Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തര്‍ പ്രദേശിലെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ


മഹതീ മഹാന്മാരെ,
ഇത് ആണ്ടുവട്ടത്തിലെ ശിവഭഗവാന്റെ പ്രിയപ്പെട്ട മാസമാണ്, അതായത് ശ്രാവണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശിവഭക്തര്‍ അവരുടെ കാവടികളുമായി പുറപ്പെട്ടു കഴിഞ്ഞു. രാജ്യത്ത് ദീപാവലിയോടെ സമാപിക്കുന്ന ഉത്സവകാലത്തിന്റെ ആരംഭമാണിത്. 
സുഹൃത്തുക്കളെ,
ഉത്സവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. നല്ല മഴ കൃഷിക്കും സുരക്ഷിതമായ സമ്പദ് വ്യവസ്ഥയ്ക്കും വലിയ അനുഗ്രഹമാണ്.  എന്നാല്‍ ഈ പെരുമഴ രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് വലിയ ദുരിതങ്ങളും കഷ്ടപ്പാടുകളുമാണ് വരുത്തിവയ്ക്കുന്നത്. ഓരോ സാഹചര്യങ്ങളെ കുറിച്ചും ഗവണ്‍മെന്റ് ജാഗരൂകരാണ്. ദുരന്തബാധിത മേഖലകളില്‍ ഒറ്റപ്പെട്ടുപോയ ജനങ്ങളെ രക്ഷപ്പെടുത്താന്‍ സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റും സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. 
സുഹൃത്തുക്കളെ,
സൂക്ഷ്മ സംവേദിയായ ഒരു ഗവണ്‍മെന്റാണ് നമ്മുടേത് എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ പ്രഥമ ഉത്തരവാദിത്വം രാജ്യത്തെ സാധാരണക്കാരുടെ ജീവിതം സുഗമവും പ്രശ്‌നരഹിതവുമാക്കുക എന്നതാണ്. ഇതാണ് നമ്മുടെ ഒരേ ഒരു ലക്ഷ്യം. കഴിഞ്ഞ നാലു വര്‍ഷമായി ഈ ലക്ഷ്യവുമായി നമ്മള്‍ മുന്നേറുകയാണ്. ഇന്ന് ഇവിടെ ഈ ലക്‌നൗ ഹാളില്‍ നടക്കുന്ന സമ്മേളനവും ആ ഉദ്യമത്തിന്റെ ഭാഗമാണ്. നഗര മേഖലകളിലെ ജീവിതം എല്ലാ ആധുനിക സൗകര്യങ്ങളും മോടിയുമുള്ളതാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍  ഇന്നലെ എനിക്ക് അവസരം ലഭിച്ചു. ഉത്തര്‍ പ്രദേശിലെ നഗരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുവാനും എന്റെ പാവപ്പെട്ട സഹോദരീ സഹോദരര്‍ക്കു  നിര്‍മ്മിച്ചു നല്കുന്ന ഭവനങ്ങളുടെ താക്കോല്‍ കൈമാറാനുമുള്ള അവസരവും എനിക്കു ലഭിച്ചു. ഉത്തര്‍പ്രദേശിന്റെ ഓരോ കോണിലും മാറ്റം വരുത്താനുള്ള പ്രതിജ്ഞയുമായി ഇന്നു മുതല്‍ നാം മുന്നറുകയാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
അഞ്ചു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഞാന്‍ ലക്‌നൗവില്‍ എന്റെ സംരംഭക സുഹൃത്തുക്കളുമായി ഒത്തു ചേരുന്നത്. ഫെബ്രുവരിയില്‍ യുപി നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ ഞാന്‍ ലക്‌നൗവില്‍ വന്നിരുന്നു. ഉത്തര്‍ പ്രദേശില്‍ 4.25 ലക്ഷം കോടിയുടെ ഒരു നിക്ഷേപത്തിനു അന്ന് ഉച്ചകോടിയില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞു. ആ തീരുമാനം യാഥാര്‍ത്ഥ്യമാക്കാനുള്ള  വലിയ കാല്‍വയ്പാണ് ഇന്ന് ഇവിടെ നടക്കുന്നത് എന്നതില്‍ എനിക്കു സന്തോഷമുണ്ട്. 
അറുപതിനായിരം കോടി രൂപ വലിയ ഒരു സംഖ്യയല്ല എന്ന് എന്തുകൊണ്ടാണ് സതീഷ്ജി വളരെ മടിയോടെ പറഞ്ഞത് എന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ വിനീതവും സത്യസന്ധവുമായ ശൈലി അറുപതിനായിരം കോടിയുടെ മൂല്യത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. ഞാനും വളരെക്കാലം മുഖ്യമന്ത്രിയായിരുന്ന ഒരാളാണ്. മാത്രവുമല്ല വ്യാവസായിക പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു നീങ്ങുന്ന ഒരു സംസ്ഥാനമാണ് എന്റേത്. അതുകൊണ്ട് 60000 കോടി എന്നു പറയുന്നത് ചെറിയ സംഖ്യയല്ല. അത് വന്‍ തുക തന്നെയാണ്. നിങ്ങള്‍ ഉണ്ടാക്കിയ നേട്ടത്തെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ധാരണയും ഇല്ല.!

