പിഎം ഇന്ത്യ
പ്രധാനമന്ത്രി – ഞാൻ ഈ വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് ഏകദേശം 12-13 വർഷമായി. ഇവിടെ ഞാൻ ആരെയെങ്കിലും പതിവായി സ്വീകരിക്കുകയോ കണ്ടുമുട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് കായികതാരങ്ങളെയാണ്. കഴിഞ്ഞ 10-12 വർഷമായി നിങ്ങളുടെ കഠിനാധ്വാനം കൊണ്ടും ഇന്ത്യയ്ക്ക് തുടർച്ചയായി വിജയങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ കൊണ്ടും വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുന്ന പാരമ്പര്യം കൊണ്ടും നിങ്ങൾ കൈവരിച്ച നേട്ടങ്ങളുണ്ട്. “കളിക്കൂ, ഇത് ചെയ്യൂ, അത് ചെയ്യൂ” എന്ന് ഞങ്ങൾ സ്കൂളുകളിൽ പോയി പറയുന്നതിനേക്കാൾ വളരെക്കൂടുതൽ പ്രചോദനം നിങ്ങളുടെ മെഡലുകൾ അവർക്ക് നൽകുന്നു.
പ്രധാനമന്ത്രി – താങ്കളുടെ രണ്ടുപെൺമക്കളെയും കായികതാരങ്ങളാക്കുമെന്ന് താങ്കൾ കഴിഞ്ഞ തവണ എനിക്ക് വാക്ക് തന്നിരുന്നില്ലേ?
കായികതാരം – അതേ സർ, അവർ ഇപ്പോഴും ചെറിയ കുട്ടികളാണ്, എന്നാൽ അടുത്ത കോമൺവെൽത്ത് ഗെയിംസിൽ ഒരു വീട്ടിൽ നിന്ന് തന്നെ മൂന്ന് മെഡലുകൾ വരും.
പ്രധാനമന്ത്രി – ഉറപ്പായും.
കായികതാരം – അതേ സർ.
കായികതാരം – ഞാൻ ഓർക്കുന്നു, എന്റെ മത്സരം 29-നായിരുന്നു, അന്ന് ഗുരുപൂർണ്ണിമയായിരുന്നു. അതുകൊണ്ട് അന്ന് ഞാൻ എന്റെ ഗുരുവിന് ഒരു സമ്മാനം നൽകി.
പ്രധാനമന്ത്രി – താങ്കൾ വലിയ ബഹുമതി നേടിത്തന്നിരിക്കുന്നു. അന്ന് താങ്കളുടെ കണ്ണിൽ നിന്നും വളരെ അധികം കണ്ണുനീർ തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു, ആ കണ്ണീർ തുള്ളികളോരോന്നും സ്വർണ്ണമെഡലായി മാറുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
കായികതാരം – എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു, അന്ന് വളരെ വികാരഭരിതയുമായിരുന്നു. സന്തോഷമായിരുന്നു കൂടുതൽ, കൂടാതെ പാരീസ് ഒളിമ്പിക്സിൽ 1 കിലോഗ്രാമിന് എനിക്ക് മെഡൽ നഷ്ടപ്പെട്ടതുകൊണ്ടാണ് ഞാൻ കരഞ്ഞത്. ഒരു കായികതാരത്തിന്റെ ജീവിതത്തിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ നേരിടുന്നുണ്ട്. ഈ നാല് വർഷത്തിനിടയിൽ ഞാൻ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു – എപ്പോഴും പരിക്കുകൾ, കുടുംബ പ്രശ്നങ്ങൾ, എല്ലാം. ആ നാല് വർഷങ്ങളെ നേരിടുക എന്നത് വളരെ പ്രയാസകരമായിരുന്നു. സർ, ഞാൻ പോഡിയത്തിൽ നിൽക്കുകയും നമ്മുടെ പതാക ഉയരുകയും നമ്മുടെ ദേശീയ ഗാനം മുഴങ്ങുകയും ചെയ്തപ്പോൾ, സർ, ഞങ്ങൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല, കണ്ണീർ വന്നുപോയി.
പ്രധാനമന്ത്രി – വളരെ, വളരെ നന്നായിട്ടുണ്ട്.
