Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എച്ച്.ടി. നേതൃ ഉച്ചകോടി-2017ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍

എച്ച്.ടി. നേതൃ ഉച്ചകോടി-2017ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍


 

ശോഭന ഭാര്‍തിയ ജീ, സന്നിഹിതരായിരിക്കുന്ന വിശിഷ്ട വ്യക്തികളേ, സഹോദരീസഹോദരന്‍മാരേ,
ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കൊപ്പം ചേരാന്‍ എനിക്കു സാധിച്ചിരിക്കുന്നു. ഇവിടെ പരിചിതമായ എത്രയോ മുഖങ്ങള്‍ കാണാന്‍ സാധിക്കുന്നു. എന്നെ ക്ഷണിച്ചതിന് ഹിന്ദുസ്ഥാന്‍ ടൈംസ് ഗ്രൂപ്പിനും അതിന്റെ വായനക്കാര്‍ക്കും നന്ദി അറിയിക്കുന്നു.

സുഹൃത്തുക്കളേ,

രണ്ടു വര്‍ഷം മുമ്പത്തെ ഉച്ചകോടിയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അന്നത്തെ വിഷയം ‘ശോഭനമായ ഇന്ത്യയുടെ സൃഷ്ടിയിലേക്ക്’ എന്നതായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തിനകം നടക്കുന്ന ഈ ഉച്ചകോടിയില്‍ ‘ഇന്ത്യയുടെ ശാശ്വതമായ ഉയര്‍ച്ച’ എന്ന വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ നമുക്കു സാധിക്കുന്നു. ഇതു കേവലം വിഷയത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റമല്ല. ഇതു രാജ്യത്തിന്റെ ചിന്തയില്‍ സംഭവിച്ചിട്ടുള്ള പരിവര്‍ത്തനത്തിന്റെ പ്രതിഫലനമാണ്, രാജ്യത്തിന്റെ ആത്മവിശ്വാസത്തില്‍ വന്നുചേര്‍ന്നിട്ടുള്ള മാറ്റമാണ്.

രാജ്യത്തെ സമഗ്രമായി നിരീക്ഷിക്കുകയാണെങ്കില്‍, അഥവാ ചേതനമായ ഒന്നായി രാഷ്ട്രത്തെ വിലയിരുത്തുകയാണെങ്കില്‍, മുമ്പെങ്ങുമില്ലാത്ത സൃഷ്ടിപരമായ മനോഭാവം രൂപപ്പെട്ടുവന്നതായി അനുഭവപ്പെടും. ദരിദ്രര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ചൂഷിതര്‍ക്കും ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും തങ്ങളുടെ കഴിവുകളെയും വിഭവങ്ങളെയും സ്വപ്‌നങ്ങളെയും സംബന്ധിച്ച് ഇത്രത്തോളം ആത്മവിശ്വാസം ഉണ്ടായിരുന്ന സാഹചര്യം മുമ്പ് എപ്പോഴെങ്കിലും ഉണ്ടായതായി ഞാന്‍ ഓര്‍ക്കുന്നില്ല.
ഇത്തരമൊരു അവസ്ഥ നേടിയെടുക്കുന്നതിനായി നാം 125 കോടി ഇന്ത്യക്കാരും അക്ഷീണം, അഹോരാത്രം പ്രവര്‍ത്തിച്ചപ്പോഴാണു ഫലം ഉണ്ടായത്. ജനങ്ങള്‍ക്കു തങ്ങളിലും രാഷ്ട്രത്തിലും വിശ്വാസം ജനിച്ചപ്പോഴാണ് രാജ്യത്തെ ഉയര്‍ച്ചയിലേക്കു നയിക്കുന്ന സമവാക്യം രൂപപ്പെട്ടത്.

ഇന്നു ഭഗവദ്ഗീതയുടെ വാര്‍ഷികമാണ്. ഗീതയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് ‘ഉദ്ധരേദാത്മനാത്മാനം ആത്മാനമവസാദയേത് ആത്മേവാത്മനോ ബന്ധു ആത്മൈവരിപുരാത്മന’ (നിങ്ങളുടെ ചിന്തകളെ ഉയര്‍ത്തുകയും സൃഷ്ടിപരമല്ലാത്ത ചിന്തകള്‍ ഒഴിവാക്കുകയും ചെയ്യുക, നിങ്ങള്‍ തന്നെയാണു നിങ്ങളുടെ സുഹൃത്ത്; ശത്രുവും) എന്ന്.
അതുകൊണ്ടാണ് ഭഗവാന്‍ ബുദ്ധന്‍ ഇതുകൂടി പറഞ്ഞത്: ‘അപ്പദീപോഭവ്’. അര്‍ഥമാക്കുന്നതു നിങ്ങള്‍ നിങ്ങളുടെ തന്നെ ദീപമായി മാറണമെന്നാണ്.
125 കോടി ജനങ്ങളുടെ ആത്മവിശ്വാസം ഉയരുന്നതു രാജ്യത്തിന്റെ വികസനത്തിനുള്ള ശക്തമായ അടിത്തറയായിത്തീരുകയാണ്.
ഈ ഹാളില്‍ സന്നിഹിതരായിരിക്കുന്നവര്‍ മുതല്‍ ഈ ഹോട്ടലിനു പുറത്ത് ഓട്ടോറിക്ഷ ഓടിക്കുന്നയാളും റിക്ഷ വലിക്കുന്നവരും വയലില്‍ ജോലി ചെയ്യുന്നവരും മഞ്ഞില്‍ കാവല്‍ജോലി കഴിഞ്ഞു കൂടാരത്തില്‍ ഉറങ്ങുന്നവരുമൊക്കെ ഓരോരുത്തരില്‍നിന്നു പ്രതീക്ഷിക്കുന്നവിധം കഠിനാധ്വാനം ചെയ്തതിനാലാണ് ‘ശോഭനമായ ഇന്ത്യയുടെ സൃഷ്ടിയിലേക്ക്’ എന്ന വിഷയം പുതുക്കി നമുക്ക് ഇപ്പോള്‍ ‘ഇന്ത്യയുടെ ശാശ്വതമായ ഉയര്‍ച്ച’ എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നത്.