ഇവിടെയുള്ള ഉദ്യോഗസ്ഥരെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. മൂലധന നിക്ഷേപത്തിനിടെ ഏതെല്ലാം തരം  പ്രതിസന്ധികള്‍ ഉണ്ടാകും എന്ന് എനിക്കറിയാം. വെറും ഒരു പരാതി കോടതിയില്‍ കൊടുത്താല്‍ മതി ആ പദ്ധതി രണ്ടു മൂന്നു വര്‍ഷത്തേയ്ക്ക് അനിശ്ചിതാവസ്ഥയിലാകും. പരിസ്ഥിതി പ്രവര്‍ത്തകരുടെ കൈയില്‍ കിട്ടിയാല്‍ അവര്‍ പിന്നെ അതിന്മേല്‍ കയറി ഇരിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കു കിട്ടിയാലോ സതീഷ്ജി, ഗവണ്‍മെന്റ് പിന്നെ ആ പദ്ധതി നടപ്പാക്കാന്‍ തന്നെ പേടിക്കും, കാരണം ശത്രുക്കള്‍ വളരെ ആസൂത്രിതമായ കളികള്‍ കളിക്കും. പശ്ചാത്തലം ഇങ്ങനെയായിരിക്കെ, അഞ്ചുമാസം കൊണ്ട് ഈവക പ്രതിസന്ധികള്‍ തരണം ചെയ്ത് 60000 കോടി രൂപയുടെ നിക്ഷേപം നടത്തുക എന്നത് സത്യത്തില്‍ വളരെ അസാധാരണമായ നേട്ടമാണ്. ഞാന്‍ ഇക്കാര്യങ്ങള്‍ എല്ലാം പറയുന്നത്, എനിക്ക്  ഇത്തരം അനുഭവം ഉള്ളതുകൊണ്ടാണ്. ഈ പദ്ധതികള്‍ക്കായി വേണ്ടത്ര ഭൂമി വിട്ടു നല്കിയ കൃഷിക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഏറ്റവും താഴത്തെ തട്ടിലുള്ള ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ മുതല്‍ പട്വാരി വരെ തടസം നീക്കം ചെയ്യാന്‍ അധ്വാനിച്ചിട്ടുണ്ടാവും. അങ്ങിനെയാണ് ഈ നിക്ഷേപം ഇവിടെ സാധ്യമായത്. പ്രധാനമന്ത്രിക്ക് രാജ്യം ഭരിക്കാം, അല്ലെങ്കില്‍ പട്വാരികള്‍ക്കേ സാധിക്കൂ. അതിനാല്‍ വിജയകരമായ നേതൃത്വം വഴി മുഖ്യമന്ത്രിയുടെ മുഴുവന്‍ അണികള്‍ മുതല്‍ പട്വാരികള്‍ വരെ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരേ ദിശയില്‍ ചിന്തിച്ചു.
രണ്ടാമതായി, നിങ്ങള്‍ ഒരിക്കലും കാര്യങ്ങള്‍ ഒരു വ്യക്തിയുടെ മാത്രം തോന്ന്യാസങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നില്ല എന്നതില്‍ എനിക്ക് സന്തോഷം ഉണ്ട്.  വിവിധ മേഖലകള്‍ക്കായി അതിനുള്ള നയങ്ങള്‍ രൂപീകരിക്കുകയും എല്ലാം സുതാര്യമാക്കുകയും ചെയ്തിരിക്കുന്നു.  ഇത് ആര്‍ക്കു വേണമെങ്കിലും ഓണ്‍ലൈനില്‍ ലഭ്യമാണ്. മാത്രവുമല്ല ആ വ്യക്തി നിര്‍ദ്ദിഷ്ഠ നയചട്ടക്കൂടിനു യോജിച്ചതാണോ അല്ലയോ എന്നു പരിശോധിക്കുകയും ചെയ്യാം. നയങ്ങള്‍ നയിക്കുന്ന ഒരു സംസ്ഥാനമാണ് ഇത്. അതാണ് ഉത്തര്‍ പ്രദേശിന്റെ വലിയ നേട്ടങ്ങളില്‍ ഒന്ന്. അതുകൊണ്ട് ദയവായി 60000 കോടി രൂപ ചെറിയ സംഖ്യയായി കരുതരുത് എന്നാണ് എനിക്കു നിങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇത് അസാധാരണമായ നേട്ടമാണ്. ഈ മേഖലയില്‍ ഞാന്‍ വളരെ കാലം പ്രവര്‍ത്തിച്ചിട്ടുള്ളതാകയാല്‍ ഇതിന് എത്രമാത്രം അധ്വാനം വേണ്ടിവന്നിട്ടുണ്ട് എന്ന് എനിക്കറിയാം. ഒരാള്‍ തന്നെ തുടങ്ങുകയും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യണം. അതിന്റെ കഷ്ടപ്പാടുകള്‍ മുഴുവന്‍ അയാള്‍ തന്നെ സഹിക്കണം. പക്ഷെ ഒരാള്‍ക്ക് സംസ്ഥാനത്തോടു പ്രതിബദ്ധത ഉണ്ടായാല്‍ അയാള്‍ക്കു മുന്നില്‍ സ്വമേധയാ പുതിയ വഴികള്‍  തുറക്കും.
സന്തോഷിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. നോക്കൂ, സൈക്കിള്‍ ട്യൂബിനുള്ളില്‍ നിശ്ചിത അളവ് വായു നിറച്ചാല്‍ അത് മതി പ്രവര്‍ത്തിക്കാന്‍. പക്ഷെ, ചിലപ്പോള്‍ ട്യൂബിന്റെ ഏതെങ്കിലും ഭാഗത്ത് വായുകുമിള ഉണ്ടാകും. എയര്‍ മീറ്ററില്‍ കാണിക്കുന്നത് കൃത്യമായ അളവ് ആണെങ്കിലും കുമിള മൂലം സൈക്കില്‍ നീങ്ങില്ല. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സമഗ്രവികസനത്തിനാണ്, സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളുടെയും സന്തുലിത വികസനത്തിനാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സന്തുലിത വികസനമാണ് ആവശ്യം.  ഒരു പക്ഷെ നോയിഡയുടെയും ഗാസിയാബാദിന്റെയും സമ്പൂര്‍ണ വികസനത്തിലൂടെ സംസ്ഥാനത്തിനു വളര്‍ച്ച നേടാന്‍ സാധിച്ചേക്കാം , പക്ഷെ ഉത്തര്‍ പ്രദേശിന്റെ ആവശ്യങ്ങള്‍ ആ വഴിക്കു നിര്‍വഹിക്കാനാവില്ല. ഇക്കാര്യങ്ങള്‍ എല്ലാം നേടിയ,   ഈ സംരംഭങ്ങള്‍ എല്ലാം നടപ്പാക്കിയ രീതി എനിക്ക് ഇഷ്ടമായി. ചെറിയ കാര്യങ്ങള്‍ പോലും ഇവിടെ പരിഗണിക്കപ്പെട്ടു എന്നത് ശ്ലാഘനീയമാണ്.