പ്രധാനമന്ത്രി – ഈ നേട്ടം ഞാൻ താങ്കളുടേത് മാത്രമായി കാണുന്നില്ല. ഈ വിജയം വരാനിരിക്കുന്ന തലമുറകൾക്ക് വലിയൊരു പ്രചോദനമായി മാറും.
കായികതാരം – എല്ലാവർക്കും നമ്മളെ പേടിയായിരുന്നു, ഇന്ത്യയോട് പോരാടിയാൽ ആദ്യ പോരാട്ടത്തിൽ തന്നെ തോൽക്കുമെന്നും മെഡൽ കിട്ടില്ലെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി – അപ്പോൾ അവർ അങ്ങനെ ഉറപ്പിച്ചു.
കായികതാരം – അതേ സർ.
പ്രധാനമന്ത്രി – എന്താണ് സംഭവിച്ചത്, താങ്കൾ റസ്റ്റോറന്റിലുള്ളവരുമായി വഴക്കിടുകയായിരുന്നോ?
കായികതാരം – ഞങ്ങളുടേത് വളരെ മികച്ച പ്രകടനങ്ങളായിരുന്നു, അത് അവസാനത്തെ ദിവസമായിരുന്നു, എല്ലാവരും വിജയിച്ചിരുന്നു, അവിടെയെല്ലാം ഇന്ത്യക്കാരുമുണ്ടായിരുന്നു. അന്ന് എനിക്ക് അല്പം വിഷമം തോന്നി. അതുകൊണ്ട് ഞാൻ അവരോട് മാന്യമായി സംസാരിച്ചു, അഭ്യർത്ഥിച്ചു, അങ്ങനെ അവർ സമ്മതിക്കുകയും അത് മാറ്റുകയും ചെയ്തു.
പ്രധാനമന്ത്രി – ഈ വിജയത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റെയും അന്തരീക്ഷം, താങ്കളുടെ സഹതാരങ്ങൾക്കൊപ്പം, മത്സരങ്ങൾ കഴിയുമ്പോൾ ചിരിയുടെയും കളിയുടെയും ഒരു മാനസികാവസ്ഥ – അങ്ങനെയൊരു സമയത്ത് ഭൂപടത്തിലേക്ക് നോക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുക, അതോടൊപ്പം മെഡലുകൾ നൽകുമ്പോൾ മാത്രമല്ല രാജ്യം എഴുന്നേറ്റുനിൽക്കുന്നത്, മറിച്ച് ഉള്ളിന്റെയുള്ളിൽ നിന്ന് തന്നെ രാജ്യം അത് അനുഭവിക്കുകയാണ്. ഞാൻ സത്യസന്ധമായി പറയട്ടെ, ഈ വീഡിയോ ഒരു സാധാരണ ഒന്നല്ല. ആളുകൾ ഇത് വളരെക്കാലം ഓർമ്മിക്കും. ലോകമെമ്പാടുമുള്ള ബോക്സർമാർ പോലും ഇപ്പോൾ താങ്കളെ ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു.
കായികതാരം – തീർച്ചയായും സർ, എല്ലാവരും പേടിച്ചിരുന്നു. ഒന്നൊഴിയാതെ സ്വർണ്ണമെഡലുകൾ വന്നുകൊണ്ടിരുന്നു, ഒടുവിൽ അതൊരു ഒഴുക്കായിരുന്നു. ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും തുടർച്ചയായ മത്സരങ്ങളും വലിയൊരു കാര്യമാണ്. ഞങ്ങളുടെ എല്ലാ യുവ കായികതാരങ്ങളും, അവരിൽ പലരും ‘ഖേലോ ഇന്ത്യ’ പദ്ധതിയിലൂടെ വന്നവരാണ്, ഇത് കായികരംഗത്ത് തന്നെ വലിയൊരു മാറ്റമാണ് കൊണ്ടുവരുന്നത്.
