Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ ആന്‍ഡ് ഇറാന്‍, റ്റു ഗ്രേറ്റ് സിവിലൈസേഷന്‍സ്: റിട്രോസ്‌പെക്ട് ആന്‍ഡ് പ്രോസ്‌പെക്ടസ് എന്ന വിഷയത്തിലുള്ള സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടും അത്യപൂര്‍വ പേര്‍ഷ്യന്‍ കയ്യെഴുത്തുപ്രതിയുടെ പ്രകാശനത്തോടും അനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസംഗം (മെയ് 23, 2016)

ഇന്ത്യ ആന്‍ഡ് ഇറാന്‍, റ്റു ഗ്രേറ്റ് സിവിലൈസേഷന്‍സ്: റിട്രോസ്‌പെക്ട് ആന്‍ഡ് പ്രോസ്‌പെക്ടസ് എന്ന വിഷയത്തിലുള്ള സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടും അത്യപൂര്‍വ പേര്‍ഷ്യന്‍ കയ്യെഴുത്തുപ്രതിയുടെ പ്രകാശനത്തോടും അനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസംഗം (മെയ് 23, 2016)

ഇന്ത്യ ആന്‍ഡ് ഇറാന്‍, റ്റു ഗ്രേറ്റ് സിവിലൈസേഷന്‍സ്: റിട്രോസ്‌പെക്ട് ആന്‍ഡ് പ്രോസ്‌പെക്ടസ് എന്ന വിഷയത്തിലുള്ള സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടും അത്യപൂര്‍വ പേര്‍ഷ്യന്‍ കയ്യെഴുത്തുപ്രതിയുടെ പ്രകാശനത്തോടും അനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസംഗം (മെയ് 23, 2016)


ഫര്‍ഹിങ്സ്ഥാന്റെ തലവന്‍ ബഹുമാനപ്പെട്ട ഹദീദ് അദേല്‍,

ഇറാന്റെ സാസ്‌കാരികവകുപ്പു മന്ത്രി ഡോ. ജനതി,

ബഹുമാനപ്പെട്ട പണ്ഡിതരേ, സഹോദരീസഹോദരന്മാരേ,

ഡോ. അദേലിന്റെയും ഡോ. ജനതിയുടെയും വാക്കുകള്‍ ഈ സമ്മേളനത്തിന്റെ സ്വഭാവം നിര്‍ണയിച്ചുകഴിഞ്ഞു. ശരിയായ സമയത്താണ് നിങ്ങള്‍ ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള നമ്മുടെ പരസ്പരബന്ധത്തിലേക്കു തിരിഞ്ഞുനോക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള അവസരമാണിത്. നമ്മുടെ സമൂഹങ്ങളില്‍ തീവ്രചിന്തകള്‍ പ്രചരിപ്പിക്കുന്നവരോടുള്ള ശരിയായ പ്രതികരണംകൂടിയാണിത്. ഒപ്പം യുവതലമുറയെ നമ്മുടെ സാംസ്‌കാരികപാരമ്പര്യത്തോട് അടുപ്പിക്കുകയെന്ന ദൗത്യവും നിറവേറ്റുന്നു. ഈ ചുമതല നിറവേറ്റാന്‍ ഈ കൂടിയിരിക്കുന്ന പണ്ഡിതരേക്കാളും വിജ്ഞാനികളേക്കാളും യോഗ്യരായവര്‍ മറ്റാരുമില്ല. ഇതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു മുമ്പില്‍നിന്ന ഡോ. അദേലിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തെക്കുറിച്ച് പേര്‍ഷ്യന്‍ ഭാഷയില്‍ സര്‍വവിജ്ഞാനകോശം പുറത്തിറക്കാനുള്ള പദ്ധതി ഗവേഷകര്‍ക്കും പണ്ഡിതര്‍ക്കും വലിയ സഹായമായിത്തീരും. ഇറാനിലെ ഒരൂകൂട്ടം ചിന്തകര്‍ക്കും പണ്ഡിതര്‍ക്കുമൊപ്പമിരിക്കാന്‍ സാധിച്ചതു വലിയ അംഗീകാരമാണ്.