ചിലയാളുകള്‍ ഇതിനെ ശിലാസ്ഥാപന കര്‍മ്മം എന്നാണ് ചിത്രീകരിക്കുന്നത്.  സാമ്പ്രദായികമായി ഇത് ശിലാസ്ഥാപന കര്‍മ്മം അല്ലെങ്കില്‍ ഭൂമിഭേദനം ആയിരിക്കാം, എന്നാല്‍ ഞാന്‍ ഇതിനെ ചരിത്ര ഭേദന കര്‍മ്മം എന്നു വിളിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണ്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ പഴയ പ്രവര്‍ത്തന സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ ഇത്തരം ഒരു നേട്ടം കൈവരിച്ചതായി ഒരിക്കലും ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശിന്റെ ഭരണത്തില്‍ ഇത് തികച്ചും ഒരു പുതുമയാണ്. യോഗിജിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് നിക്ഷേപകരുമായി സ്ഥിര സംസര്‍ഗ്ഗത്തിലാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വാഗ്ദാനങ്ങളെ നിക്ഷേപങ്ങളാക്കി മാറ്റുന്നതിന് അനുകൂലമായ സാഹചര്യം അദ്ദേഹം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഓണ്‍ലൈനില്‍ ധാരണാപത്രം പിന്തുടരുക,  നിവേശ് ബന്ധു പോലെ വ്യവസായ തടസങ്ങള്‍ നീക്കാനുള്ള ഏകജാലകം സ്ഥാപിക്കുക തുടങ്ങിയവ  തൊഴില്‍ സംസ്‌കാര പരിവര്‍ത്തനത്തെ കാണിക്കുക മാത്രമല്ല, മറിച്ച് ഉത്തര്‍പ്രദേശിലെ നിലവിലുള്ള ചുറ്റുപാടുകളെ വ്യവസായം നടത്താന്‍ സജ്ജമാക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്തുക എന്നത് വലിയ വെല്ലുവിളിയായി കണക്കാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ വെല്ലുവിളികള്‍ ഇന്ന് അവസരങ്ങളായി മാറിയിരിക്കുന്നു. ധാരാളം തൊഴിലവസരങ്ങള്‍, വ്യവസായം, നല്ല റോഡുകള്‍, വേണ്ടത്ര വൈദ്യുതി, മികച്ച ആശയവിനിമയം, സുന്ദരമായ ഭാവി തുടങ്ങിയ ഈ അവസരങ്ങള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണത്തിലും  വികസനത്തിലും വളര്‍ച്ചയിലും ജനങ്ങളുടെ വര്‍ധിച്ചു വരുന്ന വിശ്വാസമാണ്. നിങ്ങളുടെ ഈ മുന്നേറ്റത്തിന്റെ ഗതിവേഗത്തിലൂടെ ഉത്തര്‍ പ്രദേശ് വൈകാതെ ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയോട് അടുക്കും എന്നു ഞാന്‍ കരുതുന്നു. എന്റെ എല്ലാ വ്യവസായ സുഹൃത്തുക്കളെയും അവരുടെ പ്രതിബദ്ധതയുടെ പേരില്‍ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.
വ്യവസായികള്‍ക്ക് ഒപ്പം നില്ക്കുവാന്‍ ഞങ്ങള്‍ക്ക് തെല്ലും ഭയമില്ല. നിങ്ങള്‍ കണ്ടിട്ടുണ്ടാവും ചില ആളുകള്‍ക്ക് ഒരു വ്യവസായിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ പോലും ധൈര്യമില്ല. എന്നാല്‍ ഒരൊറ്റ വ്യവസായി പോലും ഇവരുടെ വീടുകളില്‍ പോവുകയോ കാല്‍ക്കല്‍ വീഴുകയോ ചെയ്യുന്നില്ല. അമര്‍സിംഗ്ജി ഇവിടെ ഇരിപ്പുണ്ട്. എല്ലാ ചരിത്രവും  അദ്ദേഹം പറയും. നിങ്ങളുടെ താല്പര്യങ്ങള്‍ ശരിയും സത്യസന്ധവുമാണെങ്കില്‍ ആരുടെയും അരികില്‍ പോയി നില്‌ക്കേണ്ട കാര്യം നിങ്ങള്‍ക്കില്ല. ശുദ്ധാത്മാവായ ഗാന്ധിജി പോലും ഒരു മടിയും കൂടാതെ ബിര്‍ളാജിയുടെ വീട്ടില്‍ പോയി താമസിച്ചിട്ടില്ലേ. ബിര്‍ളാജിയുടെ ഒപ്പം നില്ക്കാന്‍ അദ്ദേഹത്തിന് ഒരു സങ്കോചവും ഇല്ലായിരുന്നു,കാരണം അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങള്‍ വിശുദ്ധമായിരുന്നു. പൊതുവേദിയില്‍ നേരിട്ടുള്ള കണ്ടുമുട്ടല്‍ ഒഴിവാക്കുന്ന ഭീരുക്കള്‍ പക്ഷെ പിന്‍വാതിലിലൂടെ പോയി കാര്യങ്ങള്‍ സാധിക്കുന്നു. കഠിനാധ്വാനിയായ കൃഷിക്കാരന്‍, ഒരു കലാകാരന്‍, ബാങ്കുദ്യോഗസ്ഥന്‍, സാമ്പത്തിക ഇടപാടുകാരന്‍, ഗവണ്‍മെന്റ് ജോലിക്കാരന്‍, തൊഴിലാളി എല്ലാവരും രാജ്യ പുനര്‍നിര്‍മ്മാണത്തില്‍ അവരുടെതായ പങ്ക് വഹിക്കുന്നു. അതുപോലെ ഈ പ്രക്രിയയില്‍ ഒരു വ്യവസായിയുടെ കഠിനാധ്വാനവും വളരെ നിര്‍ണായകമാണ്. ഇത് കടുത്ത അനീതിയും അവരെ അപമാനിക്കലുമാണ്. അല്ലെങ്കില്‍ കള്ളന്‍ എന്നു മുദ്രകുത്തലാണ്. തീര്‍ച്ചയായും തെറ്റു ചെയ്യുന്നവര്‍ രാജ്യത്തു നിന്നു പുറത്താകും. അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കപ്പെടും. മുമ്പ് ഇത്തരം നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എല്ലാ കാര്യങ്ങളും പിന്‍ വാതിലിലൂടെയായിരുന്നു നടപ്പാക്കപ്പെട്ടിരുന്നത്. അര് ആരുടെ വശത്താണ് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.
അതുകൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. രാജ്യത്തെ 125 കോടി പൗരന്മാരെ ആദരിക്കുക എന്നത് എല്ലാ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്. ഇന്ന് ഇവിടെ തുടക്കമിടുന്ന പദ്ധതി രണ്ടു ലക്ഷത്തിലധികം  ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതാണ്. ഇവിടെ ആരംഭിക്കുന്ന വ്യവസായ ശാലകളില്‍ ഇവിടെയുള്ള ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. കൃഷിക്കാരനാകട്ടെ, തൊഴിലാളിയാകട്ടെ, യുവാവാകട്ടെ, എല്ലാവര്‍ക്കും പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളെ,
ഉത്തര്‍പ്രദേശിലെ 22 കോടി ജനങ്ങളോട് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു, അവരുടെ സ്‌നേഹം പലിശസഹിതം തിരികെ നല്കും എന്ന്. ആ വാഗ്ദാന പൂര്‍ത്തീകരണത്തിന്റെ നിര്‍ണായകമായ ഒരു നടപടിയാണ് ഈ പദ്ധതികളുടെ തുടക്കം. ഉത്തര്‍ പ്രദേശിന്റെ സാമ്പത്തികവും വ്യാവസായികവുമായ അസന്തുലിതാവസ്ഥ മാറ്റാന്‍ ഈ പദ്ധതികള്‍ സഹായിക്കും. സംസ്ഥാനത്തിന്റെ ഏതാനും മേഖലകള്‍ക്കു മാത്രമായി ഇത് പരിമിതപ്പെടുത്തില്ല. ഇത് നോയിഡ, ഗ്രേറ്റര്‍ നോയിഡ, മീററ്റ്, മുസാഫിര്‍പൂര്‍, ഝാന്‍സി, ഹര്‍ദോയി, റായ്‌ബെറേലി, ജാവുണ്‍പൂര്‍, മിര്‍സാപ്പൂര്‍, ഗോൗരഘ്പൂര്‍ എന്നീ മേഖലകളിലേയ്ക്കു കൂടി വ്യാപിപ്പിക്കും. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയവയ്ക്കു പ്രചോദനം പകരുന്ന വലിയ കാല്‍വയ്പ്പുകളാണ് ഈ പദ്ധതികള്‍ എന്നു തെളിയും.  ഡിജിറ്റല്‍ അടിസ്ഥാന വികസനം, അതിവേഗ ഇന്റര്‍നെറ്റ്, ഓപ്റ്റിക്കല്‍ ഫൈബര്‍ ശ്രൃംഖല, ഐടി കേന്ദ്രങ്ങളുടെ സജ്ജീകരണം തുടങ്ങിയവ ഉത്തര്‍പ്രദേശിനും ഇവിടുത്തെ  യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും പുതിയ വേഗം പ്രദാനം ചെയ്യും. സാധാരണക്കാരന്റെ ജീവിതത്തെ ഡിജിറ്റലൈസേഷനിലൂടെ കൂടുതല്‍ സൗകര്യപൂര്‍ണവും എളുപ്പവുമാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ വന്‍ പദ്ധതിയുടെ ഭാഗമാണിത്. വിവേചനത്തിന് സാധ്യത പോലും ഇല്ലാത്ത ഒരു സംവിധാനം സ്ഥാപിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.  പ്രക്രിയ ശീഘ്രവും സൂക്ഷ്മ സംവേദനക്ഷമവും ആയിരിക്കണം. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ, ഉയര്‍ന്ന ജാതിയെന്നോ താഴ്ന്ന ജാതിയെന്നോ ഉള്ള ഒരു വേര്‍തിരിവും ഉണ്ടാകാന്‍ പാടില്ല. എല്ലാവരോടും തുല്യമായ ഇടപെടല്‍. അതായത് എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം.
സുഹൃത്തുക്കളെ,
 ത്വരിതവും സുതാര്യവുമായ സേവനം ഉറപ്പാക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നിര്‍ണായകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മൂന്നു ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ ഇന്ത്യയിലെ ഗ്രാമീണ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ടിക്കറ്റ്, വിദൂര ചികിത്സ,  ജന്‍ ഔഷധി, ആധാര്‍, ടെലിഫോണ്‍ വൈദ്യുതി ബില്ലുകള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കാന്‍ ഇപ്പോള്‍ ഗ്രാമീണര്‍ക്ക് ഗവണ്‍മെന്റ് ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ആവശ്യമില്ല. ഗ്രാമത്തിലെ പൊതു സേവന കേന്ദ്രം സൗജന്യ വൈഫൈ, ചെലവു കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെററ് തുടങ്ങിയവ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം ആയാസരഹിതമാക്കുന്നു.
സുഹൃത്തുക്കളെ, 
വിവര സാങ്കേതിക മേഖല വര്‍ഷങ്ങളായി നമ്മുടെ ശക്തിയാണ്. ഇന്ന് വിവിര സാങ്കേതിക കയറ്റുമതി മേഖല അതിന്റെ റെക്കോഡ് തലത്തില്‍ എത്തി നില്ക്കുകയാണ്. നാല്പതു ലക്ഷത്തിലധികം ആളുകളാണ് ഈ മേഖലയുമായി ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുന്നത്. പക്ഷെ രാജ്യത്തിന്റെ ഈ ശക്തി വന്‍ പട്ടണങ്ങളിലും മെട്രോ നഗരങ്ങളിലും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഈ ശക്തിയെ ചെറിയ നഗരങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും അതുപോലെ ഗ്രാമങ്ങളിലേയ്ക്കും കൂടി വ്യാപിപ്പിക്കാനാണ് നമ്മുടെ ഗവണ്‍മെന്റ് ശ്രമിക്കുന്നത്.