സുഹൃത്തുക്കളേ,
2014ല്‍ നാം വോട്ട് ചെയ്തതു കേവലം ഗവണ്‍മെന്റിനെ മാറ്റാന്‍ മാത്രമല്ല. രാജ്യത്തു പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനായാണു വോട്ടര്‍മാര്‍ ജനഹിതം രേഖപ്പെടുത്തിയത്. സുസ്ഥിരവും ശാശ്വതവും ശാശ്വതവുമായ പരിവര്‍ത്തനങ്ങള്‍ സംവിധാനത്തില്‍ കൊണ്ടുവരുന്നതിനായാണ് അത്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും നമ്മുടെ സംവിധാനത്തിലെ ദൗര്‍ബല്യങ്ങള്‍ നമ്മുടെ രാഷ്ട്രത്തിന്റെ വിജയത്തിനു വിലങ്ങുതടി തീര്‍ക്കുകയായിരുന്നു.
രാജ്യത്തിന്റെ സാധ്യതകളോടു നീതി പുലര്‍ത്താന്‍ സാധിക്കുന്ന സംവിധാനമല്ല ഉണ്ടായിരുന്നത്. എല്ലായിടങ്ങളിലും ചില വ്യക്തികള്‍ വ്യവസ്ഥിതിയോടു പൊരുതുന്നുണ്ടായിരുന്നു. ജനജീവിതത്തില്‍ പൂര്‍വസ്ഥിതി പ്രാപിക്കാത്തവിധം മാറ്റങ്ങള്‍ വരുത്തുകയും ജനജീവിതം ബുദ്ധിമുട്ടില്ലാത്തതാക്കി മാറ്റുകയും ചെയ്യുന്നതിനു ഞാന്‍ കേവലം യത്‌നിക്കുകയോ പ്രതിജ്ഞാബദ്ധതയായി കണക്കാക്കുകയോ ചെയ്യുന്നതിനപ്പുറം ജനങ്ങളും വ്യവസ്ഥിതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുക എന്നതു പ്രധാനമാണ്.
അതുവഴി റെയില്‍വേ, ബസ് ടിക്കറ്റുകള്‍ കിട്ടുന്നതിനും പാചകവാതക, വൈദ്യുതി കണക്ഷനുകള്‍ കിട്ടുന്നതിനും ആശുപ്രതികളില്‍ പ്രവേശനം ലഭിക്കുന്നതിനും പാസ്‌പോര്‍ട്ട് കിട്ടുന്നതിനും അടച്ച അധിക വരുമാനനികുതി തിരിച്ചുകിട്ടുന്നതിനും ഉള്‍പ്പെടെ, ചെറിയ കാര്യങ്ങള്‍ക്കു ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം.
സുഹൃത്തുക്കളേ, ഈ ഗവണ്‍മെന്റ് ഏറ്റവും മുന്‍ഗണന നല്‍കുന്നത് അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസനസൗഹൃദപരവുമായ പരിതസ്ഥിതിക്കാണ്. നയങ്ങളിലും സാങ്കേതിക വിദ്യയിലും സുതാര്യതയിലും അധിഷ്ഠിതമായ ഈ പരിതസ്ഥിതിയില്‍ ചോര്‍ച്ചയ്ക്കും ക്രമക്കേടുകള്‍ക്കും ഉള്ള സാധ്യതകള്‍ പരമാവധി കുറച്ചുകൊണ്ടുവരാന്‍ സാധിക്കണം.
ജന്‍ധന്‍ പദ്ധതിയെക്കുറിച്ചു പറയുകയാണെങ്കില്‍, മുന്‍പൊരിക്കലും ആര്‍ക്കും സാധിക്കാത്തവിധം ദരിദ്രരുടെ ജീവിതത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ ആ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. ബാങ്കുകളുടെ പടിവാതില്‍ക്കല്‍വെച്ച് അപമാനിതരായി പുറത്താക്കപ്പെട്ടിരുന്ന സാധാരണക്കാര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാകുന്ന സാഹചര്യമുണ്ടായി. ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കു റൂപേ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കി. 125 കോടി ജനങ്ങളുള്ള രാജ്യത്ത് 30 കോടി പേര്‍ക്കാണ് ഇതു ഗുണകരമായത്.
സ്വന്തം പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കുമ്പോഴും റൂപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുമ്പോഴും ഒരു ദരിദ്രനില്‍ ഉണ്ടാകുന്ന ആത്മവിശ്വാസത്തെക്കുറിച്ചു ചിന്തിക്കുക. ഈ ആത്മവിശ്വാസവും ധൈര്യവും ശാശ്വതമാണ്; അത് ആര്‍ക്കും ഇല്ലാതാക്കാന്‍ സാധിക്കില്ല.
ഉജ്വല പദ്ധതിയും സമാനമാണ്. അതു മൂന്നു കോടിയിലേറെ ഗ്രാമീണ ജനതയുടെ ജീവിതത്തില്‍ ശാശ്വതമായ പരിവര്‍ത്തനം സൃഷ്ടിച്ചു. ഇതിലൂടെ ലഭിച്ചതു കേവലം സൗജന്യ പാചകവാതക കണക്ഷനല്ല, അവരുടെ കുടുംബങ്ങളുടെ സുരക്ഷിതത്വും ആരോഗ്യവും സമയലാഭവുംകൂടി ആണ്.
