Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മനുഷ്യക്കടത്ത് തടയല്‍: ഇന്ത്യ-യു.എ.ഇ. ധാരണാപത്രം


മനുഷ്യക്കടത്ത് തടയുന്നതിനും അതിനെതിരെ പോരാടുന്നതിനും ഇന്ത്യയും യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) തമ്മില്‍ ഒരു ധാരണാപത്രം ഒപ്പിടുന്നതിന് {പധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധാരണാപത്രം എത്രയും വേഗം ഒപ്പിടും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മനുഷ്യക്കടത്തുമായി, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും കടത്തുമായി ബന്ധപ്പെട്ട കണ്ടെത്തല്‍, രക്ഷപ്പെടുത്തല്‍, നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വര്‍ദ്ധിച്ച ഉഭയകക്ഷി സഹകരണവും ഉറപ്പ് വരുത്തും. ധാരണാ പത്രത്തിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:

1. മനുഷ്യക്കടത്ത്, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും കടത്ത് തടയുന്നതിനുള്ള അന്വേഷണം ത്വരിതപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലുമുള്ള സംഘടിത ക്രിമിനല്‍ സംഘങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശിക്ഷിപ്പിക്കുന്നതിന് സഹകരണം ശക്തിപ്പെടുത്തുക.

2. സ്ത്രീകളുടെയും കുട്ടികളുടെയും കടത്ത് തടയുന്നതിന് മുന്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളുക.

3. മനുഷ്യക്കടത്ത് തടയുന്നതിന് ഇരു രാജ്യങ്ങളിലും മനുഷ്യക്കടത്ത് വിരുദ്ധ സെല്ലുകളും, ദൗത്യസേനകളും രൂപീകരിക്കുക.

4. മനുഷ്യക്കടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് പോലീസും മറ്റ് ബന്ധപ്പെട്ട അധികാരികളും അടുത്ത് സഹകരിക്കുകയും വിവരങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യുക.

5. മനുഷ്യക്കടത്തിന് ഇരയായവരെ എത്രയും വേഗം സ്വന്തം നാട്ടിലെത്തിക്കുക.

6. ധാരണാപത്രത്തിന്റെ നടപ്പാക്കല്‍ നിരീക്ഷിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത കര്‍മ്മ സേന രൂപീകരിക്കും.