പ്രധാനമന്ത്രി പദത്തില്‍ രണ്ടാം ഊഴത്തിനു തുടക്കം കുറിച്ചുകൊണ്ട് ശ്രീ നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാന മന്ത്രിയായി 2019 മെയ് 30 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനിച്ച പ്രഥമ പ്രധാനമന്ത്രിയായ മോദി നേരത്തെ 2014 മുതല്‍ 2019 വരെ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം, 2001 ഒക്ടോബര്‍ മുതല്‍ 2014 മെയ് വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു എന്ന ബഹുമതിയും മോദിക്കു സ്വന്തമാണ്.
2014 ലെയും 2019 ലെയും പാര്‍ലമെന്റെ തെരഞ്ഞെടുപ്പുകളില്‍ ശ്രീ നരേന്ദ്ര മോദി ഭാരതീയ ജനതാ പാര്‍ട്ടിയെ നയിക്കുകയും, രണ്ടു തവണയും കേവല ഭൂരിപക്ഷം നേടി പാര്‍ട്ടിയെ റെക്കോഡ് വിജയത്തില്‍ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിനു മുമ്പ് ഒരു പാര്‍ട്ടി ഇതുപോലെ കേവല ഭൂരിപക്ഷം നേടിയത് 1984 ലെ തെരഞ്ഞെടുപ്പില്‍ ആയിരുന്നു.
സബ്കാസാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം) എന്ന മുദ്രാവാക്യവുമായി സമഗ്രവും, വികസനോന്മുഖവും, അഴിമതി രഹിതവുമായ സമീപനത്തിലൂടെ ഭരണത്തില്‍ അടിസ്ഥാനപരമായ മാറ്റം ശ്രീ മോദി സാധ്യമാക്കുകയും ചെയ്തു. അന്ത്യോദയ അഥവ സേവനങ്ങളും പദ്ധതികളും സമൂഹത്തിലെ അവസാനത്തെ വ്യക്തിക്കും എത്തി എന്ന് ഉറപ്പാക്കുന്നതിനായി അതിവേഗത്തിലും, കൂടുതല്‍ സമയവും പ്രധാനമന്ത്രി ജോലി ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ റെക്കോഡ് വേഗത്തില്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തു വരുന്നു എന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. പാവപ്പെട്ടവര്‍ക്ക് അനുകൂലമായി കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നിരവധി തീരുമാനങ്ങളാണ് ഇതിനു കാരണം.
ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആയുഷ്മാന്‍ ഭാരത് എന്ന ചികിത്സ പദ്ധതിയാണ് ഇന്ന് ഇന്ത്യയില്‍ നടപ്പാക്കി വരുന്നത്. പാവപ്പെട്ടവരും ഇടത്തരക്കാരുമായ അമ്പതു കോടിയിലധികം ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ഉന്നത നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ നല്കുന്നത്.
ഇന്ത്യയുടെ ആരോഗ്യ മേഖലയെ കുറിച്ചുള്ള വലിയൊരു പരാതി പരിഹരിക്കുന്നതാണ് ഈ പദ്ധതി എന്നത്രെ ലോകത്തിലെ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന ആരോഗ്യ പ്രസിദ്ധീകരണമായ ലാന്‍സെറ്റ് ആയൂഷ്മാന്‍ പദ്ധതിയെ ശ്ലാഘിച്ചത്. അന്താരാഷ്ട്ര തലത്തിലും ആരോഗ്യ പരിരക്ഷയ്ക്ക് മുന്‍ഗണന നല്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെയും പ്രസിദ്ധീകരണം നിരീക്ഷിച്ചിട്ടുണ്ട്.
സാമ്പത്തിക ബഹിഷ്‌കരണം പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വലിയ വിനാശ കാരണമാണെന്നു മനസിലാക്കിയ പ്രധാനമന്ത്രി ഓരോ ഇന്ത്യക്കാരനും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന ആരംഭിച്ചു. ഇന്ന് രാജ്യമെമ്പാടും 35 കോടിയിലധികം ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ വഴി ബാങ്കുമായി ബന്ധമില്ലാത്തവരെ ബാങ്കുമായി ബന്ധിപ്പിച്ചു എന്നു മാത്രമല്ല, ശാക്തീകരണത്തിനുള്ള മറ്റ് അവസരങ്ങള്‍ അവര്‍ക്കു മുന്നില്‍ തുറക്കുകയും ചെയ്തു.
