Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജര്‍മനിയിലെ ബിസിനസ് മീറ്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ( മെയ് 30, 2017)

ജര്‍മനിയിലെ ബിസിനസ് മീറ്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ( മെയ് 30, 2017)


ബഹുമാന്യയായ ഡോ. ആംഗലാ മെര്‍ക്കല്‍,

ആഗോള ബിസിനസ് സമൂഹത്തിലെ നേതാക്കളെ,

മഹതികളേ മാന്യരേ,

നിങ്ങളെയെല്ലാം കാണാനായത് ഏറ്റവും ആഹ്ലാദകരമാണ്. ചാന്‍സലര്‍ മെര്‍ക്കലിനെപ്പോലെ പ്രോജ്ജ്വലയായ ഒരു നേതാവിന്റെ സാന്നിധ്യത്തിലാണ് അത് എന്നത് കൂടുതല്‍ ആഹ്ലാദിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവരുമായി കൂടിക്കാഴ്ചയ്ക്കുള്ള ഒരു അവസരവും ഞാന്‍ നഷ്ടപ്പെടുത്താറില്ല. 2015 ഏപ്രിലില്‍ ഹാനോവര്‍ മേളയില്‍ നടത്തിയ ആശയവിനിമയം ഞാന്‍ പ്രത്യേകം അനുസ്മരിക്കുന്നു. ഇന്ത്യ ആ മേളയിലെ പങ്കാളിത്ത രാജ്യമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ചാന്‍സലര്‍ മെര്‍ക്കല്‍ 2015 ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ചു. ജര്‍മനിയിലെയും ഇന്ത്യയിലെയും സിഇഒമാരുമായും ഞങ്ങളൊന്നിച്ച് പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഇന്നും ഈ ഹാളില്‍ എനിക്ക് വളരെയധികം ഊര്‍ജ്ജവും പ്രത്യാശയും കാണാനാകുന്നു. നിരവധി ഇന്ത്യന്‍ സിഇഒമാരും ഇവിടെ എത്തിയതായി എനിക്ക് കാണാനാകുന്നു.

സുഹൃത്തുക്കളേ,

ഉഭയകക്ഷിപരമായും ആഗോള സാഹചര്യത്തിലും ഒരുപോലെ ജര്‍മനി ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണ്. ഇന്ത്യയുടെ വളര്‍ച്ചാഗാഥയില്‍ ജര്‍മന്‍ കമ്പനികളുടെ പങ്കാളിത്തം കാണുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ജര്‍മനിയില്‍ ഇന്ത്യന്‍ കമ്പനികള്‍ അവയുടെ സാന്നിധ്യം അറിയിക്കുന്നുവെന്നതും അതുപോലെ ഹൃദയാവര്‍ജ്ജകമാണ്. ഇന്ത്യയിലെ വിദേശ നിക്ഷേകരില്‍ ഏഴാം സ്ഥാനത്താണ് ജര്‍മനി. എന്‍ജിനീയറിംഗ്, രാസവസ്തുക്കള്‍, സേവനങ്ങള്‍ എന്നിവയിലാണ് ജര്‍മനയില്‍ നിന്ന് പ്രധാനമായി നേരിട്ടുള്ള വിദേശ നിക്ഷേപം എത്തുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ഏകദേശം 600 ഓളം ഇന്തോ- ജര്‍മന്‍ സംയുക്ത സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രണ്ട്‌ലക്ഷത്തോളം പേര്‍ക്ക് അവ തൊഴില്‍ നല്‍കുന്നു. ഇന്ത്യ- ജര്‍മ്മനി സാമ്പത്തിക കൂട്ടായ്മയില്‍ ഇനിയും കൂടുതല്‍ ബൃഹത്തായ തൊഴില്‍ സാധ്യതയുണ്ട്. നമ്മുടെ സാമ്പത്തിക പങ്കാളിത്തം ഇപ്പോഴും അതിന്റെ പരിപൂര്‍ണ്ണ സാധ്യതയ്ക്കു താഴെയാണ്. ഇത് വര്‍ധിപ്പിക്കുന്നതിന്, ഇന്ത്യയിലുള്ള ഞങ്ങള്‍, ജര്‍മന്‍ കമ്പനികളെ സ്വാഗതം ചെയ്യാന്‍ കൈകള്‍ വിടര്‍ത്തി തയ്യാറായി നില്‍ക്കുകയാണ്. ജര്‍മന്‍ കമ്പനികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ഞങ്ങളൊരു അതിവേഗ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോള്‍ത്തന്നെ പരിഹരിച്ചു. ഞങ്ങള്‍ അത് ആത്മാര്‍ത്ഥമായാണ് ചെയ്യുന്നത്, എന്തുകൊണ്ടെന്നാല്‍ ജര്‍മന്‍ പങ്കാളിത്തത്തെ ഞങ്ങള്‍ ഏറെ വിലമതിക്കുന്നു.