സുഹൃത്തുക്കളെ,
ഗവണ്‍മെന്റ് ഒറ്റയ്ക്കു ചിന്തിക്കുന്ന ആ സമ്പ്രദായം അവസാനിച്ചിരിക്കുന്നു. പകരം പരിഹാരമാര്‍ഗ്ഗങ്ങളും സംഭവസമകാലിനത്വവും പ്രോത്സാഹിപ്പിക്കുകയാണ് .ഗവണ്‍മെന്റിന്റെ പദ്ധതികളും പ്രവര്‍ത്തനവും തമ്മില്‍ നേരിട്ടു ബന്ധമുണ്ട്. ഇതിനുത്തമ ഉദാഹരണങ്ങളാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും മെയ്ക്ക് ഇന്‍ ഇന്ത്യ ദൗത്യവും. വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ക്കു പ്രധാന കാരണം മൊബൈല്‍ ഫോണുകളുടെ താഴുന്ന വിലയാണ്. ഇപ്പോള്‍ വീണ്ടും മൊബൈല്‍ ഫോണുകളുടെ വില താഴുകയാണ്. കാരണം മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങിയിരിക്കുന്നു. വളരെ കുറഞ്ഞ നിരക്കില്‍. ഇന്ന് രാജ്യം ലോകത്തിലെ തന്നെ മൊബൈല്‍ നിര്‍മ്മാണ ഹബ് ആയി മാറിയിരിക്കുന്നു.  മൊബൈല്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ സ്ഥാനം  ലോകത്തില്‍ ഇന്നു രണ്ടാമതാണ്. ഈ വ്യവസായ വിപ്ലവത്തിനു നേതൃത്വം നല്കുന്നത് ഉത്തര്‍ പ്രദേശ് ആണെന്ന വസ്തുത എനിക്കു ആഹ്ലാദം പകരുന്നു. നിലവില്‍ ഉത്തര്‍ പ്രദേശില്‍ അമ്പതിലധികം മൊബൈല്‍ നിര്‍മ്മാണ ഫാക്ടറികള്‍ ഉണ്ട്. അടുത്ത കാലത്ത് ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ യൂണിറ്റ് ഉത്തര്‍ പ്രദേശില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന ഫാക്ടറികളിലും മൊബൈല്‍ നിര്‍മ്മാണ ഫാക്ടറികള്‍ ഉണ്ട്.
സുഹൃത്തുക്കളെ,
ഈ സാഹചര്യം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ നാലു വര്‍ഷമായി  നേരിട്ടുള്ള വിദേശ നിക്ഷേപം, വ്യവസായികള്‍ക്ക് പ്രോത്സാഹനം, അല്ലെങ്കില്‍ നടപടി ലഘൂകരണം തുടങ്ങിയവ ഉള്‍പ്പെടെ ഗവണ്‍മെന്റ് നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇതെല്ലാമാണ് രാജ്യത്ത് വ്യവസായം ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കിയത്. വളരെ വര്‍ഷങ്ങളോളം കുരുക്കിലായിരുന്നു ജിഎസ്ടി. നികുതിയുടെ വലയില്‍ നിന്ന് അത് രാജ്യത്തെ സ്വതന്ത്രമാക്കി.. ഇതിന്റെ പ്രയോജനമത്രയും വ്യാവസായിക മേഖലയ്ക്കാണ്.  രാജ്യത്ത് വ്യവസായ പ്രോത്സാഹനത്തിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുമാര്‍ക്കറ്റില്‍ നിന്നു ഗവണ്‍മെന്റിന്റെ ആവശ്യ സമാഗ്രികള്‍ വാങ്ങുന്നതിനു മുന്‍ഗണന നല്കിയതോടെ ആഭ്യന്തര വിപണിയില്‍ നിന്നു ചരക്കുകളും സേവനങ്ങളും ലഭ്യമാക്കാന്‍ വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മേല്‍ ഗവണ്‍മെന്റ് സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ഇതുവഴി മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കും പ്രയോജനങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് ചെറുകിട വ്യവസായങ്ങള്‍ക്കും വലിയ സഹായമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലുണ്ടായ നയങ്ങളിലെ മാറ്റം ഉത്തര്‍ പ്രദേശിന് വലിയ പ്രയോജനങ്ങളാണ് ലഭിച്ചിരിക്കുന്നത്. യോഗിജിയുടെ ശക്തമായ നേതൃത്വത്തിന്‍ കീഴില്‍ സംസ്ഥാനത്തെ കുറ്റ കൃത്യങ്ങളുടെ നിരക്കും കുറഞ്ഞു. സമഗ്രമായ കാഴ്ച്ചപ്പാട,് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനം  – ഇതാണ് ബിജെപി ഗവണ്‍മെന്റിന്റെ സമീപനം
ഈ വേദിയില്‍ നിന്നുകൊണ്ട് വ്യവസായ സമൂഹത്തിന് ഞാന്‍ വീണ്ടും ഉറപ്പു തരുന്നു. എന്നെ സംബന്ധിച്ചിടത്തോളം മത്സരം തുടങ്ങിട്ടേയുള്ളു. വളരെ ദൂരം പിന്നിടേണ്ടതുണ്ട്. അതിനാല്‍ നടപടി വളരെ വേഗത്തിലാക്കണം. രാഷ്ട്രനിര്‍മ്മാണത്തിലെ അതിപ്രധാനമായ ഒരു കണ്ണിയാണ് നിങ്ങള്‍. നിങ്ങളുടെ തീരുമാനങ്ങള്‍ രാജ്യത്തെ കോടിക്കണക്കിനു യുവാക്കളുടെ സ്വപ്‌നങ്ങളുടെ സാക്ഷാത്ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാവിയില്‍ ഈ സ്വപ്‌നങ്ങളുടെ  സാക്ഷാത്ക്കാരത്തിനായി ശക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ നിശ്ചയദാര്‍ഢ്യവും ശേഷിയും ഞങ്ങള്‍ക്കുണ്ട്.  അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ടുള്ള പ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ രാജ്യത്തെ ഓഹരി വിറ്റഴിക്കല്‍ വളരെ എളുപ്പമാകും. ചരക്കു നീക്കത്തിന്റെ ചെലവുകള്‍ വളരെ കുറയും.  അടുത്തതലമുറയില്‍പ്പെട്ട  അടിസ്ഥാനസൗകര്യങ്ങള്‍ പൊതുജനത്തിനു മാത്രമല്ല. വ്യവസായ മേഖലയ്ക്കും കൂടി പ്രയോജനകരമായിരിക്കും. 
