പിഎം ഇന്ത്യ
ഐക്യരാഷ്ട്രസഭ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ 70-ാം വാര്‍ഷിക അനുസ്മരണച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം:
ഇ.സി.ഒ.എസ്.ഒ.സി. അധ്യക്ഷന്‍, വിശിഷ്ട വ്യക്തികളെ, മഹതികളെ, മഹാന്‍മാരെ,
ഇന്നു നടക്കുന്ന ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചതിന് ഇ.സി.ഒ.എസ്.ഒ.സി. അധ്യക്ഷനെ ഞാന്‍ നന്ദി അറിയിക്കുന്നു.
ഈ അവസരത്തില്‍ ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗങ്ങള്‍ക്കും ഞാന്‍ ആത്മാര്‍ഥമായി ആശംസകള്‍ നേരുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു.
ബഹുമാനപ്പെട്ട അധ്യക്ഷന്‍, മറ്റു പ്രമുഖരെ,
ഐക്യരാഷ്ട്രസഭയെ നിലനിര്‍ത്തുന്ന ഒരു പ്രധാന സ്തംഭമാണ് ഇ.സി.ഒ.എസ്.ഒ.സി.
ഐക്യരാഷ്ട്രസഭ സ്ഥാപിച്ചവരുടെ കാഴ്ചപ്പാട് വികസനകേന്ദ്രീകൃതമായിരുന്നു എന്നതിനു തെളിവാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ണായക ഘടകമായി ഇ.സി.ഒ.എസ്.ഒ.സി. രൂപീകരിച്ചത്.
ദാരിദ്ര്യവും ഇല്ലായ്മയും അവസാനിപ്പിക്കുക, മനുഷ്യന്റെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക, സാമൂഹിക- സാമ്പത്തിക വികസനം ത്വരപ്പെടുത്തുന്നതിനു വ്യവസ്ഥകള്‍ രൂപീകരിക്കുക എന്നിവയാണ് സമാധാനപൂര്‍ണവും അഭിവൃദ്ധി നിറഞ്ഞതുമായ ലോകം നേടിയെടുക്കാന്‍ ആദ്യം ചെയ്യേണ്ടത്.
പ്രമുഖരേ,
ഈ പ്രസ്ഥാനം രൂപപ്പെടുത്തുന്നതില്‍ അഭിമാനാര്‍ഹമാംവിധം ഇന്ത്യ പങ്കാളിയായിട്ടുണ്ട്.
ഇന്ത്യയുടെ കഴിവുറ്റ പൗരനായിരുന്ന ആര്‍കോട്ട് രാമസ്വാമി മുതലിയാരാണ് ഇ.സി.ഒ.എസ്.ഒ.സിന്റെ പ്രധാന ശില്‍പികളിലൊരാള്‍.
1946ല്‍ കൗണ്‍സിലിന്റെ ഉദ്ഘാടന സമ്മേളത്തില്‍ അധ്യക്ഷത വഹിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തിരുന്നു.
പ്രഥമയോഗത്തില്‍ ഇ.സി.ഒ.എസ്.ഒ.സിയുടെ ഉത്തരവാദിത്തമായി രാമസ്വാമി ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍ തന്നെയാണു കൗണ്‍സിലിനു തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഏറ്റെടുത്തു നടത്താനുണ്ടായിരുന്നത്.
അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഉദ്ധരിക്കുകയാണ്:
‘ഈ കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെയും സങ്കീര്‍ണമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അതിനുള്ള കഴിവിനെയും ആശ്രയിച്ചാണു ഭാവിലോകത്തിന്റെ ശരിയായ സുരക്ഷയും സമാധാനവും നിര്‍ണയിക്കപ്പെടുക.’
അതുകൊണ്ടു തന്നെ മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിലും എല്ലാവര്‍ക്കും മാന്യമായ ജീവിതം പ്രദാനം ചെയ്യുന്നതിലും ഉള്‍പ്പെടെ ഇ.സി.ഒ.എസ്.ഒ.സിന്റെ പ്രവര്‍ത്തനമാണ് ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനലക്ഷ്യത്തിന്റെ കേന്ദ്രബിന്ദു.
ഈ കൗണ്‍സില്‍ രൂപീകൃതമായിട്ട് 70 വര്‍ഷം പിന്നിട്ടു.
21-ാം നൂറ്റാണ്ടിലെ 15 വര്‍ഷം നാം പിന്നിട്ടുകഴിഞ്ഞു.
എന്നാല്‍, സ്ഥാപകരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇ.സി.ഒ.എസ്.ഒ.സി. വിജയിച്ചിട്ടുണ്ടോ?
കഴിഞ്ഞ 70 വര്‍ഷത്തിനിടെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നതു നേരാണെങ്കിലും ദാരിദ്ര്യനിര്‍മാര്‍ജനമാണ് 20-ാം നൂറ്റാണ്ടില്‍ പരിഹരിക്കപ്പെടാന്‍ സാധിക്കാതെപോയ പ്രധാന പ്രശ്‌നം.
ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളില്‍ പരിഹരിക്കപ്പെടാതെ പോയ ഏറ്റവും പ്രധാനപ്പെട്ട കാര്യവും അതു തന്നെ.
