പിഎം ഇന്ത്യ
ആരോഗ്യം, ഔഷധം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനായുള്ള ഇന്ത്യ-ഇറാന്‍ ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇറാന്‍ പ്രസിഡന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ 2018 ഫെബ്രുവരി 17നാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഉഭയകക്ഷിബന്ധവും മെച്ചപ്പെടുന്നതിനു സഹായകമാകും.
ഡോക്ടര്‍മാര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും പരിശീലനം നല്‍കുന്നതിനുള്ള വൈദഗ്ധ്യം കൈമാറുക, മനുഷ്യവിഭവ വികസനത്തിനും ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഹായിക്കുക, മരുന്നും വൈദ്യോപകരണങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും സംബന്ധിച്ച നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുകയും ചെയ്യുക, വൈദ്യ ഗവേഷണം സംബന്ധിച്ചും പുത്തന്‍ സാങ്കേതിക വിദ്യകള്‍ സംബന്ധിച്ചും വിജ്ഞാനാധിഷ്ഠിത മുന്നേറ്റങ്ങള്‍ സംബന്ധിച്ചുമുള്ള സഹകരണം, പൊതുജനാരോഗ്യ രംഗത്തെ സംബന്ധിച്ചും അതിജീവനശേഷിയുള്ള വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ചും രാജ്യാന്തര ആരോഗ്യം സംബന്ധിച്ചും സഹകരിക്കുക, പരസ്പരം തീരുമാനിക്കുന്നതനുസരിച്ചു സഹകരിക്കാവുന്ന മറ്റേതെങ്കിലും മേഖല എന്നീ രംഗങ്ങളിലെ സഹകരണം ഉറപ്പാക്കാനുള്ളതാണു ധാരണാപത്രം.
സഹകരണം സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിനും ധാരണാപത്രത്തിന്റെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നതിനും ഒരു പ്രവര്‍ത്തക സംഘം രൂപീകരിക്കും.