ജന്‍ ധന്‍ പദ്ധതിയില്‍ നിന്നും ഒരു പടി കൂടി കടന്ന് ശ്രീ മോദി ജന സുരക്ഷയിലൂടെ സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് പെന്‍ഷന്‍ പദ്ധതികള്‍ക്കും പ്രാമുഖ്യം നല്കി. ജാം(ജെ എ എം) ത്രിത്വം (ജന്‍ധന്‍ – ആധാര്‍- മൊബൈല്‍) വഴി ഇടനിലക്കാരെ ഒഴിവാക്കി സാങ്കേതിക വിദ്യയിലൂടെ സുതാര്യതയും വേഗവും അദ്ദേഹം ഉറപ്പാക്കി.
പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന വഴി ആദ്യം തന്നെ ഇന്ത്യയിലെ അസംഘടിത വിഭാഗത്തിലെ 42 കോടിയിലധികം ജനങ്ങള്‍ക്ക് പെന്‍ഷന്‍ പരിരക്ഷ അദ്ദേഹം ഉറപ്പാക്കി. 2019 ലെ തെരെഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു ശേഷമുള്ള ബിജെപി ഗവണ്‍മെന്റിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ കച്ചവടക്കാര്‍ക്കും അദ്ദേഹം സമാന പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി.
2016 ല്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി ഉജ്വല്‍ യോജന പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കി വരുന്നു. ഏഴു കോടിയോളം വരുന്ന ഭൂരിഭാഗവും സ്ത്രീകളായ ഗുണഭോക്താക്കളുടെ അടുക്കളകളെ ധൂമരഹിതമാക്കിയ മുഖ്യ പരിഷ്‌കാരമായി ഇത് വാഴ്ത്തപ്പെടുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം 70 വര്‍ഷം കഴിഞ്ഞിട്ടും ആലക്തിക വെളിച്ചം എത്തി നോക്കാതിരുന്ന 18000 ഗ്രാമങ്ങളില്‍ ഇന്ന് വൈദ്യുതി എത്തിയരിക്കുന്നു.
ഇന്ത്യയില്‍ ഭവനരഹിതരായി ആരും ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ശ്രീ മോദി ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി 2014 – 2019 കാലഘട്ടത്തില്‍ 1.25 കോടി ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 2022 ഓടെ എല്ലാവര്‍ക്കും ഭവനം എന്ന സ്വപ്‌നം അതിവേഗത്തില്‍ സാക്ഷാത്ക്കരിക്കുന്നതിനായി ബാക്കി വീടുകളുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു.
രാജ്യത്തെ കാര്‍ഷിക മേഖലയെ ശ്രീ നരേന്ദ്രമോദി ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു. 2019 ലെ ഇടക്കാല ബജറ്റില്‍ കൃഷിക്കാര്‍ക്കായി ഗവണ്‍മെന്റ് പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിക്കുകയുണ്ടായി. കേവലം മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ 2019 ഫെബ്രുവരി 24 ന് പദ്ധതി തുടങ്ങുകയും അന്നു മുതല്‍ കൃത്യ ഗഡുക്കളായി തുക വിതരണം ആരംഭിക്കുകയും ചെയ്തു. പ്രധാന മന്ത്രി മോദിയുടെ രണ്ടാം ഊഴത്തിലെ പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ രാജ്യത്തെ എല്ലാ കൃഷിക്കാരെയും ഉള്‍പ്പെടുത്താനും തീരുമാനിച്ചു. നേരത്തെ അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ക്കു മാത്രമായി ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തെ കൃഷിക്കാരുടെ ക്ഷേമത്തിനായി ഇന്ത്യ ഗവണ്‍മെന്റ് പ്രതിവര്‍ഷം 87000 കോടി രൂപയാണ് ചെലവഴിക്കുന്നത്.
