പിഎം ഇന്ത്യ
ആദരണീയായ പ്രധാനമന്ത്രി തകായ്ച്ചി, എന്റെ ഇളയ സഹോദരി,
നമ്മുടെ ഇരു രാജ്യങ്ങളിലെയും ബിസിനസ് രംഗത്തെ പ്രമുഖരേ,
നമസ്കാരം,
കൊനിച്ചിവാ.
ഇന്ത്യ–ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തിൽ നിങ്ങളോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഇവിടെ പ്രതിനിധീകരിക്കുന്ന നിരവധി കമ്പനികൾ പതിറ്റാണ്ടുകളായി ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നു. ചില കമ്പനികൾ ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയുടെ വികസനയാത്രയുടെ ഭാഗമാണ്.
ഈ ഫോറത്തിന്റെ ഭാഗമാകുന്ന നമ്മുടെ പുതിയ പങ്കാളികൾക്കും, ഇന്ത്യ–ജപ്പാൻ വിജയഗാഥയുടെ ഭാഗമാകുന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യ–ജപ്പാൻ ബന്ധം യഥാർത്ഥത്തിൽ വളരെ സവിശേഷമാണ്.
നമ്മുടെ സാമ്പത്തിക പങ്കാളിത്തത്തിന്റെ വിജയത്തിന് അനേകം മികച്ച ഉദാഹരണങ്ങളുണ്ട്.
അൽപസമയം മുൻപ് ഹരിയാനയിലെ ഖർഖോഡയിൽ മാരുതി സുസുക്കിയുടെ പുതിയ നിർമാണശാല നമ്മൾ ഉദ്ഘാടനം ചെയ്തു. ഇന്ന് ലോകമെമ്പാടുമുള്ള സുസുക്കി കാറുകളിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യയിൽ നിർമിക്കപ്പെടുകയും 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയും ചെയ്യുന്നു.
പ്രധാനമന്ത്രി തകായ്ച്ചി, മോട്ടോർസൈക്കിളുകളോട് താങ്കൾക്ക് ഏറെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന കവാസാക്കി, യമഹ, ഹോണ്ട എന്നീ കമ്പനികളുടെ മോട്ടോർസൈക്കിളുകൾ ഇന്ന് ലോകമെമ്പാടുമുള്ള വിപണികളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
അതുപോലെ തന്നെ, എയർ കണ്ടീഷണറുകളായാലും, വൈദ്യുതി ഗ്രിഡ് ഉപകരണങ്ങളായാലും, കൃത്യതയാർന്ന നിർമാണ സാങ്കേതികവിദ്യയായാലും, മെഡിക്കൽ സാങ്കേതികവിദ്യയായാലും, ജപ്പാന്റെ വൈദഗ്ധ്യവും നിക്ഷേപവും ഇന്ത്യയുടെ വേഗതയുമായും വ്യാപ്തിയുമായും കൈകോർക്കുമ്പോൾ ലോകം മുഴുവൻ അതിന്റെ പ്രയോജനം നേടുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ആഗോള സമ്പദ്‌വ്യവസ്ഥ വിതരണ ശൃംഖലയിലെ തടസ്സങ്ങളും, വ്യാപാര മേഖലയിലെ അനിശ്ചിതത്വവും, ആഗോള ആവശ്യകതയിലെ മാന്ദ്യവും നേരിടുകയാണ്.
എന്നാൽ ഒരു ചൊല്ലുണ്ട്:
“When the going gets tough, the tough get going.”
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സുപ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.7 ശതമാനം ജിഡിപി വളർച്ച കൈവരിച്ചു.
അതുമാത്രമല്ല, കഴിഞ്ഞ പന്ത്രണ്ടു വർഷമായി തുടർച്ചയായ മെച്ചപ്പെടുത്തൽ എന്ന തത്വമായ കൈസൻ (Kaizen) സ്വീകരിച്ചുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക ഡിഎൻഎയെ തന്നെ നാം പരിവർത്തനം ചെയ്തു.
ഏതാനും മാസങ്ങൾക്കു മുമ്പ് നികുതി, ഭരണനിർവഹണം, ബിസിനസ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയിൽ പുതു തലമുറ പരിഷ്‌കാരങ്ങൾ ഞങ്ങൾ അവതരിപ്പിച്ചു.
സമ്പദ്‌വ്യവസ്ഥയിലെ എല്ലാ മേഖലകളിലും സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പങ്കാളിത്തത്തിനുള്ള അവസരങ്ങൾ നാം തുറന്നുകൊടുക്കുകയാണ്.
അതോടൊപ്പം തന്നെ, നിരവധി പ്രധാന മേഖലകളിൽ പ്രോത്സാഹനങ്ങളും നൽകുകയാണ്. ഇത് നിങ്ങൾക്കൊക്കെയും പ്രയോജനപ്പെടുത്താവുന്ന അവസരങ്ങൾ സൃഷ്ടിക്കുന്നു.
അതുകൊണ്ടുതന്നെയാണ്, ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ (JBIC) നടത്തിയ സർവേയിൽ തുടർച്ചയായ നാലാം വർഷവും ജാപ്പനീസ് ബിസിനസുകൾക്ക് ഏറ്റവും പ്രതീക്ഷ നൽകുന്ന ലക്ഷ്യസ്ഥാനമായി ഇന്ത്യയെ തെരഞ്ഞെടുത്തത്.