ശുചിത്വമാര്‍ന്ന ഇന്ത്യ ദൗത്യത്തിലൂടെ ദശലക്ഷക്കണക്കിന് അത്തരം സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മാറ്റം കാണുക. അവര്‍ക്കായി ഗവണ്‍മെന്റ് ശൗചാലയങ്ങള്‍ നിര്‍മിച്ചു എന്നു മാത്രമല്ല, ദശലക്ഷക്കണക്കിനു സ്ത്രീകളും അവരുടെ പെണ്‍മക്കളും പകല്‍ വിസര്‍ജിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ വൈകുന്നേരം വരെ അനുവദിക്കേണ്ടിവരുന്ന യാതനകള്‍ക്കു പരിഹാരം കാണുകയും ചെയ്തു.
അവിടെയും ഇവിടെയുമുള്ള മാലിന്യത്തിന്റെ ഫോട്ടോ എടുക്കുകയും അതെക്കുറിച്ച് എഴുതുകയും ടിവി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന രീതി ചിലര്‍ തുടരുമായിരിക്കാം. എന്നാല്‍, ജനങ്ങള്‍ക്കറിയാം, ശുചിത്വമാര്‍ന്ന ഇന്ത്യ എന്ന പ്രചരണം ശാശ്വതമായ എന്തു പരിവര്‍ത്തനം യഥാര്‍ഥത്തില്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന്.
വാഹനം പാര്‍ക്ക് ചെയ്യാന്‍ സഹായിച്ച വ്യക്തിക്ക് ഇവിടെനിന്നു പുറത്തു പോകുമ്പോള്‍ നാം നല്‍കുന്ന തുകയിലും കുറഞ്ഞ തുകയ്ക്കു തന്റെ ജീവന്‍ ഇന്‍ഷുര്‍ ചെയ്യാന്‍ ദരിദ്രനായ ഒരു വ്യക്തിക്ക് ഇന്നു സാധിക്കും. കേവലം ഒരു രൂപയില്‍ താഴെ പ്രതിദിന പ്രീമിയം ഉള്ള അപകട ഇന്‍ഷുറന്‍സിനെക്കുറിച്ചും 90 പൈസയില്‍ താഴെ പ്രതിദിന പ്രീമിയം ഉള്ള ലൈഫ് ഇന്‍ഷുറന്‍സ് കവറിനെക്കുറിച്ചും ചിന്തിക്കുക. ഗവണ്‍മെന്റിന്റെ ഈ പദ്ധതിയില്‍ ഇന്ന് 15 കോടിയിലേറെ ദരിദ്രര്‍ ചേര്‍ന്നിട്ടുണ്ട്. ഈ പദ്ധതികളിലൂടെ ഏതാണ്ട് 1,800 കോടി രൂപ ഇതുവരെ ദരിദ്രര്‍ക്കു നല്‍കാന്‍ സാധിച്ചു. മറ്റേതെങ്കിലും ഗവണ്‍മെന്റായിരുന്നു ഇത്രയും ധനം സാധാരണക്കാര്‍ക്കു നല്‍കിയിരുന്നതെങ്കില്‍ ആ ഗവണ്‍മെന്റ് മിശിഹയായി അവതരിപ്പിക്കപ്പെട്ടേനെ.
ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ ദരിദ്രര്‍ക്കായി ചെയ്യുന്നത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല. ഇതും ഒരു യാഥാര്‍ഥ്യമാണെന്നു തിരിച്ചറിഞ്ഞു ഞാന്‍ മുമ്പോട്ടു പോകുകയാണ്. മറ്റൊരു ഉദാഹരണം എല്‍.ഇ.ഡി. ബള്‍ബിന്റേതാണ്. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് അതിന്റെ വില 300 മുതല്‍ 350 വരെ രൂപയായിരുന്നത് ഇപ്പോള്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ക്കു ലഭിക്കുന്നത് കേവലം അമ്പതോളം രൂപയ്ക്കാണ്. ഉജാല പദ്ധതിക്കു തുടക്കമിട്ടശേഷം രാജ്യത്ത് 28 കോടി എല്‍.ഇ.ഡി. ബള്‍ബുകള്‍ വില്‍ക്കപ്പെട്ടു. ഇതിലൂടെ 14,000 കോടി രൂപയിലേറെ ലാഭിക്കാന്‍ ജനങ്ങള്‍ക്കു സാധിച്ചു.
വൈദ്യുതിബില്ലിലോ ചെലവിലോ സംഭവിച്ച കുറവ് ഇവിടെ അവസാനിക്കുകയല്ല. ഈ ലാഭം ശാശ്വതമായി തുടരുന്നതിനൊപ്പം ലാഭം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുകയും ചെയ്യും.
സഹോദരീ സഹോദരന്‍മാരേ, ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്നു മുന്‍ ഗവണ്‍മെന്റുകളെ വിലക്കിയത് എന്താണെന്ന് എനിക്കു വ്യക്തമല്ല. ഏതായാലും, എനിക്കു പറയാന്‍ സാധിക്കുക, വ്യവസ്ഥിതിയില്‍ ശാശ്വതമായ മാറ്റം കുറിക്കുന്നതില്‍നിന്നും രാഷ്ട്രതാല്‍പര്യത്തിന് ഉതകുന്നതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍നിന്നും ഞങ്ങളെ തടയാനാവില്ല എന്നതാണ്.
ഒരു മാന്ത്രിക വടിയാല്‍ ഈ രാജ്യത്തു മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നു കരുതുന്നവര്‍ അശുഭ പ്രതീക്ഷയുള്ളവരും ആശ നശിച്ചവരുമാണ്. ഈ കാഴ്ചപ്പാടാണ് പുതുമയാര്‍ന്ന എന്തെങ്കിലും ചെയ്യുന്നതില്‍നിന്നു നമ്മെ വിലക്കുന്നത്.