സുഹൃത്തുക്കളേ!

ഇന്ത്യയെ ഒരു ആഗോള ഉല്‍പാദന കേന്ദ്രമാക്കി മാറ്റാനുള്ള പാതയിലാണ് ഞങ്ങള്‍. ഉല്‍പാദനത്തിന് അനുയോജ്യമായ മികച്ച പരിസ്ഥിതി ഇപ്പോള്‍ത്തന്നെ ഇന്ത്യയിലുണ്ട്. ഇന്ത്യ ഇപ്പോള്‍ത്തന്നെ വാഗ്ദാനം ചെയ്യുന്നത്:

– ലോകനിലവാരത്തില്‍ നോക്കുമ്പോള്‍ ചെലവു കുറഞ്ഞ നിര്‍മ്മാണത്തിന് അനുയോജ്യമായ പരിസ്ഥിതി.

– വിജ്ഞാനവും ഊര്‍ജ്ജവുമുള്ള തൊഴില്‍ അറിയാവുന്ന വലിയൊരു വിഭാഗം പ്രൊഫഷണലുകള്‍;

– ലോകനിലവാരത്തിലുള്ള എന്‍ജിനീയറിംഗ് വിദ്യാഭ്യാസ അടിത്തറയും ശക്തമായ ഗവേഷണ വികസന സൗകര്യവും;

– ജിഡിപിയിലെയും വാങ്ങല്‍ ശേഷിയിലെയും ഉയര്‍ച്ച ആഭ്യന്തര വിപണിയില്‍ കൂടുതല്‍ വളര്‍ച്ച സൃഷ്ടിക്കുന്നു;

– ലോകത്തിലെ ഏറ്റവും ഉദാരമായ വിദേശ നിക്ഷേപ നയങ്ങളുള്ള രാജ്യങ്ങളിലൊന്ന്
– ബിസിനസ് കൂടുതല്‍ അനായാസമാക്കുന്നതില്‍ ഗവണ്‍മെന്റിന്റെ ഊന്നല്‍.

യൂനിഡോ പറയുന്നതുപോലെ, ഈ ശക്തികള്‍ ഇന്ത്യയെ ഇപ്പോള്‍ത്തന്നെ ലോകത്തിലെ ആറാമത്തെ വലിയ ഉല്‍പ്പാദക രാജ്യമാക്കിയിരിക്കുന്നു. ഇത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ വിവിധ തലങ്ങളില്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണ്.

‘ഇന്ത്യയില്‍ നിര്‍മിക്കൂ’ സംരംഭത്തിലൂടെ ഇന്ത്യയെ ആഗോള മൂല്യ ശൃംഖലയിലെ പ്രധാനപ്പെട്ട ഒരു ഇടപാടുകാരനാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. തൊഴിലുകള്‍ സൃഷ്ടിക്കുകയും സമൂഹത്തിലെ ഉയര്‍ന്നവരും താഴ്ന്നവരും തമ്മിലുള്ള വിടവ് കുറയ്ക്കുകയുമാണ് പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ നിര്‍മ്മിക്കൂ ഇപ്പോള്‍ത്തന്നെ ശക്തമായ ഒരു ഫലപ്രാപ്തി ഉണ്ടാക്കിക്കഴിഞ്ഞു.
ഇന്ത്യയില്‍ നിര്‍മിക്കൂ സംരംഭത്തിന്റെ വിജയത്തില്‍ ജര്‍മനി വലിയ തോതില്‍ സംഭാവന നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും ഹാനോവര്‍ മേളയിലെ പങ്കാളിത്ത രാജ്യം എന്നത് ഇന്തോ-ജര്‍മന്‍ പങ്കാളിത്തത്തില്‍ വലിയ കുതിപ്പാണ് നല്‍കിയത്. ഹാനോവര്‍ മേളയുടെ വേളയില്‍ യോജിച്ചു പ്രവര്‍ത്തിക്കാവുന്ന കൃത്യമായ മേഖലകള്‍ ഒന്നിച്ചു കണ്ടെത്തി. ഉല്‍പ്പാദനം, നൈപുണ്യ വികസനം, റെയില്‍വേ, നദികള്‍ വൃത്തിയാക്കല്‍, വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജ്ജം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടെയാണിത്. ഇതിനു പുറമേ, 2015 സെപ്റ്റംബര്‍ മുതല്‍ ഒരു തന്ത്രപരമായ വിപണി പ്രവേശന പിന്തുണാ പരിപാടി കൂടി നാം നടപ്പാക്കുന്നു. മിം ( miim- make in india mittle stand) എന്നാണ് അത് അറിയപ്പെടുന്നത്. ഇത് പ്രധാനമായും ജര്‍മന്‍ മിറ്റില്‍സ്റ്റാന്‍ഡ് കമ്പനികളെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിലാണ് സഹായിക്കുന്നത്.

