Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഊർജ്ജ സുരക്ഷ സംബന്ധിച്ച ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രസ്താവന


സ്വതന്ത്രവും സു​ഗമവും സമാധാനപൂർണ്ണവുമായ ഒരു ഇന്തോ-പസഫിക് മേഖല എന്ന പൊതുവായ കാഴ്ചപ്പാടുള്ള സമഗ്ര തന്ത്രപ്രധാന‌ പങ്കാളികളാണ് ഓസ്‌ട്രേലിയയും ഇന്ത്യയും.

പശ്ചിമേഷ്യൻ സാഹചര്യങ്ങളിലും ഊർജ്ജം, വിഭവങ്ങൾ, മറ്റ് പ്രധാന ചരക്കുകൾ എന്നിവയുടെ വിതരണ ശൃംഖലകളിലും വിലകളിലും ഉണ്ടായ ദീർഘകാല തടസ്സങ്ങൾ ഉൾപ്പെടെ നമ്മുടെ മേഖലയിൽ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലും ഇന്ത്യയും ഓസ്‌ട്രേലിയയും ആഴത്തിലുള്ള ആശങ്ക പങ്കുവെക്കുന്നു. ഈ തടസ്സങ്ങൾക്കിടയിലും നമ്മുടെ പുരോഗതിക്കും സാമ്പത്തിക സുരക്ഷയ്ക്കും അടിത്തറയിടുന്ന തത്വങ്ങളായ തുറന്ന വിപണികളോടും നിയമാനുസൃത വ്യാപാരത്തോടുമുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു.

സുസ്ഥിരവും വിശ്വസനീയവുമായ ഊർജ്ജ പ്രവാഹത്തിന് വിശ്വസനീയമായ സ്വകാര്യ മേഖലയിലെ പങ്കാളിത്തങ്ങൾക്കും തന്ത്രപരമായ നിക്ഷേപങ്ങൾക്കുമുള്ള പ്രധാന പങ്ക് ഇന്ത്യയും ഓസ്‌ട്രേലിയയും അംഗീകരിക്കുന്നു. ഇതിന് സമാന്തരമായും മെച്ചപ്പെട്ട സ്വകാര്യ മേഖലാ പങ്കാളിത്തെ പിന്തുണച്ചും സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA), സമഗ്ര സാമ്പത്തിക സഹകരണ കരാറിനായുള്ള (CECA) നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, മറ്റ് പ്രസക്തമായ ഉഭയകക്ഷി ചട്ടക്കൂടുകൾ എന്നിവയിലൂടെ ഉഭയകക്ഷി ഊർജ്ജ വ്യാപാരവും നിക്ഷേപ സഹകരണവും മുന്നോട്ട് കൊണ്ടുപോകാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഊർജ്ജ മേഖലയിലെ ശേഷി വികസനത്തിന്റെയും അറിവ് പങ്കുവെക്കലിന്റെയും പ്രാധാന്യം ഇന്ത്യയും ഓസ്‌ട്രേലിയയും ആവർത്തിച്ച് വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) പ്രധാന വിതരണ രാജ്യമെന്ന നിലയിലുള്ള ഓസ്‌ട്രേലിയയുടെ പങ്കും ഓസ്‌ട്രേലിയയിലേക്കുള്ള ദ്രാവക ഇന്ധനങ്ങളുടെയും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെയും പ്രധാന വിതരണ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കും അംഗീകരിച്ചുകൊണ്ട്, ഊർജ്ജ ഉൽപ്പന്നങ്ങളുടെ സുഗമമായ ഒഴുക്കിനെ പിന്തുണയ്ക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയും ഓസ്‌ട്രേലിയയും പ്രതിജ്ഞാബദ്ധമാണ്. ഊർജ്ജ മൂല്യശൃംഖലയിലുടനീളം നിക്ഷേപാവസരങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യയും ഓസ്‌ട്രേലിയയും ആവർത്തിച്ച് വ്യക്തമാക്കുന്നു.