സുഹൃത്തുക്കളെ,
ഉത്തര്‍ പ്രദേശിന്റെ അനന്തമായ സാധ്യതകള്‍ ഐടി, ഇലക്ട്രോണിക്‌സ് മേഖലകളിലാണ്. ചെറുകിട ഇടത്തരം സംരംഭക മേഖലയ്ക്കും ആസന്ന ഭാവിയില്‍ പുതിയ അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് വലിയ പ്രയോജനങ്ങള്‍ ലഭിക്കും. ഇപ്പോഴും കറന്‍സി വഴിയായി പണമിടപാടുകള്‍ നടത്തുന്നവര്‍ ഡിജിറ്റല്‍ ഇടപാടിലേയ്ക്കു മാറണം എന്ന് ചെറുകിട ഇടത്തരം സംരംഭകരോട് എനിക്ക് ഒരു അഭ്യര്‍ത്ഥന ഉണ്ട്. 
സുഹൃത്തുക്കളെ, 
സുസ്ഥിര വികസനവും അവിരാമമായ പരിശ്രമങ്ങളുമാണ് 125 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള ഏക പോംവഴി. വൈദ്യുതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ സുസ്ഥിര വികസനത്തിന് വളരെ നിര്‍ണായകമാണ്. ചെലവു കുറഞ്ഞതും തടസമില്ലാതെ ലഭിക്കുന്നതുമായ വൈദ്യതി ജനങ്ങളുടെ സര്‍വപ്രധാനമായ ആവശ്യമാണ്. കൃഷിയിലും വ്യവസായത്തിലും വൈദ്യുതിക്ക് തുല്യ പ്രാധാന്യമാണ് ഉള്ളത്. അതിനാല്‍ ഈ ഗവണ്‍മെന്റിന്റെ ശ്രദ്ധ വൈദ്യുതിയിലാണ്. ഇന്ന് പരമ്പരാഗത ഊര്‍ജ്ജത്തില്‍ നിന്ന് ഹരിത ഊര്‍ജ്ജത്തിലേയ്ക്ക് രാജ്യം ചുവടു വയ്ക്കുകയാണ്. ഗവണ്‍മെന്റ് പ്രായോഗികമായി ഊന്നല്‍ നല്കുന്നത് സൗരോര്‍ജ്ജത്തിനാണ്.  അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിനായുള്ള നമ്മുടെ പ്രാരംഭനീക്കത്തിന് ലോകമെങ്ങും വലിയ അംഗീകാരം ലഭിച്ചു. സൗരോര്‍ജ്ജത്തിന്റെ കേന്ദ്രമാകാന്‍ പോകുന്നത് യുപി ആയിരിക്കും. ഏതാനും മാസങ്ങള്‍ മുമ്പ് മിര്‍സാപ്പൂരില്‍ ഒരു ബൃഹത്തായ സൗരോര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇന്ന മറ്റൊരു പ്ലാന്റിന് നാം തറക്കല്ല് ഇട്ടിരിക്കുകയാണ്.
സഹോദരീ സഹോദരന്മാരെ, സൗരോര്‍ജ്ജ സാങ്കേതിക വിദ്യക്കും  സോളാര്‍ പമ്പ് പോലെ അതുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികള്‍ക്കും  വേണ്ടി ഇന്ത്യയില്‍ മാത്രമല്ല എല്ലാ വികസ്വര രാജ്യങ്ങളിലും മുറവിളി ഉയരുന്നുണ്ട്.  അതുകൊണ്ട്  ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ മേഖലയില്‍ സംജാതമായിരിക്കുന്ന ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണം എന്ന് എന്റെ വ്യവസായ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
സുഹൃത്തുക്കളെ, വൈദ്യുതിയുടെ ഉത്പാദനം മുതല്‍ വീടുകളിലേയ്ക്കുള്ള വിതരണം വരെയുള്ള പ്രവൃത്തികള്‍ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്.  നമ്മുടെ വൈദ്യുതി കമ്മി നാലു വര്‍ഷം കൊണ്ട്, 4.2%ത്തില്‍ നിന്ന് 1% ആയി കുറഞ്ഞു. ഒരു കാലത്ത് വലിയ വിവാദം സൃഷ്ടിച്ച കല്‍ക്കരിയുടെ ഉത്പാദനം  ഇന്ന്  നടക്കുന്നത് റെക്കോഡ് തലത്തിലാണ്. ഇന്ന് കല്‍ക്കരിയുടെ അഭാവം കൊണ്ട് പവര്‍ഗ്രിഡുകള്‍ ബുദ്ധിമുട്ട് നേരിടുന്നില്ല. അതിനുമുപരി വൈദ്യുതിയുടെ മേഖലയില്‍ കൊണ്ടുവന്നിട്ടുള്ള എല്ലാ നവീകരണവും രാജ്യത്തെ ജനങ്ങളുടെ പണം ലാഭിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഉദയ് പദ്ധതി വിതരണ കമ്പനികള്‍ക്ക് പുതിയ ജീവപാതയാണ് പ്രദാനം ചെയ്തിരിക്കുന്നത്. ഉജാല പദ്ധതി വഴി നമ്മള്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുകയും വൈദ്യുതിയുടെ ഉപയോഗം വെട്ടിക്കുറച്ച് മൂന്നു വര്‍ഷം കൊണ്ട് 50000 കോടി രൂപ ലാഭിക്കുകയും ചെയ്തു. ഇടത്തരം കുടുംബങ്ങള്‍ക്കും തെരുവു വിളക്കുകളുടെ വൈദ്യുതി ബില്ല് അടയ്ക്കുന്ന നഗരപാലികകള്‍ക്കും വലിയ നേട്ടമായി ഇത്.  മോദി 50000 കോടി രൂപയുടെ ഒരു ഇളവ് പ്രഖ്യാപിച്ചാല്‍ അത് മാധ്യമങ്ങളില്‍ വലിയ തലക്കെട്ട് ആകുമായിരുന്നു, എന്നാല്‍ നമ്മള്‍ ഈ രാജ്യത്തെ ജനങ്ങളുടെ 50000 കോടി രൂപ ലാഭിക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. രാജ്യം പരിവര്‍ത്തനത്തിലൂടെ മുന്നേറുകയാണ്. നടപ്പാക്കുന്ന ശരിയായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ജനങ്ങളുടെ കൃത്യമായ വികസനത്തെയാണ് സഹായിക്കുക.
