പിഎം ഇന്ത്യ

ശ്രീമതി ഇന്ദിരാ ഗാന്ധി

ജനുവരി 24, 1966 - മാര്‍ച്ച് 24, 1977 | കോണ്‍ഗ്രസ്

ശ്രീമതി ഇന്ദിരാ ഗാന്ധി

വളരെ പ്രശസ്തമായ ഒരു കുടുംബത്തില് പണ്ഡിറ്റ് ജവഹര്ലാല് നെഹ്റുവിന്റെ മകളായി 1917 നവംബര് 19നാണ് ശ്രീമതി ഇന്ദിരാ ഗാന്ധി പിറന്നത്. ലോകോത്തര കലാലയങ്ങളായ ഇകോള് നോവെല്, ബെക്സ് (സ്വിറ്റ്സര്ലന്ഡ്), ജെനീവയിലെ ഇകോള് ഇന്റര്നാഷണല്, പുനെയിലും ബോംബെയിലുമുള്ള പ്യൂപ്പിള്സ് ഓണ് സ്കൂള്, ബ്രിസ്റ്റോളിലെ ബാഡ്മിന്റന് സ്കൂള്, വിശ്വഭാരതി, ശാന്തിനികേതന്, ഓക്സ്ഫഡ് സോമര്വില് കോളജ് എന്നിവിടങ്ങളില് അവര് വിദ്യാഭ്യാസം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏതാനും സര്വകലാശാലകള് അവര്ക്ക് ഓണററി ഡോക്ടറേറ്റ് ബിരുദങ്ങള് നല്കി. മെച്ചപ്പെട്ട പഠനനിലവാരത്തിന് കൊളംബിയ സര്വകലാശാലയുടെ സൈറ്റേഷന് ഓഫ് ഡിസ്റ്റിംക്ഷനും ലഭിച്ചു. സ്വാതന്ത്ര്യ സമരത്തില് അവര് സജീവമായി പങ്കെടുത്തിരുന്നു. കുട്ടിയായിരിക്കെ ‘ബാല് ചര്ക്ക സംഘും’ 1930ല് നിസ്സഹകരണ പ്രസ്ഥാനത്തില് കോണ്ഗ്രസിനു സഹായമേകാന് കുട്ടികളുടെ ‘വാനരസേന’യും രൂപീകരിച്ചു. 1942ല് അവര് അറസ്റ്റ് ചെയ്യപ്പെട്ടു. ഡെല്ഹിയില് 1947ല് കലാപമുണ്ടായ സ്ഥലങ്ങളില് സമാധാനത്തിന്റെ സന്ദേശവുമായി പ്രവര്ത്തനം നടത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ മേല്നോട്ടത്തിലായിരുന്നു പ്രവര്ത്തനം.

1942 മാര്ച്ച് 26ന് ഫിറോസ് ഗാന്ധിയുമായുള്ള വിവാഹം നടന്നു. രണ്ടു മക്കളാണ് അവര്ക്കുള്ളത്. 1955ല് ശ്രീമതി ഗാന്ധി കോണ്ഗ്രസ് പ്രവര്ത്തകസമിതിയംഗവും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയംഗവുമായി. എ.ഐ.സി.സിയുടെ ദേശീയോദ്ഗ്രഥന കൗണ്സില് ചെയര്പേഴ്സണ്, ഓള് ഇന്ത്യ യൂത്ത് കോഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള് വഹിച്ചിട്ടുണ്ട്. 1959 മുതല് 1960 വരെയും പിന്നീട് 1978 ജനുവരി മുതലും അവര് ഇന്ത്യന് നാഷണല് കോണ്ഗ്രസ് പ്രസിഡന്റായിരുന്നു.

1964 മുതല് 1966 വരെ വാര്ത്താവിതരണ, പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്നു. 1966 ജനുവരി മുതല് 1977 മാര്ച്ച് വരെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. 1967 സെപ്റ്റംബര് മുതല് 1977 മാര്ച്ച് വരെ ആണവോര്ജ വകുപ്പു മന്ത്രികൂടിയായിരുന്നു അവര്. 1967 സെപ്റ്റംബര് അഞ്ചു മുതല് 1969 ഫെബ്രുവരി 14 വരെ വിദേശകാര്യ വകുപ്പിന്റെ അധികച്ചുമതല വഹിച്ചു. 1970 ജൂണ് മുതല് 1973 നവംബര് വരെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തത് ശ്രീമതി ഗാന്ധിയായിരുന്നു. 1972 ജൂണ് മുതല് 1977 മാര്ച്ച് വരെ ബഹിരാകാശവകുപ്പിന്റെ ചുമതലയും വഹിച്ചു. 1980 ജനുവരി മുതല് പ്ളാനിംങ് കമ്മീഷന് ചെയര് പേഴ്സണായി പ്രവര്ത്തിച്ചു. 1980 ജനുവരി 14ന് അവര് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

കമലാ നെഹ്റു സ്മാരക ആശുപത്രി, ഗാന്ധി സ്മാരക നിധി, കസ്തൂര്ബ ഗാന്ധി മെമ്മോറിയല് ട്രസ്റ്റ് തുടങ്ങി പല സ്ഥാപനങ്ങളും സംഘടനകളുമായി ശ്രീമതി ഗാന്ധിക്കു ബന്ധമുണ്ടായിരുന്നു. സ്വരാജ് ഭവന് ട്രസ്റ്റിന്റെ ചെയര്പേഴ്സണായിരുന്നു. ബാല് സഹയോഗ്, ബാല് ഭവന് ബോര്ഡ്, ചില്ഡ്രന്സ് നാഷണല് മ്യൂസിയം തുടങ്ങിയവയുമായി സഹകരിച്ചിട്ടുണ്ട്. അലഹബാദിലെ കമലാ നെഹ്റു വിദ്യാലയം സ്ഥാപിച്ചത് അവരാണ്. 1966-77 കാലത്ത് ജവഹര്ലാല് നെഹ്റു സര്വകലാശാല, നോര്ത്ത്-ഈസ്റ്റേണ് സര്വകലാശാല തുടങ്ങിയ വന്കിട വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ചിട്ടുണ്ട്. ഡെല്ഹി സര്വകലാശാല കോര്ട്ടംഗമായും 1960-64ല് യുനെസ്കോ എക്സിക്യൂട്ടീവ് ബോര്ഡംഗമായും 1962ല് ദേശീയ പ്രതിരോധ കൗസിലംഗമായും പ്രവര്ത്തിച്ചു. സംഗീത നാടക അക്കാദമി, നാഷണല് ഇന്റഗ്രേഷന് കൗണ്സില്, ഹിമാലയന് മൗണ്ടനീയറിംങ് ഇന്സ്റ്റിറ്റ്യൂട്ട്, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, നെഹ്റു മെമ്മോറിയല് മ്യൂസിയം ആന്ഡ് ലൈബ്രറി സൊസൈറ്റി, ജവഹര്ലാല് നെഹ്റു മെമ്മോറിയല് ഫണ്ട് തുടങ്ങിയ സംഘടനകളിലും അവര് സജീവമായിരുന്നു.

1964 ഓഗസ്റ്റില് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഗാന്ധി 1967 ഫെബ്രുവരി വരെ അംഗമായി തുടര്ന്നു. നാല്, അഞ്ച്, ആറ് ലോക്സഭകളില് അംഗമായിരുന്നു. 1980 ജനുവരിയില് നടന്ന അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില് യു.പിയിലെ റായ്ബറേലിയില്നിന്നും ആന്ധ്രാപ്രദേശിലെ മേഡക്കില്നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മേഡക്ക് നിലനിര്ത്താനും റായ്ബറേലിയിലെ അംഗത്വം ഉപേക്ഷിക്കാനുമായിരുന്നു അവരുടെ തീരുമാനം. 1967-77ലും 1980 ജനുവരിയിലും കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
ഒരു വ്യക്തിയുടെ പ്രവര്ത്തനങ്ങളും താല്പര്യങ്ങളും വേറിട്ടുനില്ക്കുന്നതല്ലെന്നു കരുതിയ അവര് ജീവിതത്തെ സമഗ്രതയോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല മേഖലകളിലും അവര് സജീവ താല്പര്യമെടുത്തിരുന്നു.

