Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നവംബർ 15-ന് ജനജാതീയ ഗൗരവ് ദിന പരിപാടിയിൽ പങ്കെടുക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 നവംബർ 15ന് രാവിലെ 11-ന് മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നടക്കുന്ന ജനജാതീയ ഗൗരവ് ദിന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും. ധർത്തി ആബാ ഭഗവാൻ ബിർസ മുണ്ടയുടെ 151-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.

പരിപാടിയുടെ ഭാഗമായി ഏകദേശം 3,000 കോടി രൂപയുടെ 246 വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. രാജ്യത്തുടനീളമുള്ള ഗോത്രവിഭാഗങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഉപജീവനമാർഗങ്ങൾ, സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

ഗോത്രവിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി 38 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ (EMRS), പ്രധാനമന്ത്രി ജനജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN) പദ്ധതിക്ക് കീഴിലുള്ള 100 ബഹുമുഖ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 173 പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സേവനങ്ങൾ ലഭ്യമാക്കുന്നതിനും സാമൂഹിക പ്രവർത്തനങ്ങൾക്കുമുള്ള കേന്ദ്രങ്ങളായി ഈ ബഹുമുഖ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇതിനുപുറമെ, PM-JANMAN പദ്ധതിക്കും ധർത്തി ആബാ ജനജാതീയ ഗ്രാമ ഉത്കർഷ് അഭിയാൻ (DAJGUA) പദ്ധതിക്കും കീഴിലുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനം ചെയ്യുന്ന മറ്റ് പ്രധാന പദ്ധതികളിൽ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലുള്ള ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TRI) കെട്ടിടവും മിസോറമിലെ ഐസോളിലുള്ള റോപുയിലിയാനി ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയവും ഉൾപ്പെടുന്നു. ഗോത്രസംസ്കാരവും പൈതൃകവും സംരക്ഷിക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. മിസോ ഗോത്രവിഭാഗങ്ങളിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ധൈര്യം, വീര്യം, ത്യാഗം എന്നിവ അനുസ്മരിക്കുന്നതാണ് ഈ മ്യൂസിയം. മിസോ ജനതയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചരിത്രപൈതൃകവും ഇവിടെ പ്രദർശിപ്പിക്കും. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ ധീരമായി ചെറുത്തുനിന്ന മിസോ ഗോത്ര വനിതാനേതാവായിരുന്ന റോപുയിലിയാനിയുടെ പേരിലാണ് മ്യൂസിയം അറിയപ്പെടുന്നത്. ഗോത്രവിഭാഗങ്ങളുടെ ചെറുത്തുനിൽപ്പിന്റെയും ത്യാഗത്തിന്റെയും പ്രതീകമായാണ് അവർ ഓർക്കപ്പെടുന്നത്.

ഗോത്രവിഭാഗങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 19 പുതിയ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഗോത്രവിഭാഗങ്ങളിലെ ഉൽപ്പാദകർക്ക് വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി 12 ഗോത്ര വിവിധോദ്യേശ്യ വിപണന കേന്ദ്രങ്ങൾക്കും (TMMCs) അദ്ദേഹം തറക്കല്ലിടും. ഇതിനുപുറമെ, PM-JANMAN, DAJGUA പദ്ധതികൾക്ക് കീഴിലുള്ള മറ്റ് 42 പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും.

2026 നവംബർ 1 മുതൽ 15 വരെ രാജ്യവ്യാപകമായി ആചരിച്ചുവരുന്ന ജനജാതീയ ഗൗരവ് പഖ്‌വാഡയുടെ സമാപനത്തിനും ഈ പരിപാടി വേദിയാകും. പഖ്‌വാഡയുടെ ഭാഗമായി ദേശീയതലത്തിലും താഴെത്തട്ടിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർഥികളുമായി രാഷ്ട്രപതി നടത്തിയ സംവാദം, ദേശീയ ഗോത്രസാഹിത്യോത്സവം, ഗോത്രവിഭാഗങ്ങളിലെ പരമ്പരാഗത ചികിത്സകർക്ക് പരിശീലന പരിപാടികൾ, പ്രത്യേക കരുതൽവേണ്ട  ഗോത്രവിഭാഗങ്ങൾക്കായി (PVTGs) ആരോഗ്യ-പോഷകാഹാര ക്യാമ്പുകൾ, ധർത്തി ആബാ ജനഭാഗിദാരി അഭിയാന്റെ ഭാഗമായി ഗോത്രഗ്രാമങ്ങളിൽ സംഘടിപ്പിച്ച സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

-SK-