മിം പരിപാടി വിശാല ശ്രേണിയില്‍ വ്യവസായ പിന്തുണ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ജര്‍മന്‍ കമ്പനികളുടെ താല്‍പര്യം വര്‍ധിക്കുന്നതിന് ഈ സംരംഭം ഇടയാക്കി.

ഈ കുറഞ്ഞ കാലയളവിലെ ഗുണഫലങ്ങള്‍:

– പരിപാടിയില്‍ ചേരാന്‍ 83 കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചു;

– 73 കമ്പനികള്‍ ഔദ്യോഗിക അംഗങ്ങളായി ചേര്‍ന്നു;

– 47 എണ്ണം നിക്ഷേപം നടത്തുന്നതിന്റെ മുന്‍കൂര്‍ പ്രക്രിയകളുടെ ഘട്ടത്തില്‍. ഇന്തോ-ജര്‍മന്‍ മാനേജര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയാണ് ഇന്ത്യക്കും ജര്‍മനിക്കും ഇടയില്‍ നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു വിജയകരമായ പരിപാടി. പ്രത്യേകിച്ചും ഇന്ത്യയിലെ സൂക്ഷ്മ ഇടത്തരം ചെറുകിട സംരംഭങ്ങളില്‍ നിന്നുള്ള ബിസിനസ് എക്‌സിക്യുട്ടീവുകള്‍ക്കുള്ള വിദഗ്ധ പരിശീലനം.

– വര്‍ധിച്ച നിക്ഷേപങ്ങള്‍, പുതിയ സംയുക്ത സംരംഭങ്ങള്‍ സൃഷ്ടിക്കല്‍, രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ച ബിസിനസ് ടു ബിസിനസ് ബന്ധങ്ങള്‍.

– അഞ്ഞൂറിലേറെ ഇന്ത്യന്‍ മാനേജര്‍മാര്‍ക്ക് ഈ പരിപാടിയുടെ ഗുണം ലഭിച്ചു.

ഇതിനു പുറമേ, നിലവിലുള്ളത് നല്ല കാലാവസ്ഥയാണ്. അതിന് ചില ഉദാഹരണങ്ങള്‍:

– ബോഷ്, സീമെന്‍സ്, ബിഎഎസ്എഫ്, എസ്എപി എന്നിവ ഇന്ത്യയ്ക്കു മാത്രമായി വ്യക്തമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

– മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ 2015 ജൂലൈയില്‍ ചക്കാനില്‍ അതിന്റെ രണ്ടാമത്തെ ഉല്‍പ്പാദന പ്ലാന്റ് തുടങ്ങി. ഇത് പ്രതിവര്‍ഷം ഇരുപതിനായിരമായി പ്ലാന്റിന്റെ ശേഷി ഇരട്ടിപ്പിക്കും.

നമ്മുടെ പ്രയത്‌നഫലമായി നമുക്ക് നല്ല ആഗോള അംഗീകാരം ലഭ്യമായി. അതില്‍ ചിലത് പരാമര്‍ശിക്കട്ടെ:

– ആഗോള സാമ്പത്തിക മാന്ദ്യത്തിനിടിയിലും ഇന്ത്യ തിളക്കമുള്ളതായി തുടരുന്നു
– കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് ജിഡിപി വളര്‍ച്ചാ നിരക്ക് 7 ശതമാനമാക്കി ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്ഘടനയായി മാറി.

– ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മല്‍സരക്ഷമതാ സൂചികയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നാം മുപ്പത്തിരണ്ടാം സ്ഥാനത്താണ്. ഇത് ഏത് രാജ്യത്തിനും വളരെ ഉയര്‍ന്നതാണ്.

– ലോക ബാങ്കിന്റെ 2016ലെ ലോജിസ്‌റ്‌റിക്‌സ് പെര്‍ഫോമന്‍സ് സൂചികയില്‍ ഇന്ത്യ പത്തൊമ്പതാം സ്ഥാനത്തെത്തി എത്തി.

വിപോയുടെ 2016ലെ ഗ്ലോബല്‍ ഇന്നവേഷന്‍ സൂചികയില്‍ നാം പതിനാറാമതായി.
– യുഎന്‍സിറ്റിഎഡിയുടെ പട്ടികയില്‍ പത്ത് പ്രധാന എഫ്ഡിഐ കേന്ദ്രങ്ങളില്‍ നാം മൂന്നാമതാണ്.

ഇവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഗവണ്‍മെന്റിന്റെ ഇടപെടല്‍ കുറയ്ക്കുകയും ഭരണ നിര്‍വഹണം വര്‍ധിപ്പിക്കുകയുമാണ് നമ്മുടെ ഊന്നല്‍. ചില ഉദാഹരണങ്ങള്‍ ഞാന്‍ നല്‍കാം:

– ഡിജിറ്റല്‍ സമ്പദ്ഘടനയിലേക്ക് ഞങ്ങള്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു.
– അടുത്ത മാസം മുതല്‍ നടപ്പാക്കാന്‍ പോകുന്ന ജി എസ് റ്റി ഇന്ത്യയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചരിത്രപരമായ പരിഷ്‌കരണമാണ്.

– വ്യക്തിഗതമായും കോര്‍പറേറ്റ് രംഗത്തും ഒരുപോലെ കുറഞ്ഞ നികുതി ഈടാക്കിയ ഭരണവ്യവസ്ഥയായി കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് ഞങ്ങള്‍ മാറി.

– പുതിയ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകിച്ചും, കൂടാതെ ചെറിയ സംരംഭങ്ങള്‍ക്കുമുള്ള കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഞങ്ങള്‍ കുറച്ചു.
– ഐപിആറുകളുടെയും ബൗദ്ധിക സ്വത്തവകാശത്തിനും ആര്‍ബിട്രേഷനും നിര്‍ധനത്വത്തിനും പാപ്പരത്തത്തിനും പുതിയ നിയമങ്ങളും സ്ഥാപനങ്ങളും ഇപ്പോള്‍ നിലവിലുണ്ട്.

– ബിസിനസ് നടത്തിപ്പ് വേഗമുള്ളതാക്കാന്‍ ഏഴായിരത്തിലധികം പരിഷ്‌കാരങ്ങള്‍ നടപ്പാക്കി;

– പാരിസ്ഥിതിക അനുമതി തേടിയിരുന്ന 36 ധവള വ്യവസായങ്ങള്‍ക്കും പ്രതിരോധ പട്ടികയ്ക്കു പുറത്തായിരുന്ന 50 ഇനങ്ങള്‍ക്കും അനുമതി നല്‍കി;
– വ്യവസായ ലൈസന്‍സിന്റെ സാധുതാ പരിധി പതിനഞ്ച് വര്‍ഷം വരെയാക്കി വര്‍ധിപ്പിച്ചു;

– 19 തുറമുഖങ്ങളിലും 17 എയര്‍ കാര്‍ഗോ കോംപ്ലെക്‌സുകളിലും കസ്റ്റംസ് അനുമതിക്ക് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം’

– ഒരു കമ്പനി രൂപീകരിക്കുന്നതിനും ഡിന്‍, പാന്‍, ടാന്‍, സിന്‍ എന്നിവ ലഭ്യമാക്കുന്നതിനും ഇന്ന് ഒറ്റ ദിവസം മതി.