ഈ രീതി തീരുമാനങ്ങള്‍ എടുക്കുന്നതില്‍നിന്നു നമ്മെ വിലക്കുന്നു. അതുകൊണ്ടുതന്നെ, ഈ ഗവണ്‍മെന്റിന്റെ സമീപനം തീര്‍ത്തും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, യൂറിയക്കു വേപ്പെണ്ണ പുരട്ടുന്ന കാര്യമെടുക്കുക. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് 35 ശതമാനം യൂറിയയ്ക്കു മാത്രമാണ് വേപ്പെണ്ണ പുരട്ടിയിരുന്നത്. അതുകൊണ്ട് ഒരു ഫലവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. യൂറിയ ദുരുപയോഗം ചെയ്യുന്നതും ഫാക്ടറികളിലേക്ക് വഴിതിരിച്ചുവിടുന്നതും ഒഴിവാക്കണമെങ്കില്‍ 100 ശതമാനം യൂറിയയിലും വേപ്പെണ്ണ പുരട്ടണം. എന്നാല്‍ അത്തരമൊരു തീരുമാനം മുന്‍ ഗവണ്‍മെന്റ് കൈക്കൊണ്ടതേയില്ല.
സഹോദരീ സഹോദരന്‍മാരേ, ഈ ഗവണ്‍മെന്റ് അത്തരമൊരു തീരുമാനമെടുത്തതു യൂറിയ ദുരുപയോഗം ചെയ്യുന്നത് ഇല്ലാതാക്കി എന്നു മാത്രമല്ല, കാര്‍ഷിക രംഗത്തു കൂടുതല്‍ നേട്ടത്തിനു വഴിവെക്കുകയും ചെയ്തു. ഇപ്പോള്‍ കുറഞ്ഞ അളവ് യൂറിയ മാത്രമേ ഉപയോഗിക്കേണ്ടിവരുന്നുള്ളൂ എന്നു മാത്രമല്ല, ഉല്‍പാദനം വര്‍ധിക്കുകയും ചെയ്തു.
അതുപോലെ, ഏതു ഗ്രാമത്തിലെയും കര്‍ഷകനു തന്റെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നാം രൂപപ്പെടുത്തിയിരുന്നു. ഇതു രാജ്യത്തു ഘടനാപരമായ വലിയ മാറ്റത്തിനു തിരികൊളുത്തും. ഇ-നാം എന്ന ഇലക്ട്രോണിക് ദേശീയ കൃഷിവിപണിയിലൂടെ ഓണ്‍ലൈനായി രാജ്യത്തെ 450ലേറെ വിപണികള്‍ പരസ്പരം ബന്ധിക്കപ്പെട്ടു. ഭാവിയില്‍ തങ്ങളുടെ വിളകള്‍ക്കു ന്യായവില കിട്ടുന്നതില്‍ കര്‍ഷകര്‍ക്ക് ഇത് ഏറെ സഹായകമാകും.
രാജ്യത്തെ വിതരണ, സംഭരണ സംവിധാനം ശക്തിപ്പെടുത്താന്‍ കിസാന്‍ സമ്പദ പദ്ധതിയെന്ന പേരില്‍ കാര്‍ഷികമേഖലയില്‍ ഗവണ്‍മെന്റ് ഒരു പദ്ധതിക്കു തുടക്കമിട്ടിട്ടുണ്ട്. വിപണിയിലെത്തുംമുമ്പ് നശിച്ചുപോകാന്‍ സാധ്യതയുള്ള കൃഷി, പുഷ്പക്കൃഷി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ വൈകുന്നതു നിമിത്തം ഉണ്ടാകാനിടയുള്ള നഷ്ടം ഒഴിവാക്കുകയാണ് ഉദ്ദേശ്യം. ഈ പദ്ധതി പ്രകാരം ഗവണ്‍മെന്റ് ചെയ്യുന്നതു ഭക്ഷ്യസംസ്‌കരണ രംഗത്തെ ശക്തമാക്കുകയാണ്. അതോടെ വ്യവസായ യൂണിറ്റുകള്‍ക്കു സമാനമായി നിലകൊള്ളാന്‍ കൃഷിയിടങ്ങള്‍ക്കു സാധിക്കും.
കാര്‍ഷിക സംസ്‌കരണ മേഖലയ്ക്ക് ആവശ്യമായ മുഴുവന്‍ അടിസ്ഥാനസൗകര്യവും ഒരുക്കുന്നതിനും ഭക്ഷ്യസംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനും ഭക്ഷ്യ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുമായി ഗവണ്‍മെന്റ് ആറായിരം കോടി രൂപയിലേറെ ചെലവിടാന്‍ പോകുകയാണ്.
സഹോദരീ സഹോദരന്‍മാരേ, കാലം ചെല്ലുംതോറും ജൈവ കൃഷിക്കും ജൈവ ഉല്‍പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചുവരികയാണ്. സിക്കിമിനു സമാനമായി പൂര്‍ണമായും ജൈവ രീതിയിലേക്കു മാറാന്‍ മറ്റു പല സംസ്ഥാനങ്ങള്‍ക്കും സാധിക്കും. പ്രത്യേകിച്ച്, നമ്മുടെ ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ ഈ രീതി പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കും. ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതി 10,000 സംഘങ്ങള്‍ രൂപീകരിക്കുകവഴി ഗവണ്‍മെന്റ് നടത്തിവരികയാണ്.
അടുത്തിടെ നാം ഒരു പ്രധാന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. സഹോദരീ സഹോദരന്‍മാരേ, അടുത്ത കാലം വരെ നിയമപ്രകാരം മുള മരമായി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ മുളവെട്ടാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇത് ഒഴിവാക്കാനായി മരങ്ങളുടെ പട്ടികയില്‍നിന്നു മുള നീക്കി.
മുള കൊണ്ട് ഫര്‍ണിച്ചറും കരകൗശലവസ്തുക്കളും നിര്‍മിക്കുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ ഉള്ള കര്‍ഷകര്‍ ഉള്‍പ്പെടെ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഇതു ഗുണകരമാകും. മുന്‍ ഗവണ്‍മെന്റിന്റെ കാലത്തു പാസ്സാക്കപ്പെട്ട ഒരു നിയമത്തില്‍ മുള ഒരു മരമായി പരിഗണിക്കാന്‍ പോലും തയ്യാറായിരുന്നില്ല എന്നതു നിങ്ങളെ അദ്ഭുതപ്പെടുത്തിയേക്കാം.