കാര്‍ഷിക മേഖലയില്‍ ഇതു വരെ പിന്തുടര്‍ന്നു വന്ന പരമ്പാരഗത പാതകളില്‍ നിന്നു മാറി മണ്ണിന്റെ ആരോഗ്യ കാര്‍ഡ്, മികച്ച ഇ – എന്‍ എ എം വിപണികള്‍, ജലസേചനത്തിനു നൂതന സംവിധാനങ്ങള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് മോദി ഊന്നല്‍ നല്കി. ജലവിഭവവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിനായി, 2019 മെയ് 30 -ന് പുതിയ ജലശക്തി മന്ത്രാലയം സ്ഥാപിച്ചുകൊണ്ട് പ്രധാന മന്ത്രി മോദി തന്റെ മറ്റൊരു വാഗ്ദാനം കൂടി പാലിച്ചു.
മഹാത്മ ഗാന്ധിയുടെ ജന്മ വാര്‍ഷികമായ 2014 ഒക്ടോബര്‍ 2 ന് രാജ്യമെമ്പാടുമുള്ള ശുചിത്വ പരിപാലത്തിനായി സ്വഛ് ഭാരത് മിഷന്‍ എന്ന ജനകീയ പ്രസ്ഥാനത്തിനു പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഈ മുന്നേറ്റത്തിന്റെ സ്വാധീനവും വ്യാപ്തിയും ചരിത്രമായി. 2014 ല്‍ 38 ശതമാനമായിരുന്ന പൊതു ശുചിത്വ വ്യാപനം ഇന്ന് 99 ശതമാനമാണ്. നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വെളിയിട വിസര്‍ജ്ജ വിമുക്ത മേഖലകളായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഗംഗാ ശുചീകരണത്തിനും അവശ്യ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.
ലോകാരോഗ്യ സംഘടന പോലും സ്വഛ്ഭാരത് മിഷനെ അഭിനന്ദിക്കുകയും അത് മൂന്നു ലക്ഷം ജീവനുകളെ രക്ഷപ്പെടുത്തും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
പരിവര്‍ത്തനത്തിലേയ്ക്കുള്ള പ്രധാന മാര്‍ഗ്ഗം ഗതാഗതമാണ് എന്ന് ശ്രീ മോദി വിശ്വസിക്കുന്നു. അതിനാലാണ് ഇന്ത്യ ഗവണ്‍മെന്റ് കൂടുതല്‍ ദേശീയ പാതകള്‍, റെയില്‍ പാതകള്‍, വിവര പാതകള്‍, ജലപാതകള്‍ തുടങ്ങി പുതു തലമുറ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിച്ചു വരുന്നത്. ഉഡാന്‍ പദ്ധതി വ്യോമസഞ്ചാര മേഖലയെ കൂടുതല്‍ ജനസൗഹൃദമാക്കുകയും ഗതാഗതത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.
മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം ആരംഭിക്കുക വഴി ഇന്ത്യയെ പ്രധാന മന്ത്രി മോദി അന്താരാഷ്ട്ര നിര്‍മ്മാണത്തിന്റെ ഊര്‍ജ്ജ നിലയമാക്കി മാറ്റി. ഈ പരിശ്രമങ്ങള്‍ വിപ്ലവകരമായ ഫലങ്ങളിലേയ്ക്കാണ് രാജ്യത്തെ നയിച്ചത്. ഉദാഹരണത്തിന് 2014 ല്‍ രാജ്യത്ത് രണ്ടു മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത്, 2019 ല്‍ 122 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസായം ആയാസരഹിതമാക്കുന്നതിന് ഇന്ത്യ നിര്‍ണായകമായ പുരോഗതി കൈവരിച്ചു കഴിഞ്ഞു. അതായത് ഈ മേഖലയില്‍ 2014 ല്‍ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. 2019 ല്‍ ഇത് 77 ആണ്. 2017 ല്‍ ചരിത്രമായി മാറിയ ഒരു പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് ചരക്കു സേവന നികുതി രാജ്യത്ത് നടപ്പിലാക്കി. ഒരു രാഷ്ട്രം ഒരു നികുതി എന്ന ദീര്‍ഘ കാല സ്വപ്‌നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്.
അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിനും സംസ്‌കാരത്തിനും പ്രത്യേക പരിഗണനയാണ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ശിലാപ്രതിമ, സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ പ്രകീര്‍ത്തിക്കുന്ന ഐക്യത്തിന്റെ ശിലാ പ്രതിമ ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രത്യേകമായ ജനകീയ മുന്നേറ്റത്തിലൂടെയാണ് ഈ പ്രതിമ നിര്‍മ്മിച്ചത്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ചൈതന്യത്തെ പ്രതീകവത്ക്കരിച്ചു കൊണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നുള്ള കാര്‍ഷികോപകരണങ്ങളും മണ്ണും ഇതിന്റെ നിര്‍മ്മിക്കുപയോഗിച്ചിരിക്കുന്നു.
പരിസ്ഥിതി പ്രശ്‌നങ്ങളില്‍ പ്രധാന മന്ത്രി മോദി ആഴത്തില്‍ ഉത്ക്കണ്ഠയുള്ളവനാണ്. ശുദ്ധവും ഹരിതവുമായ ഭൂമിയുടെ സൃഷ്ടിക്കായി അദ്ദേഹം വീണ്ടും വീണ്ടും ആഗോള സമൂത്തെ ആഹ്വാനം ചെയ്യുന്നു. ഗുജറാത്തില്‍ കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി ആയിരിക്കെ അവിടെ ശ്രീ. മോദി പ്രത്യേക കാലാവസ്ഥാ വ്യതിയാന വകുപ്പ് രൂപീകരിക്കുകയുണ്ടായി. പാരീസില്‍ 2015 ല്‍ നടന്ന സര്‍വ കക്ഷി ഉച്ചകോടിയില്‍ നടന്ന ഉന്നതല ചര്‍ച്ചകക്ക് പ്രധാന മന്ത്രി മുഖ്യ പങ്കു വഹിച്ചതില്‍ ഈ മനോഭാവം കാണുവാന്‍ സാധിക്കും.
കാലാവസ്ഥാ വ്യതിയാനത്തിന് ഒരു മുഴം മുമ്പേ കുതിക്കുന്ന പ്രധാന മന്ത്രി മോദി കാലാവസ്ഥാ നീതിയെക്കുറിച്ചു സംസാരിക്കുന്നു. സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുവാനും അതിലൂടെ മെച്ചപ്പെട്ട ഭൂമിയെ സൃഷ്ടിക്കാനും ഉദ്ദേശിച്ച് 2018 ല്‍ പ്രധാന മന്ത്രി വിഭാവനം ചെയ്ത അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം എന്ന പുതിയ സംരംഭത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ നിരവധി രാഷ്ട്രത്തലവന്മാര്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തുകയുണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ക്ക് അംഗീകാരമായി ചാമ്പ്യന്‍സ് ഓഫ് ദ് എര്‍ത്ത് പുരസ്‌കാരം നല്കി ഐക്യരാഷ്ട്ര സഭ ശ്രീ മോദിയെ ആദരിച്ചു.
കാലാവസ്ഥാ വ്യതിയാനം നമ്മുടെ ഭൂമിയെ പ്രകൃതി ദുരന്ത സൗഹൃദമാക്കും എന്ന വസ്തുത സംബന്ധിച്ച് പൂര്‍ണ അവബോധമുള്ള ശ്രീ മോദി സാങ്കേതിക വിദ്യയെയും മനുഷ്യ ശേഷിയെയും സംയോജിപ്പിച്ച് ദുരന്ത നിവാരണത്തില്‍ പുതിയ സമീപനം സ്വീകരിച്ചു. 2001 ജനുവരി 26-ലെ സര്‍വ നാശകാരിയായ ഭൂകമ്പത്തിനു ശേഷം മുഖ്യ മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഗുജറാത്തിനെ അടിമുടി നവീകരിച്ചു. പ്രളയം വരള്‍ച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ അദ്ദേഹം ആവിഷ്‌കരിച്ച സംവിധാനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ശ്ലാഘിക്കപ്പെട്ടു.