– 15 ദിവസത്തെ സമയപരിധിക്കുള്ളില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നു;
– ലോക ബാങ്കിന്റെ ‘വേഗം വൈദ്യുതി ലഭ്യമാക്കുന്ന’ സൂചകങ്ങളില്‍ ഇന്ത്യ 111ാം സ്ഥാനത്തെത്തി.

സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ആയിരക്കണക്കിന് പരിഷ്‌കാരങ്ങള്‍ക്കു പുറമേയാണ് മേല്‍പ്പറഞ്ഞ ഉദാഹരണങ്ങള്‍. ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിനൊപ്പം സംസ്ഥാന ഗവണ്‍മെന്റുകളും വളരെ താല്‍പര്യമെടുക്കുന്നു. ചില ഉദാഹരണങ്ങള്‍ ഞാന്‍ നല്‍കാം:

– ഇവിടെ ഞാന്‍ ചില സംസ്ഥാനങ്ങളെ മാത്രം പരാമര്‍ശിക്കുകയാണെങ്കിലും, മാല്‍സര്യബുദ്ധിയോടെ പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിക്കുകയാണ്.

– ഇവ ഉള്‍പ്പെടുന്ന പരിഷ്‌കരണങ്ങള്‍-

– പണം അടയ്ക്കുന്നതിനും അനുമതി വാങ്ങുന്നതിനുമുള്ള ഏകജാലക സംവിധാനം 16 സംസ്ഥാനങ്ങളില്‍ 100 ശതമാനം നടപ്പാക്കി;

– 13 സംസ്ഥാനങ്ങളില്‍ നികുതി വിവര സമര്‍പ്പണത്തിന് ഇ ഫയലിങ്;

– 13 സംസ്ഥാനങ്ങളില്‍ കെട്ടിട രൂപരേഖാ അനുമതിക്ക് ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ സംവിധാനം;

– 11 സംസ്ഥാനങ്ങള്‍ വാണിജ്യ തര്‍ക്കങ്ങളില്‍ ഇ ഫയലിങ് സംവിധാനം നടപ്പാക്കി;

– 13 സംസ്ഥാനങ്ങളില്‍ ജില്ലാതലത്തില്‍ പ്രത്യേക വാണിജ്യ കോടതികള്‍ സ്ഥാപിച്ചു;

സുഹൃത്തുക്കളേ!

ലോകത്തിലെ ഏറ്റവും ഉദാരമായ വിദേശ നിക്ഷേപ നയമുള്ള രാജ്യമാണ് ഇന്ത്യ. 90 ശതമാനത്തിലേറെ വിദേശ നിക്ഷേപവും എത്തുന്നത് സ്വയം പ്രവര്‍ത്തിക്കുന്ന വഴികളിലൂടെയാണ്. വിദേശ നിക്ഷേപ അപേക്ഷകള്‍ പരിശോധിക്കുന്നതിന് 1990കളില്‍ ഉണ്ടാക്കിയ വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡ് വേണ്ടെന്ന് വയ്ക്കാന്‍ കഴിഞ്ഞയാഴ്ച ഞങ്ങള്‍ ഔപചാരികമായി തീരുമാനിച്ചു. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വിദേശ നിക്ഷേപകരുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഈ സമീപനത്തോടെ, വിവിധ അന്തര്‍ദേശീയ ഏജന്‍സികള്‍ ഞങ്ങളുടെ വിദേശ നിക്ഷേപ കാഴ്ചപ്പാടിനെ വളരെയധികം ഉയര്‍ന്ന പദവിയിലാണ് കാണുന്നത്.
കഴിഞ്ഞ 3 വര്‍ഷമായി നേരിട്ടുള്ള വിദേശ നിക്ഷേപം ഗണ്യമായി വളരുകയും ഇപ്പോള്‍, 2016-17ല്‍ അത് 60 ലക്ഷംകോടി യുഎസ് ഡോളറില്‍ എത്തുകയും ചെയ്തു.

സുഹൃത്തുക്കളേ!

ഇന്ത്യ ഒരു വലിയ രാജ്യമാണ്. അതിനാല്‍ വികസനത്തിന്റെ കാര്യത്തില്‍ യാതൊന്നും മതിയാകാതെ വരും. ഞങ്ങള്‍ക്ക് നിരവധി സ്വപ്‌നങ്ങളുണ്ട്. സ്വപ്‌നങ്ങളാകട്ടെ വലുതുമാണ്. പക്ഷേ, ഞങ്ങള്‍ക്ക് കുറഞ്ഞ സമയപരിധിയേയുള്ളു. അതാണ് നിങ്ങള്‍ക്കുള്ള അവസരം.