പ്രധാനമന്ത്രി – ഖേലോ ഇന്ത്യയുടെ അന്തസ്സ് ഉയർത്തുകയാണെങ്കിൽ, റിബൺ മുറിച്ചതുകൊണ്ട് മാത്രം (പരിപാടിക്ക് തുടക്കം കുറിച്ചത് കൊണ്ട് മാത്രം) ആ അന്തസ്സ് വരില്ല. ഒരു ചെറിയ വിദ്യാർത്ഥി, ഒരു ചെറിയ കുട്ടി, ഒരു യുവ കായികതാരം കളിക്കുന്നത് പോലെ നിങ്ങൾ കളിക്കണം. ഇതൊരു വലിയ സംഭാവനയായിരിക്കും. കാരണം നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്, കൂടുതൽ മെഡലുകൾ കൊണ്ടുവരാനുണ്ട്. കാർഗിൽ വിജയ് ദിവസിൽ, ആരുടേതായിരുന്നു ആ വിജയം?
കായികതാരം – അന്ന് കാർഗിൽ ദിനമായിരുന്നു, ഞാൻ പാകിസ്ഥാനോട് പോരാടിയ ദിവസവും അന്ന് തന്നെയായിരുന്നു. ഞാൻ ഇന്ത്യൻ ആർമിയിൽ നിന്നുള്ളയാളാണ്, അതിനാൽ പാകിസ്ഥാനെ പരാജയപ്പെടുത്തണമെന്ന് ഞാൻ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ഞാൻ പാകിസ്ഥാനെ 5-0 ന് തോല്പിക്കുകയും ചെയ്തു. ആ വിജയം ഞങ്ങളുടെ ഇന്ത്യൻ ആർമിയിലെ കാർഗിൽ വീരന്മാർക്ക് ഞാൻ സമർപ്പിച്ചു.
പ്രധാനമന്ത്രി – താങ്കൾ ഇത് ഓർമ്മിക്കേണ്ടതുണ്ട്. താങ്കൾ സൈന്യത്തിൽ നിന്നുള്ള ആളായത് കൊണ്ടുതന്നെ, താങ്കളുടെ മെഡൽ കാർഗിൽ വിജയികൾക്ക് സമർപ്പിച്ചുകൊണ്ട് പ്രകടിപ്പിച്ച വികാരം ആ വിജയത്തിന്റെ മാറ്റുകൂട്ടിയെന്ന് ഞാൻ വിശ്വസിക്കുന്നു. പരാജയപ്പെടുത്തേണ്ടയാളെ തന്നെ താങ്കൾ പരാജയപ്പെടുത്തുകയും ചെയ്തു.
കായികതാരം – പാകിസ്ഥാനെ കുറിച്ച് സംസാരിക്കുമ്പോൾ എനിക്കൊരു സംഭവം ഓർമ്മവരുന്നു, സർ. 2015-ലെ വേൾഡ് മിലിട്ടറി ഗെയിംസിൽ എന്റെ ആദ്യ പോരാട്ടം പാകിസ്ഥാനെതിരെയായിരുന്നു. മിലിട്ടറിയിലുള്ളവർ വിളിച്ച് “പാകിസ്ഥാനോട് തോൽക്കരുത്” എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ആദ്യ റൗണ്ട് 4-1 നും രണ്ടാം റൗണ്ട് 3-2 നും ജയിച്ചു. എന്നാൽ ഞങ്ങളുടെ ഇരുവരുടെയും തലകൾ തമ്മിലിടിച്ച്, രണ്ടുപേർക്കും മുറിവേറ്റു, തുന്നൽ ഇടാൻ രണ്ടുപേരും ആശുപത്രിയിൽ പോയി. എങ്കിലും ആ പോരാട്ടത്തിൽ ഞാൻ വിജയിച്ചു.
പ്രധാനമന്ത്രി – അതേ.
കായികതാരം – അതിനുശേഷം രണ്ടുപേരും തുന്നൽ ഇടാൻ ആശുപത്രിയിൽ പോയി. പിന്നീട് 2014-ൽ സാർ, താങ്കൾ ആദ്യമായി പ്രധാനമന്ത്രിയായപ്പോൾ ഞങ്ങളുടെ ആർമി കോച്ച് നരേന്ദ്ര റാണയായിരുന്നു. അദ്ദേഹം കുറച്ചുനേരം ആലോചിച്ച ശേഷം എന്നോട് പറഞ്ഞു, “സഹോദരാ, ഞാൻ ഒരു കാര്യം പറയട്ടെ?” ഞാൻ ശരിയെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു, “സഹോദരാ, നിന്റെ പേര് നരേന്ദ്ര, നിന്റെ കോച്ചിന്റെ പേര് നരേന്ദ്ര, നിന്റെ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര. എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പ് തോന്നിത്തുടങ്ങി.”
