരു സംഘവും കൂടിയുണ്ട്. സുഹൃത്തുക്കളേ, ഇന്ന് നമ്മുടെ യുവാക്കൾക്ക് ഇത്തരം അസാമാന്യമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നത് അവർക്ക് അനുയോജ്യമായ അന്തരീക്ഷവും പിന്തുണയും ലഭിക്കുന്നതുകൊണ്ടാണ്. അല്ലെങ്കിലും, നമ്മുടെ രാജ്യത്ത് പ്രതിഭകൾക്ക് ഒരിക്കലും കുറവുണ്ടായിട്ടില്ല. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഒക്ടോബർ 31-ന്, ഭാരതത്തിലെ മഹാനായ ശാസ്ത്രജ്ഞരിൽ ഒരാളായ നരീന്ദർ സിങ് കപാനിയുടെ നൂറാം ജന്മവാർഷികമാണ്. ലോകം അദ്ദേഹത്തെ ‘ഫൈബർ ഓപ്റ്റിക്‌സിന്റെ പിതാവ്’ എന്നാണ് അറിയുന്നത്. പഞ്ചാബിലെ മോഗ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. സൂക്ഷ്മമായ നാരുകളിലൂടെ പ്രകാശത്തെ കൈമാറുന്ന സാങ്കേതികവിദ്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നൂതന ഗവേഷണം ആശയവിനിമയരംഗത്തിന് പുതിയൊരു ദിശ നൽകി. ഇന്ന് നമ്മൾ ജീവിക്കുന്ന ഇന്റർനെറ്റിന്റെയും ഡിജിറ്റൽ ആശയവിനിമയത്തിന്റെയും കാലഘട്ടത്തെ ഫൈബർ ഓപ്റ്റിക്‌സ് ഇല്ലാതെ സങ്കൽപ്പിക്കുകപോലും വളരെ ബുദ്ധിമുട്ടാണ്. ഈ അവസരത്തിൽ നരീന്ദർ സിങ് കപാനിയെ നമുക്ക് ആദരപൂർവം സ്മരിക്കാം. നമ്മുടെ യുവാക്കൾ കപാനിയെപ്പോലുള്ള ശാസ്ത്രജ്ഞരെക്കുറിച്ച് വായിക്കുകയും അറിയുകയും അവരിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഒക്ടോബർ 31-ന്, സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനമാണ്. ഈ ദിനം രാജ്യം ‘ഏകതാ ദിവസ്’, അഥവാ ദേശീയ ഐക്യദിനമായി ആചരിക്കുന്നു. ഈ അവസരത്തിൽ രാജ്യത്തുടനീളം ‘റൺ ഫോർ യൂണിറ്റി’ എന്ന കൂട്ടയോട്ടവും സംഘടിപ്പിക്കാറുണ്ട്. നമ്മുടെ ഐക്യം കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തോടുള്ള പ്രതിബദ്ധത ഒരിക്കൽക്കൂടി ഉറപ്പിക്കാനുമുള്ള വലിയൊരു അവസരമാണ് ‘റൺ ഫോർ യൂണിറ്റി’. ഈ വർഷവും ഈ പരിപാടിയിൽ ആവേശപൂർവം പങ്കുചേരണമെന്ന് നിങ്ങളോടെല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചുറ്റുപാടുമുള്ള ആളുകളെയും ഒപ്പം ചേർക്കുകയും ചെയ്യുക. സുഹൃത്തുക്കളേ, ഭാരതത്തിന്റെ ആഹ്വാനപ്രകാരം 2023 ‘അന്താരാൽഷ്ട്ര ചെറുധാന്യ വർഷം’ ആയി ആചരിച്ചത് നിങ്ങൾക്കെല്ലാവർക്കും ഓർമയുണ്ടാകുമല്ലോ. ലോകമെമ്പാടും ഈ സംരംഭത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. സ്വന്തം സംസ്കാരവുമായി എത്ര ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ സൂപ്പർഫുഡായ ശ്രീഅന്നം അഥവാ ചെറുധാന്യം എന്ന് ഈ സംരംഭത്തിലൂടെ ആളുകൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. വടക്കുകിഴക്കൻ ഭാരതത്തിലും ചെറുധാന്യ കൃഷിക്ക് സമ്പന്നമായൊരു