ചെറുതും വലുതുമായി എത്രയോ ബഹുമതികളാണു ശ്രീമതി ഗാന്ധിക്കു ലഭിച്ചിട്ടുള്ളത്. 1972ല് ഭാരത രത്ന, 1972ല് മെക്സിക്കന് അക്കാദമി അവാര്ഡ് ഫോര് ലിബറേഷന് ഓഫ് ബംഗ്ളാദേശ്, 1973ല് എഫ്.എ.ഒയുടെ രണ്ടാമത് വാര്ഷിക പുരസ്കാരം, 1976ല് നഗരി പ്രചാരിണി സഭയുടെ സാഹിത്യ വാചസ്പതി (ഹിന്ദി) അവാര്ഡ് എന്നിവ ലഭിച്ചു. 1953ല് യു.എസ്.എ. മദേഴ്സ് അവാര്ഡും ഇറ്റലിയുടെ ഇസല്ബെല്ല ഡി’ എസ്റ്റെ അവാര്ഡും നയതന്ത്രമികവിനു യേല് സര്വകലാശാലയുടെ ഹൗലാന്ഡ് മെമ്മോറിയല് പ്രൈസും ലഭിച്ചിട്ടുണ്ട്. 1967ലും 68ലും ഫ്രഞ്ച് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഒപ്പീനിയന് നടത്തിയ വോട്ടെടുപ്പില് ഏറ്റവും ബഹുമാനിക്കപ്പെടുന്ന സ്ത്രീയെന്ന പദവി ശ്രീമതി ഗാന്ധിക്കായിരുന്നു. 1971ല് യു.എസ്.എയില് നടത്തിയ പ്രത്യേക ഗാലപ് പോള് സര്വേയില് ലോകത്തില് ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയെന്ന പദവിക്ക് അര്ഹയായി. ജന്തുസംരക്ഷണത്തിന്, 1971ല് അര്ജന്റൈന് സൊസൈറ്റി അവര്ക്ക് ഡിപ്ളോമ ഓഫ് ഓണര് നല്കി.

‘ദ് ഇയേഴ്സ് ഓഫ് ചാലഞ്ച്’ (1966-69), ‘ദ് ഇയേഴ്സ് ഓഫ് എന്ഡവര്’ (1969-72), ‘ഇന്ത്യ’ (ലണ്ടന്- 1975), ‘ഇന്ഡ്’ (ലോസന്- 1979) എന്നീ കൃതികളും ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും ശേഖരങ്ങളും അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീമതി ഗാന്ധി ഇന്ത്യയില് മാത്രമല്ല, ലോകത്താകമാനം വളരെയധികം യാത്രകള് നടത്തിയിരുന്നു. അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ്, ഭൂട്ടാന്, ബര്മ, ചൈന, നേപ്പാള്, ശ്രീലങ്ക തുടങ്ങിയ അയല്രാജ്യങ്ങള് സന്ദര്ശിച്ചിട്ടുണ്ട്. ഫ്രാന്സ്, ജര്മന് ഡെമോക്രാറ്റിക് റിപ്പബ്ളിക്, ഫെഡറല് റിപ്പബ്ളിക് ഓഫ് ജര്മനി, ഗയാന, ഹംഗറി, ഇറാന്, ഇറാഖ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില് ഔദ്യോഗിക സന്ദര്ശനം നടത്തിയിരുന്നു. അള്ജീരിയ, അര്ജന്റീന, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്ജിയം, ബ്രസീല്, ബള്ഗേറിയ, കാനഡ, ചിലി, ചെക്കോസ്ളോവാക്യ, ബൊളീവിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലും അവര് പോയി. ഇന്തോനേഷ്യ, ജപ്പാന്, ജമൈക്ക, കെനിയ, മലേഷ്യ, മൗറീഷ്യസ്, മെക്സിക്കോ, നെതര്ലന്ഡ്സ്, ന്യസിലന്ഡ്, നൈജീരിയ, ഒമാന്, പോളണ്ട്, റോമേനിയ, സിംഗപ്പൂര്, സ്വിറ്റ്സര്ലന്ഡ്, സിറിയ, സ്വീഡന്, ടാന്സാനിയ, തായ്ലന്ഡ്, ട്രിനിഡാഡ്, ടൊബാഗോ, യു.എ.ഇ., ബ്രിട്ടന്, യു.എസ്.എ., യു.എസ്.എസ്.ആര്., ഉറുഗ്വേ, വെനസ്വേല, യുഗോസ്ലാവ്യ, സാംബിയ, സിംബാബ്വേ എന്നിവയാണ് ശ്രീമതി ഗാന്ധി സന്ദര്ശിച്ചിട്ടുള്ള മറ്റു രാഷ്ട്രങ്ങള്. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തും അവര് പോയിട്ടുണ്ട്.