ഭരണ പരിഷ്‌കാരങ്ങളിലൂടെ ശ്രീ മോദി പരിഗണന നല്കിയത് പൗര നീതിക്കാണ്. ഗുജറാത്തില്‍ അദ്ദേഹം സായാഹ്ന കോടതികള്‍ രൂപീകരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കി. കേന്ദ്രത്തില്‍ അദ്ദേഹം പ്രഗതി (പ്രോ ആക്ടീവ് ഗവേണന്‍സ് ആന്‍ഡ് ടൈംലി ഇംപ്ലിമെന്റേഷന്‍) വഴി വികസനം മുരടിപ്പിച്ച് മുടങ്ങി കിടക്കുന്ന പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കി.
മോദിയുടെ വിദേശ നയം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ യഥാര്‍ത്ഥ സാധ്യതയും പങ്കും വ്യക്തമാക്കുന്നതാണ്. അദ്ദേഹം തന്റെ പ്രഥമ ഊഴത്തില്‍ സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ ക്ഷണിച്ച് അവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. രണ്ടാം ഊഴത്തിലാകട്ടെ ബിംസ്റ്റെക് രാഷ്ട്ര തലവന്മാര്‍ അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ സാക്ഷികളായി. ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ലോകമെമ്പാടും ശ്രദ്ധ നേടി. ഉഭയ രാഷ്ട്ര ചര്‍ച്ചകള്‍ക്കായി 17 വര്‍ഷങ്ങള്‍ക്കു ശേഷം നേപ്പാളിലും 28 വര്‍ഷങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയയിലും, 31 വര്‍ഷങ്ങള്‍ക്കു ശേഷം ഫിജിയിലും 34 വര്‍ഷങ്ങള്‍ക്കു ശേഷം യു.എ.ഇ. യിവും, സെഷെല്‍ സന്ദര്‍ശനം നടത്തിയ ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ മോദിയാണ്. പ്രധാന മന്ത്രിപദം ഏറ്റെടുത്ത ശേഷം ശ്രീ മോദി ഐക്യരാഷ്ട്ര സഭ, ബ്രിക്‌സ്, സാര്‍ക്ക് , ജി-20 ഉച്ചകോടികളില്‍ സജീവമായി പങ്കെടുത്ത് ആഗോള സാമ്പത്തിക രാഷ്ട്രിയ വിഷയങ്ങളില്‍ ഇന്ത്യയുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അവതരിപ്പിച്ചത് ലോകവ്യാപകമായ ശ്രദ്ധ നേടുകയുണ്ടായി.
സൗദി അറേബ്യയുടെ പരമോന്നത ബഹുമതി ഉള്‍പ്പെടെ അനേകം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഇതിനിടെ പ്രധാനമന്ത്രി മോദിയെ തേടിയെത്തിയിട്ടുണ്ട്. റഷ്യയുടെ ഉന്നത ബഹുമതി ( ഓര്‍ഡര്‍ ഓഫ് ഹോളി അപ്പോസല്‍ ആന്‍ഡ്രു ദി ഫസ്റ്റ്) പലസ്തീന്റെ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ് സ്റ്റേറ്റ് ഓഫ് പലസ്തീന്‍, അഫ്ഗാനിസ്ഥാന്റെ അമീര്‍ അമാനുള്ള ഖാന്‍ അവാര്‍ഡ്, യുഎഇ യുടെ സെയിദ് മെഡല്‍, മലിദ്വീപിന്റെ റൂള്‍ ഓഫ് നിഷാന്‍ ഇസുദീന്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. സമാധാന വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2018 ല്‍ പ്രധാനമന്ത്രിക്ക് പ്രശസ്തമായ സിയോള്‍ സമാധാന സമ്മാനവും ലഭിച്ചു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തിനുള്ള നരേന്ദ്രമോദിയുടെ ആവേശം പകര്‍ന്ന ആഹ്വാനം ഐക്യരാഷ്ട്ര സഭയില്‍ പോലും ആഴത്തിലുള്ള പ്രതികരണങ്ങള്‍ ഉളവാക്കി. ആദ്യമായി 177 രാജ്യങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രമേയം പാസാക്കി.