പാരമ്പര്യമുണ്ട്. എന്നാൽ കാലക്രമേണ ആളുകൾ ഈ കൃഷിയിൽനിന്ന് അകന്നുപോകാൻ തുടങ്ങി. ഇപ്പോൾ ആ സ്ഥിതിക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളേ, മേഘാലയയിലെ വെസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ ഖാണ്ഡുലി എന്നൊരു ഗ്രാമമുണ്ട്. തലമുറകളായി ചെറുധാന്യങ്ങൾ അവിടുത്തെ പ്രാദേശിക ഭക്ഷ്യസംസ്കാരത്തിന്റെ പ്രധാന ഭാഗമാണ്. എന്നാൽ കുറച്ചുകാലമായി അവിടെ ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. ഈ സാഹചര്യത്തിൽ അവിടെയുള്ള രണ്ട് കൂട്ടുകാരികൾ ചേർന്ന് ഒരു പുതിയ സംരംഭത്തിന് തുടക്കമിട്ടു. ചെറുധാന്യങ്ങൾ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ചെറുധാന്യങ്ങൾക്ക് മൂല്യവർധനവ് വരുത്തിക്കൊണ്ട് അവർ കുക്കികൾ, കേക്കുകൾ, മഫിനുകൾ എന്നിവയ്ക്കൊപ്പം ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ബേബി ഫുഡും തയ്യാറാക്കി. ഇതോടെ ചെറുധാന്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിച്ചു. അവയ്ക്കുള്ള ആവശ്യവും കൂടാൻ തുടങ്ങി. അതിന്റെ ഫലമായി അവിടുത്തെ കർഷകരും വീണ്ടും ചെറുധാന്യ കൃഷിയിലേക്ക് തിരിച്ചെത്തി. സുഹൃത്തുക്കളേ, മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ സാദോൽപാട ഗ്രാമത്തിലും ഇത്തരത്തിലുള്ള പുതിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. അവിടുത്തെ കർഷകനായ ചെക്ജിങ് സംഗ്മ ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി ആധുനിക രീതികളിൽ അവ കൃഷി ചെയ്യാൻ തുടങ്ങി. ഇതിലൂടെ അദ്ദേഹത്തിന്റെ വരുമാനം വർധിച്ചു. ഗ്രാമത്തിലും ചെറുധാന്യ കൃഷിയെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടായി. അതുപോലെ, നാഗാലാൻഡിലെ കൊഹിമയിൽ കെസോമ എന്നൊരു ഗ്രാമമുണ്ട്. ഒരു ദശാബ്ദത്തിലേറെയായി അവിടെ ചെറുധാന്യ കൃഷി നിലച്ചിരുന്നു. അതിന്റെ ഫലമായി ഒരു തലമുറ മുഴുവൻ ഈ പരമ്പരാഗത വിളയെക്കുറിച്ച് അറിയാതെ വളർന്നു. ഒന്ന് ആലോചിച്ചുനോക്കൂ. അവരുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും കൃഷി ചെയ്തിരുന്ന ഒരു വിളയെ സ്വന്തം ഗ്രാമത്തിലെ ആളുകൾതന്നെ മറക്കാൻ തുടങ്ങിയിരുന്നു. 2024-ൽ അവിടുത്തെ ജനങ്ങൾ ചെറുധാന്യ കൃഷി വീണ്ടും ആരംഭിച്ചു. 2025-ൽ കെസോമ ഗ്രാമം ആദ്യമായി ചെറുധാന്യ ഉത്സവവും സംഘടിപ്പിച്ചു. ഇപ്പോൾ അവിടെ ചെറുധാന്യങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കുള്ള ആവശ്യവും അതിവേഗം വർധിച്ചുവരികയാണ്. സുഹൃത്തുക്കളേ, ചെറുധാന്യ കൃഷിയുമായി ബന്ധപ്പെട്ട ഈ ഉദാഹരണങ്ങൾ വളരെ വലിയൊരു സന്ദേശമാണ് നൽകുന്നത്. പരമ്പരാഗത വിളകളെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കാൻ നമ്മുടെ യുവാക്കൾക്ക് കഴിയുന്നു എന്നതാണ് ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. അതോടൊപ്പം, നമ്മുടെ ഗ്രാമങ്ങൾ തങ്ങളുടെ പൈതൃകം സംരക്ഷിച്ചുകൊണ്ട് സമൃദ്ധിയുടെ പാതയിൽ മുന്നേറുകയുമാണ്. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാളെ, ഒക്ടോബർ 26-ന് മഹർഷി വാല്മീകി ജയന്തിയാണ്. ആയിരക്കണക്കിന് വർഷങ്ങൾ കടന്നുപോയിട്ടും മഹർഷി വാല്മീകിയുടെ രാമായണം ഇന്നും നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. രാമായണത്തിലൂടെ ജീവിതത്തിലെ ആഴമേറിയ പാഠങ്ങളാണ് മഹർഷി വാല്മീകി നമുക്ക് നൽകിയത്. ഒരു വശത്ത് നിരന്തരമായ പരിശ്രമം തുടരണമെന്ന സന്ദേശം അദ്ദേഹം നൽകുന്നു. മറുവശത്ത് സേവനത്തിന്റെയും കരുണയുടെയും സാമൂഹിക ഐക്യത്തിന്റെയും പ്രാധാന്യം അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നു. വാല്മീകി രാമായണത്തിൽ ഭഗവാൻ ശ്രീരാമന്റെ സ്വഭാവം ഈ മൂല്യങ്ങളുടെ മനോഹരമായ ഉദാഹരണമാണ്. മാതാ ശബരിയുടെ സ്നേഹവും ഭക്തിയും ശ്രീരാമൻ സ്വീകരിച്ചു. നിഷാദരാജാവിന്റെ സൗഹൃദത്തിന് അദ്ദേഹം ആദരവ് നൽകി. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകണമെന്ന ഈ മനോഭാവം ഇന്നും നമുക്ക് വഴികാട്ടിയാണ്. ഈ ചിന്തയുടെ പ്രതിഫലനം അയോധ്യയിലെ മനോഹരമായ രാമക്ഷേത്രത്തിലും കാണാം. അവിടെ മഹർഷി വാല്മീകിക്കും നിഷാദരാജാവിനും മാതാ ശബരിക്കും പ്രത്യേകം ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അയോധ്യയിലെ വിമാനത്താവളത്തിനും മഹർഷി വാല്മീകിയുടെ പേരാണ് നൽകിയിരിക്കുന്നത് എന്നത് എനിക്ക് ഏറെ സന്തോഷം നൽകുന്നു. സേവനത്തിനും സാമൂഹിക ഐക്യത്തിനും കരുണയ്ക്കും ഏറ്റവും ഉയർന്ന സ്ഥാനം നൽകുന്ന നമ്മുടെ മഹത്തായ പാരമ്പര്യത്തെ കൂടുതൽ സമ്പന്നമാക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിന്റെ മണ്ണിൽ ജനിച്ച് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹാന്മാരുണ്ട്. അത്തരത്തിൽ ഒരു മഹത് വ്യക്തിയാണ് ഭായി പരമാനന്ദ്. നവംബർ 4-ന് നമ്മൾ അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികം ആചരിക്കുകയാണ്. ആര്യസമാജവുമായി ആഴത്തിലുള്ള ബന്ധമായിരുന്നു ഭായി പരമാനന്ദിന്റെ പ്രചോദനത്തിന്റെയും ആദർശങ്ങളുടെയും പ്രധാന ഉറവിടം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുതന്നെ ആര്യസമാജത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഭായി പരമാനന്ദ് ദക്ഷിണാഫ്രിക്കയിലേക്ക് പോയിരുന്നു. അവിടെവെച്ച് അദ്ദേഹം ആദരണീയനായ ബാപ്പുവിനെയും കണ്ടുമുട്ടി. അക്കാലത്ത് ആര്യസമാജത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന ഗയാനയിലെ കരാർത്തൊഴിലാളി സമൂഹത്തിനിടയിലും അദ്ദേഹം പ്രവർത്തിച്ചു. ഗയാന സന്ദർശിച്ചപ്പോൾ അവിടെയുള്ള ആര്യസമാജ സ്മാരകം സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരുന്നു. സുഹൃത്തുക്കളേ, സ്വാതന്ത്ര്യസമരത്തിൽ ഭായി പരമാനന്ദ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലാലാ ഹർദയാലിനെ അമേരിക്കയിലേക്ക് പോകാൻ പ്രേരിപ്പിച്ചത് ഭായി പരമാനന്ദാണെന്ന് പറയപ്പെടുന്നു. ഗദർ പാർട്ടിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം വളരെ വലുതായിരുന്നതുകൊണ്ട് ബ്രിട്ടീഷുകാർ അദ്ദേഹത്തെ ‘കാലാപാനി’ ശിക്ഷയ്ക്ക് വിധേയനാക്കി. ‘आपबीती : काले पानी की कारावास कहानी’ എന്നൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ മനസ്സിലാക്കാൻ ഈ പുസ്തകം തീർച്ചയായും വായിക്കേണ്ടതാണ്. ശിക്ഷാകാലം പൂർത്തിയായതിനുശേഷം ഭായി പരമാനന്ദ് വിദ്യാഭ്യാസമേഖലയിലും പ്രവർത്തനം ആരംഭിച്ചു. അതിശയകരമായ ഒരു കാര്യം എന്താണെന്നോ? വീർ ഭഗത് സിങ്ങിനെ പഠിപ്പിച്ചിട്ടുള്ളതും അദ്ദേഹമാണ്. പിന്നീടുള്ള കാലഘട്ടത്തിൽ നിരവധി വർഷങ്ങളോളം അദ്ദേഹം ഹിന്ദു മഹാസഭയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഗാന്ധിജി മുതൽ ഗയാന വരെ, ഗദർ പ്രസ്ഥാനം മുതൽ ആൻഡമാൻ വരെ വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ ജീവിതം ഏറെ പ്രചോദനാത്മകമാണ്. ഭായി പരമാനന്ദിന് ഞാൻ ആദരപൂർവം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. യുവസുഹൃത്തുക്കളോട് എനിക്ക് ഒരു അഭ്യർഥനയുണ്ട്. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയുകയും മറ്റുള്ളവരെ അറിയിക്കാൻ  പ്രേരിപ്പിക്കുകയും ചെയ്യുക. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വരും ദിവസങ്ങളിൽ ദീപാവലിയുടെയും ഛഠ് മഹോത്സവത്തിന്റെയും മറ്റു നിരവധി ഉത്സവങ്ങളുടെയും ആഘോഷത്തിമിർപ്പ് നമുക്ക് ചുറ്റും നിറയും. നിങ്ങളെല്ലാവരും ആരോഗ്യത്തോടെയും സുരക്ഷിതരായും കുടുംബത്തോടൊപ്പം ഉത്സവങ്ങൾ ആഘോഷിക്കണം. നിങ്ങളുടെ സന്തോഷത്തിൽ മറ്റുള്ളവരെയും പങ്കുചേർക്കണം. വരാനിരിക്കുന്ന എല്ലാ ഉത്സവങ്ങൾക്കും നിങ്ങളെ ഓരോരുത്തരെയും ഞാൻ ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു. എല്ലാ മാസത്തെയും പോലെ നിങ്ങളുടെ സന്ദേശങ്ങൾക്കും നിർദേശങ്ങൾക്കുമായി ഞാൻ കാത്തിരിക്കും. നിങ്ങളുടെ നിർദേശങ്ങളാണ് ‘മൻ കി ബാത്തി’ന് പുതിയ വിഷയങ്ങളും പുതിയ ദിശകളും നൽകുന്നത്. അടുത്ത മാസം രാജ്യത്തെ ജനങ്ങളുടെ പുതിയ പരിശ്രമങ്ങളുടെയും പ്രചോദനാത്മകമായ പുതിയ കഥകളുടെയും ഒപ്പം നമുക്ക് വീണ്ടും ഒത്തുചേരാം. വളരെ നന്ദി. നമസ്കാരം.

*****

SK