ഇപ്പോള്‍, 10-12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ വൈരുധ്യം നീക്കാന്‍ സാധിച്ചത്.
സുഹൃത്തുക്കളേ, നമ്മുടെ ഗവണ്‍മെന്റ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതു രാഷ്ട്രത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു സമഗ്ര സമീപനത്തിന്റെ അടിസ്ഥാനത്തിലും ആണ്.
ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ മുമ്പു കൈള്ളപ്പെടാതിരുന്നതാണ് എല്ലാ പൗരന്‍മാരെയും ആകുലരാക്കി മാറ്റിയത്. കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും പുതിയ വ്യവസ്ഥ രൂപപ്പെട്ടുവരണമെന്നും അവര്‍ ആഗ്രഹിക്കുന്നു.

സഹോദരീ സഹോദരന്‍മാരേ, രാജ്യത്തു മുന്‍പു നിലനിന്നിരുന്ന സംവിധാനം അഴിമതി സ്വീകാര്യമാക്കി മാറ്റിയിരിക്കുകയായിരുന്നു. കള്ളപ്പണമായിരുന്നു രാജ്യത്തെ പ്രധാന മേഖലകളെയെല്ലാം നിയന്ത്രിച്ചിരുന്നത്. ആ ദുരവസ്ഥയ്ക്ക് അറുതിവരുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് 2014ല്‍ 125 കോടി ഇന്ത്യക്കാര്‍ വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തെ ബാധിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്കു ശാശ്വതപരിഹാരം കാണുന്നതിനും പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനും ആണ് അവര്‍ വോട്ട് രേഖപ്പെടുത്തിയത്.
നോട്ട് അസാധുവാക്കലിനുശേഷം രാജ്യത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കു തിരിച്ചറിയാന്‍ സാധിക്കും. കള്ളപ്പണം കൈകാര്യം ചെയ്യാന്‍ അഴിമതിക്കാര്‍ ആശങ്കപ്പെടുന്ന സാഹചര്യം സ്വാതന്ത്ര്യാനന്തരം ആദ്യം സംഭവിച്ചത് ഇപ്പോഴാണ്. സമാന്തര സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായിരുന്ന കള്ളപ്പണം നോട്ട് അസാധുവാക്കലിലൂടെ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായിത്തീര്‍ന്നു.
കള്ളപ്പണം ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിയതോടെ അതു സംബന്ധിച്ച തെളിവുകളും ലഭ്യമായി. ഇക്കാര്യത്തില്‍ രാജ്യത്തിനു ലഭിച്ച വിവരങ്ങള്‍ നിധിതുല്യമാണ്. ഈ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത് നാനൂറോ അഞ്ഞൂറോ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് ഒരേ മേല്‍വിലാസം ഉപയോഗപ്പെടുത്തിയാണെന്നും 2,000 ബാങ്ക് അക്കൗണ്ടുകള്‍ വരെ ഉള്ള കമ്പനി ഉണ്ടെന്നുമാണ്. ഇതു വല്ലാത്ത വിരോധാഭാസമല്ലേ? ഒരു ഭാഗത്തു സാധാരണക്കാരന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അവസരം ലഭിക്കാതെ ഉഴലുമ്പോള്‍ മറുഭാഗത്ത് കമ്പനികള്‍ക്ക് എളുപ്പത്തില്‍ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുന്നു.
നോട്ട് നിരോധന കാലത്ത് എന്തെല്ലാം ക്രമക്കേടുകള്‍ ഈ അക്കൗണ്ടുകളില്‍ നടന്നുവോ, അവയൊക്കെ കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞു. ക്രമക്കേടുകള്‍ നടത്തിയ 2.25 ലക്ഷം കമ്പനികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി. ഈ കമ്പനികളുടെ വഴിവിട്ടുള്ള പ്രവര്‍ത്തനത്തിന് ഡയറക്ടര്‍മാര്‍ ഉത്തരവാദികളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മറ്റു കമ്പനികളുടെ ഡയറക്ടര്‍സ്ഥാനം വഹിക്കുന്നതില്‍നിന്ന് അവരെ വിലക്കിയിരിക്കുകയാണ്.
സുഹൃത്തുക്കളേ, രാജ്യത്തെ കമ്പനി സംസ്‌കാരം ആരോഗ്യപൂര്‍ണവും സുതാര്യവുമാക്കുന്ന ചുവടാണത്. ചരക്കുസേവന നികുതി നടപ്പാക്കിയത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ അപാകതകള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രധാന ചുവടാണ്. നിലവിലുണ്ടായിരുന്ന സംവിധാനത്തിന് 70 വര്‍ഷത്തെ പഴക്കമുണ്ട്. ബിസിനസ് ചെയ്യുന്നതില്‍ ചില ദൗര്‍ബല്യങ്ങളും സമ്മര്‍ദങ്ങളും സഹിക്കേണ്ടിവരുന്ന സ്ഥിതിക്ക് അന്ത്യംകുറിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിച്ചു.
ചരക്കുസേവന നികുതിയിലൂടെ രാജ്യത്തു സുതാര്യതയുടെ പുതിയ ഒരു അധ്യായം തുറക്കപ്പെട്ടു. കൂടുതല്‍ക്കൂടുതല്‍ വ്യാപാരികള്‍ സത്യസന്ധമായ ഈ സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളേ, ആധാര്‍ നമ്പറിലൂടെ ശാശ്വതമായ ഒരു മാറ്റത്തിനു തുടക്കമിട്ടിരിക്കുകയാണ്. ദരിദ്രര്‍ക്ക് അവകാശപ്പെട്ടത് അവര്‍ക്കു ലഭിക്കുന്നുണ്ട് എന്ന് ഗവണ്‍മെന്റിന് ഉറപ്പുവരുത്താന്‍ സാധിക്കുംവിധം കരുത്തുറ്റ ഒന്നാണ് ആധാര്‍.
