Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന്റെ ഭാഗമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി

ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന്റെ ഭാഗമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി


ഉസ്ബെക്കിസ്ഥാനിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി ഔദ്യോഗിക ചർച്ചകൾ നടത്തി. കുക്സാരോയ് പ്രസിഡൻഷ്യൽ പാലസിൽ എത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് മിർസിയോയേവ് ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. ഉസ്ബെക്കിസ്ഥാന്റെ 35-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.​

പ്രതിനിധിതല ചർച്ചകളിൽ ഇരുനേതാക്കളും ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിശദവും ഗൗരവമേറിയതുമായ ചർച്ചകൾ നടത്തി. വ്യാപാരവും നിക്ഷേപവും, നൂതനാശയങ്ങളും സ്റ്റാർട്ടപ്പുകളും, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യവും യുപിഐയും, പ്രതിരോധവും സുരക്ഷയും, ആരോഗ്യപരിപാലനവും ഔഷധനിർമാണമേഖലയും, നിർണായക ധാതുക്കൾ, കൃഷി, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ബഹിരാകാശ മേഖല, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ഉസ്ബെക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു യുറേനിയം ദീർഘകാലാടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളിൽ കൈവരിച്ച പുരോഗതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നിർണായക ധാതുക്കളുടെ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പ്രാധാന്യവും പ്രതിഫലിപ്പിച്ച്, നിലവിലെ ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തം, സമഗ്ര തന്ത്രപ്രധാന പങ്കാളിത്തതലത്തിലേക്ക് ഉയർത്താൻ ഇരുനേതാക്കളും ധാരണയായി. ഉഭയകക്ഷിവ്യാപാരലക്ഷ്യം 2030-ഓടെ 5 ശതകോടി അമേരിക്കൻ ഡോളറായി ഉയർത്താനും ഇരുനേതാക്കളും തീരുമാനിച്ചു. സാമ്പത്തിക-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വ്യാവസായിക ഉച്ചകോടി സംഘടിപ്പിക്കണമെന്നും അവർ ആഹ്വാനംചെയ്തു. സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം അർഥവത്തായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനായി, വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനത്തിനു രൂപംനൽകാനും ഇരുനേതാക്കളും ധാരണയായി. കൂടാതെ, അന്തർഗവൺമെന്റൽ കമ്മീഷനെ മന്ത്രിതലത്തിലേക്ക് ഉയർത്താനും തീരുമാനിച്ചു.

ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള പുരാതന നാഗരിക ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള സമകാലിക ബന്ധങ്ങളും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തിന് തുടർച്ചയായി ഊർജവും സജീവതയും പകരുന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ, ഉസ്ബെക്കിസ്ഥാനിൽ യോഗയ്ക്കു ലഭിക്കുന്ന ജനപ്രീതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉസ്ബെക്കിസ്ഥാൻ യോഗ ഫെഡറേഷൻ സംഘടിപ്പിച്ച യോഗ സെഷനും ഇന്നു പ്രധാനമന്ത്രി വീക്ഷിച്ചു. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 60-ാം ചരമവാർഷികത്തോടനുബന്ധിച്ച്, ഉസ്ബെക്ക് വിദ്യാർഥികൾക്കായി ‘ലാൽ ബഹദൂർ ശാസ്ത്രി ഹിന്ദി ഭാഷാ സ്കോളർഷിപ്പ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഉസ്ബെക്കിസ്ഥാന്റെ ‘യാഷിൽ മകോൻ’ (Yashil Makon) ഹരിത സംരംഭവും ഇന്ത്യയുടെ ‘അമ്മയുടെ പേരിൽ ഒരു മരം’ പദ്ധതിയും തമ്മിലുള്ള സാമ്യം കണക്കിലെടുത്ത്, അരാൽ കടൽ മേഖലയിലെ നിലവിലുള്ള പരിസ്ഥിതി പുനരധിവാസ പ്രവർത്തനങ്ങളിൽ ഉസ്ബെക്കിസ്ഥാനുമായി ഇന്ത്യ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിനായി പദ്ധതിക്ക് 10 ലക്ഷം അമേരിക്കൻ ഡോളർ ധനസഹായവും ഇന്ത്യ നൽകും. കൊട്ടാരത്തിലെ ഉദ്യാനത്തിൽ പാലസ് ഗാർഡനിൽ ഇരുനേതാക്കളും സംയുക്തമായി മരം നട്ടു.

ചർച്ചകൾക്കുശേഷം, സംസ്കാരം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ശേഷി വർദ്ധിപ്പിക്കൽ, ആർക്കൈവ്സ്, സാമ്പത്തിക സഹകരണം, പരിസ്ഥിതി, വിനോദസഞ്ചാരം, ഖനനം, ആയുർവേദം, സഹോദര സംസ്ഥാന ബന്ധങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന ധാരണാപത്രങ്ങളും കരാറുകളും ഇരുപക്ഷവും കൈമാറി. ഉസ്ബെക്കിസ്ഥാനിലെ ഫയാസ് ടെപ, കാരാ ടെപ എന്നീ ബൗദ്ധ പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിനായുള്ള താൽപ്പര്യപത്രവും ഒപ്പുവച്ചു. താഷ്കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) സംസ്കൃത ചെയർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും അന്തിമമാക്കി.

ധാരണാപത്രങ്ങളുടെയും കരാറുകളുടെയും സമ്പൂർണ പട്ടിക ഇവിടെ ലഭ്യമാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി പ്രസിഡന്റ് ഷവ്കത് മിർസിയോയേവ് വിരുന്നു സംഘടിപ്പിച്ചു. ഊഷ്മളമായ ആതിഥേയത്വത്തിന് പ്രസിഡന്റ് മിർസിയോയേവിനു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യ സന്ദർശിക്കാനായി പ്രസിഡന്റ് മിർസിയോയേവിനെ പ്രധാനമന്ത്രി ക്ഷണിക്കുകയുംചെയ്തു.

 

-SK-