സുഹൃത്തുക്കളെ
ഇന്ന് വൈദ്യുതി ലഭിക്കാന്‍ വളരെ എളുപ്പമാണ്. വൈദ്യുതി വേഗത്തില്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇന്ന് 82 -ാമത്തെ സ്ഥാനത്താണ്. ഇത് ലോക ബാങ്കിന്റെ കണക്ക്.  അത്രമാത്രം അഭിനന്ദനാര്‍ഹമായ പുരോഗതിയാണ് നേടിയിരിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാനാണ് ഇന്ന് നാം പരിശ്രമിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാനായി നാം അതിവേഗത്തില്‍ മുന്നോട്ട് നീങ്ങുകയാണ്.
ചില ആളുകള്‍ നമ്മുടെ പിന്നാലെ കാരണം തേടി നടക്കുയാണ് എന്നതില്‍ എനിക്ക് അതിശയം തോന്നുന്നു. നമ്മള്‍ ചിലകാര്യങ്ങള്‍ ചെയ്തു എന്നു പറഞ്ഞാല്‍ അവര്‍ പറയും, ഇല്ല അത് ചെയ്തിട്ടില്ല എന്ന്. എന്റെ വിമര്‍ശകരോട് എനിക്കു പറയാനുള്ളത്, മോദിയെ അപഹസിക്കാനും വിമര്‍ശിക്കാനുള്ള വസ്തുതകള്‍ ആണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍  70 വര്‍ഷമായി ഇവിടെ മുടങ്ങി കിടക്കുന്ന പദ്ധതികള്‍ ഉണ്ട്. ഈ രാജ്യത്തിന് വിഘ്‌നം കൂടാതെയുള്ള വൈദ്യുതി എന്ന  ലക്ഷ്യം നേടാനാണ് ഞങ്ങള്‍  പരിശ്രമിക്കുന്നത്.  അതിന് ഊര്‍ജ്ജ പ്രസരണ ശൃംഖല ശക്തിപ്പെടുത്തണം.
ഇന്ന് സമാരംഭിക്കുന്ന ഗതാമ്പൂര്‍ – ഹാപൂര്‍ പ്രസരണ ലൈന്‍ ഈ പദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് തടസപ്പെട്ടു കിടന്നിരുന്ന ഊര്‍ജ്ജപ്രസരണ സംവിധാനം പുനരുദ്ധരിക്കാന്‍ യോഗിജിയുടെ ഗവണ്‍മെന്റ് ഉത്സാഹിക്കുകയാണ്. യുപിയിലെ ലക്‌നൗവില്‍ നിന്ന് വളരെ കാലമായി മനമുക്ക് എംപിമാര്‍ ഉണ്ടായിരുന്നു. പുരോഗതി പ്രാപിക്കുന്ന, കഴിവുള്ള, സചേതനമായ,  ധനവാനും ദരിദ്രനും തമ്മില്‍, മുതലാളിയും തൊഴിലാളിയും തമ്മില്‍, ഭരണവര്‍ഗ്ഗവും പൗരന്മാരും തമ്മില്‍  അന്തരമില്ലാത്ത ഒരു  ഇന്ത്യയെ കാണണമെന്ന്  നമ്മുടെ  ബഹുമാനപ്പെട്ട മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പെയ്ജി പറയാറുണ്ടായിരുന്നു. 
അടല്‍ജി അതിനെക്കുറിച്ചു  സ്വപ്‌നം കാണുക മാത്രമല്ല ചെയ്തിരുന്നത്, മറിച്ച് അത് സാക്ഷാത്ക്കരിക്കാനുള്ള പദ്ധതികൂടി തയാറാക്കിയിരുന്നു. റോഡപകടങ്ങള്‍ കൈരേഖകള്‍ പോലെയാണ് എന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. ഈ ചിന്തകള്‍ കൊണ്ടാണ് അദ്ദേഹം അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചു മാത്രം ശ്രദ്ധിച്ചത്. കഴിയുന്നത്ര 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി അദ്ദേഹത്തിന്റെ ആശങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. 
അതായത് രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പ്രസ് പാതയായ പുരുവഞ്ചല്‍ എക്‌സ്പ്രസ് പാത, ബുണ്ടല്‍ഖണ്ഡില്‍ പ്രതിരോധ വ്യവസായ ഇടനാഴി തുടങ്ങി ഒരു കൂട്ടം പദ്ധതികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്.