പ്രധാനമന്ത്രി – താങ്കൾ മെഡലുകളുടെ എണ്ണം വർധിപ്പിച്ചുവെന്ന് മാത്രമല്ല. താങ്കൾ ഒരു തലമുറയെ മുഴുവൻ സജ്ജമാക്കിയിരിക്കുകയാണ്.
കായികതാരം – എന്റെ ഹൃദയം വേഗത്തിൽ മിടിക്കുന്നു, സർ.
പ്രധാനമന്ത്രി – വിഷമിക്കേണ്ട.
കായികതാരം – പക്ഷേ…
പ്രധാനമന്ത്രി – താങ്കൾക്ക് വേണമെങ്കിൽ സംസാരിക്കുന്നതിനും ഒരു മെഡൽ ലഭിക്കും.
കായികതാരം – എന്റെ കൂട്ടുകാരുടെ ഇടയിൽ, ഞാൻ അവരുടെ നല്ലതിനായി എന്തെങ്കിലും ഉപദേശിക്കുമ്പോൾ, “നീ മോദിയെ കാണാൻ പോവുകയാണോ?” എന്ന് അവർ ചോദിക്കാറുണ്ടായിരുന്നു.
പ്രധാനമന്ത്രി – അതേ.
കായികതാരം – ഹരിയാൻവിയിൽ അവർ ചോദിക്കും, “നിന്റെ കഥ കേൾപ്പിക്കാൻ നീ മോദിയെ കാണാൻ പോവുകയാണോ?” അതെ, ഇന്ന് ഞാൻ താങ്കളെ കണ്ടുമുട്ടിയിരിക്കുന്നു, സർ. അതെ, ഞാൻ മോദിജിയെ കണ്ടു എന്ന് എനിക്ക് ഇനി അവരോട് പറയാം.
കായികതാരം – കോമൺവെൽത്ത് ഗെയിംസിൽ ഞാൻ വെള്ളി മെഡൽ നേടിയിരുന്നു. അന്ന് ഞാൻ സർ (പ്രധാനമന്ത്രി) ആണ് ഇതിന് കാരണക്കാരൻ എന്ന് പറഞ്ഞു. ഒരിക്കലെങ്കിലും മെഡൽ നേടണമെന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാൽ പരിശീലന കേന്ദ്രമൊന്നും ഉണ്ടായിരുന്നില്ല. SAIയിൽ ചേർന്നതിന് ശേഷം ഞാൻ കഠിനാധ്വാനം ചെയ്യുകയും മെഡൽ നേടുകയും ചെയ്തു. അതിനാൽ സന്തോഷത്തോടെ ഞാൻ അതിന്റെ ക്രെഡിറ്റ് സാറിന് നൽകി, കാരണം എന്റെ പ്രകടനത്തിൽ വലിയ പുരോഗതിയുണ്ടായി.
പ്രധാനമന്ത്രി – എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ആദരവിന്റെ കാര്യമാണ്. താങ്കൾ കഠിനാധ്വാനം ചെയ്തു, ഒപ്പം എന്നെ ഓർക്കുകയും ചെയ്തു. ഞാൻ വളരെ നന്ദിയുള്ളവനാണ്, എന്റെ സുഹൃത്തേ.
പ്രധാനമന്ത്രി – താങ്കൾ വാരാണസിയിലല്ലേ പരിശീലനം നടത്തിയിരുന്നത്?
കായികതാരം – അതേ സർ.
പ്രധാനമന്ത്രി – സ്റ്റേഡിയം എങ്ങനെയുണ്ട്?
കായികതാരം – സർ, അത് നല്ലതാണ്. ഞാൻ 10-12 ദിവസത്തെ പരിശീലനത്തിനായി അവിടെ പോയിരുന്നു, ക്ഷേത്രത്തിൽ പോയതിനാൽ അവിടെ വച്ച് തന്നെയാണ് പരിശീലിച്ചതും. എനിക്ക് അവിടെ സ്ഥിരതാമസമാക്കാനും ആഗ്രഹമുണ്ട്, കാരണം കാശി വിശ്വനാഥനെ എനിക്ക് വളരെ ഇഷ്ടമാണ്, സർ.