ദരിദ്രര്‍ക്കു ഗവണ്‍മെന്റ് നല്‍കുന്ന ആനുകൂല്യങ്ങളായ സബ്‌സിഡി നിരക്കിലുള്ള റേഷന്‍, സ്‌കോളര്‍ഷിപ്പുകള്‍, ചികില്‍സാച്ചെലവ്, പെന്‍ഷന്‍, സബ്‌സിഡി തുടങ്ങിയവയുടെ വിതരണം ഉറപ്പുവരുത്തുന്നതില്‍ ആധാറിനു നിര്‍ണായക സ്ഥാനമുണ്ട്. ആധാറിനെ മൊബൈലുമായും ജന്‍-ധന്‍ അക്കൗണ്ടുകളുമായും ബന്ധപ്പെടുത്തുക വഴിയാണ് അത്തരമൊരു സംവിധാനം രൂപീകരിച്ചത്. ഇത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സാധിക്കുമായിരുന്നില്ല. ശാശ്വതമായ സംവിധാനത്തിനാണ് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആധാറിന്റെ സഹായത്തോടെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍നിന്ന് ലക്ഷക്കണക്കിനു വ്യാജ പേരുകള്‍ ഒഴിവാക്കി. ബിനാമിയായി ഭൂമി വാങ്ങിയതിനെതിരെ ശക്തമായ ആധുമായി ആധാര്‍ ഉപയോഗിക്കാന്‍ സാധിക്കും.
സഹോദരീ സഹോദരന്‍മാരേ, പൊതുസംഭരണത്തിനുള്ള പഴയ സംവിധാം ഈ ഗവണ്‍മെന്റ് പൂര്‍ണമായും പരിഷ്‌കരിച്ചു. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ് (ജെം) എന്ന പേരില്‍ പുതിയ സംവിധാനം നാം വികസിപ്പിച്ചെടുത്തിരിക്കുകയാണ്.
ഗവണ്‍മെന്റ് ഇപ്പോള്‍ ദര്‍ഘാസുകള്‍ പുറപ്പെടുവിച്ച് സംഭരണം നടത്തുന്നത് ഈ സംവിധാനത്തിലൂടെയാണ്. ഇപ്പോള്‍ കുടില്‍ വ്യവസായം നടത്തുന്നവര്‍ക്കും കരകൗശലവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്കും വീടുകൡ ഉല്‍പാദനം നടത്തുന്നവര്‍ക്കും ഉല്‍പന്നങ്ങള്‍ ‘ജെ’മ്മിലൂടെ ഗവണ്‍മെന്റിനു വില്‍ക്കാം.
സഹോദരീ സഹോദരന്‍മാരേ, വ്യവസ്ഥിതിയൂടെ വീഴ്ചകള്‍ നിമിത്തം കള്ളപ്പണം സൃഷ്ടിക്കപ്പെടുന്നിനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാക്കാനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണു നാം.
രാജ്യത്തു നടക്കുന്ന ഓരോ സാമ്പത്തിക ഇടപാടുകളും സാങ്കേതികമായും ഡിജിറ്റലായും രേഖപ്പെടുത്തപ്പെട്ടാല്‍ ആസൂത്രിതമായ അഴിമതി ഗണ്യമായി കുറയും. അത്തരമൊരു തീരുമാനത്തിന് രാഷ്ട്രീയമായി എന്തു വില നല്‍കണമെന്ന് അറിയാമെങ്കിലും അതിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ സജ്ജനാണ്.
സുഹൃത്തുക്കളേ, പദ്ധതികള്‍ പുരോഗമിക്കുമ്പോള്‍ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂ. പല ഗവണ്‍മെന്റ് പദ്ധതികളുടെയും വേഗം വര്‍ധിക്കാന്‍ എന്തെങ്കിലും കാരണമുണ്ടാകും. മുമ്പുള്ള വഴികളും വിഭവങ്ങളും തന്നെയാണു നിലവിലുള്ളതെങ്കിലും പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. ഇതു സാധ്യമായത് ഉദ്യോഗസ്ഥ വൃന്ദത്തില്‍ ഗവണ്‍മെന്റ് പുതിയൊരു തൊഴില്‍സംസ്‌കാരം വികസിപ്പിച്ചെടുത്തതുകൊണ്ടാണ്.
അതുകൊണ്ടാണ്, മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് പ്രതിദിനം 11 കിലോമീറ്റര്‍ ദേശീയ പാത പൂര്‍ത്തിയാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 22 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത്.
മുന്‍ ഗവണ്‍മെന്റ് അധികാരത്തിലിരുന്ന അവസാന മൂന്നു വര്‍ഷങ്ങളില്‍ 80,000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മിക്കപ്പെട്ട സ്ഥാനത്ത് ഈ ഗവണ്‍മെന്റ് അധികാരത്തിലിരുന്ന മൂന്നു വര്‍ഷംകൊണ്ട് 1,20,000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് നിര്‍മിക്കപ്പെട്ടത്.
മുന്‍ ഗവണ്‍മെന്റ് അധികാരത്തില്‍ ഇരുന്ന അവസാനത്തെ മൂന്നു വര്‍ഷം 1,100 കിലോമീറ്റര്‍ റെയില്‍വേ ലൈനുകളാണു നിര്‍മിക്കപ്പെട്ടതെങ്കില്‍ ഈ ഗവണ്‍മെന്റിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ 2,100 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ യാഥാര്‍ഥ്യമായി.
മുന്‍ ഗവണ്‍മെന്റ് അധികാരത്തില്‍ ഇരുന്ന അവസാനത്തെ മൂന്നു വര്‍ഷം 2,500 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കപ്പെട്ട സ്ഥാനത്ത് ഈ ഗവണ്‍മെന്റിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ 4,300 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കാന്‍ സാധിച്ചു.