2015-ലെ ഓസ്‌ട്രേലിയ-ഇന്ത്യ ആണവ സഹകരണ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായും പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്കുമായി ഓസ്‌ട്രേലിയൻ യുറേനിയം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ ഭരണപരമായ ക്രമീകരണങ്ങൾക്ക് ഇന്ത്യയും ഓസ്‌ട്രേലിയയും അന്തിമരൂപം നൽകിയിട്ടുണ്ട്.

മേഖലാതല സഹകരണം ശക്തമാക്കുക, ഊർജ്ജ പരിവർത്തനം വേഗത്തിലാക്കുക, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഊർജ്ജത്തിനും ദ്രാവക ഇന്ധനങ്ങൾക്കുമായി സുഗമമായ വ്യാപാര ക്രമീകരണങ്ങൾ നിലനിർത്തുക എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ ഊർജ്ജ വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഒന്നിച്ച് പ്രവർത്തിക്കാൻ ഓസ്‌ട്രേലിയയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. തങ്ങളുടെ ഊർജ്ജ സംവിധാനങ്ങളെ കൂടുതൽ വൈദ്യുതീകരിക്കുന്നത് ഭാവിയിൽ ഊർജ്ജ സുരക്ഷയുടെ വിലപ്പെട്ടൊരു സ്രോതസ്സായി മാറുമെന്ന് ഇരുരാജ്യങ്ങളും അംഗീകരിക്കുന്നു.

ഊർജ്ജ മേഖലയിലെ സുസ്ഥിര വ്യാപാരത്തോടും വിപണികളോടുമുള്ള പങ്കിട്ട പ്രതിബദ്ധത ഈ മേഖലയിലാകെ വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തിരിച്ചറിയുന്നു. പസഫിക് ദ്വീപ് രാജ്യങ്ങൾ നേരിടുന്ന പ്രത്യേക ഊർജ്ജ വിഭവ സുരക്ഷാ ദുർബലതകളെയും അവയുടെ പ്രതിരോധശേഷിക്കും സാമ്പത്തിക പുരോഗതിക്കും ഊർജ്ജ വിഭവ വിതരണം എത്രത്തോളം പ്രധാനമാണെന്നതിനെയും ഇരുരാജ്യങ്ങളും ഒരേപോലെ അംഗീകരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ കൽക്കരി, ഡീസൽ, മറ്റ് ദ്രാവക ഇന്ധനങ്ങൾ, പ്രകൃതിവാതകം തുടങ്ങിയ ഊർജ്ജ ഉൽപ്പന്നങ്ങളുടെ സുസ്ഥിരവും സുരക്ഷിതവും വിശ്വസനീയവുമായ വിതരണം നിലനിർത്തുന്നത് ഉൾപ്പെടെ ഊർജ്ജ സുരക്ഷ ശക്തമാക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഓസ്‌ട്രേലിയയും ഇന്ത്യയും വീണ്ടും ഉറപ്പിച്ചുപറയുന്നു. കൂടാതെ ഊർജ്ജ പരിവർത്തനം വേഗത്തിലാക്കുന്നതിനും കുറഞ്ഞ കാർബൺ ഇന്ധനങ്ങളിലുള്ള സഹകരണം ശക്തമാക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു. ഈ സന്ദർഭത്തിൽ ഇന്ത്യയുടെ ഗ്ലോബൽ ബയോഫ്യുവൽസ് അലയൻസ് (GBA) എന്ന ഉദ്യമത്തെ ഓസ്‌ട്രേലിയ പ്രത്യേകം പരാമർശിച്ചു.

നമ്മുടെ ജനങ്ങളുടെ സുരക്ഷയ്ക്കും അഭിവൃദ്ധിക്കും ഗുണകരമാകുംവിധം ആഗോള ഊർജ്ജ വിഭവ വിതരണ ശൃംഖലകൾ തുറന്നിടുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും പ്രാദേശിക പങ്കാളികളോട് ആഹ്വാനം ചെയ്യുന്നു.

***

SK