ദശലക്ഷക്കണക്കിന് വീടുകളുടെ നിര്‍മ്മാണം മുതല്‍ നൂറുകണക്കിന് സ്മാര്‍ട് സിറ്റികള്‍ യാഥാര്‍ത്ഥ്യമാക്കല്‍, റെയില്‍വേ ശൃംഖലയുടെ ആധുനീകരണവും അതിവേഗ റെയില്‍ ഇടനാഴികളുടെ നിര്‍മാണവും; പ്രസരണ, വിതരണ ശൃംഖലകള്‍ നിര്‍മിച്ചുകൊണ്ട് പുതുക്കാവുന്ന ഊര്‍ജ്ജം ഉല്‍പാദിപ്പിക്കല്‍ എന്നിവ വരെയുണ്ട് അവസരങ്ങളുടെ നിര. ഇതിനു പുറമേ, ദേശീയപാതകളുടെയും പാലങ്ങളുടെയും നഗര ഗതാഗത സംവിധാനങ്ങളുടെയും സ്‌കൂളുകളുടെയും ആശുപത്രികളുടെയും നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെയയും എക്കാലത്തും വര്‍ദ്ധിച്ച് വരുന്ന ആവശ്യം.
ഡിജിറ്റല്‍ ഇന്ത്യ, നൈപുണ്യ ഇന്ത്യ എന്നിവ പോലുള്ള പ്രചാരണ പരിപാടികളിലൂടെ ഈ സാധ്യതകളിലേക്ക് ജനങ്ങളെ ശാക്തീകരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യുവജനങ്ങളുടെ ഊര്‍ജ്ജം പൂര്‍ണ്ണായി വസൂലാക്കുന്നതിന് ഞങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ പരിപാടികള്‍ നടപ്പാക്കി.

ചാന്‍സലര്‍ മെര്‍ക്കല്‍, സുഹൃത്തുക്കളേ,

2015 ഏപ്രിലില്‍ ഞാന്‍ സംസാരിക്കുമ്പോള്‍ ഞങ്ങളുടെ പരിഷ്‌കരണ പ്രക്രിയ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അതിന്റെ വലിയൊരു ഭാഗം പൂര്‍ത്തീകരിച്ചുവെന്ന് ഇപ്പോള്‍ എനിക്ക് നിശ്ചയമായും പറയാന്‍ കഴിയും. അതിവേഗത്തിലും മികവോടെയും കൂടുതല്‍ നിര്‍വഹിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അത്തരം പരിഷ്‌കരണങ്ങള്‍ മനസിലാക്കുന്നതിനും അവയുടെ വക്താവാകുന്നതിനും സ്ഥാപനപരമായ ശൃംഖലകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. നമ്മുടെ രണ്ടു രാജ്യങ്ങളുടെയും സാമ്പത്തിക സാധ്യതകളെ ഊതിക്കാച്ചിയെടുക്കേണ്ടത് അനിവാര്യമാണ്. ഒടുവിലായി, കൂടുതല്‍ കൂടുതല്‍ ജര്‍മന്‍ സഹപ്രവര്‍ത്തകരെയും കമ്പനികളെയും ഞാന്‍ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു.
ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശനവും അഭിനിവേശവും സ്വപ്‌നങ്ങളും അതി ബൃഹത്തായ വ്യവസായ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധം ബിസിനസ് നടത്തിപ്പിന് ഇന്ത്യ അതീവ സജ്ജമാണ്. ഞങ്ങള്‍ കുതിച്ച് ചാട്ടത്തിനൊരുങ്ങുകയാണ്. മറ്റെന്തിലുമേറെ, ഞങ്ങളുടെ ജനാധിപത്യ മൂല്യങ്ങളും നീതിന്യായ സംവിധാനത്തിന്റെ ജാഗ്രതയും നിങ്ങളുടെ നിക്ഷേപത്തിന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നു.

നിങ്ങളുടെ പ്രയത്‌നങ്ങള്‍ വിജയത്തിലെത്തുന്നതിന് നമുക്ക് പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കാം എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.
നിങ്ങള്‍ക്ക് നന്ദി.