മുന്‍ ഗവണ്‍മെന്റ് അധികാരത്തില്‍ ഇരുന്ന അവസാനത്തെ മൂന്നു വര്‍ഷം നടന്ന മൂലധനനിക്ഷേപം 1.49 ലക്ഷം കോടി രൂപയുടേതാണ്. ഈ ഗവണ്‍മെന്റിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളിലാകട്ടെ, അത് 2.64 ലക്ഷം കോടി രൂപയോളം വരും.
മുന്‍ ഗവണ്‍മെന്റ് അധികാരത്തില്‍ ഇരുന്ന അവസാനത്തെ മൂന്നു വര്‍ഷം 12,000 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിന ശേഷി സൃഷ്ടിക്കപ്പെട്ടെങ്കില്‍ ഈ ഗവണ്‍മെന്റിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ 22,000 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജം ഊര്‍ജവിതരണ ശൃംഖലയില്‍ അധികമായി എത്തിക്കാന്‍ സാധിച്ചു.
കപ്പല്‍ വ്യവസായം മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് തളര്‍ച്ചയെ നേരിടുകയായിരുന്നു. എന്നാല്‍, ഈ ഗവണ്‍മെന്റ് അധികാരമേറ്റതോടെ ഈ രംഗത്തു 11 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടായി.
സുഹൃത്തുക്കളേ, അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നമുക്ക് ഇത്തരത്തില്‍ ഊര്‍ജം പകരാന്‍ സാധിക്കുമായിരുന്നോ?
ഗവണ്‍മെന്റിന് ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നോ? ഇല്ല. വലുതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ മാറ്റങ്ങള്‍ കൈക്കൊള്ളുക എളുപ്പമല്ല. അതു സാധ്യമാക്കാന്‍ സംവിധാനമാകെ പുതുക്കിപ്പണിയേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചപ്പോഴാണ് ബിസിനസ് ചെയ്യുന്നത് എളുപ്പമായ രാഷ്ട്രങ്ങളുടെ പട്ടികയില്‍ 142ാം സ്ഥാനത്തുനിന്നു രാജ്യം നൂറാമതു സ്ഥാനത്ത് എത്തിച്ചേര്‍ന്നത്.
2014ല്‍ ഞങ്ങള്‍ അധികാരമേല്‍ക്കുമ്പോള്‍ എന്തായിരുന്നു സ്ഥിതിയെന്ന് നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ. സമ്പദ്‌വ്യവസ്ഥ, ഭരണം, സാമ്പത്തികക്രമം, ബാങ്കിങ് സംവിധാനം തുടങ്ങി എല്ലാം മോശം അവസ്ഥയിലായിരുന്നു. ഇതേക്കുറിച്ച് എഴുതേണ്ടിവന്നപ്പോഴും തലവാചകങ്ങള്‍ ഇടേണ്ടിവന്നപ്പോഴും നിങ്ങള്‍ എഴുതിയിരുന്നത് നയപരമായ തളര്‍ച്ച എന്നായിരുന്നു.
തകര്‍ച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥയായ ഫ്രജൈല്‍ ഫൈവില്‍പ്പെട്ട ഒന്നായി നമ്മുടെ രാഷ്ട്രം കണക്കാക്കപ്പെട്ടിരുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളും സാമ്പത്തികത്തളര്‍ച്ചയില്‍നിന്നു കരകയറാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നപ്പോഴും ഫ്രജൈല്‍ ഫൈവില്‍ പെട്ട സമ്പദ്‌വ്യവസ്ഥകള്‍ സ്വയം നശിക്കുന്നതിനൊപ്പം മറ്റു രാഷ്ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെക്കൂടി തളര്‍ത്തുമെന്ന് ആശങ്കപ്പെട്ടു.
ഇപ്പോള്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥിതിയെന്താണ്? അതു നിങ്ങള്‍ക്കെല്ലാം നന്നായി അറിയാമല്ലോ. ലോകത്തിലെ ചെറുതും വലുതുമായ രാജ്യങ്ങളെല്ലാം ഇന്ത്യയോടു തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യാന്തര തലത്തിലുള്ള സ്വാധീനം ഇന്ത്യ അടിക്കടി വര്‍ധിപ്പിച്ചുവരികയാണ്. ഇനി, ഒരു ഘട്ടത്തിലും നമുക്കു നിഷ്‌ക്രിയരാകേണ്ടതില്ല, തുടര്‍ച്ചയായി മുന്നേറുകയാണു വേണ്ടത്.
സുഹൃത്തുക്കളേ, ഒരു രാഷ്ട്രം ആത്മവിശ്വാസത്തോടെ നിലകൊള്ളുമ്പോള്‍ ശാശ്വതമോ അല്ലാത്തതോ എന്നത് അപ്രസക്തമായിത്തീരുന്നു. ഒരു രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയും ആത്മവിശ്വാസത്തോടെ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുമ്പോള്‍ കഴിഞ്ഞ 70 വര്‍ഷമായി സംഭവിക്കാതിരുന്നതു സംഭവിക്കുന്ന സാഹചര്യമുണ്ടാകും.
ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കു ജയിക്കാനായതു ലോകത്തിലാകെ ചിന്തകളില്‍ സംഭവിച്ചിട്ടുള്ള മാറ്റത്തിന്റെ പ്രതിഫലനമാണ്. സഹോദരീ സഹോദരന്‍മാരേ, യോഗയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ ഐകകണ്‌ഠ്യേനയുള്ള അംഗീകാരം ലഭിക്കുമ്പോള്‍ അതു പ്രതിഫലിപ്പിക്കുന്നത് ശാശ്വതമായ ഉയര്‍ച്ചയെ ആണ്.