ഗുജറാത്തിലെ ഒരു ചെറു പട്ടണത്തില്‍ 1950 സെപ്റ്റംബര്‍ 17 നാണ് ശ്രീ മോദിയുടെ ജനനം. സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗത്തില്‍ ഇതര പിന്നാക്ക സമുദായത്തില്‍ പെട്ടതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഒരു രൂപ പോലും സമ്പാദ്യമായി ഇല്ലാത്ത പാവപ്പെട്ട വീട്ടിലാണ് അദ്ദേഹം വളര്‍ന്നതെങ്കിലും, ആ വീടു നിറയെ സ്‌നേഹമുണ്ടായിരുന്നു. ജീവിതത്തിന്റെ ആദ്യ ഘട്ടം യാതനകള്‍ നിറഞ്ഞതായിരുന്നു. പക്ഷെ അതില്‍ നിന്ന് അദ്ദേഹം കഠിനാധ്വാനത്തിന്റെ മഹത്വം പഠിച്ചു. ഒപ്പം സാധാരണക്കാരുടെ പ്രയാസങ്ങള്‍ മനസിലാക്കാനും അദ്ദേഹത്തിനു സാധിച്ചു. ഈ അനുഭവങ്ങളാണ് സാധാരണക്കാരെയും രാഷ്ട്രത്തെയും സേവിക്കാന്‍ സ്വയം സമര്‍പ്പിക്കാന്‍ ചെറുപ്പത്തിലെ അദ്ദേഹത്തിന് പ്രചോദനമായത്. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനായി സമര്‍പ്പിച്ചിട്ടുള്ള രാഷ്ട്രിയ സ്വയം സേവക് സംഘത്തില്‍ അംഗമായി ആദ്യകാലത്ത് അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ഭാരതീയ ജനത പാര്‍ട്ടിയില്‍ ചേര്‍ന്ന് സംസ്ഥാന ദേശീയ തലത്തില്‍ രാഷ്ട്രിയ പ്രവര്‍ത്തകനായി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം ഇതിനിടെ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടി.
നരേന്ദ്ര മോദി ജനങ്ങളുടെ നേതാവാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ ക്ഷേമം മെച്ചപ്പെടുത്താനും സമര്‍പ്പിതമാണ് ആ ജീവിതം. ജനങ്ങള്‍ക്കൊപ്പാമായിരിക്കുക, അവരുടെ ആഹ്ലാദങ്ങള്‍ പങ്കുവയ്ക്കുക, അവരുടെ ദുഖങ്ങള്‍ ദൂരീകരിക്കുക ഇതിനപ്പുറം അദ്ദേഹത്തിന് മറ്റൊരു സംതൃപ്തിയില്ല. ഓണ്‍ലൈനില്‍ ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങള്‍ അതിശക്ത സാന്നിധ്യമാണ്. ജനങ്ങളില്‍ എത്താനും അവരെ ഉത്തേജിപ്പിക്കാനും അവരുടെ ജീവിതങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും വെബ് സൈറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇന്ത്യയുടെ ഏറ്റവും സമര്‍ത്ഥനായ ടെക്‌നോ സേവി നേതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നു. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രം, ലിങ്ടിന്‍, വെയ്‌ബൊ, സൈനണ്ട് ക്ലൗഡ് ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.
രാഷ്ട്രിയത്തിനതീതമായി നരേന്ദ്ര മോദി എഴുത്ത് ഇഷ്ടപ്പെടുന്നു. കവിത ഉള്‍പ്പെടെ നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. യോഗയോടെയാണ് അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കുക. തിരക്കുള്ള ദിനചര്യയില്‍ അത് അദ്ദേഹത്തിന്റെ ശരീരത്തെയും മനസിനെയും ശാന്തിയുടെ ഊര്‍ജ്ജം കൊണ്ടു നിറയ്ക്കുന്നു
http://www.narendramodi.in/categories/timeline
http://www.narendramodi.in/humble-beginnings-the-early-years
http://www.narendramodi.in/the-activist
http://www.narendramodi.in/organiser-par-excellence-man-with-the-midas-touch