ഇന്ന് നിങ്ങളുമായി ഒരു പുതിയ സംരംഭവും പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക ജപ്പാൻ ബിസിനസ് വീക്ക് സംഘടിപ്പിക്കും. ഈ സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും, നിങ്ങളുടെ ആശങ്കകൾ കേൾക്കുകയും, ഇന്ത്യയിൽ ജാപ്പനീസ് നിക്ഷേപവും പങ്കാളിത്തവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് ചെയ്യുന്നതിനുള്ള സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി വിശദമായ ചർച്ചകൾ നടത്തുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഇന്ന് പ്രധാനമന്ത്രി തകായ്ച്ചിയും ഞാനും നമ്മുടെ പങ്കാളിത്തത്തെ കൂടുതൽ സജീവവും ആഴമേറിയതുമാക്കാൻ തീരുമാനിച്ചു.
സാമ്പത്തിക സുരക്ഷ, നിർമ്മിത ബുദ്ധി, പ്രതിരോധം, ആരോഗ്യരംഗം തുടങ്ങി നിരവധി മേഖലകളിൽ നാം കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. ഇത് നമ്മുടെ പങ്കാളിത്തത്തെ ഭാവിയെ ലക്ഷ്യമിട്ടതും, അനന്തസാധ്യതകളുള്ളതുമായിരിക്കും.
നമ്മുടെ ഇരു ഗവൺമെന്റുകൾക്കുമിടയിൽ തന്ത്രപരമായ ഏകോപനവും, പരസ്പര വിശ്വാസവും, എല്ലാത്തിനുമുപരിയായി വ്യക്തതയുമുണ്ട്.
ഈ സംയുക്ത ദർശനത്തെ വ്യക്തമായ ഫലങ്ങളാക്കി മാറ്റേണ്ട ഉത്തരവാദിത്വം ഇനി നിങ്ങളുടേതാണ്.
സുഹൃത്തുക്കളേ,
അടുത്ത ഒരു ദശകത്തിനുള്ളിൽ ഇന്ത്യയിലെ ജാപ്പനീസ് നിക്ഷേപം 10 ട്രില്യൺ യെൻ എന്ന ലക്ഷ്യം കൈവരിക്കുക മാത്രമല്ല, അതിനെ മറികടക്കുകയും വേണമെന്ന് നിങ്ങൾ ഉറപ്പാക്കണം.
അതോടൊപ്പം, അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും നാം ശ്രമിക്കണം.
സുഹൃത്തുക്കളേ,
ഒരു ലക്ഷ്യം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ജപ്പാന്റെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വിപണി സാധ്യതകളും ഒന്നിച്ചുചേർന്ന് സെമികണ്ടക്ടറുകൾ, ഔഷധനിർമാണം, നിർണായക ധാതുക്കൾ എന്നിവയുടെ മേഖലകളിൽ ലോകത്തിന് ശക്തമായ വിതരണ ശൃംഖലകൾ ഒരുക്കുന്ന ഒരു ലോകമാണ് ഞാൻ സ്വപ്നം കാണുന്നത്.
ജപ്പാന്റെ മൂലധനവും ഇന്ത്യയുടെ അഭിലാഷവും കൈകോർത്ത് കപ്പൽനിർമാണം, മൊബിലിറ്റി, സംശുദ്ധ ഊർജം എന്നീ മേഖലകളിൽ പുതിയ ആഗോള നേതൃത്വം സൃഷ്ടിക്കുന്ന ഒരു ലോകം.
ഇന്ത്യയുടെയും ജപ്പാന്റെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ നിർമ്മിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, ബയോടെക്നോളജി എന്നീ മേഖലകളിൽ ലോകത്തിന്റെ അടുത്ത തലമുറ പരിഹാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു ലോകം.
ബഹിരാകാശ-പ്രതിരോധ മേഖലകളിലെ അഭൂതപൂർവമായ സഹകരണം ആഗോള സുരക്ഷയ്ക്ക് കൂടുതൽ ശക്തമായ സംഭാവന നൽകുന്ന ഒരു ലോകം.
സുഹൃത്തുക്കളേ,
വിശ്വാസത്തിലും പ്രത്യാശയിലും അധിഷ്ഠിതമായ ഈ പങ്കാളിത്തത്തിലൂടെ പരസ്പര വളർച്ചയ്ക്കും ആഗോള നന്മയ്ക്കും നമുക്ക് ഒരുമിച്ച് വഴിയൊരുക്കാം.
ടൊയോട്ട പറയുന്നതുപോലെ,
“Let’s go places.”
വളരെയധികം നന്ദി.
ഡിസ്ക്ലൈമർ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ മലയാളം പരിഭാഷയാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
***
NK
My remarks during the India-Japan Joint Economic Forum. https://t.co/dhFvUo0YET
— Narendra Modi (@narendramodi) July 2, 2026
भारत-जापान संबंध वाकई बहुत special हैं।
— PMO India (@PMOIndia) July 2, 2026
हमारी economic partnership की सफलता के कई उज्ज्वल उदाहरण हैं: PM @narendramodi
जब जापान की expertise और investment भारत के speed और scale के साथ जुड़ती है, तो पूरी दुनिया को फायदा होता है: PM @narendramodi
— PMO India (@PMOIndia) July 2, 2026
आज प्राइम मिनिस्टर ताकाइची और मैंने अपनी साझेदारी को और भी गतिशील और गहरा करने का निर्णय लिया।
— PMO India (@PMOIndia) July 2, 2026
हमने economic security, AI, defence, health जैसे कई विषयों पर agreement किए, जिससे यह partnership futuristic और limitless बन जाएगी: PM @narendramodi
Addressed the India-Japan Joint Economic Forum along with Prime Minister Sanae Takaichi. It was gladdening to interact with business leaders from both countries, whose enterprise and innovation continue to add new momentum to the India-Japan economic partnership.… pic.twitter.com/hGXrYcDBw7
— Narendra Modi (@narendramodi) July 2, 2026