Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “നിർമിത ബുദ്ധിയുടെ സുരക്ഷിതവും വേഗതയേറിയതും കാര്യക്ഷമവുമായ വ്യാപനം ഉറപ്പാക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


ഫ്രാൻസിലെ ഏവിയാനിൽ നടന്ന ജി7 ഉച്ചകോടിയിൽ “നിർമിത ബുദ്ധിയുടെ സുരക്ഷിതവും വേഗതയേറിയതും കാര്യക്ഷമവുമായ വ്യാപനം ഉറപ്പാക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള ഔട്ട്റീച്ച് സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.

നിർമിത ബുദ്ധിയെന്നത് മാനവിക സംസ്കാരത്തിന്റെ ദിശയെ പുനർനിർവചിക്കാൻ ശേഷിയുള്ള ഒരു പരിവർത്തനാത്മക ശക്തിയാണെങ്കിലും അത് ജനങ്ങളെ ശാക്തീകരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ വിശാലമായ ചിന്തയോടെയാണ് ഇന്ത്യ അടുത്തിടെ എഐ ഇംപാക്റ്റ് ഉച്ചകോടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ സാങ്കേതികവിദ്യ എല്ലാവരെയും ഉൾക്കൊള്ളൽ, സുരക്ഷ, പൊതുനന്മ എന്നീ തത്ത്വങ്ങളിൽ അധിഷ്ഠിതമായിരിക്കണമെന്ന് AI-യെക്കുറിച്ചുള്ള ഇന്ത്യയുടെ മനുഷ്യകേന്ദ്രീകൃതമായ അഥവാ ‘മാനവ്’ (MANAV) കാഴ്ചപ്പാട് അടിവരയിട്ടുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു.

സൈബറിടത്തെ ഇന്ത്യ എപ്പോഴും ഒരു ആഗോള പൊതുനന്മയായാണ് വീക്ഷിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, ജനാധിപത്യ രാജ്യങ്ങൾക്ക് നിർണായക വിവര അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതമാക്കാനും സൈബർ ഭീഷണികളെ നേരിടാൻ സഹായിക്കാനും കഴിയുന്ന എഐ മോഡലുകളിലേക്ക് പ്രവേശനം ഉണ്ടായിരിക്കണമെന്ന് ഊന്നിപ്പറഞ്ഞു. സുരക്ഷ, വേഗത, കാര്യക്ഷമത എന്നിവ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന എഐ വികസനത്തിനായുള്ള ഒരു സംയോജിത സമീപനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇക്കാര്യത്തിൽ അദ്ദേഹം നാല് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു: എഐ സംവിധാനങ്ങൾ രൂപകൽപ്പനയിൽ തന്നെ സുരക്ഷിതമായിരിക്കണം; എഐ വിന്യാസത്തോടൊപ്പം പൊതുവായ മാനദണ്ഡങ്ങളും പരിശോധനാ ചട്ടക്കൂടുകളും നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടായിരിക്കണം; ഡീപ്ഫേക്കുകൾ, തെറ്റായ വിവരങ്ങൾ, സൈബർ തട്ടിപ്പുകൾ എന്നിവ നേരിടാൻ ഫലപ്രദമായ ആഗോള സഹകരണം ഉണ്ടാകണം; എല്ലാവരെയും ഉൾക്കൊള്ളുന്ന (ഇൻക്ലൂസിവ്) ഒരു ലോകം ഉറപ്പാക്കുന്നതിനായി എഐയുടെ പ്രയോജനങ്ങൾ ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിൽ എത്തിച്ചേരുകയും വേണം.

എഐ മനുഷ്യന്റെ കഴിവുകളെ വികസിപ്പിക്കുകയും മനുഷ്യന്റെ തിരഞ്ഞെടുപ്പുകളെ ശാക്തീകരിക്കുകയും മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുകയും വേണമെന്ന് പ്രസ്താവിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. കൂടാതെ ഈ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഇന്ത്യ തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

***

SK