Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വലിയ രീതിയിലുള്ള മാറ്റത്തിനു പദ്ധതി തയ്യാറാക്കാന്‍ നീതി ആയോഗിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

വലിയ രീതിയിലുള്ള മാറ്റത്തിനു പദ്ധതി തയ്യാറാക്കാന്‍ നീതി ആയോഗിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

വലിയ രീതിയിലുള്ള മാറ്റത്തിനു പദ്ധതി തയ്യാറാക്കാന്‍ നീതി ആയോഗിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം


അടുത്ത 15 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വികസനം വിഭാവനം ചെയ്യാന്‍ സാധിക്കുന്ന മാര്‍ഗരേഖ തയ്യാറാക്കാനും 21ാം നൂറ്റാണ്ടിലെ ഇനിയുള്ള ദശാബ്ദങ്ങളില്‍ രാജ്യത്തിനുണ്ടാകേണ്ട വളര്‍ച്ചയ്ക്ക് അടിത്തറയൊരുക്കാനും നീതി ആയോഗിനോട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

നീതി ആയോഗ് അംഗങ്ങളോടു സംവദിക്കവേ ചെറുചുവടുകളുമായി ഘട്ടംഘട്ടമായുള്ള വികസനമെന്ന ആശയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിപ്ലവകരമായ മാറ്റങ്ങളുടെ കാലമാണിത്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി മാറ്റത്തെ നയിക്കുന്നതു സാങ്കേതികവിദ്യയാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാറ്റത്തിന്റെ പാത ഇതേ രീതിയില്‍ തുടരുമെന്നു വ്യക്തമാക്കുകയും ചെയ്തു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വിപ്ലവാത്മകമായ മാറ്റം സൃഷ്ടിക്കാനുള്ള ധൈര്യവും കഴിവും കേന്ദ്ര ഗവണ്‍മെന്റിനുണ്ടെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ചരിത്രപരമായി, ഇന്ത്യയില്‍ നയരൂപീകരണം നിര്‍വഹിക്കുന്നവര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ തടസ്സങ്ങളെക്കുറിച്ചു വിലപിക്കാനാണു ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ വികസനപാത വിശദീകരിച്ച അദ്ദേഹം, പ്രകൃതിവിഭവങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും വിവേകപൂര്‍ണമായ ഉപയോഗത്തിലൂടെ വളര്‍ച്ച നേടുമെന്നു വ്യക്തമാക്കി. ഈ ആശയത്തിന് ഒട്ടേറെ ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു. ലഭ്യമായ ഭൂമിയും രാജ്യത്തിന്റെ ധാതുസമ്പത്തും ഉപയോഗിക്കപ്പെടാത പോകുന്ന സൗരോര്‍ജവും ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിശാലമായ തീരപ്രദേശവും വളരെ കുറഞ്ഞ നിലയില്‍ മാത്രമേ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

മനുഷ്യവിഭവശേഷി വികസനത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം വരുംകാലത്ത് ലോകത്തിനാവശ്യമായത്ര മനുഷ്യവിഭവശേഷി ലഭ്യമാക്കാന്‍ സാധിക്കുന്ന രാജ്യമെന്ന നിലയില്‍ നൈപുണ്യവികസനത്തില്‍ ശ്രദ്ധയൂന്നേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിലെ സാധ്യതകള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസനം പ്രോല്‍സാപ്പിക്കുന്നതിനും കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനങ്ങള്‍ സഹകരിക്കുന്നത് സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസം മാത്രമല്ല, മറിച്ച് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.
കൃഷിയെക്കുറിച്ചു സംസാരിക്കവേ, കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരെന്നും ഊര്‍ജസ്വലമായ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ചെടുക്കാന്‍ ആവശ്യമായ പ്രവര്‍ത്തനമാണു നടത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖല, സംഭരണശേഷി വികസിപ്പിക്കല്‍, സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് അദ്ദേഹം സംസാരിച്ചത്.

നയ രൂപീകരണം നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധി നയങ്ങളെക്കാള്‍ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സദ്ഭരണത്തിനായി സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടവേ വിവരങ്ങള്‍ യഥാസമയം ലഭിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

ഗിവ്-ഇറ്റ്-അപ് പ്രചരണത്തിന്റെ വിജയവും സ്വച്ഛത അഭിയാനു ജനങ്ങളില്‍നിന്നുണ്ടായ വ്യാപകമായ അനുകൂല പ്രതികരണവും പോലുള്ള കാര്യങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളാന്‍ നീതി ആയോഗിനോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജനങ്ങള്‍ക്കു സ്വന്തം കാര്യത്തില്‍ മാത്രമേ താല്‍പര്യമുള്ളൂ എന്ന ധാരണ തെറ്റാണെന്ന് ഇതു വെളിവാക്കുന്നു. പൊതുനന്മയില്‍ ജനങ്ങള്‍ക്കു താല്‍പര്യമുണ്ടെന്നു വ്യക്തമാവുകയും ചെയ്യുന്നു.

ആസൂത്രണ സഹമന്ത്രി ശ്രീ. റാവു ഇന്ദര്‍ജിത്ത് സിങ്, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ശ്രീ. അരവിന്ദ് പനഗരിയ, അംഗങ്ങള്‍, നീതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.