പിഎം ഇന്ത്യ
ബഹുമാനപ്പെട്ട പ്രസിഡന്റ് സീ ജിന്‍പിങ്, പ്രസിഡന്‍് ജേക്കബ് സുമ, പ്രസിഡന്റ് മിഷേല്‍ ടെമര്‍, പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍,
ഊഷ്മളമായ സ്വാഗതത്തിനും ഈ ഉച്ചകോടി നല്ല രീതിയില്‍ സംഘടിപ്പിച്ചതിനും പ്രസിഡന്റ് സീയെ ആത്മാര്‍ഥമായ നന്ദി അറിയിച്ചുകൊണ്ടു തുടങ്ങട്ടെ. റെസ്ട്രിക്റ്റഡ് സെഷനില്‍ നാം നടത്തിയ ആശയവിനിമയം സൃഷ്ടിപരമായിരുന്നു. അതു നമുക്കു പരസ്പരം കൂടുതല്‍ മനസ്സിലാക്കാനും കാഴ്ചപ്പാടുകള്‍ തിരിച്ചറിയാനും സഹായകമായി. അനിശ്ചിതത്വത്തിലേക്കു വഴുതിവീഴുന്ന ലോകത്തിനു നാം സുസ്ഥിരതയും വളര്‍ച്ചയും പ്രദാനം ചെയ്യുന്നു. നാം തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനം വാണിജ്യവും സമ്പദ്‌വ്യവസ്ഥയുമാണെങ്കിലും സാങ്കേതികവിദ്യ, പാരമ്പര്യം, സംസ്‌കാരം, കൃഷി, പരിസ്ഥിതി, ഊര്‍ജം, കായികരംഗം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലൊക്കെ ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ ശ്രമിച്ചുവരുന്നു. ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സ്ഥിരതയാര്‍ന്ന വികസനം സാധ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ന്യൂ ഡെവലപ്‌മെന്‍് ബാങ്ക് വായ്പകള്‍ അനുവദിച്ചുതുടങ്ങിയിരിക്കുന്നു. അതേസമയം, കണ്ടിന്‍ജെന്റ് റിസര്‍വ് അറേഞ്ച്‌മെന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാന്‍ നമ്മുടെ കേന്ദ്ര ബാങ്കുകള്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്. നമുക്ക് ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്ന നാഴികക്കല്ലുകളാണ് ഇവ. മുന്നോട്ടുള്ള യാത്രയ്ക്കു നേതൃത്വം നല്‍കുന്നതു നമ്മുടെ ആള്‍ക്കാര്‍ തന്നെ. കഴിഞ്ഞ വര്‍ഷം മുതല്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അത്തരം ഇഴുകിച്ചേരലുകള്‍ നമുക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും പസ്പരമുള്ള തിരിച്ചറിവ് ആഴത്തിലുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യും.
ബഹുമാന്യരേ,
ഇന്ത്യയുടെ ദൂരവ്യാപകമായ ഫലമുള്ള മാറ്റത്തിന്റെ യാത്ര നമ്മുടെ ജനങ്ങള്‍ക്ക് അഭിമാനം പകരുന്നു. ദാരിദ്ര്യം ഇല്ലാതാക്കാനും ആരോഗ്യവും ശുചിത്വവും നൈപൂണ്യവും ഭക്ഷ്യസുരക്ഷയും ലിംഗസമത്വവും ഊര്‍ജവും വിദ്യാഭ്യാസവും പുതുമയും ഉറപ്പുവരുത്താനുമുള്ള ദൗത്യത്തിലാണു ഞാന്‍. ക്ലീന്‍ ഗംഗ, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റികള്‍, എല്ലാവര്‍ക്കും വീട്, നൈപുണ്യമാര്‍ന്ന ഇന്ത്യ എന്നീ ദേശീയ പദ്ധതികള്‍ മാലിന്യമുക്തവും ഹരിതാഭവും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ളതുമായ വികസനത്തിന് അടിസ്ഥാനമൊരുക്കുന്നു. 