പ്രധാനമന്ത്രി – താങ്കൾ ഭോപ്പാലിലല്ലേ പരിശീലനം നടത്തിയിരുന്നത്?
കായികതാരം – അതേ സർ.
പ്രധാനമന്ത്രി – താങ്കൾ ഉജ്ജയിനിയിൽ പോയിരുന്നോ?
കായികതാരം – അതേ സർ, ഞാൻ ഉജ്ജയിനിയിലും പോയിരുന്നു.
പ്രധാനമന്ത്രി – കൊള്ളാം, മഹാകാളിയുടെ അടുത്തും.
കായികതാരം – അതേ സർ.
പ്രധാനമന്ത്രി – താങ്കൾ കാശി വിശ്വനാഥന്റെ അടുത്തും ഒരിക്കൽ പോയിരുന്നു.
കായികതാരം – അതേ സർ.
പ്രധാനമന്ത്രി – ഇപ്പോൾ ശ്രാവണ മാസമാണല്ലോ.
കായികതാരം – ഞാൻ വീട്ടിൽ പോയ ശേഷം അവിടെ പോകും, സർ.
പ്രധാനമന്ത്രി – ശരി.
കായികതാരം – SAI എന്നെയും ഒരുപാട് പിന്തുണച്ചിട്ടുണ്ട്, സർ. അതുകൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്. 2018-ലെ ആദ്യത്തെ ‘ഖേലോ ഇന്ത്യ’ പദ്ധതിയിലും ഞാൻ ഉണ്ടായിരുന്നു. അവിടെ ഞാൻ വെള്ളി മെഡൽ നേടി. ഉദ്ഘാടന ചടങ്ങിൽ ഞാൻ താങ്കളെ കണ്ടിരുന്നു. അവിടെ മെഡൽ നേടുകയും പദ്ധതിയുടെ ഭാഗമാവുകയും ചെയ്തതോടെയാണ് ഞാൻ ഇവിടെയെത്തിയത്, സർ.
പ്രധാനമന്ത്രി – കായികപരമായ ക്രമീകരണങ്ങൾ ഒരു കാര്യമാണ്, എന്നാൽ രാജ്യത്ത് ഒരു കായിക സംസ്കാരം രൂപപ്പെടുമ്പോഴാണ് രാജ്യം മെഡലുകൾ നേടുന്നത്. കൂട്ടുകാരെ, നിങ്ങൾ മികച്ച ഒരു ജോലിയാണ് ചെയ്തത്. നിങ്ങൾ രാജ്യത്തിന് അഭിമാനമേകി. ഞാൻ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു. എന്നെ വിശ്വസിക്കൂ, ഭാവിയിലും നിങ്ങൾ വിജയികളാകും, വീണ്ടും നമ്മൾ ഇവിടെ കണ്ടുമുട്ടും. വളരെ നന്ദി. ആശംസകൾ.
പ്രധാനമന്ത്രി – ഇത് തുടർച്ചയായ മൂന്നാം തവണയാണ് താങ്കൾ രാജ്യത്തിനായി മെഡൽ കൊണ്ടുവരുന്നത്.
കായികതാരം – നന്ദി സർ.
പ്രധാനമന്ത്രി – ഒരുപാട് അനുഗ്രഹങ്ങൾ, കുട്ടീ.
കായികതാരം – വളരെ നന്ദി. സാറിന്റെ കയ്യിൽ നിന്നാണ് ഞാൻ ലഡ്ഡു കഴിക്കുന്നത്. ഇന്നലെ എന്റെ ജന്മദിനമായിരുന്നു, അതിനാൽ ഇന്ന് സാറിന്റെ കയ്യിൽ നിന്ന് തന്നെ…
പ്രധാനമന്ത്രി – അഭിനന്ദനങ്ങൾ, വളരെ നന്നായി.
പ്രധാനമന്ത്രി – ചിരിക്കൂ, സുഹൃത്തേ.
പ്രധാനമന്ത്രി – ആര് കളിക്കുന്നുവോ, അവർ ശോഭിക്കും (ജോ ഖേലേഗാ, വോ ഖിലേഗാ).
നിരാകരണം – പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
***
NK