ഇന്ത്യയുടെ പ്രേരണ ഉള്‍ക്കൊണ്ട് ആഗോള സൗരോര്‍ജ സഖ്യം രൂപീകൃതമാവുമ്പോള്‍ പ്രതിഫലിപ്പിക്കപ്പെടുന്നത് ഇന്ത്യയുടെ ശാശ്വതമായ ഉയര്‍ച്ചയാണ്.
സുഹൃത്തുക്കളേ, നമ്മുടെ ഗവണ്‍മെന്റ് നയതന്ത്രത്തെ മാനവികതയുമായും സംവേദനക്ഷമതയുമായും ബന്ധപ്പെടുത്തിയിരിക്കുന്നു. നേപ്പാളില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും എത്തിച്ചേരുന്ന ആദ്യരാഷ്ട്രം ഇന്ത്യയായിരിക്കും. ശ്രീലങ്കയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ സഹായത്തിന് ആദ്യം എത്തുന്നത് ഇന്ത്യന്‍ നാവിക സേനയായിരിക്കും. മാലിദ്വീപ് ജലക്ഷാമത്തെ അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യ കപ്പലുകളില്‍ വെള്ളമെത്തിക്കുന്നു. യമനില്‍ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ ഇന്ത്യ 4,000 ഇന്ത്യന്‍ പൗരന്‍മാരെ മാത്രമല്ല, മറ്റു 48 രാജ്യങ്ങളിലെ പൗരന്‍മാരായ 2,000 പേരെക്കൂടി രക്ഷിച്ചു. ഇന്ത്യയുടെ പ്രതിച്ഛായയും ആത്മവിശ്വാസവും വര്‍ധിച്ചുവരുന്നതിനാല്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഏതൊരാളോടും ആത്മവിശ്വാസത്തോടും അഭിമാനത്തോടുംകൂടി ഇടപഴകാന്‍ വിദേശരാഷ്ട്രങ്ങൡ കഴിയുന്ന ഓരോ ഇന്ത്യക്കാരനും സാധിക്കുന്നു. ‘ഇത്തവണ കാമറോണ്‍ ഗവണ്‍മെന്റ്’, ‘ഇത്തവണ ട്രംപ് ഗവണ്‍മെന്റ്’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തപ്പെടുന്നത് ഇന്ത്യന്‍ വംശജരുടെ കരുത്തിനുള്ള അംഗീകാരമാണ്. സഹോദരീ സഹോദരന്‍മാരേ, ഓരോ സ്ഥാപനവും സമൂഹവും വ്യക്തിയും അധികാരങ്ങള്‍ തിരിച്ചറിഞ്ഞു പരിവര്‍ത്തനം സൃഷ്ടിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ പുതിയ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നം യാഥാര്‍ഥ്യമാകൂ. ഇപ്പോള്‍, കാലം ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ വികസനത്തില്‍ ഉള്‍പ്പെട്ട ഓരോ സ്ഥാപനവും രാജ്യത്തിന്റെ ആവശ്യങ്ങളും രാജ്യം നേരിടുന്ന വെല്ലുവിളികളും തിരിച്ചറിഞ്ഞ് പ്രതിജ്ഞയെടുക്കണം എന്നതാണ്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം 2022ല്‍ ആഘോഷിക്കുമ്പോഴേക്കും ഈ പ്രതിജ്ഞ യാഥാര്‍ഥ്യമാക്കി മാറ്റണം. നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദേശം തരാന്‍ എനിക്കു സാധിക്കില്ല. എന്നാല്‍, നമ്മുടെ പ്രിയപ്പെട്ട മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാം പറഞ്ഞ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ട്: ‘എന്തുകൊണ്ടാണു നമ്മുടെ രാജ്യത്തുള്ള മാധ്യമങ്ങള്‍ ഇങ്ങനെ ദുഷിച്ചതായത്? എന്തുകൊണ്ടാണ് നമ്മുടെ തന്നെ കഴിവുകളും നേട്ടങ്ങളും നമ്മെ സംഭ്രമിപ്പിക്കുന്നത്? നമ്മുടേതു മഹത്തായ രാഷ്ട്രമാണ്; നമുക്ക് അദ്ഭുതപ്പെടുത്തുന്ന വിജയകഥകള്‍ ഏറെയുണ്ട്. എന്നാല്‍, നാം അവ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. എന്തുകൊണ്ടാണിങ്ങനെ?’
അദ്ദേഹം ഇതു പറഞ്ഞതു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇതു ശരിയാണെന്നു ബുദ്ധിജീവികളായ നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങളുടെ വാര്‍ത്താമുറികളിലും ദന്തഗോപുരങ്ങളിലും ഇക്കാര്യം ചര്‍ച്ച ചെയ്യണം. നിങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ മാറ്റങ്ങളും ശാശ്വതമായിരിക്കുമെന്നു ഞാന്‍ കരുതുന്നു.
പ്രതിജ്ഞയെടുക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും തയ്യാറാകണമെന്നാണ് ഈ വേദിയില്‍വെച്ചു മാധ്യമവ്യവസായത്തോട് ഒന്നാകെ എനിക്ക് ആഹ്വാനം ചെയ്യാനുള്ളത്. നിങ്ങളുടേതായിക്കണ്ട് പ്രചരിപ്പിക്കുകവഴി ശുചിത്വമാര്‍ന്ന ഇന്ത്യ പ്രചരണം വിജയിപ്പിക്കുന്നതില്‍ സജീവ പങ്കു വഹിച്ചതിനു സമാനമായി, വിജയങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഈ യാത്രയില്‍ പ്രതിജ്ഞകളോടെ പങ്കാളികളാകൂ.
ഈ വാക്കുകളോടെ ഈ പ്രസംഗം ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ ചടങ്ങ് സംഘടിപ്പിച്ചതിന് ഹിന്ദുസ്ഥാന്‍ ടൈംസിന് ഒരിക്കല്‍ക്കൂടി ഏറെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
വളരെയധികം നന്ദി.
ജയ് ഹിന്ദ്.