സുഹൃത്തുക്കളേ,

ഇന്നത്തെ ലോകത്തില്‍, തന്ത്രപരമായ ഏകീകരണത്തെക്കുറിച്ചാണു രാഷ്ട്രീയവിദഗ്ധര്‍ ഇപ്പോള്‍ സംസാരിക്കുന്നത്. പക്ഷേ, ഇന്ത്യയും ഇറാനും മഹത്തായ സംസ്‌കാരങ്ങള്‍ ആഘോഷിക്കുന്ന രണ്ടു നാഗരികതകളാണ്. ഇപ്പോള്‍ പ്രകാശിപ്പിക്കപ്പെട്ട പേര്‍ഷ്യന്‍ കയ്യെഴുത്തുപ്രതിയായ കാലിലേ-വാ-ദിംനെ ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ വെളിവാക്കുന്നു. ലളിതമായ ഇന്ത്യന്‍ ക്ലാസിക്കുകളായ ജാതകകഥകളും പഞ്ചതന്ത്രവും പേര്‍ഷ്യയില്‍ കാലിലേ-വാ-ദിംനെ ആയിത്തീര്‍ന്നതു ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവിനിമയത്തിന്റെ ഉത്തമദൃഷ്ടാന്തമാണിത്. നമ്മുടെ പുരാതനസംസ്‌കൃതികളുടെ വിവേകത്തിന്റെ വര്‍ണനയുമാണിത്. ഈ ചടങ്ങിനായി അല്‍പം പരിഷ്‌കരിച്ചതെങ്കിലും ഹാഫിസിന്റെ വരികള്‍ ഓര്‍മിപ്പിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല.

शक्कर-शिकन शवंद हमे बुलबुलाने-अजम

ज़े ईन क़दे-हिन्दी कि बे-तेहरान मी रसद्

(അര്‍ഥം: എല്ലാ വാനമ്പാടികള്‍ക്കും ഇന്ത്യയില്‍നിന്നു ടെഹ്‌റാനിലെത്തുന്ന ഈ മധുരം ലഭിക്കുന്നു.)