80 കോടി യുവാക്കളുടെ സൃഷ്ടിപരമായ ഊര്‍ജം അവയില്‍ ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയിലെ സ്ത്രീശാക്തീകരണ പദ്ധതികള്‍ രാഷ്ട്രനിര്‍മാണത്തിനായി സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുന്നവയാണ്. കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള യുദ്ധം ഞങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്തിനകത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍, വിജയകരമായ സാഹചര്യം നേടിയെടുക്കുന്നതിനായി ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാവുന്നതാണ്. പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ചില ചിന്തകള്‍ മനസ്സില്‍ കടന്നുവരുന്നു. ആദ്യമായി, ബ്രിക്‌സ് റേറ്റിങ് ഏജന്‍സി രൂപീകരിക്കുന്നതിനായി നമ്മുടെ ശ്രമങ്ങള്‍ സമാഹരിക്കുന്നതിനെക്കുറിച്ചു കഴിഞ്ഞ വര്‍ഷം നാം ചര്‍ച്ച ചെയ്തിരുന്നല്ലോ. അത്തരമൊരു ഏജന്‍സിയുടെ വിജയസാധ്യത ഒരു വിദഗ്ധസമിതി പഠിച്ചുവരികയായിരുന്നു. ഇതൊരു യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതി എത്രയും പെട്ടെന്നു രൂപീകരിക്കണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. രണ്ടാമതായി, നമ്മുടെ കേന്ദ്രബാങ്കുകളുടെ കരുത്തു വര്‍ധിപ്പിക്കുകയും കണ്ടിന്‍ജെന്റ് റിസര്‍വ് അറേഞ്ച്‌മെന്റും ഐ.എം.എഫുമായുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. മൂന്നാമതായി, താങ്ങാവുന്ന വിലയോടുകൂടിയതും ആശ്രയിക്കാവുന്നതും സുസ്ഥിരവുമായ ഊര്‍ജലഭ്യത നമ്മുടെ രാഷ്ട്രങ്ങളുടെ വികസനത്തിന് അനിവാര്യമാണ്. വികസനം കാലാവസ്ഥയെ ബാധിക്കാതിരിക്കാന്‍ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പുനരുപയോഗിക്കാവുന്ന ഊര്‍ജം വിവിധ കാരണങ്ങളാല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ് ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ ഒരു വലിയ രാജ്യാന്തര മുന്നേറ്റത്തിനു തുടക്കമിട്ടു- 2015 നവംബറില്‍ രാജ്യാന്തര സൗരോര്‍ജ സഖ്യ(ഐ.എസ്.എ.)ത്തിന്. സൗരോര്‍ജം വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ പരസ്പര നേട്ടം ഉറപ്പാക്കുന്നതിനായി 121 രാഷ്ട്രങ്ങളെ ഒന്നിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. സൗരോര്‍ജ പദ്ധതി ശക്തിപ്പെടുത്തുന്നതിനായി ഐ.എസ്.എയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്ക് അവസരമുണ്ട്. നാം അഞ്ചു രാജ്യങ്ങള്‍ക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജവും സൗരോര്‍ജവും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരസ്പര പൂരകങ്ങളായ തൊഴില്‍നൈപുണ്യവും കരുത്തും ഉണ്ട്. അത്തരം സഹകരണങ്ങളെ പിന്തുണയ്ക്കുന്നതിനായി ഐ.എസ്.എയുമായി ഫലപ്രദമായ ബന്ധം സ്ഥാപിക്കാന്‍ എന്‍.ഡി.ബിക്കു സാധിക്കുകയും ചെയ്യും. എന്‍.ഡി.ബിയില്‍നിന്നു മാലിന്യമുക്തമായ ഊര്‍ജത്തിനായി, വിശേഷിച്ച് സൗരോര്‍ജത്തിനായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കണമെന്നാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നാലാമതായി, നമ്മുടേതെല്ലാം ഏറെ ജനസംഖ്യയുള്ള രാജ്യങ്ങളാണ്. സംയുക്ത സംരഭങ്ങളില്‍ നമുക്കു യുവാക്കളെ പരമാവധി പങ്കാളികളാക്കണം. നൈപുണ്യവികസനം വര്‍ധിപ്പിക്കുന്നതും നല്ല കീഴ്‌വഴക്കങ്ങള്‍ കൈമാറുന്നതും വിലയേറിയ ഉപാധികളായിരിക്കും. അഞ്ചാമതായി, ഗോവ ഉച്ചകോടിയില്‍വെച്ച് നമ്മുടെ നഗരങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുിച്ചു ചര്‍ച്ച ചെയ്യവേ, സ്മാര്‍ട്ട് സിറ്റികള്‍, നഗരവല്‍ക്കരണം, ദുരന്തങ്ങളെ നേരിടല്‍ എന്നിവ സംബന്ധിച്ചുള്ള ആശയങ്ങള്‍ കൈമാറിയിരുന്നു. ഈ ശ്രമത്തിന്റെ വേഗം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. ആറാമതായി, സാങ്കേതികവിദ്യയും പുതുമയുമാണ് വരുംതലമുറയിലെ ആഗോളവളര്‍ച്ചയുടെയും മാറ്റത്തിന്റെയും അടിത്തറകള്‍. സാങ്കേതികവിദ്യയും ഡിജിറ്റല്‍ വിഭവങ്ങളുമാണ് ദാരിദ്ര്യത്തിനും അഴിമതിക്കും എതിരെ പൊരുതുന്നതിനുള്ള ശക്തമായ ആയുധങ്ങളെന്ന് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. പുതുമയിലും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലും ശക്തമായ ബ്രിക്‌സ് പങ്കാളിത്തം വഴി വളര്‍ച്ച വര്‍ധിപ്പിക്കാനും സുതാര്യത പ്രോത്സാഹിപ്പിക്കാനും സ്ഥിരതയാര്‍ന്ന വികസനലക്ഷ്യങ്ങളെ പിന്‍തുണയ്ക്കാനും സാധിക്കും. ബ്രിക്‌സിനു കീഴില്‍ സ്വകാര്യ സംരംഭകത്വംകൂടി ഉള്‍പ്പെടുന്ന ഏകോപിത പദ്ധതി ഞാന്‍ നിര്‍ദേശിക്കുകയാണ്. നൈപുണ്യം, ആരോഗ്യം, അടിസ്ഥാനസൗകര്യം, ഉല്‍പാദനം, കണക്ടിവിറ്റി എന്നീ മേഖലകളില്‍ ബ്രിക്‌സ് അംഗങ്ങളുമായും ആഫ്രിക്കന്‍ രാജ്യങ്ങളുമായും ചേര്‍ന്നു ലക്ഷ്യബോധമാര്‍ന്ന ശേഷിവര്‍ധന സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കു താല്‍പര്യമുണ്ട്.
ബഹുമാനപ്പെട്ടവരേ,
കഴിഞ്ഞ ദശാബ്ദത്തില്‍ നമ്മുടെ രാജ്യങ്ങളുടെ രണ്ടു തലമുറകളില്‍പ്പെട്ട നേതാക്കള്‍ ബ്രിക്‌സ് യാഥാര്‍ഥ്യമാക്കുന്നതിനു സംഭാവനകള്‍ അര്‍പ്പിച്ചു. നമുക്കു വിശ്വാസ്യതയും സ്വാധീനവും വര്‍ധിച്ച വളര്‍ച്ചയും ലഭിച്ചു. അടുത്ത ദശാബ്ദമാകട്ടെ നിര്‍ണായകമാണ്. നാം സ്ഥിരതയും സുസ്ഥിരവികസനവും പുരോഗതിയും തേടുകയാണിപ്പോള്‍. ഈ മാറ്റത്തെ മുന്നോട്ടുനയിക്കുന്നതില്‍ ബ്രിക്‌സ് നേതൃത്വത്തിനു ശ്രദ്ധേയമായ പങ്കുണ്ട്. ഈ മേഖലകളിലെ പ്രവര്‍ത്തനത്തെ നിര്‍ണയിക്കുന്നതില്‍ ബ്രിക്‌സ് അംഗങ്ങള്‍ എന്ന നിലയ്ക്കു നമുക്കു സാധിച്ചാല്‍ ഈ ദശാബ്ദത്തെ സുവര്‍ണദശാബ്ദം എന്നായിരിക്കും ലോകം വിശേഷിപ്പിക്കുക. വളര്‍ന്നുവരുന്ന നാളത്തെ വിപണികള്‍ സംബന്ധിച്ച ചില ആശയങ്ങളും ഞാന്‍ പങ്കുവെക്കാം. പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനായുള്ള ബ്രിക്‌സ് രാഷ്ട്രങ്ങളുടെ യാത്രയില്‍ ഇതു സഹായകമാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
Here are highlights on my intervention at the BRICS Summit plenary session. https://t.co/DRFUwh8WCk
— Narendra Modi (@narendramodi) September 4, 2017
Talked about furthering cooperation in key areas like agriculture, energy, environment, climate change, sports & culture.
— Narendra Modi (@narendramodi) September 4, 2017
Shared details about India’s continuous efforts to eradicate poverty, ensure better healthcare, food security, sanitation & education.
— Narendra Modi (@narendramodi) September 4, 2017