പ്രമുഖരേ,
ഇ.എസ്.ഒ.എസ്.ഒ.സിയുടെ ഏഴുപതാം വാര്‍ഷികം സംഘടിപ്പിക്കുന്നതിന് ഇതിലും അനുയോജ്യമായ സമയമില്ല.
രാജ്യാന്തരസമൂഹം വികസനത്തെക്കുറിച്ചു സമഗ്രമായ നവീന കാഴ്ചപ്പാട് രൂപപ്പെടുത്തിയിരിക്കുകയാണ്.
ചുമതലയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും പുനിര്‍വിചിന്തനം നടത്താനും കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തിക്കാനും ‘2030 അജണ്ട ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ്’ ഒരു വിലപ്പെട്ട അവസരം ഐക്യരാഷ്ട്രസഭയ്ക്കു സമ്മാനിക്കുന്നു.
ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയും ഈ ലക്ഷ്യം വിജയിപ്പിക്കുകയും ചെയ്യേണ്ടത് ഇ.സി.ഒ.എസ്.ഒ.സി.യുടെ ഉത്തരവാദിത്തമാണ്.
ദരിദ്രരാഷ്ട്രങ്ങള്‍ നേരിടുന്ന വെല്ലുവിളികളുടെ പ്രതിഫലനമാണ് ‘2030 അജണ്ട’.
നമ്മുടെ ജനതയുടെ ദാരിദ്ര്യവും വിശപ്പും പരിഹരിക്കുന്നതിനൊപ്പം നിയമത്തിനു വിധേയമായുള്ള അവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കിക്കൊടുക്കുകയും ചെയ്യുന്നത് ഭൂമിയോടും പരിസ്ഥിതിയോടും കൂറുപുലര്‍ത്തിക്കൊണ്ടുവേണം.
മറുവശത്തു വികസിതരാഷ്ട്രങ്ങള്‍ക്കാകട്ടെ, സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുകയും അതിജീവനത്തിനുതകുന്ന ജീവിതശൈലി രൂപപ്പെടുത്തുകയും സാമ്പത്തിക, സാങ്കേതിക രംഗങ്ങളില്‍ വികസ്വര രാഷ്ട്രങ്ങളെ സഹായിക്കുകയും ചെയ്യുന്നതിനായി വ്യാപകമായ ഉത്തരാവാദിത്തങ്ങളുണ്ട്.
അതേസമയം, നമുക്കു വളരെയധികം വിഭവങ്ങള്‍ ലഭ്യമാണ്.
മുന്‍കാലങ്ങളില്‍ അചിന്ത്യമായ പ്രശ്‌നപരിഹാരങ്ങള്‍ ഇന്നു സാങ്കേതികവിദ്യ നമുക്കു സാധ്യമാക്കിത്തരികയും ചെയ്യുന്നു.
ഏറ്റവുമാദ്യം പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലഭ്യമായ വിഭവങ്ങളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുകയെന്നതാണു വെല്ലുവിളി.
ഇതൊരു അവസരമായിക്കാണാന്‍ ഞാന്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണ്.
കൗണ്‍സിലിനെ പുനരുജ്ജീവിപ്പിക്കാനും കര്‍മപദ്ധതിയുള്ളതാക്കിത്തീര്‍ക്കാനും നയപരമായി പ്രസക്തിയുള്ളതാക്കിത്തീര്‍ക്കാനും ജനങ്ങളുടെ ആഗ്രഹങ്ങളോടും ആവശ്യങ്ങളോടും പ്രതികരിക്കുന്നതാക്കിത്തീര്‍ക്കാനും അഭ്യര്‍ഥിക്കുകയാണ്.
ഈ ദിശയിലുള്ള പ്രവര്‍ത്തനത്തില്‍ ഇ.സി.ഒ.എസ്.ഒ.സിയെ നയിക്കുന്ന തത്വശാസ്ത്രം ഏറ്റവും ദരിദ്രമായ ജനവിഭാഗത്തിന്റെ ക്ഷേമമായിരിക്കണം; ഭാരതീയ ചിന്തകളില്‍ പറയുന്ന ‘അന്ത്യോദയ’ ചിന്താഗതിയായിരിക്കണം.
ലോകത്തില്‍നിന്നു ദാരിദ്ര്യം തുടച്ചുനീക്കപ്പെടുവോളം, ഏതു രാഷ്ട്രത്തിലുമാവട്ടെ, അടിസ്ഥാന സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അവസരങ്ങളും ലഭ്യമല്ലാത്ത സാഹചര്യം നിലനില്‍ക്കുംവരെ, ഇ.എസ്.ഒ.എസ്.ഒ.സിയുടെ പ്രസക്തി ഇല്ലാതാവുന്നില്ല.
ഐക്യരാഷ്ട്രസഭയുടെ സ്ഥാപകരുടെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് ഇ.സി.ഒ.എസ്.ഒ.സി. ഉയരുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
നന്ദി.
Happening now: PM @narendramodi addressing ECOSOC. Watch. https://t.co/Sakjbw8j25
— PMO India (@PMOIndia) January 22, 2016
Highlighted ECOSOC's importance in @UN structure, its role today & India's association with it during my address. https://t.co/IDGIowmvkt
— Narendra Modi (@narendramodi) January 23, 2016