സുഹൃത്തുക്കളേ,

നൂറ്റാണ്ടുകളായി നടന്നുപോരുന്ന ആശയങ്ങളുടെയും പാരമ്പര്യങ്ങളുടെയും, കവികളുടെയും കലാകാരന്മാരുടെയും, കലയുടെയും വാസ്തുവിദ്യയുടെയും, സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും സ്വതന്ത്രമായ കൈമാറ്റം ഇരു സംസ്‌കൃതികളെയും പോഷിപ്പിച്ചിട്ടുണ്ട്. നമ്മുടെ പാരമ്പര്യം ഇരു രാജ്യങ്ങളുടെയും കരുത്തിനെയും ധനസ്ഥിതിയെയും ഉയര്‍ത്തി. പേര്‍ഷ്യന്‍ പാരമ്പര്യം ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍ണായക ഘടകമാണ്. ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ പേര്‍ഷ്യന്‍ സംസ്‌കാരം അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. അതുപോലെ, ഇറാനിയന്‍ സമൂഹത്തിനുമേല്‍ ഭാരതീയസംസ്‌കാരത്തിന്റെ സ്വാധീനവുമുണ്ട്. നമ്മുടെ പൂര്‍വകാല നായകന്‍മാരിലും ഇതിഹാസങ്ങളിലും പൊതുസ്വഭാവം ദര്‍ശിക്കാം. ഇന്ത്യയിലെ അജ്മീര്‍ ഷരീഫ്, ഹസ്രത്ത് നിസാമുദ്ദീന്‍ എന്നീ ദര്‍ഗകള്‍ ഇറാനിലും ആരാധിക്കപ്പെടുന്നു. മഹാഭാരതവും ഷാഹ്നാമയും, ഭീമനും റുസ്തമും, അര്‍ജുനനും അര്‍ഷും ലോകദര്‍ശനത്തിലും മൂല്യസങ്കല്‍പത്തിലും സമാനതകള്‍ പങ്കിടുന്നു. സര്‍ദോസി, ഗുല്‍ദോസി, ചന്ദേരി തുടങ്ങിയ കൈത്തൊഴിലുകള്‍ ഇറാനിയന്‍ സമൂഹത്തിന്റെ ഭാഗമായിരിക്കാം. അവ ഇന്ത്യയിലും അങ്ങനെത്തന്നെയാണ്. സമ്പന്നമായ ഇറാനിയന്‍ സംസ്‌കാരത്തെക്കുറിച്ചു പറയുമ്പോള്‍ ആര്‍ക്കാണ് അതിന്റെ മാധ്യമമായ പേര്‍ഷ്യന്‍ ഭാഷയെ മറക്കാന്‍ സാധിക്കുക? അതിനെ സ്വന്തമായാണ് ഇന്ത്യക്കാര്‍ കാണുന്നത്. പേര്‍ഷ്യനും സംസ്‌കൃതവും സഹോദരികളാണെന്നാണ് ഇന്ത്യയിലെ മധ്യകാലകവികള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. പേര്‍ഷ്യനിലേക്ക് പന്ത്രണ്ടിലേറെ തവണ തര്‍ജമ ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യന്‍ മതേതിഹാസമായ രാമായണത്തില്‍ 250 പേര്‍ഷ്യന്‍ വാക്കുകളുണ്ടത്രെ. പേര്‍ഷ്യന്‍ മധ്യകാല ഇന്ത്യയില്‍ കോടതിഭാഷയായിരുന്നു. ഭാരതീയരുടെ ഹൃദയത്തിലെഴുതിയ ഭാഷ എന്ന നിലയ്ക്കാണ് അതിനു പ്രചാരം ലഭിച്ചത്. അത് ഇന്ത്യയിലെ 40 സര്‍വകലാശാലകളില്‍ പഠിപ്പിച്ചുവരുന്നു. കഴിഞ്ഞ 75 വര്‍ഷങ്ങളായി ഓള്‍ ഇന്ത്യ റേഡിയോ പേര്‍ഷ്യനില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. സ്വകാര്യ, പൊതുശേഖരങ്ങളിലായി ഇന്ത്യയില്‍ 50 ലക്ഷം പേര്‍ഷ്യന്‍ കയ്യെഴുത്തുപ്രതികളുണ്ട്. ദേശീയ, സംസ്ഥാന ചരിത്രരേഖാകേന്ദ്രങ്ങളിലായി രണ്ടു കോടി പേര്‍ഷ്യന്‍ രേഖകളുണ്ട്. ഇവയില്‍ മിക്കതും ഇറാന്‍കാര്‍ രചിച്ചതും ഇന്ത്യന്‍ കലാകാരന്‍മാര്‍ ചിത്രങ്ങള്‍ വരച്ചവയുമാണ്. ഹൈദരാബാദിലെ സാലര്‍ ജങ് മ്യൂസിയത്തില്‍ ഇത്തരം കയ്യെഴുത്തുപ്രതികള്‍ ഏറെയുണ്ട്. പേര്‍ഷ്യനില്‍ ഉള്ളതുള്‍പ്പെടെ എല്ലാ കയ്യെഴുത്തുപ്രതികളും ഡിജിറ്റൈസ് ചെയ്യാനുള്ള തീവ്രയത്‌നം ഇന്ത്യയില്‍ നടന്നുവരികയാണ്. ഓരോ വര്‍ഷവും പേര്‍ഷ്യന്‍ പണ്ഡിതര്‍ക്ക് ഇന്ത്യന്‍ പ്രസിഡന്റ് അവാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്.