സുഹൃത്തുക്കളെ
രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും യുവാക്കള്‍ക്കും ലോകോത്തര സംവിധാനങ്ങള്‍ ലഭ്യമാക്കാനാണ് ഗവണ്‍മെന്റ് കഴിവതും പരിശ്രമിക്കുന്നത്. രാജ്യത്തെ ജനകോടികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്നതാണ് ഞങ്ങളുടെ ഏക പദ്ധതി. ഒപ്പം പൊതുജന പങ്കാളിത്തത്തോടെ ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതും. രാജ്യത്തിനും ഉത്തര്‍ പ്രദേശിനും വേണ്ടി നിങ്ങള്‍ ചെയ്യുന്ന എല്ലാ സേവനങ്ങള്‍ക്കും ഹൃദയത്തിന്റെ അഗാധതയില്‍ നിന്ന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഒന്നോ രണ്ടോ മാസങ്ങള്‍ മുമ്പ് ഞാന്‍ മുംബെയില്‍ പോയി അവിടെ നിന്നു വ്യവസായികളെ ക്ഷണിച്ചിരുന്നു. ആളുകള്‍ സാധാരണ  അവരെ ക്ഷണിക്കാറുണ്ട്. പക്ഷെ എന്തെങ്കിലും പറയാന്‍ ധൈര്യമില്ല. ഞാന്‍ അവര്‍ക്കു മുമ്പില്‍ ഒരു അവതരണം നടത്തി, അതിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചു. വലിയ വ്യവസായങ്ങളും മറ്റും അവര്‍ക്കുണ്ട്, വലിയ ധനികരുമാണ്. പക്ഷെ ഇന്ത്യയിലെ കാര്‍ഷിക മേഖലയിലുള്ള വന്‍കിട നിക്ഷേപം വെറും ഒരു ശതമാനം മാത്രം. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. കാര്‍ഷിക മേഖലയില്‍ എങ്ങിനെ വന്‍കിട നിക്ഷേപം നടത്താം എന്നതിന് ഒരു രൂപരേഖ തയാറാക്കാന്‍ ഞാന്‍ അവര്‍ക്കൊപ്പം അവിടെ അര ദിവസം ചെലവഴിച്ചു. നിലവിലുള്ള ഒരു ശതമാനം പ്രധാനമായും  ട്രാക്ടര്‍ കമ്പനികളുടെയും യൂറിയാ നിര്‍മ്മാതാക്കളുടേതുമാണ്.  കൃഷിക്കാരെ എങ്ങിനെ സഹായിക്കാന്‍ സാധിക്കും എങ്ങിനെ മൂല്യവര്‍ധനവ് നടത്താം, അല്ലെങ്കില്‍ കൃഷിയില്‍ എങ്ങിനെ സാങ്കേതിക വിദ്യ പ്രയോഗിക്കാം തുടങ്ങി പുതിയ ആശയങ്ങളുമായി മുന്നോട്ടു വരാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. സംഭരണ കേന്ദ്രങ്ങള്‍, ശീതീകരണികള്‍, പായ്ക്കിംങ് തുടങ്ങിയവ കൃഷിക്കാര്‍ക്ക് വളരെ പ്രയോജനപ്പെടും. ആ ദിശയില്‍ ചിന്തിക്കാന്‍ ഞാന്‍ വ്യവസായികളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ കുറിച്ച്  പഠിക്കാനും ചിന്തിക്കാനും ഒരു ബോധവത്ക്കരണ വിഭാഗം രൂപീകരിക്കാനും ഞാന്‍ നിര്‍ദ്ദേശിച്ചു. കാര്‍ഷിക മേഖലയില്‍ എത്ര കൂടുതല്‍ വന്‍ നിക്ഷേപം വരുന്നുവോ,  അതിനാനുപാതികമായി കൂടുതല്‍ കൂടുതല്‍ ഉത്പാദനം നടത്താന്‍ കൃഷിക്കാര്‍ക്ക് ശേഷിയുണ്ടാകും. ചിലപ്പോള്‍ വിളവിന്റെ സിംഹഭാഗവും ഉപയോഗ ശൂന്യമായി പോകാറുണ്ട്. നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പഴങ്ങളില്‍ നിന്ന് പഴച്ചാര്‍ നിര്‍മ്മിക്കാം എന്ന് സുരിജി എന്നോടു പറഞ്ഞത് അല്പം മുമ്പാണ്. ഈ തീരുമാനം കൃഷിക്കാര്‍ക്ക്  വലിയ പ്രയോജനം ചെയ്യും. പഴച്ചാര്‍ ഉപയോഗിക്കുന്നവര്‍ നല്ല ആരോഗ്യമുള്ളവരാകും. ആരോഗ്യമുള്ള പൗരന്മാരാണ് ശക്തിയുള്ള  രാഷ്ട്രത്തിന്റെ അടിത്തറ.
ചുരുക്കത്തില്‍ വ്യവസായങ്ങളെ ഗ്രാമീണ ജീവിതങ്ങളുമായി ബന്ധിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വലിയ വിഷയങ്ങളൊക്കെ  ഗ്രാമീണ ജീവിതവുമായി എങ്ങിനെ ബന്ധിപ്പിക്കും എന്നതിനെ കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. വരും ദിനങ്ങളില്‍ ഇതിനു  വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഞാന്‍ അതിനു വലിയ ഊന്നല്‍ നല്കുന്നു. ഫലം വൈകാതെ എത്തും എന്നാണ് എന്റെ വിശ്വാസം. നാം ഇപ്പോള്‍ 60000 കോടിയുടെ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 50000 കോടിയുടെ മറ്റു പദ്ധതികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു എന്നാണ് യോഗിജി പറഞ്ഞത്. ഇത് വലിയ നേട്ടം തന്നെ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരിക്കല്‍ കൂടി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഞാന്‍ അഭിനന്ദിക്കുന്നു.
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി! എല്ലാറ്റിനുമുപരി ഉത്തര്‍ പ്രദേശില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഈ സംസ്ഥാനത്തിന്റെ പുരോഗതി അറിയുവാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഉത്തര്‍പ്രദേശിലെ ജനങ്ങളോടുള്ള എന്റെ ഉത്തരവാദിത്വമാണ്. കാരണം ഇവിടുത്തെ ജനങ്ങള്‍ക്ക് എന്റെ മേല്‍ ഒരു അവകാശം ഉണ്ട്. അതുകൊണ്ട് ഞാന്‍ ഉത്തര്‍പ്രദേശില്‍ രണ്ടു പ്രാവശ്യം സന്ദര്‍ശനം നടത്തും, ചിലപ്പോള്‍ അഞ്ചു പ്രാവശ്യം, ചിലപ്പോള്‍ 10 പ്രാവശ്യം, ചിലപ്പോള്‍ 15. കാരണം, ഞാന്‍ നിങ്ങളുടേതാണ്, നിങ്ങളുടെ സേവകനാണ്.
നിങ്ങള്‍ക്ക് നന്ദി!