Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയ്ക്കും നേപ്പാളിനുമിടയില്‍ ലഹരി കടത്ത് തടയുന്നതിനുള്ള ധാരണാപത്രത്തിന് അനുമതി


ലഹരി മരുന്നുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, ഇതിനായി ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് തടയുക, ലഹരി മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇന്ത്യയും നേപ്പാളും തമ്മില്‍ ധാരണയില്‍ ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കേണ്ട മേഖലകള്‍ ധാരണാപത്രത്തില്‍ വ്യക്തമാക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികള്‍ തമ്മില്‍ കൈമാറുന്നതിനുള്ള സംവിധാനവും ധാരണാപത്രത്തിലുള്‍പ്പെടും. ലഹരി വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മയക്ക് മരുന്നുകള്‍, ലഹരി വസ്തുക്കള്‍ ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ മുതലായവയുടെ കള്ളക്കടത്ത് നിയന്ത്രിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബോധവല്‍ക്കരണം, വിദ്യാഭ്യാസം, സാമൂഹിക പരിപാടികള്‍, ചികിത്സ, പുനരധിവാസം എന്നിയിലൂടെ മയക്ക് മരുന്നുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, അവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാങ്കേതികമായവ ഉള്‍പ്പെടെയുള്ള വിവരങ്ങളുടെ കൈമാറ്റം, കള്ളക്കടത്ത് തടയുന്നതിന് നിലവിലുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍ നടപടിക്രമങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവ സംബന്ധിച്ചും, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി ആവശ്യമെങ്കില്‍ അവയെകുറിച്ചുമുള്ള വിവരങ്ങള്‍ പരസ്പരം കൈമാറണം.

പശ്ചാത്തലം

ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഗോള ശ്രമങ്ങളെ ഇന്ത്യ എന്നും പിന്‍തുണയ്ക്കുകയും ഇതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടേതടക്കമുള്ള നിരവധി ഉഭയകക്ഷി, ബഹുകക്ഷി സംരംഭങ്ങളില്‍ പങ്കാളിയുമാണ്. ലഹരി മരുന്നുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര ഉടമ്പടിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് കൊണ്ട് അയല്‍ രാജ്യങ്ങളുമായി ഇത്തരം ഉഭയകക്ഷി ഉടമ്പടികള്‍ / ധാരണകള്‍
എന്നിവയിലേര്‍പ്പെടാനുള്ള ശ്രമമാണ്. നിരവധി രാജ്യങ്ങളുമായി ഇത്തരത്തിലുള്ള ഉടമ്പടികള്‍ / ധാരണകള്‍ ഒപ്പിട്ട് കഴിഞ്ഞു. നേപ്പാളുമായി ലഹരി വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണത്തിനുള്ള മറ്റൊരെണ്ണമാണ് നിര്‍ദ്ദിഷ്ട ഉഭയകക്ഷി ധാരണാപത്രം.