സഹോദരീസഹോദരന്മാരേ,

രണ്ടു പുരാതസ സംസ്‌കൃതികളെന്ന നിലയില്‍ ആരെയും ഉള്‍ക്കൊള്ളാനും വിദേശസംസ്‌കാരത്തെ സ്വാഗതംചെയ്യാനും നമുക്കുള്ള കഴിവു പ്രസിദ്ധമാണ്. പരസ്പരബന്ധം നമ്മുടെ സംസ്‌കാരങ്ങളെ വിമലീകരിക്കുക മാത്രമല്ല ചെയ്തത്. ആഗോളതലത്തില്‍ സഹിഷ്ണുതയാര്‍ന്നതും മിതവാദത്തോടുകൂടിയതുമായ സമൂഹങ്ങള്‍ രൂപപ്പെടുന്നതിനു സഹായകമാകുകയും ചെയ്തു. നമ്മുടെ പ്രാചീനകാലബന്ധത്തില്‍ പിറന്ന സൂഫിസം എല്ലാ മാനവര്‍ക്കുമായി യഥാര്‍ഥപ്രേമത്തിന്റെയും സഹിഷ്ണുതയുടെയും സ്വീകാര്യതയുടെയും സന്ദേശം വഹിക്കുന്നു. ലോകം ഒരു കുടുംബമാണെന്ന ഭാരതീയ സങ്കല്‍പമായ വസുധൈവകുടുംബകത്തെ പ്രതിഫലിപ്പിക്കുന്ന സന്ദേശമാണു സൂഫിസത്തിന്റേതും.

സുഹൃത്തുക്കളേ, ഇന്ത്യയും ഇറാനും എന്നും പങ്കാളികളും സുഹൃത്തുക്കളുമായിരുന്നു. നമ്മുടെ ചരിത്രപരമായ ബന്ധം ഉയര്‍ച്ചതാഴ്ചകളെ നേരിട്ടു കാണുമായിരിക്കാം. പക്ഷേ, എപ്പോഴും പരസ്പരസഹകരണം രണ്ടു സംസ്‌കൃതികള്‍ക്കും അതിരുകളില്ലാത്ത കരുത്തു പകര്‍ന്നിട്ടുണ്ടെന്നതാണു വസ്തുത. പഴയകാലത്തെ സാസ്‌കാരികബന്ധം പുനഃസ്ഥാപിക്കേണ്ട കാലം സംജാതമായിരിക്കുന്നു. ഒരുമിച്ചു മുന്നോട്ടുനീങ്ങേണ്ട കാലമാണിനി. ഈ ഉദ്യമത്തില്‍ നിങ്ങള്‍ മഹാന്മാരായ പണ്ഡിതര്‍ നിര്‍ണായകമായ പങ്കു വഹിക്കേണ്ടതുണ്ട്.

ഇന്ത്യ ആന്‍ഡ് ഇറാന്‍, റ്റു ഗ്രേറ്റ് സിവിലൈസേഷന്‍സ്: റിട്രോസ്‌പെക്ട് ആന്‍ഡ് പ്രോസ്‌പെക്ടസ് എന്ന ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എനിക്കേറെ ആഹ്ലാദമുണ്ട്.

സമ്മേളനത്തിന് ആശംസകള്‍ നേരുന്നതോടൊപ്പം, നിങ്ങളുടെ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ക്കായി ഞാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. ഈ സമ്മേളനം സംഘടിപ്പിക്കാന്‍ ഐ.സി.സി.ആറും ഫര്‍ഹങ്ങിസ്ഥാനും വളരെ സഹകരിച്ചുപ്രവര്‍ത്തിച്ചു എന്നു കാണുന്നതില്‍ സന്തോഷമുണ്ട്. ജനങ്ങള്‍ തമ്മിലുള്ള സാഹിത്യപരവും വിദ്യാഭ്യാസപരവുമായ ബന്ധങ്ങളെ സുദൃഢമാക്കാന്‍ ഈ ചര്‍ച്ചകള്‍ വഴിവെക്കും.

എന്നെ ക്ഷണിച്ചതിന് നിങ്ങളെയെല്ലാം ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കട്ടെ.

നിങ്ങള്‍ ഓരോരുത്തര്‍ക്കും ഈ സമ്മേളനത്തിനും നന്മകള്‍ നേരുന്നു.

നന്ദി.