ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ ഇന്ന് നടന്ന സാമൂഹിക നീതി, ശാക്തീകരണ വകുപ്പിന്റെ ഉന്നതതല യോഗത്തിന്റെ സമാപന സമ്മേളനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.
സാമൂഹിക ഉൾച്ചേർക്കൽ ശക്തിപ്പെടുത്തൽ, ഭിന്നശേഷിക്കാരുടെ ശാക്തീകരണം, ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയൽ, പൊതുജന പങ്കാളിത്തത്തിനായുള്ള നൂതന സമീപനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും യോഗം ഒരുമിച്ചുകൂട്ടി.
യോഗത്തിൽ നടന്ന വിപുലമായ ചർച്ചകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യോഗത്തിൽ ഉയർന്നുവന്ന ചർച്ചകളും പ്രവർത്തന നിർദേശങ്ങളും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പൊതുവായ ലക്ഷ്യബോധമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. പദ്ധതികൾ നടപ്പാക്കുന്നതിൽ മത്സരാധിഷ്ഠിതവും സഹകരണപരവുമായ ഫെഡറലിസത്തിന്റെ ചൈതന്യം മാർഗദർശനമാകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സംസ്ഥാനങ്ങൾ പരസ്പരം അനുഭവങ്ങളിൽ നിന്നും നൂതന ആശയങ്ങളിൽ നിന്നും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, വളർച്ചാ വൈകല്യങ്ങളെക്കുറിച്ചും അവ നേരത്തേ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മാതാപിതാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് നിരീക്ഷിച്ചു. മടിയും സാമൂഹികമായ അവഹേളനത്തെക്കുറിച്ചുള്ള ഭയവും അവബോധമില്ലായ്മയും പലപ്പോഴും കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിൽനിന്നും കൃത്യസമയത്ത് പിന്തുണ തേടുന്നതിൽനിന്നും മാതാപിതാക്കളെ പിന്തിരിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹാധിഷ്ഠിത സമീപനത്തിലൂടെ മാതാപിതാക്കളുടെ ഈ മടി പരിഹരിക്കാനും നേരത്തെയുള്ള ഇടപെടൽ കൂടുതൽ സ്വീകാര്യമാക്കാനും കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അവബോധം സൃഷ്ടിക്കുന്നതിന് നൂതനമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും പ്രധാനപ്പെട്ട സന്ദേശങ്ങൾ ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ രീതിയിൽ കൈമാറുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യുവ നവീനാശയക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് സ്റ്റാർട്ടപ്പ് മത്സരങ്ങൾ സംഘടിപ്പിക്കാമെന്നും അദ്ദേഹം നിർദേശിച്ചു. പ്രത്യേകിച്ച് ചലനശേഷി, പ്രാപ്യത, കായിക വിനോദങ്ങളിലെയും ദൈനംദിന പ്രവർത്തനങ്ങളിലെയും പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ചെലവുകുറഞ്ഞ സഹായ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും വികസിപ്പിക്കാൻ ഇതിലൂടെ പ്രോത്സാഹനം നൽകാനാകും.
നശാമുക്ത് ഭാരത് അഭിയാനെക്കുറിച്ച് ചർച്ച ചെയ്യവേ, ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള ശ്രമങ്ങൾ പതിവ് പ്രവർത്തനങ്ങൾക്കും പ്രതീകാത്മക പരിപാടികൾക്കും അപ്പുറത്തേക്ക് പോകണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും സമൂഹത്തിന്റെ വിശാലമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഉപന്യാസ രചന, സംവാദങ്ങൾ, പ്രസംഗ മത്സരങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ സ്കൂളുകളെ പങ്കാളികളാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ലഹരിയുടെ അടിമത്തത്തിൽനിന്ന് വിജയകരമായി മോചിതരായ വ്യക്തികളുടെ അനുഭവങ്ങൾ പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
സമഗ്ര ദേശീയ സമീപനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നശാമുക്ത് ഭാരതത്തിനായുള്ള പ്രവർത്തനങ്ങളിൽ സമൂഹങ്ങൾ, ആത്മീയ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയുടെ പങ്കാളിത്തം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. സമൂഹം തന്നെ ഈ പ്രസ്ഥാനത്തിൽ സജീവ പങ്കാളിയാകുമ്പോൾ മാത്രമേ ശാശ്വതമായ പെരുമാറ്റമാറ്റം സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രവും സംസ്ഥാനങ്ങളും പൊതുവായ ദേശീയ ദൗത്യത്തിലെ പങ്കാളികളാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. യോഗത്തിൽ പ്രകടമായ കൂട്ടായ പ്രതിബദ്ധത മത്സരാധിഷ്ഠിതവും സഹകരണപരവുമായ ഫെഡറലിസത്തിന്റെ ചൈതന്യത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും ശാക്തീകരിക്കപ്പെട്ടതുമായ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് ഇത് സംഭാവന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
****
SK
Chaired the valedictory session of the Departmental Summit on Social Justice and Empowerment. Key focus areas: Greater Jan Bhagidari in social schemes. Encouraging StartUps to build affordable assistive technologies. A whole-of-society approach towards a Nasha Mukt Bharat. https://t.co/e0HTNYb8hc
— Narendra Modi (@narendramodi) November 19, 2026