പിഎം ഇന്ത്യ
ന്യൂഡല്‍ഹിയിലെ നജഫ്ഗഡിലെ ഗ്രാമീണ ആരോഗ്യ പരിശീലന കേന്ദ്രത്തില്‍ ഏകദേശം 95 കോടി രൂപ ചെലവില്‍ 100 കിടക്കകളുള്ള ജനറല്‍ ആശുപത്രി നിര്‍മ്മിക്കുന്നതിനും അത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
രണ്ടു വര്‍ഷം കൊണ്ട് പ്രദേശത്തെ 73 ഗ്രാമങ്ങളിലെ 13.65 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന, 100 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
മെഡിസിന്‍, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി, ശിശുരോഗ വിഭാഗം, സര്‍ജറി എന്നീ നാലു പ്രധാനപ്പെട്ട ക്ലിനിക്കല്‍ സേവനങ്ങള്‍ ഈ ആശുപത്രിയില്‍ ലഭ്യമാവും. രക്ത ബാങ്ക്, പരിശോധനാ സേവനങ്ങള്‍, ജനറല്‍ മെഡിസിന്‍, സര്‍ജറി, ഡെന്റല്‍, ഇ.എന്‍.ടി, നേത്ര രോഗ വിഭാഗം, ഓഡിയോമെട്രി, എന്നീ വിഭാഗങ്ങളില്‍ ഒ.പി സേവനവും ഇവിടെ ലഭ്യമാണ്. 30 ല്‍ കൂടുതല്‍ ഡോക്ടര്‍മാര്‍, 40 നഴ്‌സുമാര്‍, 50 മറ്റു ആരോഗ്യ ജീവനക്കാര്‍ എന്നിവരും ആശുപത്രിയിലുണ്ടാകും.
പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കരുതല്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ ഈ ആശുപത്രി സഹായിക്കും. മാതൃ-ശിശു സേവനങ്ങള്‍, അത്യാഹിത സേവനം, അടിസ്ഥാന പ്രാഥമിക പരിശോധനകള്‍, ചികിത്സ, രോഗ പ്രതിരോധ സേവനങ്ങളും ഈ ആശുപത്രിയില്‍ നിന്ന് ലഭിക്കും.
ആവശ്യമായ മനുഷ്യ വിഭവശേഷിയും, എല്ലാ വകുപ്പുകളും സഹിതം 2020 മെയ് മാസത്തോടെ ആശുപത്രി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.